ഒരു കാന്‍സര്‍ രോഗിയുടെ ഡയറി (ഒന്ന്)

2011 ജൂലൈ -1

രാവിലെ ആറരമണിയ്ക്ക് ചേര്‍ത്തലയില്‍ നിന്നും മേനോന്‍ വിളിച്ചു. ഇന്നത്തെ പരിപാടിയുടെ കാര്യം ഒന്നോര്‍മ്മപ്പെടുത്തുകയായിരുന്നു. പതിനൊന്നു മണിയ്ക്ക് പതിവു സ്ഥാനത്തെത്തണം. മേനോനും തോമസും അവിടെയുണ്ടാകും. ശര്‍മ്മ സ്ഥലത്തില്ലാത്തതിനാല്‍ അയാളെ പ്രതീക്ഷിക്കേണ്ട തൃശൂര്‍ നിന്നു കോശിയും ഹരിപ്പാട്ടു നിന്നു വരദരാജനും തീര്‍ച്ചയായും എത്തിയിരിക്കും. എല്ലാവരും കാര്‍ഷികക്കോളേജിലെ 1962 ബാച്ചില്‍ പെട്ടവര്‍.

ചേര്‍ത്തലയ്ക്കു പോകാനായി ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഒന്നുമറിയാത്തതു പോലെ ഭാര്യയുടെ ഒരു ചോദ്യം.

‘’ രാവിലെ എങ്ങോട്ടാണ് യാത്ര ‘’?

‘’ ചേര്‍ത്തലയ്ക്ക് ഞാനിന്നലെ പറഞ്ഞിരുന്നല്ലോ’‘

‘’തിരിച്ചു പോരുമ്പോള്‍ തണ്ണീര്‍മുക്കത്ത് ഷീബയുടെ വീട്ടില്‍ കയറാന്‍ മറക്കണ്ട’‘

ചേട്ടന്റെ മകളാണ് ഷീബ. അതിലെ പോകുമ്പോഴൊക്കെ അവളുടെ കാര്യം മറക്കാറില്ലെങ്കിലും അവിടെ കയറാന്‍ സമയം കിട്ടാറില്ല. തിരിച്ചു വരുമ്പോള്‍ ഇന്നവിടെ കയറണം.

ചേര്‍ത്തലയിലെ പരിപാടി വല്ലപ്പോഴുമൊക്കെയുള്ള ഞങ്ങളുടെ ഒരു ഒത്തുകൂടല്‍ മാത്രമാണ്. ഇവിടെ വലിയ ചര്‍ച്ചകളും തീരുമാനങ്ങളും ഒന്നുമില്ല. കുറച്ച് വീട്ടു വിശേഷങ്ങളും നാട്ടു വിശേഷങ്ങളും പറഞ്ഞു ഇടയ്ക്ക് പഴയ കാലത്തെ ചില കാര്യങ്ങള്‍ സംസാര വിഷയമായി. കൂട്ടത്തില്‍ കുറെ പരദൂഷണവും ഉണ്ടാകും. പതിനഞ്ചു വര്‍ഷം മുമ്പു ജോലിയില്‍ നിന്നു റിട്ടയര്‍ ചെയ്ത ഞങ്ങള്‍ക്ക് ഇപ്പോള്‍ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്തു തീരുമാനമെടുക്കേണ്ട വിഷയങ്ങളൊന്നുമില്ല. രണ്ടു മൂന്നു മണിക്കൂര്‍ സന്തോഷത്തോടെ ചെലവഴിച്ചു. അവസാനം കുശാലായ ഒരു ശാപ്പാടോടെ പരിപാടികള്‍ കഴിഞ്ഞു.

ആലുവയില്‍ നിന്നും വര്‍ഗീസ് വരാതിരുന്നത് ഞങ്ങള്‍ക്കൊരു വലിയ നഷ്ടം തനെ ആയിരുന്നു. കുടലിനെന്തോ അസുഖം പിടിപെട്ട് രണ്ടു മൂന്നു മാസം എറണാകുളം ലേക് ഷോര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന അവന്‍ ഇപ്പോള്‍‍ വീട്ടില്‍ വിശ്രമത്തിലാണ്. കഴിഞ്ഞയാഴ്ചയും പോയി കണ്ടിരുന്നു.

ജൂലൈ – 4 തിങ്കള്‍

ഇന്ന് എറണാകുളത്തെത്തേണ്ട ചില അത്യാവശ്യ കാര്യങ്ങളുണ്ടായിരുന്നു. അതിനു വേണ്ടി ഇറങ്ങുകയും ചെയ്തു. തൃപ്പൂണിത്തുറ എത്തിയപ്പോള്‍‍ യാത്ര മതിയാക്കി തിരിച്ചു പോരേണ്ടി വന്നു. യാത്ര തുടരാന്‍ പറ്റാത്ത ഒരവസ്ഥയുണ്ടായാല്‍ തിരിച്ചു പോരികയല്ലാതെ വേറെ വഴിയില്ലല്ലോ.

ബസ് തൃപ്പൂണിത്തുറയ്ക്കടുത്തെത്തിയപ്പോള്‍‍ വയറിന് ഒരസ്ഥത . ഉടനെ ടോയ് ലറ്റില്‍ പോയേ പറ്റു എന്നു തോന്നി. ബസ് ആയൂര്‍വ്വേദ മെഡിക്കല്‍ കോളേജിനടുത്തെത്തിയപ്പോള്‍‍ അവിടെ ഇറങ്ങിയാലോ എന്നു വരെ ആലോചിച്ചു. പിന്നെ ഒരു വിധത്തില്‍ തൃപ്പൂണിത്തുറ വരെ കടിച്ചു പിടിച്ചിരുന്നു. ബസ്റ്റാന്റില്‍ വണ്ടി നിന്നപ്പോള്‍ തന്നെ ചാടി ഇറങ്ങി.

അവിടെ ഒരു പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷനുണ്ട്. സൗകര്യങ്ങള്‍ സൗജന്യമായി തരുന്നതല്ലാത്തതു കൊണ്ട് വലിയ കുഴപ്പമൊന്നും കാണില്ല എന്നു കരുതി അവിടെ കയറി. വെള്ളം തളം കെട്ടിക്കിടക്കുന്ന തറ. ഒരു പന്ന ബക്കറ്റും പൊട്ടിയ കപ്പും. ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഫോണ്‍, ചില്ലറത്തുട്ടുകള്‍ എന്നിങ്ങനെ പലതുമുണ്ട്. പാന്റിന്റെ പോക്കറ്റുകളും കാലിയല്ല. കുറ്റിയിടാന്‍ പറ്റാത്ത കതകു ചാരി ഒരു വിധത്തില്‍ പാന്റ് വലിച്ചൂരി. അതൊന്നു കൊളുത്തിയിടാന്‍ ഒരാണി പോലും എങ്ങുമില്ല . സൂക്ഷിച്ചു കുനിഞ്ഞില്ലെങ്കില്‍ ഷര്‍ട്ടിലെ പോക്കറ്റിലെ സാധനങ്ങള്‍ താഴെ വീഴും. പ്രധാന ആവശ്യം അതൊന്നുമല്ലല്ലോ ഒരു വിധത്തില്‍ കാര്യം സാധിച്ച് പുറത്തിറങ്ങി.

എന്നിട്ടും വയറ്റിലെ അസ്വസ്ഥത തുടരുകയാണ്. യാത്ര തുടരാന്‍ പറ്റില്ലെന്നു തീര്‍ച്ച. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പ് വീട്ടിലെത്താമെന്നു കരുതി ഉടനെ തിരിച്ചു പോന്നു.

ജൂലൈ – 7 വ്യാഴം

ഇന്നലെയും മിനിഞ്ഞാന്നും ഞാന്‍ പുറത്തേക്കൊന്നും പോയില്ല. വീട്ടിലും മുറ്റത്തും പറമ്പിലുമൊക്കെ നടന്ന് സമയം കളഞ്ഞു. പെട്ടന്ന് വയറിളക്കം വല്ലതും ഉണ്ടായാലോ എന്ന് പേടിച്ചാണ് ഞാന്‍ പുറത്തേക്കൊന്നും പോകാതിരുന്നത്.

ഈ വയറ്റിളക്കം തുടങ്ങിയിട്ട് രണ്ടു മാസത്തിലധികമായി. അതുകൊണ്ട് ഇതിന്റെ രീതിയൊക്കെ എനിക്കറിയാം. എന്നും രാവിലെ സാധാരണരീതിയില്‍ കക്കൂസില്‍ പോകണമെന്ന് തോന്നും. രണ്ടു മൂന്നു പ്രാവശ്യം അവിടെ പോയി കുറെ നേരമിരിക്കും ഒന്നും സംഭവിക്കില്ല. പോയതുപോലെ തന്നെ തിരിച്ചു പോരും. എത്ര ശക്തിയായി മുക്കിയാലും മലം പുറത്തേക്കു വരില്ല. വന്‍ കുടലിന്റെ അടിഭാഗത്തെവിടെയോ ഒരു തടമുള്ളതുപോലെ തോന്നും. പക്ഷെ വേദനയോ വയറിനെന്തെങ്കിലും അസ്വസ്ഥതയോ ഇല്ല. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ പെട്ടന്നൊരു വയറ്റിളക്കമുണ്ടാകും. ചിലപ്പോള്‍ ഒന്നിലധികം പ്രാവശ്യം വയറിളകിയെന്നു വരാം. അപ്പോള്‍ വയറ്റിലുള്ളതു മുഴുവന്‍ പുറത്തേക്കു പോകുകയും ചെയ്യും. ഇതുവരെ രാവിലെ ഞാന്‍ വീട്ടിലായിരിക്കുമ്പോഴാണ് ഇതു സംഭവിക്കാറുള്ളത്. അതുകൊണ്ട് ഇതൊരു പ്രശ്നമായി തോന്നിയതേയില്ല. പക്ഷെ കഴിഞ്ഞ തിങ്കളാഴ്ച സംഭവിച്ചത് അതല്ലല്ലോ. ഇനിയും ഇതുപോലെ യാത്രയ്ക്കിടയില്‍ വയറിളകിയാല്‍ എന്തു ചെയ്യും? ഒരു ഡോക്ടറെ കാണണമെന്ന് വീട്ടിലെല്ലാവര്‍ക്കും നിര്‍ബന്ധം.

ജൂലൈ – 9 ശനി

ഇന്നലെ രാത്രിയില്‍ ബന്‍സി‍ കോട്ടയത്തു നിന്നു വന്നപ്പോള്‍‍ ആദ്യം തിരക്കിയത് ഞാന്‍ ഡോക്ടറെ കണ്ടോ എന്നാണ്. കണ്ടില്ലെന്നറിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു.

‘’ അച്ഛനെന്തിനാ ഡോക്ടറെ കാണുന്ന കാര്യം നീട്ടിക്കൊണ്ടു പോകുന്നത്? നാളത്തന്നെ പോയിക്കാണണം’‘

‘’ നാളെ ഞാന്‍ എറണാകുളത്തു പോകുന്നുണ്ട്’‘

‘’ കുടലിന്റെ കാര്യമല്ലേ അതിന്റെ ഡോക്ടറെ കാണണം ലേക്ഷോറിലോ പി. വി. എസി ലോ പോകുന്നതാണ് നല്ലത്’‘

‘’ പി. വി. എസ് മതി. അതാകുമ്പോള്‍ കലൂര്‍ ബസ്റ്റാന്‍ഡിനടുത്താണല്ലോ’‘

ഇന്നു ഞാന്‍ എറണാകുളത്തു പോയിരുന്നു. സാധാരണ ഞാന്‍ എറണാകുളത്തു പോകാറുള്ളത് നീര്‍പ്പാ ബസ്റ്റോപ്പില്‍ നിന്നാണ്. അവിടെ നിന്നാല്‍ അഞ്ചു മിനിട്ട് ഇടവിട്ട് എറണാകുള ലിമിറ്റഡ് സ്റ്റോപ്പ് ബസ് വരും. ഇരിക്കാന്‍ സീറ്റു കിട്ടുകയില്ല. പക്ഷെ പെട്ടന്ന് എറണാകുളത്തെത്താം. നിന്നു പോകാന്‍ ബുദ്ധിമുട്ടായതുകൊണ്ട് ഇന്നു ഞാന്‍ ഞങ്ങളുടെ വീടിനടുത്തുള്ള ചാലിങ്കല്‍ ബസ്റ്റോപ്പില്‍ നിന്നും ഒരു സാധാരണ ഓര്‍ഡിനറി ബസ്സിലാണ് കയറിയത്. സമയം കൂടുതല്‍ എടുത്തു എങ്കിലും സുഖമായി ഇരുന്നു പോകാന്‍ പറ്റി.

കലൂരില്‍ ബസിറങ്ങി നേരെ പി. വി. എസ് ഹോസ്പിറ്റലിലേയ്ക്കു പോയി ഡോക്ടര്‍ മാത്യു ഫിലിപ്പിനെ കാണാമെന്നു കരുതി. പക്ഷെ ഡോക്ടര്‍ ഇന്നില്ല. തിങ്കളാഴ്ച ഉണ്ടാകും. തിങ്കളാഴ്ച ഡോക്ടറെ കാണാനായി ബുക്ക് ചെയ്തു.

ജൂലൈ- 11

ഇന്ന് ഡോക്ടര് മാത്യു ഫിലിപ്പിനെ കാണേണ്ട ദിവസമാണ്. രാവിലെ പത്തുമണിയ്ക്കു തന്നെ ആശുപത്രിയിലെത്തി. യാത്രക്കിടയിലോ അവിടെ ചെന്ന ശേഷമോ വയര്‍ പ്രശ്നങ്ങളൊന്നുമുണ്ടാക്കിയില്ല.

ആശുപത്രിയിലെ താഴത്തെ നിലയിലെ ഇടനാഴിയില്‍ വലിയ തിരക്കാണ്. നാലഞ്ചുപ്രാവശ്യം അതിലൂടെ വെറുതെ നടന്നു. അവസാനം ഡോക്ടറുടെ മുറിയുടെ അടുത്തു തന്നെ ഇരിക്കാന്‍ ഒരു കസേര കിട്ടി. പതിനൊന്നരമണി കഴിഞ്ഞാണ് എന്റെ പേരു വിളിച്ചത്. സിസ്റ്റര്‍ എന്റെ തൂക്കം എടുത്തപ്പോള്‍ ഞാനും ത്രാസിലേക്കു നോക്കി. 54 കിലോ.

ഭക്ഷണം കുറച്ചും വ്യായാമം ചെയ്തുമൊക്കെ തൂക്കം കുറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന കാലത്തു പോലും എന്റെ തൂക്കം 64 കിലോയില്‍ നിന്നും താഴോട്ടു വന്നിട്ടില്ല. ഇപ്പോള്‍‍ പ്രത്യേകിച്ചൊന്നും ചെയ്യാതെ തന്നെ തൂക്കം ഇത്ര കുറഞ്ഞെതെങ്ങിനെയാണ്?

ഡോക്ടര്‍ വിവരങ്ങള്‍ തിരക്കി. ഇതിനു മുമ്പു വന്നിട്ടുള്ള അസുഖങ്ങളെ പറ്റിയും ചോദിച്ചു. പരിശോധനകള്‍ക്കു ശേഷം ഡോക്ടര്‍ പറഞ്ഞു.

‘’ വന്‍ കുടലില്‍ തടസ്സമുണ്ടാകാം. ഉണ്ടെങ്കില്‍ എന്താണ് എന്നൊക്കെ അറിയാന്‍ വന്‍ കുടലിലൂടെ ഒരു ട്യൂബ് കടത്തി പരിശോധിക്കേണ്ടി വരും. ഇതിനു കൊളനോസ്ക്കോപ്പിഎന്നു പറയും.”

‘’ അതു ചെയ്യാം’‘

‘’ ഇന്നു പറ്റില്ല അതിനു ചില തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. നാളെ ആയാലോ?’‘

‘’ കുഴപ്പമില്ല’‘

‘’ അതിനു മുമ്പ് രക്തം പരിശോധിക്കണം’‘നേരത്തെ ഒരു ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായതല്ലേ ? കാര്‍ഡിയോളജിസ്റ്റിനെ കാണണം’‘

എല്ലാം കഴിഞ്ഞ് വീണ്ടും ഡോക്ടറെ കാണാന്‍ ചെല്ലുന്നത് രണ്ടു മണിക്കാണ്. അപ്പോഴേയ്ക്കും ഞാനാകെ തളര്‍ന്നു കഴിഞ്ഞിരുന്നു. മുഖത്തെ പ്രസന്നതയും ശരീരത്തിന്റെ ഉന്മേഷവും നഷ്ടപ്പെട്ടതായി തോന്നി. ആരോഗ്യവാനായി വന്ന ഞാന്‍ ഒരു രോഗിയായി മാറിക്കഴിഞ്ഞോ? ഡോക്ടര്‍ പറഞ്ഞു.

‘’ ഞാനൊരു മരുന്നു കുറിച്ചിട്ടുണ്ട്. അതു രാത്രിയില്‍ കഴിക്കണം നാളെ രാവിലെ ഭക്ഷണമൊന്നും കഴിക്കാതെ എട്ടുമണിയ്ക്കു മുമ്പായി ഇവിടെ എത്തുകയും വേണം’‘

മുറിയില്‍ നിന്നും പുറത്തിറങ്ങിയ ഞാന്‍ നേരെ കാന്റീനില്‍ പോയി ചോറുണ്ടു തിരിച്ചുവന്ന് ഫാര്‍മസിയിലേക്ക് പോകാതെ ഒരു കസേരയില്‍ ഇരുന്നു. അപ്പോഴാണ് അഞ്ജനയുടെ ഫോണ്‍.

‘’ അച്ഛന്‍ ഡോക്ടറെ കണ്ടോ? ഡോക്ടര്‍ എന്തു പറഞ്ഞു?’‘

‘’ നാളെയും വരണം ഇപ്പോള്‍ ഒരു മരുന്നു മേടിക്കാനുണ്ട്.’‘

‘’ഞാന്‍ പത്തു മിനിറ്റിനുള്ളില്‍ അവിടെയെത്തും ഞാന്‍ വന്നിട്ടു മരുന്നു വാങ്ങാം’‘

അഞ്ജന മകളാണ് മകന്റെ ഭാര്യ. ജോലി പൂത്തോട്ടയിലെ ഹയര്‍ സെക്കണ്ടറി സ്കൂളിലാണെങ്കിലും മൂന്നു നാലു ദിവസമായി ഇവിടെ എറണാകുളത്താണ്. കഴിഞ്ഞ ദിവസം നടന്ന പ്ലസ്സ് ടു പരീക്ഷയുടെ ഉത്തരക്കടലാസ് നോക്കാനെത്തിയതാണ്. അല്‍പ്പ സമയത്തിനകം അഞ്ജന വന്നു. ഫാര്‍മസില്‍ പോയി മരുന്നു മേടിച്ചത് അഞ്ജനയാണ്. ഉടനെ തന്നെ ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു പോന്നു.

ജൂലൈ 12 ചൊവ്വ

ഇന്ന് മകനും എന്നോടൊപ്പം ആശുപത്രിയില്‍ വന്നു. നേരെത്തെ ഇറങ്ങിയതുകൊണ്ടും യാത്ര കാറിലായതുകൊണ്ടും എട്ടു മണിക്കു മുമ്പു തന്നെ ആശുപത്രിയിലെത്തി. ഡേ കെയര്‍ സെന്റെറില്‍ ചെന്നപ്പോള്‍ വേറേയും നാലഞ്ചു പേര്‍ കൊളനോസ്ക്കോ ചെയ്യാന്‍ എത്തിയിട്ടുണ്ട്. എല്ലാവരോടുമായി അവിടത്തെ സിസ്റ്റര്‍ പറഞ്ഞു.

‘’ കുടലില്‍ ഒരു തരി പോലും അഴുക്ക് ഉണ്ടാകരുത്. ഇവിടെ കുപ്പികളില്‍ മരുന്നു ചേര്‍ത്ത വെള്ളം വച്ചിട്ടുണ്ട് അതു കുടിക്കുക. കുറച്ചു കഴിയുമ്പോള്‍‍ ടോയ് ലറ്റില്‍ പോകണമെന്നു തോന്നും. പോവുക. വീണ്ടും വെള്ളം കുടിക്കുക. അവസാനം കുടലിലൂടെ താഴോട്ടു വരുന്ന വെള്ളത്തിന്റെ സാമ്പിളെടുത്ത് എന്നെ കാണിക്കണം. നിങ്ങള്‍ കുടിച്ച വെള്ളം പോലെ തെളിഞ്ഞതാണ് സാമ്പിളെങ്കില്‍ ടെസ്റ്റ് ചെയ്യാന്‍ പോകാം ഇല്ലെങ്കില്‍ ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കണം’‘

പന്ത്രണ്ടു മണി കഴിഞ്ഞപ്പോഴാണ് ആദ്യത്തെ ആളെ കൊളമോസ്ക്കോപ്പി ചെയ്യാന്‍ വിട്ടത്. ഏറ്റവും അവസാനം ഞാനായിരുന്നു . എന്നെ വിടുമ്പോള്‍ മൂന്നര മണിയായി . വേദന സഹിക്കാനുള്ള മടി കൊണ്ട് മരുന്നു തന്നു മയക്കിയതിനു ശേഷം മതി എന്റെ ടെസ്റ്റെന്ന് ഞാനിന്നലെ ഡോക്ടറോടു പറഞ്ഞിരുന്നു. അതുകൊണ്ട് ഒരു ഇന്‍ജക്ഷന്‍ എടുത്തതിന്റെ ഓര്‍മ്മ മാത്രമേ എനിക്കുള്ളു.

ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണരുന്നതുപോലെ ഞാന്‍ കണ്ണു തുറന്നും ചുറ്റും നോക്കി. അടുത്തെങ്ങും ആരുമില്ല. ഞാനൊരു ടേബിളില്‍ കിടക്കുകയാണ്. പെട്ടന്ന് എനിക്കു കാര്യങ്ങളെല്ലാം ഓര്‍മ്മ വന്നു. ഞാന്‍ എഴുന്നേറ്റ് മുറിയുടെ പുറത്തേക്കു നടന്നു. ഇടനാഴിയില്‍ അപ്പോള്‍ തിരക്കൊന്നുമില്ല. അകലെ ഡോക്ടറുടെ മുറി കാണാം. തുറന്നു കിടക്കുകയാണ്. ഡോക്ടറും ബന്‍സീറും എന്തോ സംസാരിച്ചു കൊണ്ടിരിക്കുന്നു. ഞാന്‍ മുറിയിലേക്കു കയറി ഒരു കസേരയില്‍ ഇരുന്നു. ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പു തന്നെ ഡോക്ടര്‍ പറഞ്ഞു.

‘’ ഒരു ചെറിയ പ്രശ്നമുണ്ട് എന്നാല്‍ പേടിക്കാനൊന്നുമില്ല’‘

എനിക്കൊന്നും മനസിലായില്ല. ഞാന്‍ ഡോക്ടറുടെ മുഖത്തേക്കു നോക്കി. പിന്നെ മകന്റെയും. അവന്‍ ഡോക്ടറുടെ മുഖത്തേക്കു നോക്കിയപ്പോള്‍ ഡോക്ടറ് പറഞ്ഞു.

‘’ വന്‍കുടലില്‍ അടിഭാഗത്ത് റെക്റ്റത്തിനല്‍പ്പം മുകളിലായി ഒരു മുഴയുണ്ട്. കാന്‍സറസ് ഗ്രോത്ത് ആണ്. ഇതാണ് കുടലില്‍ തടസമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്’‘

ഡോക്ടര്‍ സംസാരം നിറുത്തി എന്റെ മുഖത്തേക്കു നോക്കി. മകന്റെ നോട്ടവും എന്റെ മുഖത്തേയ്ക്കു തന്നെയാണ്. എനിക്കു പേടിയോ പരിഭ്രമമോ സങ്കടമോ ഒന്നും തോന്നിയില്ല. വളരെ ശാന്തനായി ചോദിച്ചു.

‘’ അപ്പോള്‍‍ കുടലില്‍ കാന്‍സറാണല്ലേ കാന്‍സറിന് ഈ ആശുപതിയില്‍ ചികിത്സ ഇല്ലല്ലോ’‘

‘’ ഇല്ല കാ‍ന്‍സര്‍ കുടലിന്റെ വേറൊരു ഭാഗത്തേക്കും പടര്‍ന്നിട്ടില്ല അതാണ് പേടിക്കാനില്ല എന്നു പറഞ്ഞത്. ആദ്യം ചെയ്യേണ്ടത് ഇപ്പോള്‍‍ കാന്‍സര്‍ ഉള്ള ഭാഗം മുറിച്ചു മാറ്റുകയാണ്. വേണമെങ്കില്‍ അതിവിടെ ചെയ്യാം അതിനു ശേഷം കീമോ തെറാപ്പിയും റേഡിയേഷനും വേണ്ടി വരും അതിനെ പറ്റി ആലോചിച്ചു തീരുമാനിക്കാന്‍ ഇനിയും സമയമുണ്ട്. ഇപ്പോള്‍ തീരുമാനിക്കാനുള്ള ഓപ്പറേഷന്‍ ഇവിടെ ചെയ്യണോ വേണ്ട യോ എന്നാണ്’‘

ഞാനും ബന്‍സിയും പരസ്പരം നോക്കി. ഒന്നും സംസാരിച്ചില്ലെങ്കിലും രണ്ടു പേര്‍ക്കും ഒരേ അഭിപ്രായമാണുള്ളതെന്ന് മനസിലായി . മകന്‍ പറഞ്ഞു.

‘’ ഓപ്പറേഷന്‍ ഇവിടെത്തന്നെ ചെയ്യാം’‘

‘’ ശരി അപ്പോള്‍‍ സ്കാന്‍ ചെയ്യേണ്ടി വരും. വേറെയും ചില ടെസ്റ്റുകള്‍ വേണ്ടി വന്നേക്കാം. വെള്ളിയാഴ്ച വരാമെങ്കില്‍ നല്ലത്. ഓപ്പറേഷന്‍ തീയതിയും അന്നു തീരുമാനിക്കാം’‘

അതു സമ്മതിച്ച് ഞങ്ങള്‍ പുറത്തിറങ്ങി.

തിരിച്ചു പോരുമ്പോള്‍ ബന്‍സി പറഞ്ഞു.

‘’ അമ്മയും അഞ്ജനയും വിളിച്ചിരുന്നു. സിംഗപ്പൂരില്‍ നിന്നും ബിന്ദുവും ബീനയും പല പ്രാവശ്യം വിളിച്ചു. എല്ലാവരോടും ഞാന്‍ വിവരം പറഞ്ഞു. അച്ഛനോടു സംസാരിക്കാനായി ബിന്ദുവും ബീനയും ഇനിയും വിളിക്കും’‘

വിളിക്കട്ടെ എനിക്ക് ക്യാന്‍സര്‍ ആണെന്ന വിവരം ഭാര്യയോടും മക്കളോടും മറച്ചു വയ്ക്കേണ്ട കാര്യമില്ലല്ലോ.

Generated from archived content: orucancer1.html Author: bhahuleyan_puzhavelil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here