2011 ആഗസ്റ്റ് 10 ബുധന്‍
ശരീരത്തിനല്‍പം ക്ഷീണമുണ്ടെങ്കിലും വലിയ കുഴപ്പമൊന്നുമില്ല. ആകെയുള്ള ഒരു ബുദ്ധിമുട്ട് വയറ്റത്തു തൂക്കിയിട്ടിരിക്കുന്ന ബാഗിന്റെ കാര്യത്തില്‍ മാത്രമാണ്. ദിവസവും രണ്ടു പ്രാവശ്യമമെങ്കിലും ബാഗ് വൃത്തിയാക്കണം. രണ്ടു കൈയിലും കൈയുറയിട്ട് വലിയ ഒരു തയാറെടുപ്പോടെയാണ് ഇന്നലെയും ഇന്നും ടോയ് ലറ്റില്‍ പോയത്. അപ്പോള്‍ ഓപ്പറേഷന്‍ തീയറ്ററിലെ നഴ്‌സ് പറഞ്ഞ കാര്യം ഓര്‍മ വന്നു.
‘അധിക സമയം വേണ്ടാത്ത ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത പണിയാണിത്. പല്ലു തേയ്ക്കുകയും ഷേവു ചെയ്യുകയും ചെയ്യുന്നതു പോലെ ഇതും ഒരു ശീലമാക്കിയാല്‍ മതി’
പറയന്നവര്‍ക്കു പറഞ്ഞാല്‍ മതിയല്ലോ. ചെയ്യുന്നവര്‍ക്കല്ലേ അതിന്റെ പാടറിയൂ
ആഗസ്റ്റ് 15 -തിങ്കള്‍
അവധി ദിവസമായതിനാല്‍ ഇന്നു വീട്ടില്‍ എല്ലാവരും ഉണ്ട്. ഫോണ്‍ കോളുകളും സന്ദര്‍ശകരും കൂടുതലായിരുന്നു.
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാല്‍ ഒന്നു കിടക്കണം. പണ്ടു മുതലേയുള്ള ശീലമാണത്. ഉറങ്ങേണ്ട. വെറുതെ കിടന്നാല്‍ മതി. പക്ഷെ ഇപ്പോള്‍ ബാഗുള്ളതുകൊണ്ട് ചരിഞ്ഞു കിടക്കാന്‍ പേടിയാണ്. ഉച്ചയ്ക്കു മാത്രമല്ല രാത്രിയിലും ഇതു തന്നെയാണ് സ്ഥിതി. ബാഗ് പൊട്ടുകയോ ലീക്കു ചെയ്യുകയോ ചെയ്താലോ? ഇതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.
എന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഞാനറിയാതെ ഒരു മാറ്റം സംഭവിച്ചിരിക്കുന്നു.മറ്റുള്ളവരോട് പഴയതുപോലെ അടുത്തു പെരുമാറാന്‍ സാധിക്കുന്നില്ല. സത്യം പറഞ്ഞാല്‍ അവരോട് അടുത്തുനില്‍ക്കാനും ഇരിക്കാനും ഭയമാണ്. അവര്‍ക്കൊന്നും തോന്നാത്ത വിധത്തില്‍ അല്‍പം അകന്നുമാറിയാണ് ഞാന്‍ നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്നത്.
സ്വന്തം വീട്ടിലെ കാര്യവും ഏതാണ്ടിതുപോലെയൊക്കെ തന്നെയാണ്. എല്ലാവരോടുമൊപ്പം അടുത്തിരിക്കാനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനും എനിക്കു മടിയാണ്. എന്റെ സാന്നിധ്യം അവര്‍ക്ക് അസൗകര്യമുണ്ടാക്കിയാലോ എന്നൊരു പേടി എനിക്കുണ്ട്. അടുക്കളയില്‍ കയറി കറികളെന്തൊക്കെയാണെന്നു പാത്രം പൊക്കി നോക്കാനും ഇഷ്ടമുള്ളത് എടുത്തു കഴിക്കാനും ആഗ്രഹമുണ്ടെങ്കിലും ഇപ്പോള്‍ എനിക്കതിനു കഴിയുന്നില്ല. ആരും ഒറ്റപ്പെടുത്തുന്നില്ലെങ്കിലും ഞാന്‍ സ്വയം ഒറ്റപ്പെട്ടുപോകുകയാണ്. ചിലപ്പോള്‍ എല്ലാം വെറും തോന്നലാകാം.
സാരമില്ല. രണ്ടു മാസം കഴിയുമ്പോള്‍ ബാഗ് മാറ്റാമല്ലോ. രണ്ടു മാസം എങ്ങനെയെങ്കിലും ഒന്നു കഴിഞ്ഞു കിട്ടിയാല്‍ മതിയെന്നായിരുന്നു മനസിലെപ്പോഴും.
ആഗസ്റ്റ് 22 -തിങ്കള്‍
25ാം തീയതി എറണാകുളത്ത് പോയി പ്രകാശ് ഡോക്റ്ററെ കാണണം. പിന്നെ എത്രയും വേഗം കാരിത്താസ് ആശുപത്രിയിലെത്തി ചികിത്സ തുടങ്ങണം.
കീമോ തെറാപ്പി വേണ്ടിവരുമെന്നുള്ളത് ഉറപ്പാണ്. എന്താണീ കീമോ? ധാരാളം കേട്ടും പറഞ്ഞും പരിചയമുള്ള വാക്കാണെങ്കിലും ഇതെന്താണെന്നു എനിക്കിപ്പോഴും അറിയില്ല. അറിഞ്ഞല്ലേ പറ്റൂ. ഞാന്‍ ആലപ്പുഴയിലെ വര്‍ഗീസിനെ വിളിച്ചു. വര്‍ഗീസിനും ക്യാന്‍സറായിരുന്നു. ലേക് ഷോര്‍ ആശുപത്രിയിലെ നീണ്ട ചികിത്സയ്ക്കു ശേഷം ഇപ്പോള്‍ വിശ്രമത്തിലാണ്. വര്‍ഗീസ് ശബ്ദം താഴ്ത്തി സാവധാനത്തിലാണ് സംസാരിച്ചത്. കുറെ സമയം സംസാരിച്ചിട്ടും എന്റെ സംശയങ്ങള്‍ മുഴുവന്‍ തീര്‍ന്നില്ല..
അല്‍പം കഴിഞ്ഞു ഞാന്‍ തിരുവനന്തപുരത്തെ ശശിയെ വിളിച്ചു. ഞങ്ങള്‍ ഒരുമിച്ചു പഠിക്കുകയും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരുമാണ്. ക്യാന്‍സര്‍ പിടിപെട്ടപ്പോള്‍ തുടക്കത്തിലേ അത് അറിയുകയും ചികിത്സ നടത്തുകയും ചെയ്തതു കൊണ്ട് ശശി ഇപ്പോള്‍ ഒരു കുഴപ്പവുമില്ലാതെ സാധാരണ ജീവിതം നയിക്കുന്നു. കീമോ എടുക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ‘ ഒന്നും പേടിക്കാനില്ലെടാ… ഡോക്റ്റര്‍ എഴുതിത്തന്നിരിക്കുന്ന മരുന്നു വാങ്ങി കീമോ വാര്‍ഡിലെ നഴ്‌സിനെ ഏല്‍പ്പിക്കണം. അതിനു ശേഷം വാര്‍ഡില്‍ ഒഴിവുള്ള കട്ടിലില്‍ കിടക്കുന്നതോടെ നമ്മുടെ ജോലി കഴിഞ്ഞു. നഴ്‌സ് വന്ന് കൈയിലൊരു ഡ്രിപ്പിടും. അതിലൂടെ മരുന്ന് നമ്മുടെ ശരീരത്തിലേക്കു കയറ്റും. ഒന്നോ രണ്ടോ മണിക്കൂറിനകം ഡ്രിപ്പ് കഴിയും. അപ്പോള്‍ നമുക്ക് എഴുന്നേറ്റ് വീട്ടിലേക്കു പോകാം’
എന്നെ സമാധാനിപ്പിക്കാന്‍ വേണ്ടി കാര്യത്തില്‍ ഗൗരവം കുറച്ചാണവന്‍ സംസാരിക്കുന്നതെന്ന് എനിക്കു തോന്നി. ഞാന്‍ ചോദിച്ചു. ‘ മുടി കൊഴിയുമോ..’
‘മുടി പോകും. പോയതു പോലെ കിളുത്തുവരികയും ചെയ്യും. സമയം വളരെ പ്രധാനപ്പെട്ടതാണ്. എത്രയും വേഗം ചികിത്സ തുടങ്ങുക’
ഉച്ച കഴിഞ്ഞ് ഞാന്‍ കോട്ടയത്തെ കാരിത്താഡ് ആശുപത്രിയില്‍ വിളിച്ച് ഗംഗാധരന്‍ ഡോക്റ്ററെ കാണാനുള്ള അനുവാദം വാങ്ങി. ആഗസ്റ്റ് 31-ാം തീയതി ബുധനാഴ്ച ചെല്ലാനാണ് അവര്‍ പറഞ്ഞത്.
ആഗസ്റ്റ് 31 – ബൂധന്‍
രാവിലെ ഒമ്പത് മണിയ്ക്കു മുമ്പായി ഞങ്ങള്‍ കാരിത്താസ് ആശുപത്രിയിലെത്തി. ഗംഗാധരന്‍ ഡോക്റ്റര്‍ ഉച്ചയ്ക്കു രണ്ടു മണിക്കേ എത്തുകയുള്ളൂ. അതിനു മുമ്പ് ഡോക്റ്റര്‍ ആമോസിനെ കാണണം. പതിനൊന്നു മണി ആയെങ്കിലേ അതും നടക്കൂ.
കൃത്യസമയത്ത് തന്നെ ആമോസ് ഡോക്റ്ററെത്തി. ഡോക്റ്റര്‍ പിവിഎസ് ആശുപത്രിയില്‍ നിന്നു നല്‍കിയ കേസ് ഹിസ്റ്ററി വായിച്ചു. ഓരോ കാര്യങ്ങളും വിശദമായി എന്നോടു ചോദിച്ചു മനസിലാക്കി. രക്തം പരിശോധിക്കാന്‍ കുറിച്ചുതന്നിട്ടു പറഞ്ഞു: ‘ ബ്ലഡ് ടെസ്റ്റിന്റെ റിസള്‍ട്ടമായി വന്ന് ഡോക്റ്ററെ കാണുക’
രണ്ടു മണിക്കാണ് റിസള്‍ട്ട് കിട്ടിയത്. തിരിച്ച് ഒ.പിയിലെത്തിയപ്പോള്‍ ഹാളിലുണ്ടായിരുന്ന കസേരകളിലെല്ലാം ആളായിക്കഴിഞ്ഞു. വളരെ ബുദ്ധിമുട്ടി ഒരു ഒഴിഞ്ഞ സീറ്റ് കണ്ടെത്തി അവിടെയിരുന്നു. അഞ്ചുമണിയാകാതെ എനിക്കു ഡോക്റ്റരെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല. അടുത്ത കസേരയില്‍ ഇരിക്കുന്നവരെ ശ്രദ്ധിച്ചപ്പോള്‍ ഒരു കാര്യം മനസിലായി ഓരോ രോഗിയോടൊപ്പം രണ്ടു പേരെങ്കിലും വന്നിട്ടുണ്ട്.
ഈ ആശുപത്രിയില്‍ ഞാന്‍ ആദ്യം വരുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അന്ന് എന്റെ സഹപ്രവര്‍ത്തകനായ കുര്യന്‍ ഒരു മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍പ്പെട്ട് ഇവിടെ ചികിത്സയിലായിരുന്നു. ആറടി പൊക്കവും നല്ല തടിയും കൊമ്പന്‍ മീശയുമുള്ള കുര്യന്‍. സിംഹത്തിന്റെ തലയെടുപ്പ്. ഗര്‍ജനം പോലെയുള്ള സംസാരം. അവന്റെ മോട്ടോര്‍ സൈക്കിളിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ എസ്‌റ്റേറ്റുകളിലെ തൊഴിലാളികളും സ്റ്റാഫും പേടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഞങ്ങള്‍ തമ്മില്‍ അവസാനം കാണുന്നത് രണ്ടുവര്‍ഷം മുന്‍പാണ്. ഏറ്റുമാനൂരില്‍ ഒരു കല്യാണമണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ചെന്നു പെട്ടത് കുര്യന്റെ മുന്നില്‍. അടുത്ത കസേരയില്‍ എന്നെ പിടിച്ചിരുത്തി. പൊക്കവും തടിയും കൊമ്പന്‍ മീശയും അതുപോലെയുണ്ടെങ്കിലും ആളാകെ മാറിയിരിക്കുന്നു. പൊട്ടിച്ചിരിയും അട്ടഹാസവുമില്ല. ദേഷ്യമില്ല. വഴക്കില്ല.. വളരെ ശാന്ത സ്വഭാവം. എനിക്കത്ഭുതം തോന്നി.. ഇവനെന്തുപറ്റി?
‘ഒരു വര്‍ഷമായി ഞാന്‍ വിദേശത്തായിരുന്നതു കൊണ്ട് ഇവിടത്തെ വിശേഷങ്ങളൊന്നും അറിയില്ല.. നിനക്കിതെന്തു പറ്റീ..?’
‘ എല്ലാം പിന്നീട് പറയാം ഇപ്പോള്‍ ഞാന്‍ ചോറുണ്ണാന്‍ നില്‍ക്കുന്നില്ല.. നീ വരുന്നോ കോട്ടയത്തേയ്ക്ക്?’
‘ഇന്നില്ല. അടുത്തയാഴ്ച ഒരു ദിവസം ഞാനങ്ങോട്ടു വരാം’
അതാണ് ഞങ്ങള്‍ തമ്മിലുള്ള അവസാന കൂടിക്കാഴ്ച. വിവരങ്ങളെല്ലാം ഞാന്‍ പിന്നീടാണ് അറിയുന്നത്. അവന് ക്യാന്‍സറായിരുന്നു. അകലെയുള്ള ഏതോ ആശുപത്രിയിലെ നീണ്ട ചികിത്സയ്ക്കു ശേഷമാണ് അവന്‍ എന്നെ കാണുന്നത്. ഒന്നു രണ്ടു മാസത്തേയ്ക്കു കോട്ടയത്തേയ്ക്കു പോകാന്‍ പറ്റിയില്ല. പിന്നെ ഞാന്‍ കുര്യന്റെ വീട്ടില്‍ പോകുന്നത് അവന്റെ ചരമ വാര്‍ത്ത പത്രത്തില്‍ വന്ന ദിവസമാണ്.
അഞ്ചു മണി കഴിഞ്ഞപ്പോഴാണ് എന്റെ പേരു വിളിച്ചത്. ഞാനും മകനും മുറിയിലേക്കു ചെല്ലുമ്പോള്‍ ആമോസ് ഡോക്റ്റര്‍ മാത്രമേ അവിടെയുള്ളൂ. എന്നോട് മുറിയുടെ അരികിലുള്ള കട്ടിലില്‍ കിടക്കാന്‍ പറഞ്ഞു. മകനും ഡോക്റ്ററും തമ്മില്‍ സംസാരിക്കുന്ന ശബ്ദം കേള്‍ക്കാം. കട്ടിലില്‍ കിടക്കുന്ന എനിക്ക് അവരെ കാണാനും സാധിക്കില്ല. ഗംഗാധരന്‍ ഡോക്റ്റര്‍ വരുമ്പോള്‍ ചോദിക്കാനുള്ള കാര്യങ്ങളെപ്പറ്റി ആലോചിച്ചു കിടക്കുമ്പോള്‍, ഒരാള്‍ എന്റെ അടുത്തേയ്ക്കു വന്നു. കൈയില്‍ സ്‌റ്റെതസ്‌കോപ്പ് പോലുമില്ല. നരച്ചു തുടങ്ങിയ താടിയും മുടിയും ഇതായിരിക്കുമോ ഗംഗാധരന്‍ ഡോക്റ്റര്‍? അദ്ദേഹം എന്റെ അടുത്തു വന്നു ചോദിച്ചു:
‘ബാഹുലേയന്‍?’
‘അതെ’
വേറെ ഒന്നു രണ്ടു ചോദ്യങ്ങള്‍ കൂടി. രണ്ടു മൂന്നു മിനിറ്റു നേരത്തേ പരിശോധന. ഡോക്റ്ററുടെ സംസാരത്തില്‍ നിന്നു മനസിലായി എന്റെ രോഗവിവരങ്ങള്‍ മുഴുവന്‍ അദ്ദേഹത്തിനു മനസിലായിക്കഴിഞ്ഞുവെന്ന്. എന്നോട് എഴുന്നേറ്റോളാന്‍ പറഞ്ഞു.
ഞാന്‍ ഡോക്റ്ററുടെ കസേരയുടെ അടുത്തേയ്ക്കു ചെല്ലുമ്പോള്‍ അദ്ദേഹം മരുന്നു കുറിച്ചു കഴിഞ്ഞിരുന്നു.
ഡോക്റ്റര്‍ പറഞ്ഞു: എട്ടു കീമോ എടുക്കണം. മൂന്നാഴ്ചയില്‍ ഒന്നുവച്ച്. ഓരോ കീമോ കഴിയുമ്പോഴും ആദ്യത്തെ രണ്ടാഴ്ച കഴിക്കാന്‍ മരുന്നുണ്ടാകും. എട്ടു കീമോയും കഴിഞ്ഞാല്‍ പിന്നെ റേഡിയേഷന്‍ വേണ്ടിവരും. ആദ്യത്തെ കീമോ ഇന്നെടുക്കാമെങ്കില്‍ അത്രയും നല്ലത്’
കൂടുതല്‍ സംസാരിക്കാനൊന്നും പറ്റിയില്ല. ഡോക്റ്റര്‍ അടുത്ത രോഗിയുടെ അടുത്തേയ്ക്കു പോയിക്കഴിഞ്ഞു.
മകന്‍ ഫാര്‍മസിയില്‍ നിന്നു മരുന്നു വാങ്ങിച്ചു.
ആദ്യത്തെ കീമോ ഇന്നെടുത്തു.
ശശി പറഞ്ഞതു പോലെ കീമോ വാര്‍ഡിലെ ഒഴിവുള്ള ഒരു കട്ടിലില്‍ ഞാന്‍ കയറിക്കിടന്നു. പത്തു മിനിറ്റുകഴിഞ്ഞപ്പോള്‍ മരുന്നുമായി നഴ്‌സ് എത്തി. വെയിന്‍ കിട്ടാനൊന്നും ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. നഴ്‌സ് എന്റെ വലത്തെ കൈയില്‍ ഡ്രിപ്പ് ഇട്ടു. കൈയിലേക്കു മരുന്നുകയറുന്നതും നോക്കി ഞാന്‍ കിടന്നു. ഒന്നരമണിക്കൂര്‍ പോലും എടുത്തില്ല. ഡ്രിപ് കഴിഞ്ഞു.
വീട്ടിലേക്കു പോകുമ്പോള്‍ ഞാനോര്‍ത്തു. ഇത്ര എളുപ്പമാണോ ഈ കീമോ തെറാപ്പി? വേദനയോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ തോന്നിയില്ല. പിന്നെ എന്തിനാണ് ആളുകള്‍ ക്യാന്‍സറെന്നും കീമോ തെറാപ്പിയെന്നും കേള്‍ക്കുമ്പോള്‍ പേടിക്കുന്നത്?
ഒരു പക്ഷെ വേദനയും ദുരിതവും കഷ്ടപ്പാടുകളുമൊക്കെ അവസാന ഭാഗത്തേയ്ക്കു മാറ്റിവച്ചിരിക്കുകയാവാം…
Generated from archived content: orma6.html Author: bhahuleyan_puzhavelil
Click this button or press Ctrl+G to toggle between Malayalam and English