2011 ആഗസ്റ്റ് 2 ചൊവ്വ
ഓപ്പറേഷന്‍ ചെയ്ത ഭാഗത്ത് ഒരു സ്റ്റിച്ച് എടുക്കാനുണ്ടായിരുന്നു. അതിനു വേണ്ടി എറണാകുളത്തു വരേണ്ട ആവശ്യമില്ല , നാട്ടിലെ ഏതെങ്കിലും ആശുപത്രിയില്‍ ചെന്നാല്‍ മതിയെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നത്. ഇന്നു വൈകുന്നേരം സുജാത വന്ന് അതെടുത്തു. അങ്ങിനെ ആ പ്രശ്നം തീര്‍ന്നു.
ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്. രാവിലെ ദോശയും ഇഡ്ഡലിയുമൊക്കെയാകാം. പക്ഷെ ചമ്മന്തി , സാമ്പാര്‍ ഒന്നും പാടില്ല. അപ്പോള്‍ പിന്നെ ദോശയും ഇഡ്ഡലിയും എങ്ങനെ കഴിക്കും? ഏതായാലും ചായയ്ക്കും കാപ്പിക്കും വിലക്കില്ലല്ലോ അതു തന്നെ ഭാഗ്യം.
ആഗസ്റ്റ് 3 ബുധന്‍
ഓപ്പറേഷനു ശേഷം ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. പക്ഷെ ഇന്നു വൈകുന്നേരം മുതല്‍ ഒരു ചെറിയ പ്രശ്നം. ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും ടോയ് ലറ്റില്‍ പോകണം. വെറുതെ ഒരു തോന്നലൊന്നുമല്ല ഒരു ചെറിയ വയറ്റിളക്കത്തിന്റെ എല്ലാ ലക്ഷണവുമുണ്ട്.
ശരീരത്തിലെ വെള്ളം നഷ്ടപ്പെടാതെ സൂക്ഷിക്കണമല്ലൊ ഇത്തരം അവസരത്തില്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണെന്നു കേട്ടിട്ടുണ്ട്. ഉപ്പിട്ട കഞ്ഞിവെള്ളമാണെങ്കില്‍ ഏറ്റവും നല്ലത്. ഞാന്‍ കഴിച്ചത് ഉപ്പിട്ട കഞ്ഞിവെള്ളമാണ്. ഇടയ്ക്കു ഗ്ലൂക്കോസ് കഴിച്ചു. എന്നിട്ടും ശരീരത്തിനു വലിയ ക്ഷീണമാണ്. രാത്രിയില്‍ പേരിനു മാത്രമേ അല്‍പ്പം കഞ്ഞി കുടിച്ചു. ഇപ്പോള്‍ രാത്രി ഒന്‍പതരമണി ആയതേയുള്ളു . പതിവില്ലാതെ ഇന്നു ഞാന്‍ നേരത്തെ ഉറങ്ങാന്‍ പോവുകയാണ്.
ആഗസ്റ്റ് 4 വ്യാഴം
രാത്രി പത്തു മണിക്കു ശേഷം ഡയറി എഴുതുന്നതാണ് എന്റെ ശീലം. ഇന്നു വൈകുന്നേരം അഞ്ചുമണിയ്ക്കു ഞാന്‍ ഡയറി എഴുതുകയാണ്. ഇപ്പോള്‍ എഴുതിയില്ലെങ്കില്‍ ഇന്നിനി എഴുതാന്‍ പറ്റില്ല എന്നെഴുതാന്‍ പറ്റുമെന്നു പോലും പറയാന്‍ സാധിക്കില്ല. ക്ഷീണം കൊണ്ട് ശരീരം തളര്‍ന്ന് ഞാന്‍ വല്ലാതെ അവശനായിരിക്കുന്നു. ബന്‍സി കോട്ടയത്തു നിന്നു വന്നാലുടന്‍ എറണാകുളത്ത് ആശുപത്രില്‍ അഡ്മിറ്റാകാനാണ് തീരുമാനം.
പ്രശനം ഇന്നലത്തെ വയറിളക്കം തന്നെ. ഇന്ന് ഉച്ചക്ക് പന്ത്രണ്ടു വരെ ഒരു കുഴപ്പവുമില്ലായിരുന്നു. പന്ത്രണ്ടു മണി കഴിഞ്ഞപ്പോള്‍ വയറ്റിളക്കം തുടങ്ങി. ഒന്നോ രണ്ടോ മണിക്കുര്‍ കഴിയുമ്പോള്‍ തനിയെ നില്‍ക്കുമെന്നു കരുതി കാത്തിരുന്നു നിന്നില്ല. എന്നു മാത്രമല്ല അസുഖം കൂടുതല്‍ ശക്തിയാവുകയും ചെയ്തു. കട്ടിലില്‍ നിന്നുമെഴുന്നേറ്റ് നാലോ അഞ്ചോ അടി നടന്നാല്‍ ടോയ് ലറ്റില്‍ എത്തും. അത്രയും ദൂരം നടന്നു ചെല്ലാന്‍ പോലും ബുദ്ധി മുട്ടായി തോന്നി . തിരിച്ചു വന്നു കട്ടിലിലിരുന്നാല്‍ രണ്ടോ മൂന്നോ മിനിട്ടിന്നകം വീണ്ടും പോകണം എറണാകുളത്തെ ഡോക്ടറോടു സംസാരിച്ചപ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടു തോന്നുകയണെങ്കില്‍ ആശുപത്രിയിലേക്കു ചെല്ലാനാണ് അദ്ദേഹം പറഞ്ഞത് . ഞാന്‍ ബന്‍സിയെ വിവരം അറിയിച്ചു . അവന്‍ ഉടനെ എത്തിയേക്കും. ഡോക്ടര്‍ പറഞ്ഞതുപോലെ തന്നെയാണ് മരുന്നും ഭക്ഷണവുമൊക്കെ കഴിച്ചത്. പിന്നെ എന്തുകൊണ്ടാണീ വയറ്റിളക്കം? എനിക്കറിയില്ല എത്ര വെള്ളം കുടിച്ചിട്ടും ക്ഷീണത്തിന് ഒരു കുറവുമില്ല.
ആഗസ്റ്റ് 7 ഞായര്‍
എറണാകുളത്തെ പി വി എസ് ആശുപത്രിയിലാണ് ഞാനിപ്പോള്‍. വ്യാഴാഴ്ച രാത്രി പത്തു മണിക്കാണ് ഇവിടെ എത്തിയത് . വെള്ളിയാഴ്ച രാവിലെ തന്നെ വീണ്ടൂം ഒരു ഓപ്പറേഷന്‍ വേണ്ടി വന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ട് ഓപ്പറേഷനുകള്‍.
വ്യാഴാഴ്ച രാത്രി ആയപ്പോഴേക്കും ഞാന്‍ കൂടുതല്‍ അവശനായി കഴിഞ്ഞിരുന്നു. ജോഷിയുടേയും ഭാഷിയുടേയും തോളില്‍ കയ്യിട്ട് വളരെ പതുക്കെ നടന്നാണ് കാറില്‍ കയറിയത്. പുറകിലത്തെ സീറ്റില്‍ തളര്‍ന്നു കിടക്കുമ്പോള്‍ വീട്ടിലുള്ളവരെല്ലാം എന്റെ മുഖത്തേക്കു തന്നെ നോക്കിക്കൊണ്ടു നില്‍ക്കുകയായിരുന്നു. ബന്‍സി വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ജോഷി എന്നെ പിടിച്ചുകൊണ്ടു അടുത്തിരുന്നു. ഭാഷി അവന്റെ കാറില്‍ തൊട്ടു പുറകെ തന്നെയുണ്ടെന്ന് ജോഷി പറഞ്ഞു. തളര്‍ച്ചയും ക്ഷീണവും മൂലം അവശനാണെങ്കിലും യാത്രയ്ക്കിടയില്‍ പല പ്രാവശ്യം വയറ്റില്‍ നിന്നും പോയതായി എനിക്കറിയാം. അബോധാവസ്ഥയില്‍ ആയിരുന്നെങ്കില്‍ ഒന്നും അറിയില്ലായിരുന്നു. അതായിരുന്നു നല്ലത്. ഇതിപ്പോള്‍ എന്നെ വല്ലാതെ വിഷമിപ്പിച്ചു. പക്ഷെ എനിക്കെന്തു ചെയ്യാന്‍ പറ്റും?
ആശുപത്രിയില്‍ എത്തിയത് എനിക്കോര്‍മ്മയുണ്ട് . പിന്നെത്തെ ഓര്‍മ്മ കാഷ്വാല്‍റ്റിയിലെ ഒരു കട്ടിലില്‍ കിടക്കുന്നതാണ്. കയ്യില്‍ ഡ്രിപ്പ് ഇട്ടിട്ടുണ്ട്. നെഴ്സുമാര്‍ ഇടക്കു വന്നു നോക്കുന്നുമുണ്ട്. ഡോക്ടര്‍ വന്നോ? ഇന്‍ജക്ക്ഷനോ മരുന്നോ വല്ലതും തന്നോ അതൊന്നു എനിക്കറിയില്ല. അടുത്ത കട്ടിലിലുള്ളവരുടെ മൂളലും ഞരങ്ങലും കേള്‍ക്കാം. ആരെയും കാണാന്‍ പറ്റില്ല . ഓരോ കട്ടിലും തുണികൊണ്ട് കര്‍ട്ടനിട്ടു മറച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച രാവിലെ ഉണരുമ്പോള്‍ എനിക്കു വലിയ ക്ഷീണമൊന്നുമില്ല. രാവിലെ തന്നെ മനോജ് ഡോക്ടര്‍ എത്തി. അപ്പോള്‍ ബന്‍സിയും അടുത്തുണ്ട്. ഡോക്ടര്‍ ചോദിച്ചതിനൊക്കെ ഞാന്‍ വളരെ വ്യക്തമായി തന്നെ മറുപടി പറഞ്ഞു . അവസാനം ഡോക്ടര്‍ പറഞ്ഞു.
‘’ രണ്ടാഴ്ച മുന്‍പ് ഓപ്പറേഷന്‍ നടത്തിയ ഭാഗത്ത് ഒരു ഇണ്ടേണല്‍ ഇന്‍ഫക്ഷന്‍ ഉണ്ട്. അതാണ് ഈ കുഴപ്പത്തിനൊക്കെ കാരണം ‘’
ഇണ്ടേണല്‍ ഇന്‍ഫക്ഷനോ അതെങ്ങനെ സംഭവിച്ചു? എത്ര ആലോചിച്ചിട്ടും എനിക്കൊന്നും മനസിലായില്ല ഡോക്ടറാണ് വീണ്ടും സംസാരിച്ചത്.
‘’ വിഷമിക്കാനൊന്നുമില്ല ഉടനെ തന്നെ വേറൊരു ഓപ്പറേഷന്‍ കൂടി ചെയ്യണം അപ്പോള്‍ എല്ലാം ശരിയാകും”
”ഇനിയൊരു ഓപ്പറേഷനോ?”
”അതെ അതല്ലാതെ വേറെ വഴിയൊന്നുമില്ല ‘‘
”ഓപ്പറേഷന്‍ ചെയ്യാം ഞങ്ങള്‍ക്കു സമ്മതമാണ്’‘ ബന്‍സീര്‍ പറഞ്ഞു.
‘’ ഒരു ചെറിയ പ്രശ്നമുണ്ട്’‘
‘’ എന്താണ് ഡോക്ടര്‍?’‘
‘’ ആദ്യത്തെ ഓപ്പറേഷനില്‍ വളരെബുദ്ധിമുട്ടി ഞങ്ങള്‍ ഒഴിവാക്കിയതാണ് . പക്ഷെ ഇനിയിപ്പോള്‍ അതു പറ്റില്ല. രണ്ടു മാസത്തേക്ക് കൊളസ്റ്റോമി ബാഗ് വയ്ക്കേണ്ടി വരും ‘’
‘’ മനസിലായില്ല’’
‘’ കുടല്‍ മുറിച്ച് ഒരു ഭാഗം വയറിനു പുറത്തേക്കെടുത്ത് അവിടെ മലം പോകാനായി ഒരു ബാഗ് വയ്ക്കേണ്ടി വരും. രണ്ടു മാസത്തേക്ക് മതി. പിന്നെ നമുക്കതു മാറ്റി സാധാരണ രീതിയിലാക്കാം ‘’
എന്നെ ഏറ്റവും അധികം വേദനിപ്പിച്ച ഒരു കാര്യമാണിത് . മലം ശരീരത്തിനു പുറത്ത് ഒരു ബാഗിലാക്കി കൊണ്ടു നടക്കുക. എന്തു പറയണമെന്നറിയാതെ ഞാന്‍ വിഷമിച്ചു കിടക്കുമ്പോള്‍ ഡോക്ടര്‍ വീണ്ടും പറഞ്ഞു.
‘’ നിങ്ങള്‍ വിചാരിക്കുന്നതു പോലത്തെ പ്രശ്നങ്ങളൊന്നുമുണ്ടാവില്ല. എവിടെ വേണമെങ്കിലും യാത്ര ചെയ്യാം. സാധാരണ ജോലികളൊക്കെ ചെയ്യുന്നതിനു ഒരു ബുദ്ധി മുട്ടുമുണ്ടാവില്ല. ഇങ്ങനെ ബാഗ് വയ്ച്ചിട്ടുള്ള വിവരം നമ്മള്‍ പറഞ്ഞാലല്ലാതെ വേറെയാരും അറിയുക പോലുമില്ല.”
ഞങ്ങള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ഇതല്ലാതെ വേറെ വഴിയൊന്നുമില്ല. അപ്പോള്‍ പിന്നെ അതിനെ പറ്റി കൂടുതല്‍ ആലോചിച്ചിട്ടു കാര്യമില്ലല്ലോ ഓപ്പറേഷനു സമ്മതമാണെന്നു അറിയിച്ചു.
രാവിലെ ഓപ്പറേഷന്‍ തീയറ്ററിലേക്കു എന്നെ കൊണ്ടു പോയത് എനിക്കോര്‍മ്മയുണ്ട്. പിന്നെയുള്ള ഒരു കാര്യവും ഓര്‍ക്കുന്നില്ല. ശനിയാഴ്ച വരെ ഞാന്‍ ഐ സി യു വിലായിരുന്നു എന്ന് നെഴ്സ് പറഞ്ഞ് ഞാന്‍ പിന്നീടറിഞ്ഞു. ഇന്നു രാവിലെയാണ് എന്നെ മുറിയിലേക്കു കൊണ്ടു വന്നത് ഓപ്പറേഷന്‍ കഴിഞ്ഞ സ്വന്തം മുറിയിലെത്തുമ്പോള്‍ രോഗികള്‍ക്ക് സാധാരണയായി ആശ്വാസവും സന്തോഷവും ആണല്ലോ തോന്നുക. പക്ഷെ എനിക്കങ്ങനെ സന്തോഷമൊന്നും തോന്നിയില്ല. മുഖത്താകെ ഒരു മ്ലാനത. ഭാര്യക്കതു മനസിലായി അത് കൊണ്ടായിരിക്കണം ചിരിക്കാനും തമാശകള്‍ പറയാനും അവള്‍ ശ്രമിച്ചത്.
എന്റെ ബുദ്ധിമുട്ടുകള്‍ എനിക്കല്ലേ അറിയു? ബാഗ് എന്തിനാണെന്നും എവിടെയാണെന്നും എങ്ങനെയാണെന്നുമൊക്കെ അറിയാത്ത ഒരാള്‍ക്ക് എന്റെ വിഷമവും ബുദ്ധിമുട്ടുകളും മനസിലാകുമോ? സന്ദര്‍സകരും ഫോണ്‍ കോളുകളും വരുമ്പോള്‍ സന്തോഷം ഭാവിച്ച് ഞാന്‍ സംസാരിക്കുമെങ്കിലും ആശ്വാമല്ല അസ്വസ്ഥതകളാണ് അപ്പോള്‍ അനുഭവപ്പെടുക.
സാരമില്ല രണ്ടു മാസത്തേക്കു മതിയല്ലോ.
ആഗസ്റ്റ് 8 തിങ്കള്‍
ഇന്നു മൂന്നു മണിയോടെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്കു പോന്നു. ഇനി ഈ മാസം ഇരുപത്തഞ്ചാം തീയതി അവിടെ ചെന്ന് പ്രകാശ് ഡോക്ടറെ കാണണം. രോഗത്തിന്റെയും ഇതുവരെ നടത്തിയ ചികിത്സയുടേയും കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കത്തുമായി വേണം ഡോക്ടറെ കാണാന്‍ . പിന്നെയുള്ള ചികിത്സയെല്ലാം ഗംഗാധരന്‍ ഡോക്ടര്‍ തീരുമാനിക്കുന്നതു പോലെയാണ്.
ഭക്ഷണത്തിന്റെ കാര്യത്തില്‍ പഴയതുപോലെ തന്നെ നിയന്ത്രണങ്ങള്‍ ഉണ്ട് നാരുള്ള ഭക്ഷണം കഴിക്കാന്‍ പാടില്ല എന്നു കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമാണ്. പഴങ്ങളും ഗോതമ്പുമൊക്കെ നാരുള്ള ഭക്ഷണമാണെന്നു പറഞ്ഞ് ഉപേക്ഷിക്കേണ്ടി വരുന്നത് കഷ്ടമാണ്.
ബാഗ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും പുതിയ ബാഗ് മാറ്റി വയ്ക്കേണ്ടത് എങ്ങനെയാണെന്നതിനെ പറ്റിയും ഓപ്പറേഷന്‍ തിയേറ്ററിലെ ഒരു നെഴ്സ് വന്നു പറഞ്ഞു തന്നു. എനിക്ക് ബാഗ് എന്നു കേള്‍ക്കുമ്പോള്‍ വിഷമവും കാണുമ്പോള്‍ വെറുപ്പുമാണ് എങ്കിലും നെഴ്സ് പറഞ്ഞതു മുഴുവന്‍ ശ്രദ്ധിച്ചു കേട്ടു.
നാലുമണികഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വീട്ടിലെത്തി. ഈ പ്രാവശ്യം എന്നെ ആശുപത്രിയിലേക്കു കൊണ്ടു പോയത് അവശനിലയില്‍ ആണെന്ന് അയല്‍ക്കാര്‍ക്കൊക്കെ അറിയാം. രാത്രി ഒന്‍പതുമണിക്ക് ആശുപത്രിയില്‍ കൊണ്ടുപോയി എന്നു കേള്‍ക്കുമ്പോള്‍ ഇതൊക്കെ ഊഹിക്കാനുള്ളതല്ലേയുള്ളു. അതാകാം ഞാന്‍ ആശുപത്രിയില്‍ നിന്നും തിരിച്ചെത്തിയെന്നറിഞ്ഞപ്പോള്‍ അയല്‍ക്കാരും സ്വന്തക്കാരുമെല്ലാം കാണാന്‍ വന്നത്.
ബാഗിന്റെ കാര്യം മാത്രം ഞാന്‍ ആരോടും പറഞ്ഞില്ല.
Generated from archived content: orma5.html Author: bhahuleyan_puzhavelil