പടം

 

 

കിഴവൻ മരിച്ചതിന്റെ മൂന്നാമത്തെ ദിവസം താഴത്തെ നിലയിലെ കിടപ്പുമുറിയിൽ അവർ കണ്ണുമടച്ചു കിടക്കുകയായിരുന്നു. മുറ്റത്ത്‌ കാറുവന്നുനിന്ന ശബ്‌ദം കേട്ട്‌ അവർ കണ്ണുതുറന്നു.

“അമ്മേ ഫോട്ടോ കിട്ടി” മൂത്തമകൻ മുറിയിലേക്കു വന്നു. ശബ്‌ദംകേട്ട്‌ മക്കൾ ഏഴുപേരുമെത്തി. ചീട്ടുകളിച്ചുകൊണ്ടിരുന്ന പെൺമക്കളുടെ ഭർത്താക്കന്മാരും വന്നു. മൂന്നാമത്തെ നിലയിൽ നിന്നും പേരക്കിടാങ്ങൾ കോണി ഇറങ്ങിവരുന്ന ശബ്‌ദംകേട്ടപ്പോൾ അവർ കട്ടിലിൽ എഴുന്നേറ്റിരുന്നു. മുറിയുടെ വാതിക്കൽ വന്നുനിന്ന വേലക്കാരികളെ തള്ളിമാറ്റിക്കൊണ്ട്‌ കാര്യസ്‌ഥനും മുറിക്കുള്ളിൽ എത്തി.

“അമ്മ കണ്ടോ? ഫോട്ടോ നന്നായിരിക്കുന്നു.” ഫോട്ടോ അവരുടെ കയ്യിലേക്കു കൊടുത്തിട്ടു മകൻ പറഞ്ഞു

പേരക്കിടാങ്ങൾ കട്ടിലിൽ ചവിട്ടിക്കയറി, അവരുടെ തോളിൽ പിടിച്ചുകൊണ്ട്‌ എത്തി നോക്കി. പെൺമക്കൾ അമ്മയോടു ചേർന്ന്‌ കട്ടിലിൽ ഇരുന്നു. അവർക്കു ചുറ്റുമായി മറ്റുള്ളവരും.

ഫോട്ടോ രണ്ടു കൈകൊണ്ടും പൊക്കിപ്പടിച്ച്‌, അവർ അതിലുറ്റുനോക്കി. കണ്ണുകൾ നിറഞ്ഞതുകൊണ്ട്‌ ഒന്നും കാണാൻ കഴിഞ്ഞില്ല.

“ഫോട്ടോ വളരെ നന്നായിരിക്കുന്നു. വെറുതെയല്ല, ഞാനീ ഫോട്ടോഗ്രാഫറെ തന്നെ വിളിച്ചത്‌.” ഒരാൾ പറഞ്ഞു.

“നിന്റെ കല്യാണ ഫോട്ടോയും ഇയാൾ തന്നെയല്ലേ എടുത്തത്‌”?

“പക്ഷേ അളിയന്റെ മുഖത്തിന്റെ പകുതിയെ കാണുന്നുള്ളൂ”

“അതെന്റെ കുഴപ്പമല്ല. നിന്റെ പെങ്ങൾ എന്റെ മുന്നിൽ കയറി നിന്നിട്ടാണ്‌.”

“എന്നെ പറഞ്ഞോ? എത്ര ഉന്തം തള്ളും നടത്തിയിട്ടാണ്‌ എനിക്കവിടെയെങ്കിലും നിൽക്കാനൊത്തത്‌.”

ഫോട്ടോ മുഖത്തോടു കുറച്ചു കൂടി അടുപ്പിച്ചുപിടിച്ചുകൊണ്ട്‌ അവർ സൂക്ഷിച്ചു നോക്കി.

“ചേച്ചിയുടെ മുടിയൊക്കെ നരച്ചപോലിരിക്കുന്നു” ഇളയവളുടെ അഭിപ്രായമാണ്‌.

“വെയിലടിച്ചിട്ടാ വെളുത്തിരിക്കുന്നത്‌. നിന്റെ കൊന്തപ്പല്ലും ഇങ്ങനെ വെളിക്കുകാണിച്ചതെന്താ?”

“അവൾ അച്ഛനെ വിളിച്ചു കരയുകയായിരുന്നു.”

“എന്നാൽ ആ സാരിയെങ്കിലും ഒന്നു നേരെ ഇട്ടുകൂടായിരുന്നോ?”

“അതിനെന്താ കുഴപ്പം? ചേട്ടന്റെ കുടവയറിന്റെ കാര്യം ആരും പറയുന്നില്ല.”

“ഞാനപ്പോഴെ പറഞ്ഞതാ ഒരു ഷർട്ടെടുത്തിടാൻ. പറഞ്ഞാൽ കേൾക്കണ്ടെ?”

അവർക്കിതൊന്നും കാണാൻ കഴിഞ്ഞില്ല.

“മൂത്ത അളിയൻ കണ്ണുമടച്ചാ നിൽക്കുന്നത്‌.”

“അളിയൻ എന്നെങ്കിലും കണ്ണു മുഴുവൻ തുറന്ന്‌ ആരെങ്കിലും കണ്ടിട്ടുണ്ടോ?”

അവരുടെ മുഖത്ത്‌ വെറുപ്പും ദേഷ്യവും വന്നത്‌ ചുറ്റും നിന്നവർ കണ്ടില്ല.

“നിന്റെ നെറ്റിയിലെ പൊട്ട്‌ പകുതിയെ ഉള്ളല്ലോ”

“അതു മോളു തൂത്തുകളഞ്ഞതാ”

“തലിമാലപോലും ഇടാതെ ഒരാളിരിക്കുന്നതു കണ്ടോ?”

“അതുരുക്കിപ്പണിയാൻ തട്ടാന്റെ കയ്യിൽ കൊടുത്തിട്ടിതുവരെ കിട്ടിയില്ല. അടിയന്തിരത്തിനു മുമ്പെങ്കിലും അതൊന്നു മേടിച്ചു തരണം.”

“പതിനാറടിയന്തിരം കഴിയാതെ ഒന്നും പറ്റില്ല. ഇവിടെ എന്തെല്ലാം പണിയുണ്ടെന്നാ നിന്റെ വിചാരം?”

ചുറ്റും നിന്നവർ പറഞ്ഞതൊന്നും അവർ കേട്ടില്ല. മക്കളും മക്കളുടെ മക്കളും ചുറ്റും നില്‌പുണ്ടന്നുതന്നെ അവർ മറന്നു. അമ്പതു കൊല്ലം മുമ്പ്‌ തൂമ്പപിടിച്ചു തഴമ്പു വീണകൈകൊണ്ട്‌ തന്നെ ഒരു ചെറ്റകുടിലിലേക്കു പിടിച്ചുകൊണ്ടുവന്ന മനുഷ്യന്റെ കാര്യമാണവരോർത്തത്‌. അത്താഴത്തിന്‌ അരിയില്ലെന്നു പറയുമ്പോഴെല്ലാം തന്നെ കെട്ടിപ്പിടിച്ചും ഉമ്മവയ്‌ക്കാറുള്ള മനുഷ്യൻ. രാവും പകലും അദ്ധ്വാനിച്ച്‌ ശരീരം ചീത്തയാക്കരുതെന്നു പറയുമ്പോൾ പുഞ്ചിരിക്കാറുള്ള മനുഷ്യൻ.. പത്തുസെന്റ്‌ സ്‌ഥലം സ്വന്തമായി വാങ്ങിയപ്പോൾ, അതു തന്റെ ഐശ്വര്യം കൊണ്ടുണ്ടായതാണെന്നു വിശ്വസിച്ചയാൾ. സ്വന്തം സ്‌ഥലത്ത്‌ സ്വന്തമായി കൃഷി ചെയ്‌തുകിട്ടിയ നെല്ലു കണ്ടപ്പോൾ സന്തോഷം കൊണ്ടു മതിമറന്ന മനുഷ്യൻ. ബസ്സുള്ളപ്പോഴും നടന്നാണ്‌ ടൗണിൽ പോയിരുന്നത്‌. അഞ്ചു മണിവരെ അവിടെ നിൽക്കേണ്ടിവന്നാലും തിരിച്ചു വീട്ടിൽ വന്നിട്ടേ ഊണു കഴിക്കുമായിരുന്നുള്ളൂ. എന്തിനിത്ര കഷ്‌ടപ്പെടുന്നു എന്നു ചോദിച്ചാൽ തന്നോടു ദേഷ്യപ്പെടുമായിരുന്നു. പിന്നെ ഏഴുമക്കളില്ലേ അവർക്കു കഴിയേണ്ടെ എന്നു ചോദിച്ചുകൊണ്ട്‌ ദേഷ്യപ്പെട്ടതിന്‌ തന്നോടു മാപ്പുപറയുമായിരുന്നു. ഇറച്ചിയും മീനും മാറ്റിവച്ചിട്ട്‌ പൊടിയരി കഞ്ഞിയും അച്ചാറും മതിയെന്നു പറഞ്ഞ മനുഷ്യൻ. മൂന്നുനിലമാളിക വച്ചത്‌ മകനുവേണ്ടിയാണ്‌. പതിനായിരം പറ നിലം വാങ്ങിയത്‌ മക്കൾക്കു ചോറുണ്ണാൻ വേണ്ടിയാണ്‌. പത്തുലക്ഷം രൂപയും കാറും ഇളയമകൾക്ക്‌ സ്‌ത്രീധനമായി കൊടുത്തത്‌ കൂടിപ്പോയെന്നു പറഞ്ഞപ്പോൾ വയസുകാലത്തും തന്നെ തല്ലാൻ വന്ന മനുഷ്യൻ. അവരുടെ കണ്ണീരൊഴുകി ഫോട്ടോയിൽ വീണപ്പോൾ മക്കൾക്കും സങ്കടം വന്നു.

“അയ്യോ അമ്മ കരയുന്നോ?”

“അമ്മേ ഈ ഫോട്ടോയിൽ താഴെ കറുത്തു കാണുന്നതെന്താണന്നു പറയാമോ?” ഇളയമകൾ ചോദിച്ചു.

“അമ്മയൊന്നു സൂക്ഷിച്ചു നോക്കിക്കേ”

“ഞാൻ പറയാം.”

“നീ പറയണ്ട. അമ്മ പറയട്ടെ”

“ഞാൻ പറഞ്ഞാലെന്താ?”

“വേണ്ടന്നല്ലോ പറഞ്ഞത്‌”

“ഞാൻ പറയാം അമ്മേ. അതു നമ്മുടെ പട്ടിയാണ്‌. ടൈഗർ എത്ര ശ്രമിച്ചിട്ടും അച്‌ഛന്റെ അടുത്തുനിന്നും അതിനെ മാറ്റാൻ സാധിച്ചില്ല.”

ഫോട്ടോ മകളുടെ കയ്യിൽ വച്ചിട്ട്‌ അവർ കണ്ണു തുടച്ചു;

ഇവിടെ ആർക്കും ഒന്നും നഷ്‌ടപ്പെട്ടിട്ടില്ല. കൂടൂതൽ അധികാരവും സ്വാതന്ത്ര്യവും കിട്ടിയതിന്റെ സന്തോഷമാണ്‌ എല്ലാവർക്കും തനിക്കു മാത്രം എല്ലാം നഷ്‌ടപ്പെട്ടിരിക്കുന്നു.

“ അമ്മ ഫോട്ടോ കാണുന്നില്ലേ”? മകൾ ഫോട്ടോ അമ്മയുടെ നേരെ നീട്ടി. രണ്ടുകൈകൊണ്ടും ഫോട്ടോ വാങ്ങിക്കൊണ്ടവർ പറഞ്ഞുഃ

“നിങ്ങളൊക്കെ കണ്ടല്ലോ, കണ്ടതൊക്കെ പറയുകയും ചെയ്‌തു.”

ഫോട്ടോയിലേക്കു തന്നെ കുറെ നേരം നോക്കിയിരുന്നപ്പോൾ അവരും കണ്ടു. കഴുത്തുവരെ വെള്ളവസ്‌ത്രം കൊണ്ടൂമൂടി കണ്ണുകളടച്ചു കിടക്കുന്ന ഒരു കിഴവന്റെ രൂപം. തന്റെ എല്ലാമായിരുന്ന മനുഷ്യൻ വേറൊന്നും അവർ കണ്ടില്ല.

വിറക്കുന്ന കൈകൾകൊണ്ട്‌, നിറഞ്ഞ കണ്ണുകളുടെ നേരെ അവരാ ഫോട്ടോ അടുപ്പിച്ചപ്പോൾ, മക്കളോരോരുത്തരായി മുറിയിൽ നിന്നും പുറത്തേക്കിറങ്ങുകയായിരുന്നു.

Generated from archived content: story2_sep16_09.html Author: bhahuleyan_puzhavelil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English