കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചങ്ങമ്പുഴ ജന്മശതാബ്ദ്ധി 2011 സപ്തംബര്‍ 4 വൈകുന്നേരം 3 മണിക്ക് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആഘോഷിക്കുകയുണ്ടായി . എഴുത്തുകാരന്‍ കൂടിയായ ബഹു: സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി എം. കെ. മുനീര്‍ വിജ്ഞാനകൈരളി ചങ്ങമ്പുഴ ജന്മശദാബ്ദി പതിപ്പ് പ്രകാശനകര്‍മ്മം നടത്തി. മാങ്കാവ് ബൈപ്പാസില്‍ ,വിനായകചതുര്‍ഥി പ്രമാണിച്ച് ഗണേശ വിഗ്രഹങ്ങള്‍ സമുദ്രത്തില്‍ ഒഴുക്കുവാനുള്ള തിരക്കില്‍ ട്രാഫിക് ജാം എന്ന ഓമനപ്പേരില്‍ ഗതാഗതക്കുരുക്ക്. അതുകൊണ്ട് പരിപാടികളെല്ലാം സമാപിച്ച ശേഷമാണ് ഞാനെത്തിയത്. മന്ത്രിയും പരിവാരങ്ങളും പോയ്ക്കഴിഞ്ഞിരിന്നു. പക്ഷെ…പുസ്തകപ്രദര്‍ശനശാലയില്‍ ഒരു കോണില്‍ വെളുത്ത ഷര്‍ട്ടും മുണ്ടും അണിഞ്ഞ വലിയ പൊക്കമില്ലാത്ത ഒരാള്‍ വളരെ ശ്രദ്ധയോടെ നിന്ന നില്‍പ്പില്‍ പുസ്തകത്താളുകള്‍ മറിക്കുന്നുണ്ടായിരുന്നു. മലയാളത്തിന്റെ പ്രിയ വിമര്‍ശകന്‍ ശ്രീ. എം. എം ബഷീര്‍ അദ്ദേഹത്തിന്റെ ഭാര്യ ബി. എം. സുഹ്റ നല്ലൊരു എഴുത്തുകാരിയാണ്. സൗമ്യവും , ദീപ്തവും, ശക്തവുമായ നിരൂപണശൈലിയുടെ തമ്പുരാന്‍. അദ്ദേഹം എന്നെ കണ്ടതും വാചാലനായി ” കെ. എം. രാധ എഴുത്തില്‍ നിന്നും കഴിഞ്ഞ 25 വര്‍ഷം വിട്ടു നിന്നു. നിരന്തരം എഴുതി തന്റേതായ ഒരു കയ്യൊപ്പ് മലയാളത്തിനു വേണം. ‘’
അദ്ദേഹത്തിന്റെ വാക്കുകളിലെ ഊര്‍ജ്ജം കൈക്കുമ്പിളില്‍ സ്വീകരിക്കുന്നു. സാഹിത്യം ആസ്വദിക്കുമ്പോള്‍ 10 – 15 ശതമാനത്തിനുതാഴെ പ്രസിദ്ധരുടെ രചനകള്‍ മാത്രമല്ല സമകാലിക സംഭവങ്ങള്‍ വരെ തട്ടിത്തെറുപ്പിച്ച് രാഷ്ട്രീയവും സിനിമ, സീരിയലുകളും ചാനല്‍ പരിപാടികളും മാത്രം ആഘോഷിക്കുകയാണ്, സാധാരണ മലയാളി.
‘Titanic’ – സിനിമയില്‍ ‘’Life is a game of luck” എന്ന വാചകം എത്ര മനോഹരം! വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുത്തില്‍ അഭിരമിച്ച്, ഭ്രാന്തമായ ആവേശത്തോടെ സാഹിത്യം പുണരുമ്പോള്‍ , ജീവിതം ഓര്‍ക്കാപ്പുറത്ത് നല്‍കിയ പ്രഹരം . അടികൊണ്ട് പുളഞ്ഞ മനസുമായി ഇക്കാലമത്രയും കനല്‍ വഴികള്‍ താണ്ടിയവള്‍.
വീണ്ടും കിഴക്കേ മഠത്തിന്റെ മുറ്റത്ത് ഞാന്‍ നില്‍ക്കുന്നു. നാരായണി വല്യമ്മ രണ്ടാമത്തെ അനിയത്തിയുമായി ക്ഷേത്രക്കുളത്തിലേക്ക് പോവുകയാണ്. കുറച്ച് ദിവസങ്ങളായി കുടുംബാന്തരീക്ഷം സംഘര്‍ഷഭരിതം. ജോത്സ്യന്‍ വന്ന് കവടി നിരത്തി . പടിഞ്ഞാറ്റയില്‍ വച്ച് എല്ലാ മാസവും കറുത്ത വാവിന് പരേതാത്മക്കള്‍ക്ക് നിവേദിക്കുന്ന നൈവേദ്യത്തില്‍ തൃപ്തരല്ല. ദുര്‍മരണവും , സര്‍പ്പദംശവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. വേണ്ട പ്രതിവിധി ചെയ്താല്‍ ആപത്തുകളില്‍ നിന്ന് രക്ഷപ്പെടാം.
പണിക്കര്‍ ഒരു കടലാസില്‍ ഏതെല്ലാം പൂജകള്‍ നടത്തണമെന്ന് എഴുതി അമ്മ വശം കൊടുത്തു. നാരായണി വല്യമ്മ മുഖം കനപ്പിച്ച് ‘’ എടീ, നിനക്കൊരിക്കലും സമാധാനം കിട്ടില്ല . നീയല്ലേ വീട്ടിലെ സകലസ്വത്തുക്കളും കൈയടക്കി അനുഭവിക്കുന്നത്? കണിയാരുടെ കുറിപ്പിലെ പകുതി പൂജ പോലും നീ നടത്തില്ല . എല്ലാവരേയും കൊല്ലിച്ചേ നീ അടങ്ങൂ.ഫൂ……’‘
അവര്‍ മുറ്റത്തേക്ക് കാര്‍ക്കിച്ചു തുപ്പി. വീട്ടില്‍ നിത്യച്ചിലവിന് ബുദ്ധിമുട്ടുമ്പോള്‍, ചെലവേറിയ പൂജാകര്‍മ്മങ്ങള്‍ നടത്തുക അസാധ്യം. നാരായണി വല്യമ്മക്ക് പിന്നാലെ തോര്‍ത്തും സോപ്പുമെടുത്ത് അകമ്പടി സേവക്കാരിയായി പോകുന്ന അനിയത്തിയെ കണ്ട് അമ്മ പൊട്ടിത്തെറിച്ചു.
‘’അകത്ത് പോ’‘
‘’ ഉം പിന്നെ എടീ അവള്‍ ഞാന്‍ പറയുന്നതേ അനുസരിക്കു’‘
അനിയത്തിക്ക് ഇടക്കിടക്ക് അപസ്മാരം വരും . അസുഖം വരുമ്പോള്‍ അവള്‍ അമ്മയെ ഉപദ്രവിക്കും കൂര്‍ത്ത നഖങ്ങള്‍ കൊണ്ട് അമ്മയെ മാന്തിക്കീറും മുടി പിച്ചിച്ചീന്തും , തല്ലും, ചവിട്ടും , നിലത്ത് കിടന്നുരുളും അമ്മയ്ക്ക് അവളെ പേടിയാണ് . അതു കാരണം അമ്മ അവളെ രണ്ടാം ക്ലാസ്സില്‍ കുറുപ്പ് മാഷുടെ ക്ലാസ്സില്‍ ചേര്‍ത്തു. ആഴ്ചവട്ടം എലിമെന്ററി സ്കൂള്‍ രണ്ടാം ക്ലാസ്സ് അധ്യാപികയായ അമ്മയുടെ ക്ലാസില്‍ ഞാന്‍ പഠിച്ചു. അതിന് അവള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.
അമ്മയ്ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം മൂത്തമകളായ എന്നെയാണെന്ന് അവള്‍ കൂടെക്കുടെ കുത്തുവാക്കുകളില്‍ ധ്വനിപ്പിക്കും. അന്നും , എന്നും.
കുളിക്കാന്‍ പോയവര്‍ നേരം ഏറെയായിട്ടും മടങ്ങി വന്നില്ല. അനിയത്തിയെ പോയി വിളിച്ചു കൊണ്ടുവരാന്‍ അമ്മ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ഒറ്റ കുതിപ്പിന് അമ്പലക്കുളത്തിന് കരയിലെത്തി.
നേരം ഉച്ചയോടടുത്തിരുന്നു അമ്പലക്കുളത്തിന്റെ പടിഞ്ഞാറ് വശത്ത് സ്ത്രീകള്‍ക്ക് കുളിക്കാന്‍, പടവുകളോട് ചേര്‍ത്ത് ഓടിട്ട കുളിപ്പടവുകളുണ്ട് . പലപ്പോഴും , പുരുഷന്മാര്‍ നേരത്തെ എത്തി , കുളിപ്പുര കീഴടക്കി, ചുമരിലെ കുമ്മായം ചുരണ്ടി നിര്‍മ്മിച്ച ദ്വാരങ്ങളിലൂടെ പെണ്മേനി കണ്ട് രസിക്കാറുണ്ട്. ഈയിടെ കോഴിക്കോട്ട് നല്ല ഭക്ഷണം ലഭിക്കുന്ന ഹോട്ടലില്‍ ജീവനക്കാരന്‍ സ്ത്രീകളുടെ ടോയ് ലറ്റിനു മുകളില്‍ ഒളിക്യാമറ സ്ഥാപിച്ചതും , ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി അത് കണ്ടുപിടിച്ചതും , തുടര്‍ന്നുണ്ടായ വിവാദങ്ങളും അനുവാചകര്‍ ഓര്‍ക്കുമല്ലോ.
പെണ്‍കുട്ടികളും സമാന രീതിയിലുള്ള സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. കോളേജ് കുളിമുറിയില്‍ മറച്ചു വച്ച മൊബൈല്‍ – ഒളിക്യാമറയും ഇതോടൊപ്പം ചേര്‍ത്തു വായിക്കുക.
അപ്പോള്‍ കുളത്തില്‍ ആരുമില്ല. നടുവിലെ കുളിപ്പുരയില്‍ നിന്ന് കേട്ട ശബ്ദം തേടി ഞാന്‍ അവിടേക്ക് ചെന്നു. നാരായണി വല്യമ്മ അനിയത്തിയെ നിര്‍ബന്ധിച്ച് മുങ്ങാന്‍ ആവശ്യപ്പെടുകയാണ്. ആ കുളിപ്പുരയില്‍ മുന്‍പ് ആരോ മുങ്ങി മരിച്ചിട്ടുണ്ട്. ഞങ്ങളാരും തന്നെ ആ കുളിപ്പുരയില്‍ ഇന്നുവരെ കുളിച്ചിട്ടില്ല. അനിയത്തിക്കും അവിടെ പോയി കുളിക്കാന്‍ പേടിയാണ്.
എന്നിട്ടാണ് അവള്‍ ഇപ്പോള്‍ നാരായണി വല്യമ്മ എണ്ണുന്നതിനനുസരിച്ച് മുങ്ങിപ്പൊങ്ങുന്നത്. അവരെ സന്തോഷിപ്പിക്കാന്‍ അവള്‍ വീണ്ടും വീണ്ടും മുങ്ങുകയാണ്. ഇടക്കിടെ നാരായണി വല്യമ്മ ആര്‍ത്തു ചിരിക്കുന്നുണ്ട്. ഒടുവില്‍ കിതച്ച് കിതച്ച് തളര്‍ന്ന് തളര്‍ന്ന് മുട്ടറ്റം വെള്ളത്തില്‍ നിന്ന് അവളുടെ ഏങ്ങല്‍ സ്വരം.
‘’ അപ്പുമ്മേ …വയ്യ മതി. ‘’
‘’ നീ ആ മൂധേവിയുടെ സന്തതിയല്ലേടി. വലുതായാല്‍ നീയും ഞങ്ങളെ കൊന്നു തിന്നില്ലേടീ.’‘
വാക്കുകളുടെ കുതിച്ചു ചാട്ടത്തില്‍ നാരായണി വല്യമ്മ അനിയത്തിയുടെ മുടിക്കു കുത്തിപ്പിടിച്ച് വെള്ളത്തില്‍ മുക്കി താഴ്ത്തുകയാണ്. അവരുടെ ബലിഷ്ഠ കരങ്ങള്‍ അനായാസം വീണ്ടും വീണ്ടും അവളെ ജലത്തില്‍ താഴ്ത്തുകയും ഉയര്‍ത്തുകയും … തല ഒരു വശം ചെരിഞ്ഞു പോയ അവളെ പിന്നെയും താഴ്ത്താന്‍ ശ്രമിക്കവെ , ഞാന്‍ ഓടി വീട്ടിലെത്തി അമ്മയെ വിവരമറിയിച്ചു.
‘’ ന്റെ മോളെ ആ ദുഷ്ട കൊല്ലും’‘ – നിലവിളിയോടെ അമ്മ കുളത്തിന്‍ കരയിലെത്തി.
അമ്മ കുളക്കടവിലേക്കിറങ്ങിച്ചെന്ന് അവളെ കോരിയെടുത്തു. അവളേയും എടുത്ത് എന്തൊക്കെയോ ശാപവചനങ്ങള്‍ ഉരുവിട്ട് മടങ്ങുമ്പോള്‍ അമ്മ കരഞ്ഞു ഞാനും.
പിന്നീട് , അനിയത്തി ഒരിക്കലും നാരായണി വല്യമ്മയെ തേടി പോയില്ല. കുറച്ച് മാസം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് വലിവും ശ്വാസതടസ്സവും ഏറി വന്നു. നാരായണി വല്യമ്മയുടെ ഭര്‍ത്താവ് അപ്പു അമ്പലവാസിക്ക് , അമ്പലത്തിലെ കഴക പണിയില്‍ നിന്നു കിട്ടുന്ന തുച്ഛവരുമാനം മൂന് ആണ്മക്കളേയും , ഒരു പെണ്‍കുഞ്ഞിനേയും സംരക്ഷിക്കാവാനാത്ത സ്ഥിതി. ഒരു ദിവസം രാവിലെ നാരായണി വല്യമ്മ കിടക്കുന്ന വടക്കെ മുറിയില്‍ നിന്നു എന്തൊക്കെയോ ചില ശബ്ദങ്ങള്‍. രണ്ട് ദിവസമായി അവര്‍ ഒരേ കിടപ്പിലായിരുന്നു. വൈദ്യര്‍ വന്ന് കഷായം കൊടുത്തത് ഞാന്‍ കണ്ടതാണ്. മുറിയുടെ വാതില്‍ക്കല്‍ ഞാന്‍ ചെന്നു. നീണ്ടു നിവര്‍ന്ന് കിടക്കുന്ന അവരുടെ കണ്ണുകള്‍ വലുപ്പം വയ്ക്കുന്നു. അവര്‍ ചുമര്‍ നോക്കി ഇങ്ങനെ പറഞ്ഞു. ‘’ ഗോപാലന്‍ നായര്‍ വരുന്നുണ്ട്’‘ പിന്നെയും എന്തൊക്കെയോ പിറുപിറുത്തു വീടിന് തൊട്ടടുത്ത പലവ്യഞ്ജന കടക്കാരന്റെ പേരാണത്. പിന്നെയും അവര്‍ പറഞ്ഞു ‘’ ആരോ കയറുമായി വരുന്നു’‘
മക്കളും ഭര്‍ത്താവും വെള്ളം കൊടുക്കുന്നതു കണ്ടു. കണ്ണുകള്‍ മേല്‍പ്പോട്ട് പോകുന്നു. അങ്ങിനെ ആദ്യമായി ചെറുപ്രായത്തില്‍ രണ്ടിലോ മൂന്നിലോ പഠിക്കുമ്പോള്‍ ഞാന്‍ മരണം നേരില്‍ കണ്ടു. ഈ പംക്തി വായിക്കുന്നവര്‍ തീര്‍ച്ചയായും അഭിപ്രായം Whether it is good or bad എഴുതുക. എഴുത്തിന്റെ ലോകത്തുനിന്ന് സ്വയം കുടിയിറങ്ങിയവളുടെ ഓര്‍മ്മകളാണിത്.
തുടരും……….
Generated from archived content: orma3.html Author: bhahuleyan_puzhavelil