2012 ജനുവരി 24 ചൊവ്വ
നാളെയാണ് എന്റെ എട്ടാമത്തെ കീമോതെറാപ്പി അതോടെ കഴിയും. പിന്നെയുമുണ്ട് കടമ്പകള്‍ റേഡിയേഷന്‍, അതിനു ശേഷം ബാഗ് മാറ്റി വെക്കാനുള്ള കൊളസ്റ്റോമി ക്ലോഷന്‍ ഓപ്പറേഷന്‍. ഇതെല്ലാം കഴിഞ്ഞാലെ രോഗം മാറി ഞാന്‍ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തി എന്നു പറയാനാകൂ.
നാളത്തെ കീമോ ഒരു പ്രശ്നം തന്നെയാണ്. എനിക്കു പേടിയൊന്നുമില്ല പക്ഷെ സങ്കടമുണ്ട് എന്ന സത്യം മറച്ചു വയ്ക്കുന്നില്ല. രണ്ടു മൂന്നു മണിക്കൂര്‍ വേദനയും ബുദ്ധി മുട്ടുകളും അനുഭവിക്കേണ്ടി വരുമെന്ന് ഓര്‍ക്കുമ്പോഴാണ് ദു:ഖം. കീമോ കഴിഞ്ഞ് മുറിയില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോഴാണ് എന്റെ രൂപവും ഭാവവുമൊക്കെ ആകെ മാറിയിരിക്കും. രണ്ടു കയ്യിലും ഡ്രിപ്പ് ഇടാന്‍ ശ്രമിച്ച ഭാഗത്തും അവസാനം ഡ്രിപ്പ് ഇട്ട ഭാഗത്തും പഞ്ഞി വച്ച് പ്ലാസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ടാകും. തലക്കാകെ ഒരു മത്തു പിടിച്ച പോലെ തോന്നും. നല്ല വിശപ്പുണ്ടെങ്കിലും ഒന്നും കഴിക്കാന്‍ പറ്റില്ല. താത്പര്യത്തോടെ കഴിച്ചിരുന്ന പല ഭക്ഷണ സാധനങ്ങളുടെയും മണം മൂക്കിലേക്കടിക്കുമ്പോള്‍ ഛര്‍ദ്ദിക്കാനാണു തോന്നുന്നത്. വരാന്തയിലൂടെ നടന്ന് ആശുപത്രിക്കു പുറത്തിറങ്ങിയാല്‍ ആകെ ഒരങ്കലാപ്പാണ്. നിലാവത്ത് കൂടു തുറന്നു വിട്ട കോഴിയെപ്പോലെ അത്ഭുതത്തോടെ ചുറ്റും നോക്കി സാവധാനം കാറിനടുത്തേക്കു നടക്കുമ്പോള്‍ എങ്ങനെയെങ്കിലും ഒന്നു വീട്ടിലെത്തിയാല്‍ മതിയെന്ന ചിന്ത മാത്രമായിരിക്കും മനസില്‍.
ഏഴാമത്തെ കീമോ കഴിഞ്ഞ് വീട്ടിലേക്കു പോരുമ്പോള്‍ തലയോലപ്പറമ്പില്‍ വണ്ടി നിറുത്തി മകനെന്തോ വാങ്ങാനായി പുറത്തേക്കിറങ്ങി. എനിക്കു പരിചയമുള്ള ഒരു ബേക്കറിയുടെ മുന്നിലാണ് വണ്ടി. കൊച്ചു മോനു വേണ്ടി എന്തെങ്കിലും വാങ്ങാമെന്ന് കരുതി ഞാന്‍ ബേക്കറിയിലേക്കു ചെന്നു. എന്റെ അടുത്തേക്കു വന്ന് കടക്കാരന്‍ ചോദിച്ചു.
” എന്തു പറ്റി കയ്യിലൊക്കെ?”
” ഒരു ഇന്‍ജക്ഷന്‍ എടുത്തതാണ്”
” അതിനു ഇത്ര മുറിവുകളൊ?”
”ഇന്‍ജക്ഷന്‍ എന്നു വച്ചാല്‍ ഡ്രിപ്പ് ഇട്ടതാണ് വെയിന്‍ കിട്ടാന്‍ ബുദ്ധി മുട്ടു വന്നപ്പോള്‍ രണ്ടു കയ്യുടെയും പല ഭാഗത്തു കുത്തി നോക്കേണ്ടി വന്നു”
കടയിലെ ജോലിക്കാര്‍ക്കു മാത്രമല്ല അവിടെ സാധനങ്ങള്‍ വാങ്ങാന്‍ വന്നവര്‍ വരെ എന്നെ സഹതാപത്തോടെ നോക്കി ചുറ്റും കൂടി. കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു
” ഇപ്പോള്‍ ആശുപത്രികളിലെല്ലാം നേഴ്സുമാരായി കുറെ പെമ്പിള്ളേര്‍ കയറിയിട്ടുണ്ട്. ഒരു ചുക്കുമറിയില്ല എപ്പോഴും കൂട്ടുകാരികളുമായി ചിരിച്ചും കളിയും തന്നെ. അതിനിടയിലാണ് കുത്തി വയ്ക്കുന്നതും മരുന്നു കൊടുക്കുന്നതും. അപ്പോള്‍ പിന്നെ ഇതും ഇതിനപ്പുറവും സംഭവിക്കും”
ബേക്കറിയില്‍ നിന്നും ഒന്നു രണ്ടു സാധങ്ങള്‍ വാങ്ങി ഞാന്‍ വേഗം കാറില്‍ കയറി ഇരുന്നു.
ഫെബ്രുവരി 3 വെള്ളി
എന്റെ കീമോ തെറാപ്പി കഴിഞ്ഞു എങ്കിലും അതിന്റെ പാര്‍ശ്വഫലങ്ങള്‍ തീര്‍ത്തും മാറിയിട്ടില്ല. ഉള്ളം കൈകള്‍ക്കു കറുപ്പു നിറമാണ്. എത്ര കഴുകിയാലും തുടച്ചാലും മാറാത്ത എണ്ണമയമാണ് കയ്യില്‍. അവിടെ നിന്നും എണ്ണ തൊട്ടെടുക്കാമെന്നു തോന്നും. ഉള്ളം കാലിലെ തൊലി മുഴുവന്‍ പോയിരിക്കുന്നു. ചെരിപ്പിടാതെ കാലു നിലത്തു കുത്താനേ പറ്റില്ല. മാസങ്ങള്‍ കഴിയും ഇതൊക്കെ മാറിക്കിട്ടാന്‍. ഒരു ആശ്വാസമുള്ളത് ഒറ്റ തലമുടി പോയിട്ടില്ല എന്നതാണ്. മുടി കൊഴിയില്ല എന്നു ഡോക്ടര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.
ഇനി വേണ്ടത് റേഡിയേഷനാണ് ശരിക്കും അതെന്താണെന്നും എങ്ങെനെ യാണെന്നും അറിയില്ല. രണ്ടു മൂന്നു ദിവസത്തിനകം ആശുപത്രില്‍ പോയി റേഡിയേഷന്റെ ഡൊക്ടറെ കാണണം.
ഫെബ്രുവരി 7 ചൊവ്വ
ഇന്ന് കാരിത്താസ് ആശുത്രിയില്‍ പോയി റേഡിയേഷന്‍ വിഭാഗത്തിലെ ഡോക്ടറെ കണ്ടു. ഡോക്ടര്‍ എല്ലാം വിശദമായി പറഞ്ഞു തന്നു. എനിക്കാകെ 27 റേഡീയേഷന്‍ വേണം ശനി ഞായര്‍ ദിവസങ്ങള്‍ ഒഴിച്ച് ബാക്കി എല്ലാ ദിവസവും റേഡിയേഷന്‍ ഉണ്ടാകും. അതിനര്‍ത്ഥം അഞ്ചോ ആറോ ആഴ്ച കൊണ്ട് റേഡിയേഷന്‍ തീരുമെന്നാണ്.
റേഡിയേഷന്‍ ചെയ്യാന്‍ പതിനഞ്ചോ ഇരുപതോ മിനിട്ടു മതി. വേദനയോ മറ്റ് അസ്വസ്ഥതകളോ ഒന്നുമുണ്ടാകില്ല. ഈ മാസം 15 – ആം തീയതി തന്നെ റേഡിയേഷന്‍ തുടങ്ങാമെന്നും തീരുമാനിച്ചു.
ഫെബ്രുവരി 15 ബുധന്‍
റേഡിയേഷന്‍ ചികിത്സ ഇന്നു തുടങ്ങി. അരമണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് എന്റെ പേരു വിളിച്ചത്. ഞാന്‍ റേഡിയേഷന്‍ മുറിയിലേക്കു ചെല്ലുമ്പോള്‍ അവിടെ ഹോസ്പിറ്റല്‍ സ്റ്റാഫില്‍ പെട്ട രണ്ടു പേരുണ്ട്. ആദ്യം പരിശോധിച്ചത് എന്റെ ദേഹത്ത് മാര്‍ക്കര്‍ പേന കൊണ്ട് അടയാളപ്പെടുത്തിയിരുന്ന വരകള്‍ മാഞ്ഞു പോയിട്ടുണ്ടോ എന്നാണ്. വരകള്‍ മാഞ്ഞു പോയാല്‍ റേഡിയേഷന്‍ ചെയ്യുന്നത് ചിലപ്പോള്‍ സ്ഥാനം തെറ്റിയാകും. ഭാഗ്യത്തിന് എന്റെ ദേഹത്തെ വരകളൊന്നും മാഞ്ഞു പോയിരുന്നില്ല.
എന്നോട് മുറിയുടെ നടുക്കുള്ള മേശപ്പുറത്ത് കയറി കിടക്കാന്‍ പറഞ്ഞു . ഒരു ബഞ്ചില്‍ ചവിട്ടിയാണ് ഞാന്‍ ഉയരമുള്ള ആ മേശയില്‍ കയറികിടന്നത്. എന്റെ കാലുകളും ശരീരവും അനക്കാന്‍ പറ്റാത്ത വിധം ബെല്‍റ്റിട്ടു മുറുക്കി.
എന്റെ തലക്കു മുകളില്‍ റേഡിയേഷന്‍ ചെയ്യുന്ന വളരെ ശക്തിയേറിയ ലീനിയര്‍ ആക്ഷിലേറേറ്റര്‍ മെഷീന്‍ കാണാം. ഈ മെഷീനകത്താണ് ശക്തിയേറിയ എക്സറേ രശ്മികള്‍ രോഗമുള്ള ഭാഗത്തേക്കു പ്രസരിപ്പിക്കുന്നത്. ഇത് ഓട്ടോമാറ്റിക് മെഷീന്‍ ആയതുകൊണ്ട് നേരത്തെ കൊടുത്തിട്ടുള്ള നിര്‍ദ്ദേശങ്ങളനുസരിച്ചും വേണ്ട ഭാഗത്തൊക്കെ തനിയെ റേഡിയേഷന്‍ ചെയ്തു കൊള്ളും. പൊങ്ങുകയും താഴുകയും തിരിയുകയും നീങ്ങുകയുമൊക്കെ മെഷീന്‍ തനിയെ ആവശ്യാനുസരണം ചെയ്യും.
മുറിയിലുണ്ടായിരുന്നവരില്‍ ഒരാള്‍ പറഞ്ഞു
” ഒന്നും പേടിക്കാനില്ല കീമോയും ഇന്‍ജക്ഷനും പോലെ ശരീരം വേദനിക്കുന്ന പരിപാടികളൊന്നും ഇവിടെ യില്ല. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം കാലുകളോ ശരീരമോ റേഡിയേഷന്‍ സമയത്ത് അനക്കരുത്”
”ഇല്ല”
” എല്ലാം സെറ്റു ചെയ്തശേഷം ഞങ്ങള്‍ മുറിയടച്ചു പുറത്തു പോകും. റേഡിയേഷന്‍ സമയത്ത് രോഗിമാത്രമേ മുറിയിലുണ്ടാകൂ. പക്ഷെ മുറിക്കു പുറത്തിരുന്നു ടി വി യിലൂടെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ കാണൂന്നുണ്ടാകും. എന്തെങ്കിലും പ്രശ്നമോ ആവശ്യമോ ഉണ്ടായാല്‍ മുകളിലുള്ള ക്യാമറയില്‍ നോക്കി അടയാളം കാണിച്ചാല്‍ മതി. മെഷീന്‍ നിറുത്തി ഞങ്ങളുടനെ മുറിയിലെത്തും”
ഞാന്‍ മെഷീനിലേക്കു നോക്കി കിടക്കുമ്പോള്‍ അവര്‍ രണ്ടു പേരും മുറി അടച്ചു പുറത്തേക്കു പോയി. മുറിയില്‍ ഞാന്‍ മത്രം അല്പ്പസമയത്തിനകം ഒരു ചെറിയ ശബ്ദത്തോടെ മെഷീനില്‍ ചില ലൈറ്റുകള്‍ തെളിഞ്ഞു. മെഷീന്‍ എന്റെ വയറിന്റെ ഭാഗത്തേക്ക് താഴ്ന്നു വന്നപ്പോള്‍ ഞാന്‍ കണ്ണടച്ചു കണ്ണു തുറന്നാലും എക്സറേ രശ്മികള്‍ നമുക്കു കാണാല്‍ പറ്റില്ലല്ലോ.
പത്തു പതിനഞ്ചു മിനിറ്റിനകം ശരീരത്തിന്റെ പല ഭാഗത്തായി റേഡിയേഷന്‍ തുടര്‍ന്നു പിന്നെ തനിയെ നിന്നു. അപ്പോള്‍ ഹോസ്പിറ്റല്‍ സ്റ്റാഫ് മുറിയിലേക്കു വന്നു.
ഞാന്‍ പുറത്തേക്കിറങ്ങുമ്പോള്‍ റേഡിയേഷനുള്ള അടുത്തയാള്‍ മുറിയിലേക്കു കയറി.
മാര്‍ച്ച് 9 വെള്ളി
ഇന്ന് 16 മത്തെ റേഡിയേഷന്‍ കഴിഞ്ഞു.
ഇതിനിടയില്‍ എന്റെ ദേഹത്ത് മാര്‍ക്കര്‍ പേന ഉപയോഗിച്ചു വരച്ചിരുന്ന ചില അടയാളങ്ങള്‍ മാഞ്ഞു പോയി. കുളിക്കുമ്പോള്‍ മാത്രമല്ല നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഞാന്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട്. എന്നിട്ടും വരകള്‍ മാഞ്ഞു പോയത് എന്റെ ശ്രദ്ധക്കുറവുകൊണ്ടാണെന്നാണ് റേഡിയേഷന്‍ വിഭാഗത്തിലെ ഒരു ടെക്നീഷ്യന്‍ കരുതുന്നത്. എന്നും രാവിലെ ചെല്ലുമ്പോള്‍ പുള്ളിക്കാരന്‍ വഴക്കു തുടങ്ങും.
ദേഹത്തെ വരകള്‍ മാഞ്ഞു പോയാല്‍ റേഡിയേഷന്‍ ശരിയായ രീതിയില്‍ ചെയ്യാന്‍ പറ്റില്ല എന്നതു സത്യമാണ്. പക്ഷെ ഇതില്‍ എനിക്കെന്തു ചെയ്യാന്‍ പറ്റും?
ഏപ്രില്‍ 18 ബുധന്‍
മാര്‍ച്ച് 24 ആം തീയതി എന്റെ റേഡിയേഷന്‍ കഴിഞ്ഞു. ഇതിനും ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ട് അതുകൊണ്ട് രണ്ടു മൂന്നാഴ്ച പുറത്തേക്കൊന്നും ഇറങ്ങിയില്ല.
ഇന്ന് ഉച്ചകഴിഞ്ഞ് ഗംഗാധരന്‍ ഡോക്ടറെ കാണാനായി കാരിത്താസ് ആശുപത്രിയില്‍ പോയി. ഡോക്ടറുടെ അനുവാദം മേടിച്ചിട്ടു വേണം ബാഗ് മാറ്റി വക്കാനുള്ള കൊളസ്റ്റോമി ക്ലോഷന്‍ ഓപ്പറേഷന്‍ ചെയ്യാന്‍. ചെന്നപ്പോഴെ രക്തം പരിശോധിക്കന്‍ കൊടുത്തു. നാലുമണിക്ക് അതിന്റെ റിസല്‍റ്റു കിട്ടിയെങ്കിലും ഡൊക്ടറെ കാണാന്‍ പറ്റിയത് രാത്രി എട്ടുമണിക്കു ശേഷമാണ്. കൊളസ്റ്റോമി ക്ലോഷന്‍ ഓപ്പറേഷന്‍ ചെയ്യാമെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് എറണാകുളത്തെ പി വി എസ് ആശുപത്രിയിലേക്കു തന്നു
ഇനി ഗംഗാധരന്‍ ഡോക്ടറെ കാണേണ്ട ദിവസം ജൂണ്‍ ഇരുപത് ആണ്.
ഏപ്രില്‍ 23 തിങ്കള്‍
വീണ്ടും ഒരു മരണം കൂടി അതും കാന്‍സര്‍ രോഗം മൂലം.
കാര്‍ഷിക കോളേജിലെ ഞങ്ങളുടെ ബാച്ചില്‍ പെട്ട ചാലക്കുടിക്കാരന്‍ ഡോക്ടര്‍ ജോര്‍ജ്ജ് തോട്ടപ്പിള്ളി ഇന്നു വെളുപ്പിനെ മരിച്ചു. ചേര്‍ത്തലയില്‍ നിന്നും അരവിന്ദാക്ഷ മേനോനാണ് വിവരം അറിയിച്ചത്.
ജോര്‍ജ്ജ് വര്‍ഷങ്ങളോളം യൂറോപ്പിലെവിടേയോ ആയിരുന്നു. പിന്നെ എപ്പോഴോ ആഫ്രിക്കയിലെത്തി . ഒരു ആഫ്രിക്കന്‍ രാജ്യത്തിന്റെ വളരെ ഉന്നതസ്ഥാനം അലങ്കരിച്ചിരുന്ന ജോര്‍ജ്ജ് ഏതാനും വര്‍ഷം മുന്‍പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. അതിനു ശേഷം എല്ലാവരുമായി നല്ല അടുപ്പത്തിലായിരുന്നു. ജോര്‍ജ്ജിന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി ആരും പറഞ്ഞു കേട്ടിട്ടില്ല.
ഉച്ചയോടെ ജോര്‍ജ്ജിന്റെ മരണത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞു. ഒരു കാന്‍സര്‍ രോഗിയാണന്ന്‍ ജോര്‍ജ്ജ് വളരെ വൈക്യാണ് അറിഞ്ഞത് അപ്പോഴേക്കും ഒരു ചികിത്സയും ഫലിക്കാത്ത രീതിയില്‍ രോഗം ശരീരത്തെ കീഴടക്കി കഴിഞ്ഞിരുന്നു. ഏതാനും ദിവസങ്ങള്‍ക്കകം മരണം ഉറപ്പാണെന്നെറിഞ്ഞപ്പോള്‍ ജോര്‍ജ്ജ് ആകെ തളര്‍ന്നു പോയി. പിന്നെ പുറത്താരെയും കാണാനിഷ്ടപ്പെട്ടില്ല. ഫോണ്‍ കോളുകള്‍ വേണ്ടെന്നു വച്ചു. അതാണ് വിവരങ്ങളൊന്നും ആരും അറിയാതെ പോയത്.
വയറ്റില്‍ കെട്ടിവച്ചിരിക്കുന്ന ബാഗും കീമോയുടെ ഇനിയും തീരാത്ത പാര്‍ശ്വഫലങ്ങളുമായി ഞാന്‍ എങ്ങനെയാണ് ചാലക്കുടിയില്‍ പോകുക ? ആ യാത്ര വേണ്ടെന്നു വച്ചു.
Generated from archived content: orma8.html Author: bhahuleyan_puzhavelil