ഒരു കാന്‍സര്‍ രോഗിയുടെ ഡയറി – (രണ്ട്)

20011 ജൂലൈ 13 ബുധന്‍

ബിന്ദുവും ബീനയും ഇന്നലെ രാത്രിയില്‍ എന്നെ വിളിച്ചിരുന്നു. ഇന്നും വിളിച്ചു രണ്ടു പേരും രണ്ടു ദിവസവും പറഞ്ഞത് ഏതാണ്ട് ഒന്നു തന്നെയാണ് വന്‍കുടലിന്റെ ഒരു ഭാഗത്തുമാത്രമേ രോഗമുള്ളു അതു മുറിച്ചു മാറ്റുമ്പോള്‍ രോഗവും മാറും. ഓപ്പറേഷനു ശേഷം കീമോ തെറാപ്പിയും റേഡീയേഷനും ചെയ്യുന്നതുകൊണ്ട് രോഗം വീണ്ടും വരാനുള്ള സാധ്യതയും ഇല്ല. അവര്‍ ഒരു കാര്യം കൂടി പറഞ്ഞു ചികിത്സയ്ക്കു വേണ്ടി വരുന്ന ചെലവിനെ പറ്റി അച്ഛന്‍ അറിയുകയോ അന്വേഷിക്കുകയോ വേണ്ട അത് അച്ഛന്റെ വകുപ്പല്ല മകനും ഇതേ രീതിയില്‍ സംസാരിക്കുകയുണ്ടായി.

രാവിലെ ഒരു ഗ്ലാസ്സ് ചായയുമായി പത്രം വരുന്നത് നോക്കി വരാന്തയിലിരുന്നു. ഒരു മണിക്കൂര്‍ പത്രം വായന. അതിനിടയില്‍ കൊച്ചുമോന്‍ സ്കൂളിലും അവന്റെ അച്ഛനും അമ്മയും ജോലി സ്ഥലത്തും പോകും. പിന്നെ വീട്ടില്‍ ഞാനും മണിയും മാത്രം.

എന്റെ രോഗത്തെപറ്റി പുറത്താരോടും പറഞ്ഞില്ല. നല്ല ആരോഗ്യത്തോടെ ഓടി നടക്കുന്ന ഞാന്‍ കാണുന്നവരോടൊക്കെ ‘’ അറിഞ്ഞില്ലേ എനിക്കു കാന്‍സറാണ്’‘ എന്ന് എങ്ങനെയാണു പറയുക? രോഗ വിവരം ഒരിക്കലും മറച്ചു വയ്ക്കണമെന്ന് ആഗ്രഹമില്ല. ഒരിക്കലും മറച്ചു വയ്ക്കുകയുമില്ല. പക്ഷെ ഒരു സന്ദര്‍ഭം വരാതെ പറയാനൊക്കുമോ?

ഉച്ചയ്ക്കു ഊണുകഴിഞ്ഞാല്‍ ഒന്നു കിടക്കുന്ന ഒരു പതിവുണ്ട്. പണ്ടു മുതലേയുള്ള ഒരു ശീലമാണത്. ഉറങ്ങണമെന്നില്ല വെറുതെ കിടന്നാല്‍ മതി ഇന്നും അതു മുടക്കിയില്ല.

ജൂലൈ – 16 ശനി

ഇന്ന് സ്കാന്‍ ചെയ്യണം പി വി എസില്‍ അതിനു സൗകര്യമില്ല. അതുകൊണ്ട് അവരെന്നെ ലിസി ഹോസ്പിറ്റലിലേക്കു വിട്ടു. അവിടെയും തിരക്കോടു തിരക്ക്. എങ്കിലും സ്കാനിംഗ് പതിനൊന്നുമണിയോടെ കഴിഞ്ഞു. രക്ഷപ്പെട്ടല്ലോ എന്നു സമാധാനിക്കുമ്പോള്‍ അവിടത്തെ സിസ്റ്റര്‍ പറഞ്ഞു.

‘’ മൂന്നു മണിക്കേ റിസല്‍റ്റാകൂ അപ്പോള്‍‍ വന്നാല്‍ മതി’‘

മൂന്നുമണി കഴിഞ്ഞപ്പോള്‍‍ സ്കാനിംഗിന്റെ റിപ്പോര്‍ട്ടുമായി ഡോക്ടര്‍ മാത്യു ഫിലിപ്പിനെ കണ്ടു. റിപ്പോര്‍ട്ടു നോക്കിയ ശേഷം അദ്ദേഹം പറഞ്ഞു.

‘’ കുഴപ്പമൊന്നുമില്ല ഇനിയുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നത് ഗാസ്ട്രോ സര്‍ജനാണ് . നേരെ ഡോക്ടര്‍ മനോജിന്റെ അടുത്തേക്കു ചെന്നാല്‍ മതി ഫയല്‍ അവിടെ എത്തിക്കൊള്ളും.’‘

ഡോക്ടര്‍ മനോജ് ഫയല്‍ മുഴുവന്‍ നോക്കി കാര്യങ്ങളൊക്കെ മനസിലാക്കിയ ശേഷമാണ് എന്നെ വിളിച്ചത്. പരിശോധനകള്‍ക്കു ശേഷം അദ്ദേഹം പറഞ്ഞു.

‘’ തിങ്കളാഴ്ച അഡ്മിറ്റാകാമെങ്കില്‍ നമുക്ക് ബുധനാഴ്ച ഓപ്പറേഷന്‍ ചെയ്യാം’‘

ഞങ്ങളതു സമ്മതിച്ചു.

ഡോക്ടര്‍ ഒരു കാര്യം‍ കൂടി സൂചിപ്പിച്ചു. ഇവിടെ മുറി കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. തിങ്കളാഴച ഡിസ്ച്ചാര്‍ജ് ചെയ്യുന്ന രോഗിയുടെ മുറിയേ കിട്ടു. ചിലപ്പോള്‍‍ അഞ്ചുമണിയോ ആറുമണീയോ വരെ കാത്തിരിക്കേണ്ടി വരും. അതുകൊണ്ട് തിങ്കളാഴച ഉച്ചകഴിഞ്ഞ് ആശുപത്രിയില്‍ എത്തിയാല്‍ മതിയെന്നും പറഞ്ഞു.

ബിന്ദുവും ബീനയും ചൊവ്വാഴ്ച രാവിലെ എറണാകുളത്തെത്തുമെന്നറിയിച്ചു. നേരിട്ടുള്ള ഫ്ലൈറ്റില്ല. മദ്രാസ് വഴിയുള്ള ഫ്ലൈറ്റിനാണു വരുന്നത്. ഇത്തവണ പ്രസാദും ജീവനുമാണ് കൂടുതല്‍ സമയം സംസാരിച്ചത്.

ജൂലൈ 17 ഞായര്‍

എനിക്ക് കാന്‍സര്‍ ആണെന്നും ബുധനാഴ്ച അതിന്റെ ഓപ്പറേഷന്‍ ആണെന്നും ഈ വീട്ടിലുള്ളവര്‍ക്കു മാത്രമേ അറിയൂ. ചേട്ടനും ചേട്ടന്മാരുടെ മക്കളും അടുത്തുന്നു തന്നെ താമസമുണ്ട്. അവരോടൊന്നും പറയാതെ ആശുപത്രിയിലേക്കു പോകുന്നതു ശരിയല്ല . ആദ്യം ഷാജിയുടെ വീട്ടിലേക്കാണു പോയത്. അവിടെ സുജാതയും ഉണ്ടായിരുന്നു. കാന്‍സര്‍ എന്ന വാക്ക് ഉപയോഗിച്ചില്ലെന്നേയുള്ളു. ബാക്കി എല്ലാ വിവരവും പറഞ്ഞു. സുജാതയ്ക്കു കാര്യം മനസിലായതുപോലെ തോന്നുന്നു. അവിടെ നിന്നും പോയത് കൊച്ചേട്ടന്‍ താമസിക്കുന്നിടത്തേക്കാണ്. അവിടെ ശാന്തഓപ്പ ഒഴിച്ച് ബാക്കി എല്ലാവരും ഉണ്ട്. കൊച്ചേട്ടനോടും ജോഷിയോടും ഭാഷിയോടുമൊക്കെ ഓപ്പറേഷന്റെ കാര്യം പറഞ്ഞു. അധിക സമയം എടുക്കാതെ വേഗം തിരിച്ചു പോന്നു. സാബുവിനോടും ലാലിനോടും ഫോണ്‍ ചെയ്താണു വിവരം പറഞ്ഞത്.

ജൂലൈ തിങ്കള്‍

എറണാകുളത്തെ പി വി എസ് ആശുപത്രിയിലെ 411- ആം നമ്പര്‍ മുറിയിലിരുന്നാണ് ഇതെഴുതുന്നത് ഇപ്പോള്‍‍ സമയം രാത്രി പത്തു മണി.

രാവിലെ പതിനൊന്നുമണിക്കാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഞങ്ങള്‍ പോരുമ്പോള്‍‍ ഭാര്യ മാത്രമേ വീട്ടിലുള്ളു. അഞ്ജനയും സോനുക്കുട്ടനും സ്ക്കൂളിലായിരുന്നു. അരയന്‍ കാവില്‍ വന്നപ്പോള്‍‍ വണ്ടി അവിടെ നിറുത്തി ബന്‍സീറിന് ചില സാധങ്ങള്‍ വാങ്ങാനുണ്ടായിരുന്നു. എനിക്കൊന്നു മുടി വെട്ടുകയും വേണം. റോഡില്‍ ചില സ്ഥലത്തൊക്കെ ബ്ലോക്ക് ഉണ്ടായിരുന്നെങ്കിലും ഒരു മണിക്കു മുമ്പ് ഞങ്ങള്‍ ആശുപത്രിയിലെത്തി.

മനോജ് ഡോക്ടറേയും കാര്‍ഡിയോളജിസ്റ്റിനേയും ഒന്നു കൂടി കണ്ടു. ഉച്ചയ്ക്കു ശേഷമാണ് മുറിയുടെ കാര്യമെന്തായി എന്നന്വേഷിക്കാന്‍ ചെന്നത്. ഇന്ന് ഡിസ്ചാര്‍ജ് ചെയ്തവരൊന്നും ഇതുവരെ മുറിയൊഴിഞ്ഞീട്ടില്ല. അഞ്ചുമണി കഴിയാതെ മുറി കിട്ടാന്‍ സാധ്യതയില്ല. കുറെ സമയം അവിടെയുള്ള ടി. വി യുടെ മുമ്പിലിരുന്നു. അതു കഴിഞ്ഞ് കണ്ണുകളടച്ച് കസേരയില്‍ ഇരുന്ന് ഒന്നുറങ്ങാന്‍ ശ്രമിച്ചു. അതു ശരിയാകുന്നില്ല. പിന്നെ എഴുന്നേറ്റ് ഇടനാഴിയിലൂടെ നാലഞ്ചു പ്രാവശ്യം നടന്നു ഇതിനിടയില്‍ മുറി കിട്ടിയോ എന്നറിയാന്‍ വീട്ടില്‍ നിന്നും വിളിച്ചിരുന്നു. സിംഗപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ നിന്നും ബിന്ദുവും ബീനയും അറിയിച്ചത് നാളെ രാവിലെയുള്ള ഫ്ലൈറ്റിന് അവര്‍ നെടുമ്പാശേരിയില്‍ എത്തുമെന്നാണ്. മുറി കിട്ടിയപ്പോള്‍‍ ആറര മണി കഴിഞ്ഞു നെഴ്സുമാരുടെ കാന്റീനും അടുത്താണ് അത് സൌകര്യവുമായി. പക്ഷെ ജനല്‍ തുറന്നാല്‍ ആകെ കാണുന്നത് ആശുപത്രിക്കു വേണ്ടി പണിതുകൊണ്ടിരിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഒരു ഭാഗം മാത്രം. വായിക്കാന്‍ ചില ആഴ്ചപ്പതിപ്പുകളും മാസികകളും വാങ്ങിയിരുന്നത് പ്രയോജനപ്പെട്ടു.

ജൂലൈ 19 ചൊവ്വ

രാവിലെ കാപ്പി കുടിച്ചു ഉച്ചയ്ക്കു ചോറും ഉണ്ടു. ഇനി ഒന്നും കഴിക്കാന്‍ പറ്റില്ല. നാളെ ഓപ്പറേഷനല്ലേ? മനോജ് ഡോക്ടര്‍ വന്നിരുന്നു. ഓപ്പറേഷന്‍ ഉച്ചയ്ക്കു മുമ്പായിരിക്കുമെന്ന് പറഞ്ഞു. വന്‍ കുടലിന്റെ അടിഭാഗത്തു നിന്നും കാന്‍സര്‍ പിടി പെട്ട ഭാഗം മുറിച്ചു മാറ്റും. കീ ഹോള്‍ സര്‍ജറിയിലൂടെയാണിതു ചെയ്യുന്നത്. ഓപ്പറേഷന്‍ ആറു മണിക്കൂര്‍ സമയമെടുക്കുമെന്ന് പറഞ്ഞു. ഓപ്പറേഷന്‍ കഴിഞ്ഞാലും കുറെയധികം സമയം അവിടെ‍ത്തന്നെയായിരിക്കും. പിന്നെ ഐ സി യു വിലേക്കും മാറ്റും. അതുകഴിഞ്ഞേ മുറിയില്‍ കൊണ്ടു വരു . ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍ തുടങ്ങിയവയെല്ലാം നോര്‍മലാണ്. ലിവറിനും കുഴപ്പമില്ല അതുകൊണ്ട് ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

പതിനൊന്നു മണിക്കു മുമ്പ് ബിന്ദുവും ബീനയും എത്തു.

‘’ പേടിക്കാനൊന്നുമില്ലച്ഛാ കുടലിന്റെ ഓപ്പറേഷന്‍ എന്നു വച്ചാല്‍ അത്ര വലിയ കാര്യമൊന്നുമല്ല’‘ ബീന പറഞ്ഞു.

‘’ അതിന് അച്ഛനു പേടിയൊന്നുമില്ലല്ലോ ‘’ ബിന്ദുവാണ്.

‘’ നിങ്ങള്‍ക്കെന്നാ തിരിച്ചു പോകേണ്ടത്?’‘

‘’ ഞായറാഴ്ച ‘’

‘’ മക്കള്‍ക്കറിയാമോ നിങ്ങള്‍ പോന്ന വിവരം?’‘

‘’ അവര്ക്കൊന്നുമറിയില്ല. അമ്മ ഡ്യൂട്ടിക്കു പോയിരിക്കുകയാണെന്നു മാത്രം അറിയാം’‘

പുറത്തെ വരാന്തയില്‍ തിരക്കായിരുന്നു. ഇവിടെ സന്ദര്‍ശകരുടെ സമയം പതിനൊന്നുമുതല്‍ ഒന്നുവരെയാണ്.

ജൂലൈ 20 ബുധന്‍

ഇന്നാണ് എന്റെ ഓപ്പറേഷന്‍ രാവിലെ ഏഴുമുതല്‍ ഞാന്‍ റെഡിയാണ്. എത്രമണിക്ക് തിയറ്ററിലേക്ക് കൊണ്ടു പോകുമെന്നൊന്നും അറിയില്ല.

ബിന്ദുവും ബീനയും വന്നത് ബന്‍സിക്കു വലിയ സഹായമായി. ഓരോ കാര്യത്തിനും അവര്‍ ഓടി നടന്നോളും. ബന്‍സി രാവിലെ പുറത്തു പോയി മൂന്നാലു പത്രം മേടിച്ചു കൊണ്ടു വരും. പത്രം വായിച്ചിരുന്നാല്‍ സമയം പോകുന്നതറിയില്ലല്ലോ.

ഓപ്പറേഷന്‍ ചെയ്യുന്നതില്‍ എനിക്ക് പേടിയൊന്നുമില്ല. വയറിനും കുടലിനുമൊക്കെ ഓപ്പറേഷന്‍ ചെയ്തിട്ട് രോഗികള്‍ക്കെന്തെങ്കിലും കുഴപ്പം വന്നതായി കേട്ടിട്ടില്ല. അതേ സമയം കൈവിരലിനു എന്തോ ഓപ്പറേഷനു വേണ്ടി തീയറ്ററിലേക്കു കൊണ്ടു പോയ രോഗിയെ ജീവനോടെയല്ല തിരിച്ചുകൊണ്ടു വന്നതെന്ന് പണ്ടെവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. വരാനുള്ളത് വഴിയില്‍ തങ്ങില്ലെന്നു പറയുന്നതു സത്യമാണ്. ഓപ്പറേഷന്‍ തീയറ്ററീലേക്ക് ഒരു പേടിയുമില്ലാതെ ഓടിക്കയറാനുള്ള ആരോഗ്യവും തന്റേടവും ഇപ്പോള്‍ എനിക്കുണ്ട്. പക്ഷെ നടന്നു പോകാന്‍ പോലും അവര്‍ എന്നെ അനുവദിക്കുമെന്നു തോന്നുന്നില്ല. ഒന്‍പതു മണിക്ക് അഞ്ന വന്നു. മണിയും സോനുക്കുട്ടനും വീട്ടില്‍ തന്നെയാണ്. ഇവിടെ വന്ന് ഓപ്പറേഷന്‍ തിയെറ്ററിന്റെ മുന്നില്‍ മണിക്കൂറുകളോളം നില്‍ക്കാനുള്ള ആരോഗ്യമൊന്നും ഇപ്പോള്‍ എന്റെ ഭാര്യക്കില്ല പതിനൊന്നു മണിക്ക് ഒരു സിസ്റ്റര്‍ വന്നു പറഞ്ഞു.

‘’ അഞ്ചുമിനിറ്റിന്നകം ഓപ്പറേഷന്‍ തീയറ്ററിലേക്കു പോകേണ്ടി വരും റെഡിയായിരുന്നോളു’‘

അപ്പോഴും എന്റെ മേശപ്പുറത്ത് ഡയറിയും കയ്യില്‍ പേനയുമുണ്ട്. ഈ ഡയറിയെഴുത്ത് ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ്. അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഡയറിക്കുറിപ്പുകള്‍‍ പോലെ എഴുതിയ ഒരു നോവല്‍ വായിക്കാനിടയായി. അന്നു മുതല്‍ ഞാനും ഡയറി എഴുതാന്‍ തുടങ്ങി. അതു മുടക്കമില്ലാതെ ഈ എഴുപത്തി രണ്ടാം വയസിലും തുടരുന്നു. കാര്‍ഷിക കോളേജില്‍ പഠിക്കുമ്പോള്‍‍ അവസാനവര്‍ഷത്തെ അവസാന ദിവസം എല്ലാ ക്ലാസിലും എന്റെ ഡയറിയുമായാണ് ഞാന്‍ പോയത് അദ്ധ്യാപകര്‍ പറയുന്നതു മാത്രമല്ല ക്ലാസ്സില്‍ അന്നുനടക്കുന്ന മറ്റു കാര്യങ്ങളും ഞാനപ്പോള്‍‍ അത് അവിടെയിരുന്ന് ഡയറിയില്‍ എഴുതിക്കൊണ്ടിരുന്നു. എന്റെ ഇടതുവശത്തിരിക്കുന്ന ബേബി ജേക്കബ്ബും വലതുവശത്തിരിക്കുന്ന ബാലഗോപാലക്കുറുപ്പും താനെന്താണെഴുതുന്നതെന്നറിഞ്ഞിട്ടുണ്ടാവില്ല.

ഇവിടെയിപ്പോള്‍‍ ബന്‍സിയും അഞ്ജനയും ബിന്ദുവും ബീനയുമുണ്ട്. എല്ലാവരും ഞാനെന്തു ചെയ്യുന്നു എന്നു നോക്കിക്കൊണ്ടിരിക്കുകയാണ്. എന്നെകൊണ്ടു പോകാനുള്ളവര്‍ ഇപ്പോള്‍ എത്തിയേക്കും. ഈ ഡയറിക്കുറിപ്പുകള്‍‍ തല്‍ക്കാലം നിറുത്തുന്നു. ഇനി എഴുതുന്നത് ഓപ്പറേഷന്‍ കഴിഞ്ഞ് ഞാന്‍ തിരിച്ചെത്തിയ ശേഷം മാത്രം. എന്നു വച്ചാല്‍‍ ഞാന്‍ ജീവനഓടെ തിരിച്ചെത്തിയാല്‍ മാത്രം എന്നര്‍ത്ഥം.

Generated from archived content: orucancer2.html Author: bhahuleyan_puzhavelil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here