2011 ജൂലൈ 29 വെള്ളി
ഇന്നലെ ആശുപത്രിയില്‍ നിന്നും മൂന്നു മണിക്ക് ഇറങ്ങിയെങ്കിലും വീട്ടിലെത്തിയപ്പോല്‍ സന്ധ്യയായി ടൗണില്‍ രണ്ടു മൂന്നു കടകളില്‍ കയറിയതാണ് വൈകാന്‍ കാരണം. ആശുപത്രിയില്‍ നിന്നുള്ള വരവല്ലേ ? അതിന്റെ ക്ഷീണവുമുണ്ടായിരുന്നു . പതിവിലും നേരത്തെ കിടന്നുറങ്ങി.
രാവിലെ എണീറ്റപ്പോള്‍ നല്ല ഉണര്‍വും ഉന്മേഷവും തോന്നി . ഒരു രോഗിയാണെന്നോ ആയിരുന്നെന്നോ ഉള്ള ചിന്ത പോലും മനസില്ലില്ല . രണ്ടു ദിവസമായി നടപ്പു ശരിയായിട്ടില്ല. കാപ്പികുടി കഴിഞ്ഞപ്പോള്‍ ഞാന്‍ പറമ്പിലേക്കൊന്നിറങ്ങി . ജാതിയും റബ്ബറുമൊക്കെ ഒന്നു നോക്കാം ഒരു നടപ്പുമാകുമല്ലോ എന്നു കരുതി. എല്ലായിടവും ചുറ്റിക്കറങ്ങി വീട്ടിലെത്തിയപ്പോള്‍ അവിടെ അഞ്ചാറു പേരുണ്ട് . അയല്‍ക്കാരാണ് എന്റെ രോഗവിവരം തിരക്കാന്‍ എത്തിയതാണ്. അവര്‍ മണിയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ വരുന്നത്. ഞങ്ങള്‍ രോഗവിവരത്തെ പറ്റിയും ഓപ്പറേഷനെ പറ്റിയും ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും സംസാരിച്ചിരുന്നു . കാന്‍സര്‍ എന്ന വാക്കു മാത്രം ആരുടെ ഭാഗത്തു നിന്നും വന്നില്ല.
നാളെയാണ് കര്‍ക്കിടകവാവ്. വാവിന്റെ തലേ ദിവസം രാത്രിയില്‍ ദാഹം വയ്ക്കുക എന്നൊരു ചടങ്ങുണ്ട്. നമ്മെ കാണാനെത്തുന്ന മണ്മറഞ്ഞ കാര്‍ണവന്‍മാര്‍ക്കുവേണ്ടിയുള്ള ഒരു ചടങ്ങാണിത്. ഇന്ന് ഞങ്ങളും ദാഹം വച്ചു. അടിച്ചു തളിച്ചു വൃത്തിയാക്കിയ മുറിയില്‍ തേച്ചു മിനുക്കിയ നിലവിളക്കും ചന്ദനതിരികളും കത്തിച്ചത് ഭാര്യയാണ്. അതിനു മുന്നില്‍ മകന്‍ തൂശനിലയിട്ട് തൊണ്ടു ചെത്തി മുകള്‍ ഭാഗം അല്‍പ്പം വെട്ടി മാറ്റിയ കരിക്കുകള്‍ വച്ചു. കൊച്ചുമോനും അവന്റെ അമ്മയുമാണ് ഇലയില്‍ അവലും മലരും ശര്‍ക്കരയും പഴവും കല്‍ക്കണ്ടവുമൊക്കെ വച്ചത്. ഞാന്‍ വെറുതെ നോക്കി നിന്നതേയുള്ളു.
ജൂലൈ 31 ഞായര്‍
കാന്‍സറിനെക്കുറിച്ചുള്ള ഒരു ലേഖനം ഇന്നൊരു മാസികയില്‍ വായിച്ചു. തൊണ്ണൂറു ശതമാനം രോഗികളും അസുഖം പിടിപെട്ട് വളരെ നാള്‍ കഴിഞ്ഞാണ് ഡോക്ടറുടെ അടുത്ത് ചെല്ലുന്നത് ശരീരം രോഗത്തെപ്പറ്റിയുള്ള സൂചനകള്‍ നേരത്തെ നല്‍കിയാലും പലരും അവഗണിക്കുകയാണ് പതിവ്. അവസാനം ചികിത്സ തേടുമ്പോള്‍ രോഗം നിയന്ത്രണാതീതമായി കഴിഞ്ഞിട്ടുണ്ടാകും. അപ്പോള്‍ രോഗത്തിനടിമപ്പെടുകയല്ലാതെ വഴിയൊന്നുമുണ്ടാവില്ല. എന്റെ കാര്യത്തിലും ചികിത്സ തുടങ്ങാന്‍ ഒരു ചെറിയ താമസം വന്നിട്ടുണ്ട്. മാര്‍ച്ചു മാസത്തില്‍ എനിക്ക് തമിഴ്നാട്ടിലെ ഈ റോഡിലും മധുരയിലും പോകേണ്ട ഒരാവശ്യം വന്നു. ഈ റോഡില്‍ വച്ച് ഒരു ദിവസം രാവിലെ എനിക്കൊരു വയറ്റിളക്കം ഉണ്ടായി . അതെന്നെ വല്ലാതെ വിഷമിപ്പിച്ചു. ഏതെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റാകാതെ രക്ഷയില്ലെന്നു വരെ എനിക്കു തോന്നി. വീട്ടില്‍ ഫോണ്‍ ചെയ്തറിയിക്കാന്‍ ഒരുങ്ങിയതുമാണ്. ഭാഗ്യത്തിനു അതൊന്നും വേണ്ടി വന്നില്ല അതിനു മുന്‍പു തന്നെ വയറ്റിളക്കം നിന്നു. എങ്കിലും ഡോക്ടറെ കണ്ടു തല്‍ക്കാലത്തേക്കു മരുന്നു മേടിക്കുകയും ഒരു ദിവസം കൂടെ ഈ റോഡില്‍ താമസിക്കുകയും ചെയ്ത ശേഷമാണ് ഞാന്‍ മധുരയ്ക്കു പോയത്. മധുരയില്‍ വച്ച് വലിയ പ്രശനങ്ങളൊന്നും ഉണ്ടായില്ല. അവിടെ നിന്നും കുമുളി കോട്ടയം വഴി എറണാകുളത്തുള്ള ഒരു എക്സ്പ്രസ്സ് ബസ്സിന് ഞാന്‍ തലേ ദിവസം തന്നെ സീറ്റു റിസര്‍വു ചെയ്തിരുന്നു. നേരത്തെ ബസ്റ്റാന്‍ഡിലെത്തി ബസില്‍ കയറിയിരിക്കുകയും ചെയ്തു. ഒരു പക്ഷെ എന്റെ സംശയമോ പേടിയോ ആകാം കാരണം എന്തുമാകട്ടെ. ഉടനെ കക്കൂസില്‍ പോകണമെന്ന് ഒരു തോന്നല്‍. ബസ് പുറപ്പെടാന്‍ അഞ്ചു മിനിട്ടേ ബാക്കിയുള്ളു ബസ്സില്‍ നിന്നുമിറങ്ങി സ്റ്റാന്‍ഡിലുള്ള വൃത്തികെട്ട കക്കൂസിലേക്ക് ഓടുകയല്ലാതെ വേറെ വഴിയൊന്നുമില്ലായിരുന്നു. തിരിച്ചു പോരുന്ന വഴി ഭക്ഷണം കഴിക്കാനായി കുമിളിയിലെ ഹോട്ടലിനടുത്ത് വണ്ടി നിറുത്തിയപ്പോള്‍ സംശയം തീക്കാനാണെങ്കില്‍ പോലും ഞാന്‍ ആദ്യം ചെയ്തത് ടോറ്റ്ലറ്റില്‍ പോകുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ വഴിയില്‍ സംഭവിച്ചതൊക്കെ ചെറിയ അസൗകര്യങ്ങള്‍ മാത്രമായി കണക്കാക്കി . ഡോക്ടറെ കാണേണ്ട കാര്യം സൗകര്യപൂര്‍വ്വം മറക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്തേക്കുള്ള യാത്ര തൃപ്പൂണിത്തറയില്‍ അവസാനിപ്പിച്ചു തിരിച്ചു പോരേണ്ടി വന്നപ്പോഴാണ് സംഗതിയുടെ ഗൗരവം അല്‍പ്പമെങ്കിലും ബോധ്യമായത്. അതുകൊണ്ടു രോഗം കാന്‍സറാണെന്ന വിവരം ഇപ്പോഴെങ്കിലും അറിയാനൊത്തു.
കാന്‍സര്‍ എന്നു കേള്‍ക്കുന്നതും ആദ്യമായി ഒരു കാന്‍സര്‍ രോഗിയെ കാണുന്നതും ഞാന്‍ അഞ്ചാം ക്ലാസ്സിലോ ആറാം ക്ലാസ്സിലോ പഠിക്കുമ്പോഴാണ്. തറെലമ്മ എന്ന് എല്ലാവരും വിളിക്കുന്ന ഞങ്ങളുടെ ഒരമ്മുമ്മ അടുത്തു തന്നെയാണ് താമസം. സ്നേഹത്തോടെ സംസാരിക്കുകയും പെരുമാറുകയും മാത്രമല്ല അതിലെ ചെല്ലുമ്പോഴൊക്കെ പലഹാരങ്ങള്‍ തന്ന് സല്‍ക്കരിക്കുകയും ചെയ്യുന്ന ആളാണ് തറേലമ്മ.
ഒരു ദിവസം പുഴക്കടവില്‍ അലക്കാനും കുളിക്കാനും വന്ന പെണ്ണുങ്ങള്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടു
‘’ നമ്മുടെ തറെലമ്മയ്ക്കു സുഖമില്ല കവിള്‍ വാര്‍പ്പാണ്’‘
‘’ അല്ലെടി അര്‍ബുദമാണ്’‘
‘’ രണ്ടും ഒന്നാണ് ഈ കാന്‍സര്‍ എന്നു പറയുന്നതും ഇതു തന്നെയാണ്. ‘’വേറൊരാള്‍ തിരുത്തി.
‘’ എന്നിട്ടു വൈദ്യരെ കാണിച്ചില്ലേ? ‘’
‘’ അതുകൊണ്ടൊന്നും ഒരു ഗുണവുമില്ല ഇതിന് ഇവിടെയെങ്ങും ചികിത്സയില്ല തിരുവനന്തപുരത്തേയുള്ളു. അവിടെ കൊണ്ടുപോയി ലൈറ്റടിക്കണം അതാണ് ഇതിന്റെ ചികിത്സ’‘
വൈകുന്നേരം അച്ഛനുമായി നാട്ടുകാര്യങ്ങള്‍ സംസാരിക്കാന്‍ കൃഷ്ണന്‍ ചേട്ടനും കുമാരന്‍ ചേട്ടനും വീട്ടില്‍ വരാറുണ്ട് ചിലപ്പോള്‍ സംസാരം രാത്രി പത്തുമണി വരെ നീണ്ടു പോകും. അവരുടെ വര്‍ത്തമാനമൊക്കെ ഞാനും കേള്‍ക്കാറുണ്ട്. അങ്ങനെയാണ് തറേലമ്മയെ ചികിത്സയ്ക്കായി അച്ഛന്‍ തിരുവനന്തപുരത്തു കൊണ്ടു പോകുന്ന വിവരം അറിഞ്ഞത് . അന്നും ആ അമ്മൂമ്മയെ ഞാന്‍ കണ്ടു ഇത്തിരി ക്ഷീണീച്ചിട്ടുണ്ട് എന്നതല്ലാതെ മറ്റു യാതൊരു കുഴപ്പവുമില്ല. എന്നെ നോക്കി ചിരിക്കുക പോലും ചെയ്തു.
വിശ്വനാഥന്‍ സാറിന്റെ കാര്യം ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. കൃഷി ഡിപ്പാര്‍ട്ട്മെന്റിലെ ജോലി രാജിവച്ച് ഞങ്ങള്‍ കുറച്ചു പേര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് മാനേജരായി ചേരുമ്പോള്‍ അദ്ദേഹം അവിടെ ഒരു എസ്റ്റേറ്റിലെ മാനേജരാണ്. ജോലിയില്‍ ഒരു വിട്ടു വീഴ്ചയും ചെയ്യില്ല. നടപടിയെടുക്കേണ്ടി വരുപ്പോള്‍ മുഖം നോക്കാറുമില്ല. എങ്കിലും എല്ലാവര്‍ക്കും അദേഹത്തെ ഇഷ്ടമായിരുന്നു ബഹുമാനമായിരുന്നു.
ചില ഞായറാഴചകളില്‍ അദ്ദേഹം അസിസ്റ്റന്റ് മാനേജര്‍മാരെ വീട്ടിലേക്കു വിളിക്കും. അന്ന് ഞങ്ങളെല്ലാം കോളേജില്‍ നിന്നും ഇറങ്ങിയിട്ട് മൂന്നോ നലോ വര്‍ഷമേ ആയിട്ടുള്ളു. എല്ലാവരും അവിവാഹിതര്‍. താമസിക്കുന്നത് എസ്റ്റേറ്റിന്റെ പലഭാഗത്തുള്ള ഒറ്റപ്പെട്ട വീടുകളില്‍. ജോലിക്കാരന്‍ പയ്യന്‍ അവനറിയാവുന്ന രീതിയില്‍ ഉണ്ടാക്കിത്തരുന്ന ഭക്ഷണം കഴിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല. അതൊക്കെ അറിയാവുന്നതു കൊണ്ടാകാം മാനേജര്‍ ഇടയ്ക്കൊക്കെ ഞങ്ങളെ അങ്ങോട്ടു വിളിക്കുന്നത് . അവിടെ ചെന്നാല്‍ ആദ്യത്തെ കുറച്ചു സമയം ജോലിക്കാര്യത്തെ പറ്റിയുള്ള ചര്‍ച്ച മാത്രമേയുള്ളു. അതിനിടയ്ക്കു എപ്പോഴെങ്കിലും ചായ എത്തിയിരിക്കും. പിന്നെ രണ്ടു മണിക്കൂര്‍ ചീട്ടുകളിയാണ്. അപ്പോഴേക്കും ഭക്ഷണം റഡിയായി എന്നറിയിക്കാന്‍ സാറിന്റെ ഭാര്യ എത്തും. അവിടെ നിന്നും കോഴിക്കറിയും കൂട്ടിയുള്ള സുഖമായ ഭക്ഷണം കഴിഞ്ഞിട്ടേ ഞങ്ങള്‍ തിരിച്ചു പോകൂ.
ഒരു ദിവസം രാവിലെ കേള്‍ക്കുന്ന വാര്‍ത്ത മാനേജര്‍ക്കു സുഖമില്ല , എസ്റ്റേറ്റിലെ ഡോക്ടറും ആംബുലന്‍സും എത്തിയിട്ടുണ്ട് എന്നാണ്. ഞാനവിടെ ചെല്ലുമ്പോള്‍ മാനേജര്‍ കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുകയാണ്. രണ്ടു കയ്യും വയറ്റില്‍ അമര്‍ത്തിപ്പിടിച്ചിട്ടുണ്ട് . വേദന സഹിക്കാനാകുന്നില്ല എന്നാ മുഖം കാണുമ്പോളറിയാം സാറിന്റെ ഭാര്യയും അടുത്തു തന്നെയുണ്ട്. ഡോക്ടര്‍ എന്നെ മാറ്റി നിറുത്ത് വിവരങ്ങള്‍ പറഞ്ഞു വയറ്റില്‍ കാന്‍സര്‍ പിടിപെട്ട മാനേജര്‍ക്ക് രണ്ടു വര്‍ഷം മുന്‍പ് ഒരു ഓപ്പറേഷന്‍ നടത്തിയതാണ്. അസുഖം മാറി ജോലിയില്‍ കയറിയ അദ്ദേഹം ഓരോ ആറു മാസവും മുടങ്ങാതെ പരിശോധനകള്‍ നടത്തിയിരുന്നു . ഇപ്പോള്‍ രോഗം വീണ്ടും വന്നിരിക്കുനു. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയല്ലതെ വേറെ വഴിയില്ല ഞാന്‍ സാറിന്റെ അടുത്തേക്കു ചെന്നു . സാറിന്റെ കൈകളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു.
‘’ ഒന്നും പേടിക്കാനില്ല സാര്‍ നമ്മളിപ്പോള്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് പോകുകയാണ്’‘
രണ്ടു പേരുടെ സഹായത്തോടെ അദ്ദേഹം സാവധാനം നടന്നാണ് ആംബുലന്‍സില്‍ കയറിയത് സാറിന്റെ ഭാര്യയും ഒരു നെഴ്സും ഡോക്ടറും ആംബുലന്‍സില്‍ തന്നെ ഇരുന്നു. തൊട്ടു പുറകെ ജീപ്പില്‍ ഞങ്ങളെത്തിക്കോളാമെന്ന് ഞാന്‍ പറഞ്ഞു. ആംബുലന്‍സില്‍ കിടന്ന് തൊഴുകയ്യോടെ ചുറ്റും കൂടിയവരുടെ മുഖത്തേക്കു നോക്കി ഒന്നും സംസാരിക്കാതെ അദ്ദേഹം യാത്ര പറഞ്ഞു. ആംബുലന്‍സ് റോഡിലേക്കിറഞ്ഞി അകന്നു പോകുന്നതും നോക്കി ഞങ്ങളെല്ലാവരും ബംഗ്ലാവിന്റെ മുറ്റത്തു നിന്നു.
വിശ്വനാഥന്‍ സാര്‍ പിന്നെ തിരിച്ചു വന്നില്ല എസ്റ്റേറ്റിലേക്കു മാത്രമല്ല ജീവിതത്തിലേക്കും.
മുപ്പതു വര്‍ഷം മുന്‍പ് എന്റെ അമ്മ മരിച്ചതും കാന്‍സര്‍ രോഗം മൂലമാണ്. അമ്മയ്ക്കും വയറ്റിലായിരുന്നു കാന്‍സര്‍. വിശപ്പില്ലായ്മയും വയറിനു മറ്റ് അസ്വസ്ഥതകളും തോന്നിയപ്പോള്‍ എറണാകുളത്തെ ഒരു നെഴ്സിംഗ് ഹോമില്‍ പോയി . പരിശോധനകള്‍ക്കും മറ്റുമായി മൂന്നാലു ദിവസം അവിടെ താമസിക്കുകയും ചെയ്തു. അപ്പോഴാണ് കാന്‍സര്‍ ആണന്നെ വിവരം അറിയുന്നത് ഓപ്പറേഷനല്ലാതെ വേറെ വഴിയൊന്നുമില്ല. എന്നാല്‍ അമ്മയുടെ പ്രായവും രോഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും വച്ചു നോക്കുമ്പോള്‍ ഓപ്പറേഷന്‍ വിജയിക്കുമെന്ന് തീര്‍ത്തു പറയാനും വയ്യെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് ഞങ്ങളാണ്.
വളരെ ആലോചിച്ചെടുത്ത തീരുമാനം ഓപ്പറേഷന്‍ വേണ്ട എന്നായിരുന്നു. അവസാന നിമിഷം വരെ വേദനകളും ബുദ്ധിമുട്ടുകളും സഹിച്ചാണ് അമ്മ മരിച്ചത് . അന്നു ഞങ്ങളെടുത്ത തീരുമാനം ശരിയായിരുന്നോ? ഇപ്പോള്‍ സംശയമുണ്ട്.
എന്റെ സഹപ്രവര്‍ത്തകനായിരുന്ന ചന്ദ്രനും കാന്‍സര്‍ ആയിരുന്നു. രോഗി ആയിരുന്ന ചന്ദ്രനെ പല പ്രാവശ്യം കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട് . എന്നാല്‍ അവസാനനാളുകളില്‍ അവിടെയൊന്നു പോകാനോ കാണാനോ സാധിച്ചില്ല. ഞങ്ങളുടെ ജോലി സ്ഥലങ്ങള്‍ തമ്മിലുണ്ടായിരുന്ന അകലം എന്റെ പിഴവുകള്‍ക്ക് ഒരു ന്യായീകരണമാവില്ലല്ലോ.
കാന്‍സറിനെ പറ്റിയുള്ള ലേഖനം വായിച്ചപ്പോഴാണ് പഴയ കഥകളൊക്കെ ഓര്‍ത്തു പോയത്. എല്ലാം കാന്‍സര്‍ മൂലം മരിച്ചവരുടെ കാര്യങ്ങള്‍ ഇപ്പോള്‍ പുതിയ മരുന്നുകളും പുതിയ ചികിത്സയുമൊക്കെയുണ്ടാകുമല്ലോ ആലപ്പുഴയിലെ വര്‍ഗീസ് ഓപ്പറേഷനും കീമോ തെറാപ്പിയും മരുന്നുകളുമായി മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞതല്ലേ? അസുഖം മാറി ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തി.
ഓപ്പറെഷന്‍ നടത്തിയതിന്റെ ക്ഷീണമൊന്നു മാറിയാലുടന്‍ ഡോക്ടറെ കണ്ട് കാന്‍സറിനുള്ള ചികിത്സ തുടങ്ങും.
Generated from archived content: orma4.html Author: bhahuleyan_puzhavelil