2013 ഫെബ്രുവരി 23 ശനി
ഒന്നരവര്‍ഷത്തിനു ശേഷം ഇന്നു ഞാന്‍ തനിച്ച് എറണാകുളം പോയി. ബസ്സിലായിരുന്നു യാത്ര. രണ്ടു ദിവസം മുമ്പാണ് ചേര്‍ത്തലയില്‍ നിന്നും മേനോന്‍ വിളിച്ചു പറഞ്ഞത്.
‘’ ശനിയാഴ്ച നമ്മുടെ ക്ലാസ്സ്മേറ്റില്‍ നാലഞ്ചു പേര്‍ എറണാകുളത്തു വരുന്നുണ്ട്. ഇപ്പോള്‍ തന്റെ അസുഖമൊക്കെ മാറിയില്ലേ പറ്റുമെങ്കില്‍ പന്ത്രണ്ടുമണിക്കു മുമ്പായി നമ്മുടെ സ്ഥിരം ഹോട്ടലില്‍ എത്തുക’‘
ചെല്ലാമെന്നു ഞാന്‍ സമ്മതിച്ചു. എങ്ങും പോകാതെ വീട്ടില്‍ തന്നെയിരുന്നാല്‍ പിന്നെ പുറത്തേക്കിറങ്ങാന്‍ മടിയാകും. മാത്രമല്ല കഴിഞ്ഞ ഓപ്പറേഷന്റെ പാര്‍ശ്വഫലങ്ങള്‍ തീര്‍ത്തും മാറിയെന്ന് ഉറപ്പാക്കുകയും വേണമല്ലോ.
പന്തണ്ടു മണിക്കു മുമ്പായി ഞാന്‍ ഹോട്ടലില്‍ എത്തി. അപ്പോഴവിടെ മേനോനും മര്‍ക്കോസും പൗലോസുമുണ്ട്. ഞാന്‍ ചെന്നതിനു ശേഷമാണ് വരദരാജന്‍ വന്നത് മൂന്ന് ഓപ്പറേഷനും എട്ടു കീമോതെറാപ്പിയും ഇരുപത്തിയേഴു റേഡിയേഷനും കഴിഞ്ഞ നിന്റെ ആരോഗ്യത്തിനു വേണ്ടി എന്ന് നോക്കി പറഞ്ഞു കൊണ്ടാണ് വരദരാജന്‍ കുപ്പി തുറന്നത്. ഭക്ഷണത്തോടൊപ്പം ഞാന്‍ കഴിക്കുന്നത് പെപ്സിക്കോള മാത്രം. മൂന്നു മണിക്കു മുമ്പായി ഞങ്ങള്‍ പിരിഞ്ഞു. ഒന്നെനിക്കു മനസിലായി ഇപ്പോഴെനിക്കു യാത്ര ചെയ്യുവാന്‍ കുഴപ്പമൊന്നുമില്ല. അതുകൊണ്ട് അടുത്ത ആഴ്ചതന്നെ കാരിത്താസ് ആശുപത്രിയില്‍ പോയി ചെക്കപ്പ് ചെയ്യണം.
ഫെബ്രുവരി 28 വ്യാഴം
ഇന്നു ഞാന്‍ കാരിത്താസ് ആശുപത്രിയില്‍ പോയി ഡോക്ടര്‍ ആമോസിനെ കണ്ടു. ഡോക്ടര്‍ ദേഷ്യപ്പെട്ടില്ലെങ്കിലും അല്‍പ്പം ഗൌരവത്തിലാണു സംസാരിച്ചത്.
‘’ ഒരു വര്‍ഷമായി ഇങ്ങോട്ടു വന്നതേയില്ലല്ലോ അതെന്താ?’‘
കൊളസ്റ്റോമിക്ലോഷന്‍ ഓപ്പറേഷനു ശെഷം ഒട്ടും യാത്ര ചെയ്യാന്‍ പറ്റാത്ത വിധം ഉണ്ടായ ബുദ്ധിമുട്ടുകളെ പറ്റി ഞാന്‍ പറഞ്ഞു. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും ഡോക്ടര്‍ പറഞ്ഞേക്കുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു. പക്ഷെ അതുണ്ടായില്ല. അദ്ദേഹം ചോദിച്ചു
‘’ ഇപ്പോള്‍ പ്രത്യേകിച്ചെന്തെങ്കിലും വല്ല വിശേഷവുമുണ്ടോ?’‘
‘’ ഒന്നുമില്ല ഇപ്പോള്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടില്ലാത്തതുകൊണ്ട് ചെക്കപ്പിനായി വന്നതാണ്’‘
ഡോക്ടര്‍ രക്തംപരിശോധിക്കാനും അള്‍ട്രാസ്കാന്‍ ചെയ്യാനും എഴുതിതന്നു. ഞാന്‍ ലാബില്‍ പോയി രക്തം പരിശോധിക്കാന്‍ കൊടുത്തു. റിസല്‍റ്റ് നാളയേ കിട്ടു. നാളെ സ്കാന്‍ ചെയ്യാനായി ബുക്കു ചെയ്യുകയും ചെയ്തു.
മാര്‍ച്ച് – 1 വെള്ളി
ഇന്നും ഞാന്‍ തനിച്ചാണ് ആശുപത്രിയില്‍ പോയത് ആദ്യം സ്കാന്‍ ചെയ്തു. അതിനു ശേഷം ലാബില്‍ ചെന്ന് ഇന്നലെ കൊടുത്ത എന്റെ രക്തത്തിന്റെ ടെസ്റ്റ് റിപ്പോര്‍ട്ട് മേടിച്ചു.
റിപ്പോര്‍ട്ടിലേക്കു നോക്കിയപ്പോള്‍ ഒരു നിമിഷം ഞാന്‍ അന്തം വിട്ടു പോയി. ഞാന്‍ വീണ്ടും ലാബ് റിപ്പോര്‍ട്ട് ശ്രദ്ധയോടെ വായിച്ചു. അതില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. CEA – 20.52 ngl ml അതിനടുത്തുതന്നെ നോര്‍മല്‍ വാല്യു എഴുതിട്ടുണ്ട് അത് പൂജ്യം മുതല്‍ മൂന്നുവരെയാണ്. ഇതെനിക്കു നേരത്തെ അറിയാം ഇതിനു മുമ്പു നടത്തിയിട്ടുള്ള സി ഇ എ ടെസ്റ്റുകളിലെല്ലാം റിസല്‍റ്റ് മൂന്നില്‍ താഴെ ആയിരുന്നു ഇതിപ്പോള്‍ 3.1 എന്നോ 3.5 എന്നോ അല്ലെങ്കില്‍ 4 എന്നോ കണ്ടിരുന്നെങ്കില്‍ എനിക്കു മനസിലാകുമായിരുന്നു. മൂന്നില്‍ താഴെ നിന്നു ഇരുപതിനു മുകളിലേക്കൊരു ചാട്ടമോ?
രണ്ടു മണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് ആമോസ് ഡോക്ടറെ കണ്ടത്. ഡോക്ടര്‍ പറഞ്ഞു.
‘’ കുറച്ചു പ്രശ്നമുണ്ട്. സി ടി സ്കാന്‍ ചെയ്യണം. അതിനു ശേഷമേ വ്യക്തമായും പറയാന്‍ കഴിയൂ’‘
പ്രശ്നമെന്നു പറഞ്ഞാല്‍ എന്താണെന്നു ഞാന്‍ ചോദിച്ചില്ല. ചോദിക്കാതെ തന്നെ ഊഹിക്കാനുള്ളതല്ലേയുള്ളു കുടലിലോ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ കാന്‍സര്‍ വീണ്ടും ബാധിച്ചിട്ടുണ്ടാകും. തിങ്കളാഴ്ചത്തെ സി ടി സ്കാന്‍ കഴിയുന്നതിനു മുമ്പ് , ഇതിനി എല്ലാവരോടും കൊട്ടി ഘോഷിക്കേണ്ട എന്നു കരുതി ഞാനാരേയും വിളിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല.
മാര്‍ച്ച് – 4 തിങ്കള്‍
സി ടി സ്കാന്‍ ചെയ്യുന്ന വിവരം ഞാനിന്നലെ മകനോടു പറഞ്ഞിരുന്നു. അതുകൊണ്ട് അവനും ഇന്നു എന്നോടൊപ്പം ആശുപത്രിയില്‍ വന്നു. സ്കാന്‍ ചെയ്യാന്‍ താമസമൊന്നും വന്നില്ല. അതിന്റെ റിപ്പോര്‍ട്ടുകളുമായി ആമോസ് ഡോക്ടറെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു.
‘’ വന്‍ കുടലിനു ഇപ്പോള്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍ ലിവറിന്റെ രണ്ടു ഭാഗത്ത് പുതുതായി കാന്‍സര്‍ ബാധിച്ചിട്ടുണ്ട്. അതിലൊന്ന് അല്‍പ്പം വലുതും കുറെ ആഴത്തിലുള്ളതുമാണ്’‘
‘’ ഇനിയെന്താണ് ചെയ്യേണ്ടത്’‘
‘’ ഇപ്പോഴൊന്നും ചെയ്യാനില്ല ബുധനാഴ്ച ഗംഗാധരന്‍ സാര്‍ വരും. അപ്പോള്‍ സാറിനെ കാണുക എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം തീരുമാനിക്കും’‘
പിന്നെ അധികസമയം ഞങ്ങള്‍ ആശുപത്രിയില്‍ നിന്നില്ല. വഴിക്കെങ്ങും വണ്ടി നിറുത്താതെ നേരെ വീട്ടിലേക്കു പോന്നു.
2013 മാര്‍ച്ച് 6 ബുധന്‍
രാത്രി ഒന്‍പതു മണി കഴിഞ്ഞാണ് ഗംഗാധരന്‍ ഡോക്ടറെ കണ്ടത്. ആമോസ് ഡോക്ടര്‍ പറഞ്ഞതനുസരിച്ചു ഞാന്‍ മുറിയിലുണ്ടായിരുന്ന കട്ടിലില്‍ കിടന്നു. മൂന്നു നാലു മിനിറ്റിനകം അടുത്ത മുറിയില്‍ നിന്നും ഗംഗാധരന്‍ ഡോക്ടറെത്തി. ഒരു നിമിഷം എന്റെ മുഖത്തു നോക്കി നിന്നു.
‘’ ബാഹുലേയന്‍ ….?’‘
‘’ അതെ’‘
ഡോക്ടര്‍ വലതുകൈ ഉയര്‍ത്തി കറുത്തതും വെളുത്തതുമായ തന്റെ താടിരോമങ്ങള്‍ തടവിക്കൊണ്ട് അല്‍പ്പസമയം നീന്നു. അതിനു ശേഷം എന്റെ കട്ടിലിനടുത്തേക്കു വന്ന് ശാന്തമായി ചോദിച്ചു.
‘’ വീടെവിടെയാണ്?’‘
‘’ തലയോലപ്പറമ്പിനടുത്താണ്’‘
‘’ താമസം ഇത്രയടുത്തായിട്ടും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഒരു ദിവസം പോലും ചെക്കപ്പിനു വരാതിരുന്നതെന്താണ്?’‘
വളരെ ന്യായമെന്നു ഞാന്‍ ധരിച്ചു വച്ചിരുന്ന കാര്യങ്ങളില്‍ ചിലത് പറയാന്‍ ശ്രമിച്ചെങ്കിലും അതില്‍ ഞാന്‍ വിജയിച്ചില്ല എന്നു എനിക്കു തന്നെ ബോധ്യമായി. ഡോക്ടര്‍ വീണ്ടും പറഞ്ഞു.
‘’ കൃത്യസമയങ്ങളില്‍ ചെക്കപ്പു ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത്തെ ഈ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു ‘’
‘’ ഇനി എന്താണു ചെയ്യേണ്ടത്?’‘
‘’ ഇപ്പോള്‍ നമുക്കറിയാവുന്നത് രോഗം ലിവറിലേക്കു ബാധിച്ചിട്ടുണ്ടെന്നു മാത്രമാണ്. ഇനിയറിയേണ്ടത് രോഗം ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളില്‍ ബാധിച്ചിട്ടുണ്ടോ എന്നാണ് അതിനു ബോഡി സ്കാന്‍ ചെയ്യണം’‘
‘’ ചെയ്യാം ‘’
‘’ എറണാകുളത്ത് അമൃതാ ഹോസ്പ്പിറ്റലില്‍ അതിനുള്ള സൗകര്യമുണ്ട് ഞാനൊരു കത്തു തരാം സ്കാന്‍ ചെയ്തതിന്റെ റിപ്പോര്‍ട്ടു കിട്ടിയ ശേഷമേ ഇനി എന്തു ചെയ്യണമെന്ന് തീരുമാനിക്കാന്‍ പറ്റു’‘
രാത്രി പത്തുമണിക്കാണ് ഡോക്ടറുടെ മുറിയില്‍ നിന്നും പുറത്തിറങ്ങുന്നത്. അപ്പോള്‍ മുറിയുടെ പുറത്ത് ഒരു സിസ്റ്റര്‍ ഉറക്കെ വിളിച്ചു ചോദിക്കുന്നത് കേട്ടു.
‘’ ഗംഗാധരന്‍ ഡോക്ടറെ കാണാന്‍ വന്നവരില്‍ ഇനി ആരെങ്കെലും ഇവിടെയുണ്ടോ?’‘
ഒരു മിനിറ്റു കഴിഞ്ഞപ്പോള്‍ ചോദ്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നതു കേട്ടു. രാത്രി എത്രമണി ആയാലും തന്നെ കാണാന്‍ വന്നവരെ മുഴുവന്‍ കണ്ടിട്ടേ ഗംഗാധരന്‍ ഡോക്ടര്‍ വീട്ടില്‍ പോകൂ എന്നു കേട്ടിരുന്നു. കേട്ടത് ശരിയാണെന്ന് ഇപ്പോള്‍ ബോധ്യമാകുകയും ചെയ്തു.
സാധാരണയായി രാത്രി പത്തു മണിക്കുറങ്ങുന്ന ശീലം എനിക്കില്ല പക്ഷെ ഇന്നെന്തോ എനിക്കു ഭയങ്കര ഉറക്കക്ഷീണം. മടക്കയാത്രയില്‍ സീറ്റില്‍ ചാരിയിരുന്ന് ഞാന്‍ ഉറങ്ങാന്‍ ശ്രമിച്ചു.
Generated from archived content: orma10.html Author: bhahuleyan_puzhavelil
Click this button or press Ctrl+G to toggle between Malayalam and English