ഇടുങ്ങിയ മുറിയിലെ കയ്യൊടിഞ്ഞ കസേരയിലിരുന്ന് അയാൾ പഴയ തുകൽപെട്ടി എടുത്ത് അതിലെ പൊടിതുടക്കുകയായിരുന്നു. അപ്പോൾ വെളിച്ചമില്ലാത്ത വരാന്തയിൽ കാലൊച്ചകേട്ടു.
“ചേട്ടൻ ചോറുണ്ണുന്നില്ലേ?” അനുജത്തിയാണ്.
ഒന്നും പറയാതെ അയാൾ വരാന്തയിലേക്കിറങ്ങി. നിലാവും നക്ഷത്രങ്ങളുമില്ലാത്ത രാത്രി. സന്ധ്യക്കു മുമ്പേ പെയ്യാൻ തുടങ്ങിയ മഴ ഇപ്പോഴും ചാറികൊണ്ടുനിൽക്കുന്നു.
“ഇതൊക്കെ പെട്ടിയിൽ അടുക്കിവക്കട്ടെ ചേട്ടാ?” വീണ്ടും അനുജത്തിയുടെ ശബ്ദം.
ഇരുട്ടത്ത് വരാന്തയിലൂടെ അയാൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അയൽപക്കത്തെവീടുകളിലൊന്നും വെളിച്ചമില്ല. എല്ലാവരും ഉറക്കമായിരിക്കുന്നു. ഇനി എപ്പോഴാണവർ വരിക? ഇപ്പോൾ തന്നെ രാത്രി പതിനൊന്നുമണിയായി.
നടന്ന് വീണ്ടും മുറിയുടെ മുമ്പിലെത്തി. അപ്പോൾ മേശപ്പുറത്തിരുന്ന സാധനങ്ങളെല്ലാം തന്റെ പെട്ടിയിൽ അടുക്കിവക്കുന്ന അനുജത്തിയെയാണ് കണ്ടത്.
ആദ്യത്തെ വർഷം വല്യേട്ടനാണ് പെട്ടിയിൽ തന്റെ മുണ്ടും ഷർട്ടും മറ്റു സാധനങ്ങളും അടുക്കിവച്ചുതന്നത്.
നാട്ടിലെ പുതിയ ഹൈസ്കൂളിൽ നിന്നും ആദ്യമായി പത്താം ക്ലാസിലെ പരീക്ഷക്കെഴുതിയ ബാച്ചിൽ താനുമുണ്ടായിരുന്നു. ഫസ്റ്റ് ക്ലാസിൽ പാസ്സായിഎന്നറിഞ്ഞപ്പോൾ അദ്ധ്യാപകർ അഭിമാനം കൊണ്ടു. നാട്ടുകാർ സന്തോഷിച്ചു. കോളേജു തുറക്കുന്നതിന്റെ തലേദിവസം രാത്രിയിൽ അഭിനന്ദിക്കാനും ഉപദേശിക്കാനുമായി അമ്മാവനും ഇളയച്ഛനും വീട്ടിൽ വന്നിരുന്നു.
കൊച്ചേട്ടൻ പുതിയ പെട്ടി വാങ്ങിതന്നു. പുതിയ മുണ്ടും ഷർട്ടും മേടിച്ചു തന്നത് വല്യേട്ടനാണ്. അമ്മ തനിക്കിഷ്ടപ്പെട്ട കറികൾ ഉണ്ടാക്കി. വീട്ടിൽ വന്നവരോടെല്ലാം അച്ഛൻ തന്റെ പഠിത്തത്തിന്റെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. പിറ്റെ ദിവസം രാവിലെ അച്ഛന്റെ കൂടെ അമ്പതുമൈലകലെയുള്ള നഗരത്തിലെ കോളേജിലേക്കു പോയി.
അത് ആദ്യത്തെ വർഷത്തെ കാര്യമാണ്.
രണ്ടാമത്തെ വർഷം പെട്ടി പാക്കു ചെയ്തത് താൻ തനിയെയാണ്. തലേദിവസം രാത്രിയിൽ മുന്നൂറുരൂപ തന്നിട്ട് അച്ഛൻ പറഞ്ഞുഃ
“അവിടെ ചെന്നാലുടനെ എഴുത്തയക്കണം”
പിന്നെ രണ്ടുവർഷം കൂടെ കഴിഞ്ഞു.
ഇതവസാനത്തെ വർഷമാണ്.
ഇതിനിടയിൽ പലതും സംഭവിച്ചു. ചന്തയിൽ നല്ല രീതിയിൽ നടത്തിയിരുന്ന അച്ഛന്റെ കച്ചവടം നഷ്ടത്തിലായി. ഒരു തെങ്ങിൻ പുരയിടം വിറ്റു. വേറൊന്ന് പണയപ്പെടുത്തേണ്ടിവന്നു. അമ്മയുടെ ആരോഗ്യം നശിച്ചു.
താൻ കോളേജിൽ പഠിക്കാൻ പോയതുകൊണ്ടാണോ ഇതൊക്കെ സംഭവിച്ചത്?
“ചേട്ടാ” അനിയത്തിവിളിച്ചു പറഞ്ഞു.“ ചേട്ടനെ അമ്മ വിളിക്കുന്നു.”
അമ്മ കിടക്കുന്ന മുറിയിൽ ഒരു മങ്ങിയ വെളിച്ചം മാത്രമേയുള്ളു. പൊക്കം കുറഞ്ഞ കയറ്റുകട്ടിലിലെ, മുഷിഞ്ഞ പായും കീറിയ പുതപ്പുമാണ് ആദ്യം ശ്രദ്ധിച്ചത്. കുഴമ്പിന്റെയും അരിഷ്ടത്തിന്റെയും മണം തങ്ങിനിൽക്കുന്ന മുറി.
“മോൻ ചോറുണ്ടില്ലേ?” അമ്മ ചോദിച്ചു.
മറുപടി പറയുന്നതിനു മുമ്പുതന്നെ അമ്മ വീണ്ടും പറഞ്ഞു.
“ചോറും കറിയും തണുത്തു പോകും. അച്ഛൻ വരാൻ കാത്തിരിക്കേണ്ട”
അയാളൊന്നും മിണ്ടിയില്ല.
“നാളെ വെളുപ്പിനെ എണീക്കണം. ആദ്യത്തെ ബസ്സിനു തന്നെ പോയില്ലെങ്കിൽ എപ്പോഴാണവിടെ എത്തുക?”
അമ്മയുടെ കൈകൾ തലയിണയുടെ അടിയിൽ തപ്പുന്നതു കണ്ടു. ഒരു കടലാസ് പൊതി എടുത്തു നീട്ടിക്കൊണ്ട് അമ്മ വീണ്ടും പറഞ്ഞു.“
”നല്ലതുപോലെ പഠിക്കണം. ഈ വർഷം കൂടെ ജയിച്ചു കിട്ടിയാൽ നമ്മൾ രക്ഷപെട്ടു.“
അയാളതു വാങ്ങി ഒന്നും മിണ്ടാതെ അവിടെതന്നെ നിന്നു.
”നീ ചോറുണ്ടിട്ടു കിടന്നുകൊള്ളൂ. അച്ഛൻ വരുമ്പോൾ വിളിക്കാം.“
അയാൾ സ്വന്തം മുറിയിൽ പോയി കടലാസ് പൊതി അഴിച്ചുനോക്കി. കുറെ മുഷിഞ്ഞ നോട്ടുകൾ. ആകെ നുറുരൂപയിലധികമുണ്ട്.
വീണ്ടും വരാന്തയിലെ ഇരുട്ടിലേക്കിറങ്ങി. ദൂരെ തെങ്ങിൻ തോപ്പിലൂടെയുള്ള നടപ്പാതയിൽ ടോർച്ചിന്റെ വെളിച്ചം കാണുന്നുണ്ടോ എന്നു നോക്കി.
നാലുമണി മുതൽ ഏഴുമണിവരെ, അച്ഛൻ ഈ വരാന്തയിൽ വഴിയിലേക്കും നോക്കി ഇരിക്കയായിരുന്നു. സന്ധ്യക്കു മുമ്പും രൂപ വീട്ടിലെത്തിച്ചു തരാമെന്നും പറഞ്ഞയാളെ കാണാതിരുന്നതുകൊണ്ട് അച്ഛൻ വിഷമിച്ചു.
”ഞാനൊന്നു പോയിട്ടു വരാം“.
അയാളെ തിരക്കിപ്പോകാൻ അച്ഛൻ തയ്യാറായി.
ടോർച്ചുമെടുത്തുകാണ്ട് വല്യേട്ടനും കൂടെപോയി. മഴയത്ത് ഇരുട്ടിലൂടെ, ടോർച്ചിന്റെ വെളിച്ചം അകന്നു പോകുന്നതും നോക്കി അമ്മയും അനുജത്തിയും വരാന്തയിൽ നിന്നും.
പത്തുമണി ആയിട്ടും കാണാതിരുന്നപ്പോൾ കൊച്ചേട്ടൻ അവരെ അന്വേഷിച്ചിറങ്ങി.
ആരും ഇതുവരെ തിരിച്ചു വന്നില്ല. രൂപ കിട്ടിയില്ലെങ്കിൽ അവർക്കിങ്ങു തിരിച്ചു പോരാമായിരുന്നില്ലേ?
”പെട്ടി പൂട്ടട്ടെ ചേട്ടാ?“ അനുജത്തി വിളിച്ചു ചോദിച്ചു.
”നീ ചോറു വിളമ്പു.“
നാളെ തന്നെക്കാൾ എത്രയോ നേരത്തെ എഴുന്നേൽക്കേണ്ടവളാണ്. ഇനി എപ്പോഴാണവൾക്ക് ഉറങ്ങാൻ നേരം കിട്ടുക?
ചേറു വിളമ്പിവച്ചിട്ട്, അവൾ പതിവില്ലാതെ അടുക്കളയിലേക്കു പോയി. പപ്പടവും മോരും പൊരിച്ചതുമൊക്കെ കണ്ടപ്പോൾ അവൾ അടുക്കളയിൽ ഒളിച്ചിരിക്കുന്നതിന്റെ കാര്യം മനസിലായി. അയൽപക്കത്തുനിന്നും ഇതൊക്കെ കടം വാങ്ങിയതിന് താനവളെ വഴക്കുപറഞ്ഞെങ്കിലോ എന്നവൾ പേടിക്കുന്നു.
ഊണു കഴിഞ്ഞ്, മുറിയിൽ പോയി പെട്ടി തുറന്നു നോക്കി. ഒന്നും മറന്നിട്ടില്ല. എല്ലാം അവൾ അടുക്കി വച്ചിട്ടുണ്ട്.
മഴവീണ്ടും ശക്തിയായി പെയ്തു. അയാൾ വരാന്തയിലെ തണുത്ത തറയിൽ ഇരുന്നു. മഴയോടൊപ്പം ഇടിയും മിന്നലും ഉണ്ട് മിന്നലിന്റെ വെളിച്ചത്തിൽ അകലെയുള്ള പുഴയും ചെറിയ നടപ്പാതയും കണ്ടു.
തണുത്ത കാറ്റ്, ഭിത്തിയിൽ തലചാരിവച്ച് അയാളൊന്നു മയങ്ങി. അനുജത്തിയും വരാന്തയിലേക്കു വന്നു.
”ചേട്ടൻ ഉറങ്ങിക്കോ. അച്ഛൻ വർമ്പോൾ ഞാൻ വിളിച്ചോളാം“ അവൾ പറഞ്ഞു.
തണുത്ത തറയിൽ ഉറക്കം തൂങ്ങിക്കൊണ്ടിരുന്നപ്പോൾ അനുജത്തി വിളിച്ചു.
”ചേട്ടാ“
അയാൾ കണ്ണു തുറന്നു.
ദൂരെ ടോർച്ചിന്റെ വെളിച്ചം കാണുന്നുണ്ട്. സമയം കഴിയുംതോറും അതടുത്തടുത്തു വന്നു.
രണ്ടുപേരും വെളിയിലേക്കു നോക്കി.
അവസാനം വെളിച്ചം മുറ്റത്തെത്തി.
”എന്തൊരുമഴ“ കുടചുരുക്കിക്കൊണ്ട് അച്ഛൻ വരാന്തയിലേക്കു കയറി.
”നീയിതുവരെ ഉറങ്ങിയില്ലേ? “ വല്യേട്ടൻ ചോദിച്ചു.
പുതപ്പുകൊണ്ട് ശരിരം മൂടി അമ്മയും വരാന്തയിലേക്കു വന്നു.
”അയാൾ കൊപ്രവിറ്റുവരാൻ താമസിച്ചു. ഇപ്പോഴാണ് വന്നത്“ അച്ഛൻ പറഞ്ഞു.
അനങ്ങാതെ, ഒന്നും മിണ്ടാതെ അയാൾ തൂണിൽ ചാരിനിന്നു.
പോക്കറ്റിൽ നിന്നും കുറെ രൂപയെടുത്ത് അയാളുടെ നേരെ നീട്ടിക്കൊണ്ട് അച്ഛൻ പറഞ്ഞു.
”മുന്നൂറുരൂപയുണ്ട്. തികയാതെ വരികയാണെങ്കിൽ കോളേജിൽ ചെന്നാലുടനേ എഴുതണം.“
”നാളെ കോളേജു തുറക്കുന്ന ദിവസമല്ലേ? വെളുപ്പിനെ എണീറ്റു പോകാനുള്ള നീ എന്തിനാ ഉറക്കം നിൽക്കുന്നത്? പോയികിടന്നുറങ്ങു“ വല്യേട്ടൻ പറഞ്ഞു.
രൂപയുമായി അയാൾ മുറിയിലേക്കു പോയി. കട്ടിലിൽ കയറികിടന്നു. ഉറക്കം വരുന്നില്ല.
ഈ വീട്ടിൽ എല്ലാവരും തനിക്കു വേണ്ടി ഉണർന്നിരിക്കുമ്പോൾ, തനിക്കുമാത്രമെങ്ങനെ ഉറങ്ങാനൊക്കും? ഉറങ്ങാതെ, അയാൾ കണ്ണുകളടച്ചുകിടന്നു.
Generated from archived content: story1_july14_09.html Author: bhahuleyan_puzhavelil