ഭാര്യ

കതകുവലിച്ചുതുറന്ന്‌ അയാൾ പുറത്തേക്കു പോകുന്ന ശബ്‌ദം കേട്ടുകൊണ്ട്‌ അവൾ കട്ടിലിൽ തളർന്നു കിടന്നു. അയാൾ തുറന്നിട്ടിട്ടു പോയ ജനലിൽ കൂടി അവൾ വെളിയിലേക്കു നോക്കി. ഉച്ചവെയിലിൽ പൂച്ചെടികൾ വാടിക്കരിഞ്ഞു നിൽക്കുന്നു.

വെളിച്ചത്തിൽ നിന്നും രക്ഷപെടനായി അവൾ കണ്ണുകൾ അടച്ചു. ജനലിനടുത്തു നിൽക്കുന്ന ചെടികൾ കുലുങ്ങുകയും ഇലകൾ ശബ്‌ദമുണ്ടാക്കുകയും ചെയ്‌തപ്പോൾ അവൾ കണ്ണു തുറന്നു. ഒരു വലിയ പാമ്പ്‌, ജനലിൽ കൂടി മുറിയിലേക്കു തലനീട്ടുന്നതാണ്‌ കണ്ടത്‌. അവൾ കൗതുകത്തോടെ നോക്കിക്കൊണ്ടു കിടന്നു.

പാമ്പു തല ഉയർത്തിപ്പിടിച്ച്‌ അനങ്ങാതെ നിൽക്കുന്നു. അതിന്റെ വലിപ്പവും തലയെടുപ്പും കണ്ടപ്പോൾ രാജവെമ്പാല ആയിരിക്കുമെന്ന്‌ മനസ്സിലോർത്തു. ആയിരിക്കണമേ എന്ന്‌ പ്രാർത്ഥിക്കുകയും ചെയ്‌തു.

പാമ്പ്‌ ജനലിനടുത്തു കിടന്ന കസേരയിലേക്ക്‌ സാവധാനം ഇഴഞ്ഞിറങ്ങി. ഭയമല്ല, സന്തോഷമാണ്‌ തോന്നിയത്‌. പാമ്പ്‌ കസേരയിൽ നിന്നും തറയിലേക്കിറങ്ങി ഭിത്തിയുടെ അരികുചേർന്ന്‌ അലമാരിയുടെ അടുത്തേക്കിഴഞ്ഞു. കുറച്ചു കഴിഞ്ഞ്‌ തല ഉയർത്തി കട്ടിലിലേക്കു നോക്കി.

വലിയ ഇരട്ടക്കട്ടിലിന്റെ ഒരു മൂലയിൽ, അവൾ ശ്വാസം അടക്കിപ്പിടിച്ചു കിടന്നു.

പാമ്പ്‌ കട്ടിലിലേക്കു കയറിയപ്പോൾ അവൾ പറഞ്ഞു.

“കടിക്കട്ടെ, കടിച്ചുകൊല്ലട്ടെ”

കിടക്കയിലൂടെ ഇഴഞ്ഞ്‌ അവളുടെ സാരിയിലേക്കു കടന്നപ്പോൾ, അവളറിയാതെ കാലൊന്നനക്കി.

പാമ്പ്‌ പെട്ടെന്ന്‌ കട്ടിലിൽ നിന്നും ഇറങ്ങി, കസേരയിൽ കയറി ജനലിലൂടെ പുറത്തേക്കു ചാടി.

അവൾക്കു നിരാശ തോന്നി.

“ചേരയാണ്‌. ചേര, പേടിച്ചു തൂറി” അവൾ പിറുപിറുത്തു.

അവൾ എഴുന്നേറ്റ്‌ അഴിഞ്ഞു കിടന്നിരുന്ന മുടി കെട്ടിവച്ചു. നെറ്റിയിലെ പകുതി മാഞ്ഞപൊട്ട്‌ കൈകൊണ്ടുതൂത്തുകളഞ്ഞു. അഴിഞ്ഞുപോകാൻതുടങ്ങിയിരുന്ന സാരി നേരെ ഉടുത്തു. ചുളുങ്ങിക്കിടന്നിരുന്ന കിടക്കയും വിരിപ്പും നേരെയാക്കി. തറയിൽ കിടന്നിരുന്ന സിഗററ്റുകുറ്റികൾ പെറുക്കി ജനലിൽ കൂടെ പുറത്തേക്കെറിഞ്ഞു.

ടീപ്പോയിയിൽ ഇരുന്ന കടലാസുപൊതി എടുത്ത്‌ അഴിച്ചു നോക്കി. പത്തുപാക്കറ്റ്‌ സിഗരറ്റും ഒരു പാക്കറ്റ്‌ ബ്ലേഡും. പോകാനുള്ള തിരക്കിൽ പുള്ളിക്കാരൻ മറന്നു പോയതാകും. നാളെ തിങ്കളാഴ്‌ചയല്ലേ? ഒരു പക്ഷേ ഓഫീസിൽ വച്ചു ഒറ്റക്കു കാണുമ്പോൾ ചോദിച്ചേക്കാം. അവൾ അതെടുത്ത്‌ അലമാരിയിൽ വച്ചു.

കാപ്പികൊണ്ടുവന്ന കപ്പും സോസറും എടുത്ത്‌ അടുക്കളയിലേക്കു പോയി. തിരിച്ചുവന്ന്‌ കസേരയിൽ ഇരുന്നപ്പോൾ മേശപ്പുറത്തിരുന്ന, വിദേശത്ത്‌ ഉപരിപഠനത്തിനു പോയിരിക്കുന്ന ഭർത്താവിന്റെ ചെറിയ ഫോട്ടോ അവളെ തുറിച്ചു നോക്കുന്നതവൾ കണ്ടു.

ഫോട്ടോയുടെ മുന്നിൽ തലകുനിച്ചിരുന്ന്‌ അവൾ തേങ്ങിക്കരഞ്ഞു.

പിന്നെ വരാന്തയിലേക്കിറങ്ങി റോഡിലേക്കു നോക്കി. മാർക്കറ്റിൽ ഒരിക്കലും കിട്ടാനിടയില്ലാത്ത സാധനങ്ങൾ വാങ്ങാൻ വേണ്ടി, പറഞ്ഞയച്ചിരുന്ന വേലക്കാരി പെണ്ണിന്‌, തിരിച്ചു വരാനുള്ള സമയമായിരിക്കുന്നു.

Generated from archived content: story1_may29_09.html Author: bhahuleyan_puzhavelil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English