ഒരു ക്യാന്‍സര്‍ രോഗിയുടെ ഡയറി-7

ഇന്നു തിരുവോണമാണ്

ഈ ഓണത്തിന് ഞാനും ഭാര്യയും മകനും മാത്രമേ ഇവിടെയുള്ളു. രണ്ടു മക്കള്‍ കുടുംബസമേതം സിംഗപ്പൂരിലാണല്ലോ അഞ്ജനയും സോനുക്കുട്ടനും ഇന്നു മാവേലിക്കരയില്‍ പോയി. കൊച്ചുമോന്റെ അമ്മ വീട് അവിടെയാണ്. അവന്‍ ഈ ഓണം അവിടെ ആഘോഷിക്കട്ടെ.

ഈ കൊല്ലം ഞങ്ങള്‍ക്കു ഓണമില്ല. ഞാന്‍ ഒരു കാന്‍സര്‍ രോഗിയായതുകൊണ്ടല്ല. അച്ചാച്ചനെന്നു ഞാന്‍ വിളിക്കുന്ന എന്റെ വല്യേട്ടന്‍ മരിച്ചിട്ട് രണ്ടു മൂന്നു മാസം ആയതേയുള്ളു. അതുകൊണ്ട് ഞങ്ങളുടെ വീടുകളിലൊന്നും ഈ ഓണത്തിനു ആഘോഷങ്ങള് ‍ഒന്നുമില്ല. എങ്കിലും ഞങ്ങള്‍ മൂന്നു പേരും ഉച്ചക്ക് ഒരുമിച്ചിരുന്നാണ് ചോറുണ്ടത്. എല്ലാ കൊല്ലവും ഓണത്തിനു പറമ്പിലുള്ള ഞാലിപ്പൂവന്‍ വാഴയില്‍ നിന്നും നല്ല തൂശനില വെട്ടിക്കൊണ്ടു വരുന്നത് ‍ മകനാണ്. ഇന്ന് അവനതു വേണ്ടെന്നു വച്ചു. പരിപ്പും പപ്പടവും കാ വറുത്തതും ശര്‍ക്കരവരട്ടിയും ചെറുകറികളും പായസവുമൊന്നുമില്ലാത്ത ഈ ഉച്ചയൂണിന് വാഴയില എന്തിനാണ്?

ചിലപ്പോള് ‍എന്റെ മനസ് അനുസരണയില്ലാത്ത ഒരു വികൃതി ചെറുക്കനെ പോലെയാണ്. ഒരിക്കലും വരുതിക്കു നില്‍ക്കില്ല. തോന്നിയതു പോലെ ഓടി നടക്കുകയും വേണ്ടാത്തതൊക്കെ ചിന്തിക്കുകയും ചെയ്യും. അതുകൊണ്ടായിരിക്കുമല്ലോ ചോറുണ്ടു കൊണ്ടിരിക്കുമ്പോള്‍ എന്റെ മനസിലേക്ക് എവിടെ നിന്നോ ഇങ്ങനെയൊരു സംശയം കടന്നു വന്നത്.

അടുത്ത ഓണമുണ്ണാന്‍ ഞാന്‍ ഉണ്ടാകുമോ?

സെപ്തംബര്‍ 11 ഞായര്‍

രാവിലെ ആറുമണിക്ക് ഉണര്‍ന്നെങ്കിലും എഴുന്നേല്‍ക്കതെ കട്ടിലില്‍ മൂടിപ്പുതച്ചു കിടക്കുമ്പോഴാണ് ചങ്ങനാശേരിയില്‍ നിന്നും ജോസഫ് വിളിച്ചത്.

‘’ ഒരു ദു:ഖവാര്‍ത്തയുണ്ട്. ആലപ്പുഴയിലെ നമ്മുടെ വര്‍ഗീസ് ഇന്നു വെളുപ്പിനു മരിച്ചു ‘’

ഞാനന്തം വിട്ടുപോയി. നീണ്ട ചികിത്സയ്ക്കു ശേഷം സുഖം പ്രാപിച്ച് സാധാരണ ജീവിതം നയിക്കുന്ന വര്‍ഗീസ് മരിച്ചെന്നോ. എനിക്കു വിശ്വസിക്കാനായില്ല ഞാന്‍ ചോദിച്ചു.

‘’അസുഖം തീര്‍ത്തും മാറിയതല്ലേ പിന്നെ ഇപ്പോഴെന്തു പറ്റി ?’‘

‘’ ഇന്നലെ രാവിലെ ചില ബുദ്ധിമുട്ടുകള്‍ തോന്നിയപ്പോള്‍‍ എറണാകുളത്തെ ആശുപത്രിയില്‍ കൊണ്ടൂ പോയി ഇന്നു വെളുപ്പിനു മരിച്ചു’‘

‘’ ശവസംസ്ക്കാരം?’‘

‘’അതു നാളെയാണ് മറ്റു കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല ‘’

കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് ചേര്‍ത്തലയിലെ മേനോനെ വിളിച്ചത് . മേനോന്‍ പറഞ്ഞു.

‘’ ആശുപത്രിയില്‍ നിന്നും അവരാരും വര്‍ഗീസിന്റെ വീട്ടിലെത്തിയിട്ടില്ല. അവര്‍ വന്ന ശേഷമേ നമുക്കു കൂടുതല്‍ വിവരങ്ങള്‍ കിട്ടു. ഏതായാലും തിരുവനന്തപുരത്തുകാരെ ഒന്നറിയിച്ചേക്കുക’‘

‘’ തിരുവനന്തപുരത്തു വിളിച്ചു ഞന്‍ ശശിയോടു വിവരം പറഞ്ഞു. അവിടെയുള്ള മറ്റു സുഹൃത്തുക്കളെ അവന്‍ അറിയിക്കും.

വര്‍ഗീസിനും കുടലിലായിരുന്നു കാന്‍സര്‍. ഗംഗാധരന്‍ ഡോക്ടറെ പറ്റിയും കീമോ തെറാപ്പിയെ പറ്റിയും ആദ്യം ഞാന്‍ സംശയങ്ങള്‍ ചോദിച്ചത് വര്‍ഗീസിനോടായിരുന്നു. 1959 -ല്‍ അവന്‍ ആദ്യമായി കാര്‍ഷികക്കോളേജില്‍ വന്നപ്പോഴുള്ള ഭാവവും രൂപം ഇപോഴും എന്റെ മനസിലുണ്ട്. മുടി നരക്കുകയും തടി അല്‍പ്പം കൂടുകയും ചെയ്തു എന്നതല്ലാതെ അവനു മറ്റു വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല.

നാളെ സംസ്ക്കാരചടങ്ങുകള്‍ക്ക് ഞാന്‍ പോകുന്നില്ല. ബാഗുള്ളതുകൊണ്ടുള്ള അസൗകര്യങ്ങളും കീമോ തെറാപ്പി ചെയ്യുന്നതുകൊണ്ടുള്ള അസ്വസ്ഥതകളും എന്നെ അതിനു അനുവദിക്കുന്നില്ല.

നവമ്പര്‍ 2 ബുധന്‍

ഇന്നാണ് നാലാമത്തെ കീമോതെറാപ്പി

എറണാകുളത്തു വച്ചു നടത്തിയ രണ്ടാമത്തെ ഓപ്പറേഷനിലാണ് എനിക്കു ബാഗ് വയ്ക്കേണ്ടി വന്നത്. അന്ന് അവിടത്തെ ഡോക്ടര്‍ പറഞ്ഞത് ഇതു രണ്ടു മാസത്തേക്കുള്ള ഒരു താല്‍ക്കാലിക അറേഞ്ചുമെന്റ് മാത്രമാണെന്നാണ്. രണ്ടു മാസം കഴിയുമ്പോള്‍ രണ്ട് കീമോതെറാപ്പികള്‍‍ക്കിടയില്‍ കിട്ടുന്ന സമയത്ത് ഇവിടെ വന്നാല്‍ മതി. അപ്പോള്‍‍ കൊളസ്റ്റോമി ക്ലേഷന്‍ ഓപ്പറേഷന്‍ നടത്തി ബാഗ് മാറ്റിത്തരാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതനുസരിച്ച് മൂന്നാമത്തെ കീമോ ദിവസം ഈ കാര്യം ഗംഗാധരന്‍ ഡോക്ടറോട് പറയണമെന്ന് കരുതിയിരുന്നു. പക്ഷെ അന്ന് ഗംഗാധരന്‍ ഡോക്ടര്‍ ഇല്ലാതിരുന്നതു കൊണ്ട് അതു നടന്നില്ല. ഇന്നു നാലാമത്തെ കീമോ എടുക്കുന്ന ദിവസമാണ്. ഗംഗാധരന്‍ ഡോക്ടറോട് ഈ കാര്യം സംസാരിക്കണമെന്ന് കരുതിയാണ് രാവിലെ കാരിത്താസ് ആശുപത്രിയിലേക്കു പുറപ്പെട്ടത്.

ആശുപത്രിയിലെത്തിയപ്പോള്‍ ആദ്യം പോയത് ലാബിലേക്കാണ്. രക്തം പരിശോധിക്കാന്‍ കൊടുക്കണം. അതിന്റെ റിസല്‍റ്റുമായി വേണം ഡോക്ടറെ കാണാന്‍ ലാബില്‍ ചെന്നപ്പോള്‍ അവിടെ വലിയ തിരക്കാണ്. ക്യൂവില്‍ നിന്ന ഞാന്‍ എന്റെ ഊഴം വന്നപ്പോള്‍‍ കാഷ് രസീപ്റ്റും മറ്റു കടലാസുകളും ലാബിലെ പെണ്‍കുട്ടിയെ ഏല്‍പ്പിച്ചിട്ട് എന്റെ കൈ നീട്ടി ഞാന്‍ പറഞ്ഞു.

‘’ കീമോ ചെയ്യുന്ന ആളാണ്’‘

ആ കുട്ടി ഒന്നു ചിരിച്ചിട്ടു സിറിഞ്ചും കുപ്പിയുമായി വന്നു.

‘’ അപ്പച്ചാ കൈ ഒന്നു ചുരുട്ട് പിടിച്ചോ’‘

ഞാന്‍ കൈ ചുരുട്ടി പിടിച്ചു. കുട്ടി എന്റെ കയ്യുടെ മുകള്‍ ഭാഗത്ത് ഒരു റബ്ബര്‍ ചുറ്റിക്കെട്ടി കൈവിരലുകള്‍ കൊണ്ട് നാലഞ്ചു പ്രാവശ്യം ചെറുതായി അടിച്ചു. പിന്നെ കൈവിരല്‍‍ കയ്യിലൂടെ ഓടിച്ചു കൊണ്ടു പറഞ്ഞു.

‘’ കുത്താന്‍ പോകുകയാണ് കൈവലിക്കരുത്’‘

സൂചി കയ്യിലേക്കു കയറുമ്പോള്‍ വേദന സഹിച്ചതു വെറുതെയായി. വെയിന്‍ കിട്ടിയില്ല പിന്നെ നോക്കിയത് കയ്യുടെ മറുഭാഗത്താണ് അവിടെയും എന്നെ കുത്തി നോവിച്ചതല്ലാതെ രക്തം എടുക്കാന്‍ പറ്റിയില്ല. അടുത്ത ശ്രമം എന്റെ കയ്യിലായിരുന്നു. സൂചി കുത്തിയിറക്കുന്നതും നോക്കി ഞാനിരുന്നു. ഞരമ്പില്‍ തന്നെയാണ് കുത്തിയതെന്ന് എനിക്കും തോന്നി. പക്ഷെ സിറിഞ്ചിലേക്കു രക്തം കയറിയില്ല.

പേടിച്ചത് ഞാനാണ്. എന്റെ ഞരമ്പില്‍ രക്തം ഇല്ലേ? കീമോ ചെയ്യുമ്പോള്‍ രക്തം ഇല്ലാതാകുമോ? ആ കുട്ടി സൂചി വലിച്ചൂരിക്കൊണ്ടു പറഞ്ഞു.

‘’ ഞാന്‍ ചേച്ചിയെ വിളിച്ചുകൊണ്ടു വരാം’‘

അവസാനം ചേച്ചി വന്നു. എങ്ങനെയാണാവോ എവിടെ നിന്നാണാവോ എന്നറിയില്ല ആ സിസ്റ്റര്‍ സിറിഞ്ചിലേക്ക് ആവശ്യത്തിനു രക്തം വലിച്ചെടുത്തു. എന്നിട്ടു ചിരിച്ചുകൊണ്ടു പറഞ്ഞു.

‘’ ഇതു പതിവാണ് കീമോ ചെയ്യുന്നവര്‍ക്ക് വെയിന്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്. രക്തം എടുക്കേണ്ട ദിവസം ധാരാളം വെള്ളം കുടിക്കണം. വിരലുകള്‍കൊണ്ട് വ്യായാമം ചെയ്യുന്നതും നല്ലതാണ്’‘

ലാബില്‍ നിന്നും ഇറങ്ങുമ്പോള്‍ പത്തു മണി.

രണ്ടു മണിക്കൂര്‍കഴിഞ്ഞേ റിസല്‍റ്റു കിട്ടൂ. അതു കിട്ടിയിട്ടു വേണം ഡോക്ടറെ കാണാന്‍. ധിറുതി വച്ചിട്ടൊരു കാര്യവുമില്ല. ഗംഗാധരന്‍ ഡോക്ടര്‍ വരുമ്പോള്‍ രണ്ടൂ മണിയാകും. പിന്നെയും മൂന്നോ നാലോ മണിക്കൂര്‍ കഴിഞ്ഞാവും എന്റെ പേരു വിളിക്കുക. കാത്തിരിക്കുകയല്ലാതെ വീട്ടില്‍ പോയിട്ട് വീണ്ടും വരാന്‍ പറ്റുമോ?

കാന്‍സര്‍ ഇന്‍സ്റ്റ്യൂട്ടിലെ ഹാളില്‍ നിറയെ കസേരകളുണ്ട്. ഡോക്ടര്‍ വരുന്ന ദിവസം ഇവിടെ വലിയ തിരക്കായിരിക്കും. വരുന്നവരേയും പോകുന്നവരെയുമെല്ലാം നോക്കി ഞാനൊരു കസേരയിലിരുന്നു. രോഗികളില്‍ അധികവും സ്ത്രീകളാണ്. കുട്ടികളും കുറവല്ല. കള്ളുകുടിയും പുകവലിയുമാണോ ഇവരെയെല്ലാം കാന്‍സര്‍ രോഗികളാക്കിയത്. ഇരിക്കുന്നവരില്‍ കൂടുതലും പേരും ടി വി യിലേക്കു നോക്കിയിരിക്കുകയാണ്. ചിലര്‍ പത്രം വായിക്കുന്നു. ഗൗരവമുള്ള മുഖവും ശബ്ദം താഴ്ത്തിയുള്ള ചിലരുടെ സംസാരവും നമ്മുടെ ശ്രദ്ധയില്‍ പെടാതിരിക്കില്ല .

ഉച്ചക്ക് മകന്‍ വളരെ നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ ചോറുണ്ണാന്‍ പോയില്ല. ബാഗുള്ളതുകൊണ്ട് യാത്രക്കിടയില്‍ ഭക്ഷണം കഴിക്കാന്‍ എനിക്കു മടിയാണ്. എന്റെ ഉച്ചയൂണ് ഒരു ചായയിലൊതുക്കി.

അഞ്ചുമണിക്കാണ് ഗംഗാധരന്‍ ഡോക്ടറെ കാണുന്നത്. പരിശോധനകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു.

‘’ രണ്ടു മാസം കഴിയുമ്പോള്‍ ബാഗ് മാറ്റാനുള്ള കൊളസ്റ്റോമി ക്ലോഷര്‍ ഓപ്പറേഷന്‍ ചെയ്യാമെന്ന് എറണാകുളത്തെ ഡോക്ടര്‍ പറഞ്ഞിരുന്നത്. ഇന്നതെ കീമോ കഴിയുമ്പോള്‍‍ ഞാനത് ചെയ്തോട്ടെ?’‘

ഡോക്ടര്‍ എന്റെ മുഖത്തേക്കു നോക്കി. എന്റെ തോളില്‍ തട്ടി ശാന്തമായി എന്നാല്‍ തറപ്പിച്ചു പറഞ്ഞു.

‘’വേണ്ട തല്‍ക്കാലം ബാഗ് അവിടെ ഇരുന്നോട്ടെ അതുകൊണ്ടൊരു കുഴപ്പവുമില്ല. നമുക്കിപ്പോള്‍ ആവശ്യം രോഗത്തിനുള്ള ചികിത്സയാണ്. അതിനു മുടക്കമോ തടസ്സമോ വരാന്‍ പാടില്ല. അതുകൊണ്ട് കീമോയും റേഡിയേഷനും കഴിഞ്ഞിട്ടു ബാഗ് മാറ്റുന്നതിനെ പറ്റി ആലോചിച്ചാല്‍ മതി’‘

ഡോക്ടര്‍ പറഞ്ഞത് അംഗീകരിക്കുകയല്ലാതെ എനിക്കു എന്തു ചെയ്യാന്‍ പറ്റുമപ്പോള്‍. ഇനിയും നാലഞ്ചുമാസം ഈ ബാഗുമായി നടക്കണം. ഇതിന്റെ വേദനയോടും വിഷമത്തോടുമാണ് കീമോ തെറാപ്പി ചെയ്യാന്‍ ചെന്നത്.

ഓരോ കീമോ കഴിയുന്തോറും വേദനയും ബുദ്ധിമുട്ടും കൂടുകയാണ്. നാലഞ്ചു പ്രാവശ്യം കുത്തിയ ശേഷമാണ് ഡ്രിപ്പ് ഇടാന്‍ പറ്റിയത്. ഓരോ തുള്ളി മരുന്നും ഞരമ്പിലേക്കു കയറുമ്പോള്‍‍ വേദന സഹിക്കാനാകുന്നില്ല. ആദ്യ ദിവസം ഒരു മണിക്കൂര്‍ കൊണ്ടു തീര്‍ന്ന കീമോ ഇന്ന് മൂന്നു മണിക്കൂര്‍ കൊണ്ടാണ് തീര്‍ന്നത്.

സഹിക്കുക അല്ലാതെ എന്തു ചെയ്യാന്‍ പറ്റും?

Generated from archived content: orma7.html Author: bhahuleyan_puzhavelil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here