കരളിലിക്കിളി കൂട്ടുന്ന തോടുകൾ
കളകളം തോടിപാടുന്ന വേളയിൽ
കദനഭാരമിറക്കാൻ പുലരിയിൽ
കവിതമൂളീ നടത്തം തുടർന്നു ഞാൻ.
വഴിയിലീർപ്പപ്പതുക്കം പ്രശാന്തത
വഴിവതൊക്കെ പ്രണവമന്ത്രാക്ഷരം
വിവിധപുഷ്പം വിടർന്ന പരിമളം
സുഖദ സാന്ദ്രമെന്നിന്ദ്രിയാസ്വാദനം.
പരമ ജ്യോതിസ്സുതിർത്ത ദീപ്താർണ്ണവ-
ച്ചുഴിയിലാഴ്‌ന്നെന്റെ ചിന്തകൾ പൊന്തവെ
മതിയിലാനന്ദ നിർവൃതിയേറ്റുവാൻ
പതിയെയെത്തിനാൾ ഭാവനാസുന്ദരി.
നറുതുഷാരപ്പരിരംഭണാലസ്യ-
നെറുകിൽ നിന്നൂർന്നു വന്നൂ സമീരണൻ
തഴുകിയെന്നുളളിലൂറ്റം നിറയ്‌ക്കവെ
ഒഴുകിയെത്തിനാൾ കാവ്യകല്ലോലിനീ
ഹരിതകമ്പളം നീർത്തുമാരോമലാൾ
കരവിരുതാൽ രചിച്ച ചിത്രങ്ങളിൽ
കുതുകമൊട്ടേറെ ചോടുവെച്ചീടുവാൻ
കുതറിയെത്തുന്നിതരിയ നീർത്തുമ്പികൾ
അരികുചേർന്ന കുളത്തിലത്യാദരാൽ
മുഴുകി മത്സ്യം പിടിക്കുന്ന പൊന്മകൾ
മൃദുല പല്ലവ പത്മജാലങ്ങളിൽ
മദന കേളികളാടുന്ന വണ്ടുകൾ
തരുനികരമുലയ്‌ക്കുന്ന പക്ഷികൾ
തകിലുകൊട്ടിത്തിമിർത്തു പാടീടവെ
പരവതാനി വെളുപ്പിച്ച കൊറ്റികൾ
ഹൃദയതാളം മെതിച്ചു മുന്നേറവെ
വകതിരിവൊട്ടുമില്ലാത്തതാമിളം
മകരവൃന്ദം മരണം വരിയ്‌ക്കവെ
അരുണചുംബന ചൂടേറ്റു നെൽക്കതിർ-
നിരകളാനനം താഴ്‌ത്തിത്തുടുക്കവെ
മഹിമയേറുന്ന നെൽപ്പാട ശേഖര-
പ്പൊലിമയുത്സവച്ചന്തം ചുരത്തവെ
മഹിയിലാണീശ ദർശന ഭാഗ്യമെൻ-
മതിമറന്നല്പമുച്ചത്തിൽ വാഴ്‌ത്തി ഞാൻ
ഒരു നിമിഷമെൻ ചിന്താസരണിയൊ-
ട്ടുലയുമാറൊരുൾക്കാഴ്‌ച; നടുങ്ങി ഞാൻ
അരികു പറ്റിപ്പുളച്ച തൈത്തെങ്ങുകൾ
അധിനിവേശക്കഥകളുരയ്‌ക്കുമോ?
മനുജരാസുരവൃന്ദമീ സ്വർഗ്ഗത്തി-
ലവമതിച്ചെത്തി നൃത്തം തിമിർക്കുമോ!
അയലുകാരന്റെയുളളറ്റ ചോരയാൽ
വയലു ചെമ്പട്ടു ചാർത്തിത്തിളങ്ങുമോ?
ഇതിനിടവരും മുൻപു ഞാൻ താണ്ടണം
ഇവിടെയെൻ ജന്മശിഷ്‌ടക്കുതിപ്പുകൾ
Generated from archived content: poem_ulkacha.html Author: bhanumathi_menon