2011 ജൂലൈ -23 ശനി
ഓപ്പറേഷനു ശേഷം ഇന്നലെയാണ് എന്നെ മുറിയിലേക്കു കൊണ്ടു വന്നത്. പാതിമയക്കത്തിലായിരുന്നെങ്കിലും ഒരു വിധം എല്ലാം തന്നെ എനിക്കോര്‍മ്മയുണ്ട്. ഭാര്യയും മക്കളും കൊച്ചുമോനും കട്ടിലിനരികില്‍ വന്നതും സംസാരിച്ചതുമെല്ലാം എനിക്കു മനസിലായി. ചോദിച്ചതിനൊക്കെ ഒരു വിധം വ്യക്തമായി തന്നെയാണ് ഞാന്‍ മറുപടി പറഞ്ഞതും.
ഇന്ന് എല്ലാത്തിനും വ്യത്യാസമുണ്ട്. ഓര്‍മ്മകുറവോ സംസാരിക്കാന്‍ ബുദ്ധിമുട്ടോ ഒന്നുമില്ല . ഓപ്പറേഷനു ശേഷം ഇതുവരെ ഒന്നും കഴിച്ചിട്ടില്ല ഒരു തുള്ളി വെള്ളം പോലും . എന്നാലും ക്ഷീണം ഒട്ടുമില്ല. ഒരേ സമയം രണ്ടു കുപ്പി ഗ്ലൂക്കോസാണ് ശരീരത്തിലേക്ക് കയറ്റിക്കൊണ്ടിരിക്കുന്നത്. എനിക്കുള്ള മരുന്നും അതിലുണ്ടെന്നു തോന്നുന്നു. ഒരു കാര്യം എനിക്കിഷ്ടപ്പെട്ടു. കയ്യിലെ ഞരമ്പിലേക്കു ഗ്ലൂക്കോസ് കയറ്റുന്നത് രണ്ടു ട്രിപ്പും നെഞ്ചിലെവിടെയോ ആണ് കൊടുത്തിരിക്കുന്നത് . കൈകള്‍ രണ്ടും സ്വതന്ത്രമാണ്. ഇല്ലെങ്കില്‍ രണ്ടു കയ്യും അനക്കാന്‍ പറ്റാതെ കട്ടിലില്‍ തന്നെ കിടക്കേണ്ടി വരുമായിരുന്നു . ഇപ്പോള്‍ വായിക്കുന്നതിനോ എഴുതുന്നതിനോ ബുദ്ധിമുട്ടുമില്ല.
ദേഹം മുഴുവന്‍ വേദനയുണ്ട്. അതു സാരമില്ല തനിയെ മാറിക്കൊള്ളുമെന്നാണ് പ്രകാശ് ഡോക്ടര്‍ പറഞ്ഞത്. വയറ്റില്‍ ഗ്യാസ് വന്നു നിറഞ്ഞിരിക്കുന്നതു പോലെ തോന്നുന്നു. കീഹോള്‍ സര്‍ജറി ചെയ്താല്‍ ഇങ്ങനെയുണ്ടാകും. ദിവസവും കുറെ സമയം നടന്നാല്‍ ഇതു മാറിക്കിട്ടുമെന്നും ഡോക്ടര്‍ പറഞ്ഞു. ഏറ്റവും വലിയ പ്രശ്നം മൂത്രം പോകാനുള്ള ട്യൂബും അതിനോടു ചേര്‍ന്നുള്ള സഞ്ചിയുമാണ്. ഈ ട്യൂബും സഞ്ചിയും തൂക്കിപ്പിടിച്ചുള്ള നടപ്പ് അത്ര സുഖമുള്ള ഒരേര്‍പ്പാടല്ല.
ഓപ്പറേഷന്‍ തീയറ്ററിലേക്ക് എന്നെ കൊണ്ടു പോയതൊക്കെ എനിക്കു നല്ല ഓര്‍മ്മയുണ്ട്. പതിനൊന്നു മണിക്ക് വീല്‍ചെയറിലിരുത്തി എന്നെ കൊണ്ടു പോകുമ്പോള്‍ എല്ലാവരും എന്റെ അടുത്തു തന്നെയുണ്ട്. എനിക്ക് വിഷമം ഉണ്ടാകാതിരിക്കാനാകണം അവര്‍ പലതും പറഞ്ഞുകൊണ്ടിരുന്നു.
‘’ ഒന്നും പേടിക്കാനില്ല അച്ഛന്‍ ധൈര്യമായിട്ടിരിക്ക്’‘
‘’ എനിക്ക് ധൈര്യക്കുറവൊന്നുമില്ല’‘
‘’ എന്നിട്ടെന്തിനാ ഈ മുഖത്തിത്ര ഗൗരവം?”
അപ്പോള്‍ ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു.
‘’ അങ്ങനെ സന്തോഷത്തോടെ ഇരിക്കച്ഛാ’‘
‘’ ഞങ്ങളെല്ലാവരും തിയേറ്ററിനു പുറത്തു തന്നെയുണ്ടാകും’‘
‘’ അനാവശ്യ ചിന്തകളൊന്നും മനസിലേക്കു വരരുത്.’‘
അപ്പോഴേക്കും വീല്‍ചെയര്‍ നീങ്ങിത്തുടങ്ങിയിരുന്നു. ഞാന്‍ എല്ലാവരുടേയും മുഖത്തേക്കു നോക്കി. അവരോടൊപ്പം എന്റെ ഭാര്യയും കൊച്ചുമോനുമില്ല. അവരെ കാണാതെയാണല്ലോ ഇവിടെ നിന്നുമുള്ള എന്റെയീ യാത്രയെന്ന് എന്നോര്‍ത്തപ്പോള്‍ വിഷമം തോന്നി. ഓപ്പറേഷന്‍ കഴിഞ്ഞ് ഞാന്‍ മുറിയില്‍ തിരിച്ചെത്തിയ ശേഷമേ മണിയും സോനുക്കുട്ടനും എന്നെ കാണാന്‍ വരികയുള്ളു എന്നെനിക്കറിയാം. എന്നാലും മനുഷ്യരുടെ കാര്യമല്ലേ? അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പറയാവില്ലല്ലോ. ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്നും തലയും മുഖവും മൂടിയ നിലയിലാണ് എന്നെ കൊണ്ടു വരുന്നതെങ്കില്‍ … വേണ്ടാത്ത ചിന്തകള്‍ മനസിലേക്കു കടന്നു വന്നതില്‍ വീണ്ടും വിഷമം തോന്നി. തീയേറ്ററിലേക്കും കയറുന്നതുവരെ ഞാന്‍ സംസാരിക്കുകയോ തിരിഞ്ഞു നോക്കുകയോ ചെയ്തില്ല. ഓപ്പറേഷന്‍ തീയേറ്ററിലെ ഒരു കാര്യവും ഇപ്പോള്‍ എനിക്കോര്‍മ്മ വരുന്നില്ല .
എന്നാല്‍ ഐ. സി. യു ലെ ചില കാര്യങ്ങള്‍ ഓര്‍മ്മയുണ്ട്. വല്ലാത്ത തണുപ്പും മറ്റു ചില അസ്വസ്ഥതകളും തോന്നിയപ്പോള്‍ ഞാന്‍ കണ്ണുതുറക്കാന്‍ ശ്രമിക്കുകയായിരുന്നു. കണ്‍പോളകള്‍ ചെറുതായി ഒന്നനങ്ങിയതല്ലാതെ തുറന്നില്ല. അപ്പോള്‍ ഒരു ശബ്ദം കേട്ടു.
‘’ അച്ഛാ ‘’
ഞാന്‍ കണ്ണുതുറക്കാന്‍ ശ്രമിച്ചു.
‘’ അച്ഛാ കണ്ണു തുറന്നോളൂ അച്ഛാ’‘
ആരോ എന്റെ കയ്യില്‍ തൊട്ടതായി തോന്നി. ഒരു വിധത്തില്‍ കണ്ണുതുറന്നു നോക്കിയപ്പോള്‍ കണ്ടത് ഇതുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ വേറൊരു മകളെയാണ് ഞാന്‍ ചോദിച്ചു.
‘’ മോളെ ഞാനെവിടെയാണ്?’‘
‘’അച്ഛനെല്ലാം മറന്നോ? ഓപ്പറേഷനു വേണ്ടിയല്ലേ ഇവിടെ വന്നത് ? അതു ഇന്നലെ കഴിഞ്ഞു. ഇപ്പോള്‍ ഐ സി യു വിലാണ്’‘
ഇന്നു രാവിലെ സോനുക്കുട്ടന്‍ വന്നപ്പോള്‍ എനിക്കു വായിക്കാന്‍ ചില മാസികകളും പുസ്തകങ്ങളും കൊണ്ടു വന്നു. സിംഗപ്പൂരില്‍ നിന്നു പ്രസാദും ജീവനും വിളിച്ചപ്പോള്‍ ഞാന്‍ തന്നെയാണ് സംസാരിച്ചത് ബിന്ദുവും ബീനയും നാളെ തിരിച്ചു പോകും.
എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ആശുപത്രിയിലേക്കു വന്ന അവര്‍ ആശുപത്രിയില്‍ നിന്നും നേരെ എയര്‍പോര്‍ട്ടിലേക്കാണ് നാളെ പോകുന്നത്. മൂവാറ്റുപുഴയിലും കാര്‍ത്തികപ്പിള്ളിയിലും പോകാനുള്ള സമയം ഇനിയില്ല.
ഓപ്പറേഷന്‍ ദിവസം ചേട്ടന്മാരുടെ വീടുകളില്‍ നിന്നുമെത്തിയവര്‍ കൂട്ടിനുണ്ടായിരുന്നത് ബന്‍സിക്കു വലിയ സഹായമായി.
ജൂലൈ 24 ഞായര്‍
ഇന്നുരാവിലെ ബിന്ദുവും ബീനയും സിംഗപ്പൂരിനു പോയി. എന്നും വിളീച്ചോളാമെന്നു പറഞ്ഞതിനു പുറമെ അവരുടെ വക ചില ഉപദേശങ്ങളുമുണ്ടായിരുന്നു. ഇതുവരെ നടന്നത് ചികിത്സയല്ല ചികിത്സക്കു വേണ്ടിയുള്ള ഒരു വേദിയൊരുക്കല്‍ മാത്രമായിരുന്നു . ഇനിയുള്ള കീമോ തെറാപ്പിയും റേഡിയേഷനും മറ്റുമാണ് കാന്‍സറിനുള്ള ചികിത്സ. അതേറ്റവും വേഗം തുടങ്ങണം. ചികിത്സ ഇടയ്ക്കു വച്ചു മുടങ്ങിപ്പോകരുത് പനിയോ അതുപോലുള്ള അസുഖങ്ങളോ വരാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം ഗംഗാധരന്‍ ഡോക്ടറെ കണ്ടാല്‍ മതി റേഡിയേഷന്‍ കൂടി ആവശ്യമുള്ളതുകൊണ്ട് നമുക്ക് നല്ലതും സൗകര്യവും, കോട്ടയത്തെ കാരിത്താസ് ആശുപത്രിയാണ്. ഇങ്ങനെയൊക്കെയായിരുന്നു അവരുടെ ഉപദേശങ്ങള്‍ അവര്‍ പോയപ്പോള്‍ എല്ലാവരോടുമൊപ്പം ഞാനും ലിഫ്റ്റിന്റെ അടുത്തു വരെ ചെന്നു. അതിനു ശേഷം ഞാന്‍ മുറിയിലേക്കല്ല പോയത്. സിസ്റ്റര്‍ രാവിലെ ഡ്രിപ്പ് ഊരിത്തന്നത് എനിക്കു നടക്കാന്‍ വേണ്ടിയാണ്. അതുകൊണ്ടു നടന്നേക്കാമെന്നു കരുതി ആശുപത്രിയുടെ നീണ്ട ഇടനാഴിയിലൂടെയാണ് നടപ്പ് രണ്ടൂ വശവും രോഗികളുടെ മുറികളാണ്. കാന്റീന്‍ ഈ ഫ്ലോറിലായതുകൊണ്ട് ലിഫ്റ്റിന്റെ പരിസരത്തും ഇടനാഴിയിലും എപ്പോഴും ആളുണ്ടാകും. ഇവരുടെ ഇടയിലൂടെ മുണ്ടും മടക്കിക്കുത്തി മൂത്രത്തിന്റെ ട്യൂബും സഞ്ചിയും ഇടതു കൈകൊണ്ടു പൊക്കിപ്പിടിച്ച് കാലും നീട്ടി വച്ച് ഞാന്‍ നടന്നു. ഇടനാഴിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ യാണ് നടപ്പ്. മുറികളില്‍ നിന്ന് രോഗികളും അവരുടെ സ്വന്തക്കാരും ചിലപ്പോള്‍ വാതിലിനടുത്തു വന്ന് എത്തി നോക്കും. ഇങ്ങനെ നടക്കാന്‍ ആദ്യമൊക്കെ എനിക്കു മടിയും നാണവുമുണ്ടായിരുന്നു. ഇപ്പോള്‍ അതുമില്ല. നടക്കുന്നിതിനിടയല്‍ അവരെ ഞാന്‍ കണ്ടതായി ഭാവിക്കാറില്ല. ഏതായാലും ഈ നടപ്പു വളരെ ഗുണം ചെയ്തു വയറ്റിലെ ഗ്യാസിന്റെ ശല്യം മാറി.
ജൂലൈ 26 ചൊവ്വ
എന്റെ ശരീരത്തിന്റെ വേദന തീര്‍ത്തും മാറിയില്ല. എന്നാലും നല്ല ആശ്വാസമുണ്ട്. ഡ്രിപ്പും മൂത്രത്തിന്റെ ട്യൂബുമെല്ലാം അതുപോലെ തന്നെ തുടരുന്നു. ഇന്നു മുതല്‍ ചായയും കാപ്പിയും കഴിക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. ഇപ്പോള്‍ എപ്പോഴും എന്നോടപ്പൊമുള്ളത് ഭാര്യയാണ്. ബന്‍സി രാവിലെ കോട്ടയത്ത് പോകും. സന്ധ്യയ്ക്കു മുമ്പായി തിരിച്ചു വരികയും ചെയ്യും. എപ്പോഴും വരുന്ന നെഴ്സുമാരും ഇടയ്ക്കൊക്കെ വരുന്ന സന്ദര്‍ശകരും ഫോണ്‍ കോളുകളും മരുന്നിനോടൊപ്പം തന്നെ ആശ്വാസം തരുന്നവയാണ്.
ജൂലൈ 27 ബുധന്‍
ഇന്ന് ഒരു നല്ല ദിവസമാണെന്നു തോന്നുന്നു. ഡോക്ടര്‍ വന്നു നോക്കിയപ്പോള്‍ തന്നെ ഇനി ട്രിപ്പ് വേണ്ടെന്ന് പറഞ്ഞു. വളരെ നല്ല കാര്യമെന്ന് ഞാന്‍ മനസിലോര്‍ത്തു. അപ്പോഴാണ് ഇന്നും മുതല്‍ കഞ്ഞി കുടിച്ചു തുടങ്ങാമെന്ന് ഡോക്ടര്‍ പറഞ്ഞത്. അത് അതിലും നല്ല കാര്യം. ബാക്കിയുള്ളവരേപ്പോലെ ഞാനും സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരികയാണ്.
ജൂലൈ 28 വ്യാഴം
പ്രകാശ് ഡോക്ടര്‍ രാവിലെ തന്നെ വന്നു എന്നെ പരിശോധിക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു.
‘’ മൂത്രം പോകാന്‍ ട്യൂബുള്ളത് വലിയ അസൗകര്യമാണ് ‘’
‘’ അതിനെന്താ അരമണിക്കൂറിനകം അതു മാറ്റിയേക്കാം അതുമാത്രമല്ല ഇന്നു ഡിസ്ച്ചാര്‍ജ് ചെയ്യുകയാണ്’‘
അധിക സമയമൊന്നും ഡോകടര്‍ മുറിയില്‍ നിന്നില്ല. പോകുന്നതിനു മുമ്പ് വീണ്ടൂം പറഞ്ഞു. ‘’ കുറെ മാസത്തേക്ക് ഭക്ഷണത്തില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ട്. നാരുള്ള ഭക്ഷണമൊന്നും കഴിക്കരുത് ഗോതമ്പും ഓട്സും നാരുള്ള ഭക്ഷണമാണ്. പഴവര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ വേണ്ട. പച്ചക്കറികളെല്ലാം നാരുള്ളവയാണ്. അതും ഒഴിവാക്കണം’‘
‘’ അപ്പോള്‍ കഴിക്കാവുന്നതെന്താണ്?’‘
‘’ ചോറ്, ദോശ, ഇഡ്ഡലി ഇതിനൊന്നും കുഴപ്പമില്ല. എന്നാല്‍ തേങ്ങ ചേര്‍ത്ത ചമ്മന്തി വേണ്ട. അതെസമയം മീന്‍ ഇഷ്ടം പോലെ കഴിക്കാം. മുട്ടയും കുഴപ്പമില്ല. വല്ലപ്പോഴുമൊക്കെ കോഴിയിറച്ചിയും ആകാം’‘
ഡോക്ടര്‍ പോയി അരമണിക്കൂറിനകം സിസ്റ്റര്‍ ട്യൂബ് മാറ്റിത്തന്നു. ബന്‍സി കോട്ടയത്താണ്. അവനോടു വിവരം പറഞ്ഞപ്പോ കഴിയുന്നത്രെ നേരത്തെ വരാമെന്നവന്‍ പറഞ്ഞു. രണ്ടു മണിക്കു മുമ്പ് അവന്‍ വരികയും ചെയ്തു. ബില്ല് സെറ്റില്‍ ചെയ്ത് മരുന്നു മേടിച്ച ശേഷമാണ് ഡോക്ടറെ കണ്ടത്. ആഗസ്റ്റ് 25 ആം തീയതി ഇവിടെ വീണ്ടൂം വരണം . അന്ന് അതുവരെയുള്ള ചികിത്സയുടെ വിവരങ്ങള്‍ കാണിച്ച് ഗംഗാധരന്‍ ഡോക്ടര്‍ക്ക് എഴുത്തു തരാമെന്ന് പറഞ്ഞു.
മൂന്നു മണിക്ക് ഞങ്ങള്‍ വീട്ടിലേക്കു പോന്നു. ഞാന്‍ തികച്ചും ആരോഗ്യവാനാണ്. എന്നിട്ടും അസുഖം ഭേദമായി വീട്ടില്‍ പോകുന്നയാളുടെ സന്തോഷമൊന്നും മനസ്സില്‍ തോന്നിയില്ല. കാറോടിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ച് ഒന്നും മിണ്ടാതെ ബന്‍സി ഇരുന്നു. മണി ശരിക്കും ഉറങ്ങുകയാണ് ഉറക്കം വന്നില്ലെങ്കിലും ഞാനും കണ്ണടച്ച് സീറ്റില്‍ ചാരി കിടന്നു.
രോഗത്തിനെതിരെയുള്ള എന്റെ ചികിത്സ തുടങ്ങാനിരിക്കുന്നതേയുള്ളു. ഗംഗാധരന്‍ ഡോക്ടറെ ഞാനിതുവരെ ക്ണ്ടിട്ടില്ല . എന്താണ് കീമോ തെറാപ്പി? ധാരാളം കേള്‍ക്കുകയും വായിക്കുകയും ചെയ്ത വാക്കാണത്. പക്ഷെ ശരിക്കും എന്താണെന്ന് ഇപ്പോഴും അറിയില്ല. റേഡിയേഷന്‍ എന്നു പറയുന്നത് പണ്ടത്തെ ലൈറ്റടിക്കല്‍ പരിപാടിയാകും. ആ പഴഞ്ചന്‍ ചികിത്സാ രീതിയൊക്കെ തന്നെയാണോ കാന്‍സര്‍ രോഗത്തിന് ഇപ്പോഴും ഉള്ളത്? ചികിത്സ കഴിഞ്ഞാലും ആറുമാസത്തിലൊരിക്കല്‍ പരിശോധിച്ചുകൊണ്ടിരിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞതായി ഓര്‍ക്കുന്നു. അതിനര്‍ത്ഥം എത്രയൊക്കെ ചെയ്താലും ഇവന്‍ വീണ്ടും എവിടെയെങ്കിലും മുളച്ചു പൊങ്ങാന്‍ സാധ്യതയുണ്ടെന്നല്ലേ?
ഞാനും ഉറങ്ങാന്‍ ശ്രമിച്ചു.
Generated from archived content: orucancer3.html Author: bhahuleyan_puzhavelil
Click this button or press Ctrl+G to toggle between Malayalam and English