എത്രയോ കാതമപ്പുറത്താകിലും,
മിത്രമേ…നിന്നകത്തളവാടിയിൽ
പൂത്തുലഞ്ഞതാമാർദ്രസൂനങ്ങളെ-
പ്പുൽകി നിർവൃതികൊൾവു ഞാൻ തെന്നലാൾ
നർത്തകീ ശലഭേശ്വരീമാരുടെ
ഹൃത്തബദ്ധവർണ്ണാങ്കിതകഞ്ചുകം
വിസ്തരിച്ചുലച്ചുന്മാദ വേഴ്‌ചയാൽ
നഷ്‌ടസൗഭാഗ്യമെമ്പാടുമുണ്ണവെ,
ഓർത്തുപോയ് സഖേ! നിന്നാത്മസൗഭഗം
പാർത്തറിഞ്ഞതാമാത്മാർത്ഥ സൗഹൃദം
നിത്യാസത്യാ സദാനന്ദ സാന്ദ്രകം
ചിത്തമന്ദാര മൂറ്റുന്ന സൗരഭം.
നീരസങ്ങളൊഴിഞ്ഞ സമാഗമം
നിർമ്മലാത്മക തത്വകാവ്യാമൃതം
തർക്കമറ്റുളള കൈവല്യഗീതകം
തപ്തതയ്‌ക്കു പരിഹാരമോദകം.
മെച്ചമാമൊരു കാവ്യം രചിക്കുവാൻ
തൃപ്തഭാഷാപദർത്ഥങ്ങൾ തേടവെ
ഇച്ഛപോലെന്നകക്കാമ്പിലെത്തിടും
സച്ഛമാനസം ലാളിച്ചമിത്തുകൾ.
ഓർത്തിടുന്നു; നിന്നുൽക്കടമോഹമെ-
ന്നുളളിലേറ്റുന്നലങ്കാരമാലകൾ
കൃത്യതാള നിബദ്ധരാഗങ്ങളെൻ
നൃത്തപാഠങ്ങൾക്കാധാരശീലുകൾ.
എങ്ങുപോകിലുമെന്തൊക്കെയോർക്കിലും
എന്റെ ശ്രീലക സ്നേഹാഗ്നിയാണുനീ
മങ്ങിടാതേ പ്രസാദിച്ചു സർവ്വദാ
മിന്നിനിൽക്കും പ്രഭാപൂരമാണുനീ
എത്രയെത്രയോ ജന്മാന്തരങ്ങളിൽ
മിത്രമായ് ചിത്രദീപം തെളിച്ചുനീ
തപ്തചിന്തകൾക്കന്ത്യം കുറിക്കുവാൻ
അർക്കതുല്യം പ്രശോഭിച്ചു നിന്നുനീ.
എത്ര കാട്ടിലലഞ്ഞവനെങ്കിലും
എന്നകക്കാട്ടിൽയാഗാശ്വമാണുനീ
എന്നുമുളളമുണർത്തുന്നൊരൂർവ്വര-
ക്കന്നിമണ്ണിൽ മണമാണെനിക്കുനീ…
എന്റെയുളളിലുദിച്ച നക്ഷത്രമേ
മങ്ങിടാതുയർന്നുജ്വലിച്ചീടുമോ….?
നാകസീമയിലെത്തുന്ന വേളയിൽ
ഏകയെന്നെ മറക്കാതിരിക്കുമോ..?
ഒത്തിരിനേരെമെൻ ചിത്തഭാഷയെ
ഉത്തമാംഗത്തിലോർത്തെടുത്തീടുമോ?
നഗ്നമാകും മനഃത്രാസിലെന്നുടെ
ഭഗ്നമോഹമിടയിട്ടളക്കുമോ…?
ഉണ്മയുളളിലുണർത്തും പ്രഭാവമെ
ഉളളതൊട്ടും മറയ്‌ക്കാതുരച്ചിടാം
മങ്ങിടാത്ത നിന്നാത്മാർത്ഥ സൗഹൃദം
വിങ്ങിവീഴുമെന്നാത്മരാഗങ്ങളിൽ.
Generated from archived content: poem_ragalayam.html Author: bhanumathi_menon