സിംഗപ്പൂർ വിശേഷം- 8

സിംഗപ്പൂരിനു മീതെ ഒരു ബലൂൺ യാത്ര

ടൂറിസ്‌റ്റുകളെ ആകർഷിക്കാൻ ഇവരെന്തും ചെയ്യും. അതിന്‌വേറൊരു ഉദാഹരണമാണ്‌ ബുഗ്ഗീസ്‌ എന്ന സ്‌ഥലത്തുള്ള DHL ബലൂൺ. ഈ ബലൂണിൽ കയറി 150 മീറ്റർ ഉയരത്തിൽ എത്തിയാൽ, സിംഗപ്പൂർ മാത്രമല്ല, ചില അയൽ രാജ്യങ്ങളും കാണാം. ഇതു സാഹസികരായ ചെറുപ്പക്കാർക്കു മാത്രമുള്ള ഒരു വിനോദ പരിപാടി അല്ല. കൊച്ചു കുട്ടികൾ മുതൽ തൊണ്ണൂറുവയസ്സുള്ള അമ്മൂമ്മമാർവരെ ഇതിൽ കയറി സുഖമായും സുരക്ഷിതമായും സിംഗപ്പൂരിനു മുകളിലൂടെ പറക്കുന്നു.

സിറ്റിയുടെ തിരക്കുള്ള ഒരു സ്‌ഥലത്താണ്‌ ഈ ബലൂൺ യാത്ര ഒരുക്കിയിരിക്കുന്നത്‌. 2006 യ് മാസത്തിലാണ്‌ DHL ബലൂൺ ഈ പരിപാടി ഇവിടെ തുടങ്ങിയത്‌. താഴെ ഗ്രൗണ്ടിൽ നിന്നു നിയന്ത്രിക്കാൻ സംവിധാനം ഉള്ളതും ഹീലിയം നിറച്ചതുമായ ഈ ബലൂൺ, ലോകത്തിൽ ഇത്തരത്തിൽ ഉള്ളതിൽവച്ച്‌ ഏറ്റവും വലുതാണന്നവർ പറയുന്നു. ഒന്നു സത്യമാണ്‌. ബലൂൺ വളരെ വളരെ വലുതാണ്‌. കൃത്യമായി പറഞ്ഞാൽ 6500 ക്യൂബിക്‌ മീറ്ററാണ്‌ വലിപ്പം.

ബലൂണിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ഫ്ലാറ്റ്‌ ഫോമിലാണ്‌ യാത്രക്കാർക്ക്‌ സുരക്ഷിതമായി ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്‌. ബലൂൺ ബലമുള്ള കേബിൾകൊണ്ട്‌ ഗ്രൗണ്ടുമായി ബന്ധിച്ചിട്ടുണ്ട്‌. ഹീലിയം വാതകം നിറച്ചിട്ടുള്ളതുകൊണ്ട്‌ കേബിൾ അയച്ചുകൊടുത്താൽ ബലൂൺ തനിയെ മുകളിലോട്ടുയരും. 150 മീറ്റർ ഉയരം വരെ ഇതു സഞ്ചരിക്കും. ബലൂൺ താഴോട്ടു വലിച്ചിറക്കുന്നതും കേബിളിന്റെ സഹായത്തിലാണ്‌.

ബലൂണിന്റെ പ്രവർത്തനസമയം രാവിലെ 11 മണി മുതൽ രാത്രി 9.30 മണിവരെയാണ്‌. ഓരോ അരമണിക്കൂറിലും ഒരു യാത്ര എന്നതാണ്‌ കണക്ക്‌. ഒരേസമയം 30 പേർക്ക്‌ ഇതിൽ സഞ്ചരിക്കാം. കാലാവസ്‌ഥ അനുകൂലമല്ലെങ്കിൽ യാത്രാക്കാരുടെ എണ്ണം കുറക്കുകയോ യാത്ര നിറുത്തിവയ്‌ക്കുകയോ ചെയ്യും. വളരെ ശാന്തമായ സുഖകരമായ ഒരു യാത്രയാണിത്‌. ചെറിയ കാറ്റിൽ ബലൂണിനും യാത്രക്കാർക്കും ഒരു ചാഞ്ചാട്ടമുണ്ടാകും. അത്‌ ഈ യാത്രയുടെ ഒരു പ്രത്യേകതയാണ്‌. പേടിക്കാനൊന്നുമില്ല.

ഞാനീ ബലൂണിനടുത്ത്‌ ആദ്യം എത്തുന്നത്‌ മണി (എന്റെ ഭാര്യ) യോടൊപ്പമാണ്‌. ബുഗ്ഗീസിനടുത്ത്‌ ശ്രീകൃഷ്‌ണന്റെ ഒരമ്പലമുണ്ട്‌. ഞങ്ങൾ അവിടെ വന്നതായിരുന്നു. അമ്പലത്തിൽ നിന്നും പുറത്തേക്കിറങ്ങി ആകാശത്തേക്കു നോക്കിയപ്പോൾ ഈ വലിയ ബലൂണും അതിലെ യാത്രക്കാരെയുമാണ്‌ കണ്ടത്‌. എന്നാൽ ഇതിലൊന്നും കയറിയിട്ടു തന്നെ കാര്യമെന്നുകരുതി, ഞങ്ങൾ ബലൂൺ നിറുത്തുന്ന സ്‌ഥലത്തെത്തി.

ഞങ്ങൾ ചെല്ലുമ്പോൾ ബലൂൺ താഴെയുണ്ട്‌. യാത്രക്കാർക്ക്‌ ഇരിക്കാനുള്ള ഭാഗം താഴെ നിലത്തുമുട്ടിനിൽക്കുകയാണ്‌. അതിനുമുകളിൽ ആകാശത്തേക്കു പൊങ്ങാൻ തയ്യാറായിനിൽക്കുന്ന ബലൂൺ. അതിൽ കയറാൻ വന്നിരിക്കുന്നതിൽ കുട്ടികളും സ്‌ത്രീകളുമുണ്ട്‌. അവർ കയറുന്നതും നോക്കി, ഞങ്ങൾ അല്‌പം അകലെ മാറിനിന്നു. മൂന്നും നാലും വയസ്‌ പ്രായം തോന്നിക്കുന്ന നാലഞ്ചുകുട്ടികൾ വളരെ ഉത്സാഹത്തോടെയാണ്‌ അതിൽ കയറുന്നത്‌. കുറച്ചു കഴിഞ്ഞപ്പോൾ ബലൂൺ ഉയരാൻ തുടങ്ങി. അതിനുള്ളിലിരുന്ന്‌ കൊച്ചുകുട്ടികൾ, താഴെ നിൽക്കുന്നവരെ നോക്കി കൈ വീശുന്നതുകണ്ടു. ബലൂൺ മുകളിലോട്ടുയർന്നതോടെ, എല്ലാവരുടെയും നോട്ടം മുകളിലേക്കായി. മുപ്പത്തഞ്ചും നാല്‌പതും നിലയുള്ള കെട്ടിടങ്ങളെ താഴെയാക്കി, ബലൂൺ വീണ്ടും മുകളിലേക്കുയർന്നു. പെട്ടന്ന്‌ കാറ്റിനു ശക്തികൂടിയതുപോലെ എനിക്കു തോന്നി. ബലൂൺ കാറ്റിന്റെ ഗതി അനുസരിച്ച്‌ ചെറുതായി ആടുന്നുണ്ട്‌. കാറ്റത്തുചാഞ്ചാടുന്ന ബലൂണിനെയും അതിലെയാത്രക്കാരെയും നോക്കി അന്തംവിട്ടുനിൽക്കുകയാണ്‌ മണി. ഞാൻ പറഞ്ഞുഃ

“അടുത്ത യാത്രയിൽ നമുക്കു കയറാം. ഞാൻ പോയി ടിക്കറ്റെടുത്തുകൊണ്ടുവരാം.”

“ഒരു ടിക്കറ്റു മതി.

”അതെന്താ?“

”ഞാൻ കയറുന്നില്ല. എനിക്കു പേടിയാണ്‌.“

അവസാനം ബലൂണിൽ കയറാതെ ഞങ്ങൾ തിരിച്ചു പോന്നു.

പിറ്റെ ദിവസം തനിച്ചും ഞാൻ ബുഗ്ഗീസിൽ എത്തി. ബലൂണിൽ കയറാൻ വേണ്ടിമാത്രം വന്നതാണ്‌. ബലൂൺ താഴെയുണ്ട്‌. ഗ്രൗണ്ടിൽ തിരക്കൊന്നുമില്ല. അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി കാലാവസ്‌ഥ അനുകൂലമല്ലാത്തതിനാൽ ഇന്നു ബലൂൺ യാത്ര ഇല്ലെന്നാണ്‌.

ഒരു മാസം കഴിഞ്ഞ്‌ ഞാൻ വീണ്ടും ബലൂണിനടുത്തെത്തി. കാർമേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശം. ചെറിയ കാറ്റുപോലുമില്ല. താഴെ ടൂറിസ്‌റ്റുകളുടെ വലിയതിരക്ക്‌. അന്നത്തേക്കുള്ള ടിക്കറ്റുകളെല്ലാം നേരത്തെതന്നെ വിറ്റുകഴിഞ്ഞിരുന്നു. അതുകൊണ്ട്‌ അന്നും എനിക്ക്‌ ബലൂണിൽ കയറാൻ സാധിച്ചില്ല. പിന്നെ കുറെ കാലത്തേക്ക്‌ പലകാരണങ്ങൾ കൊണ്ട്‌ എനിക്ക്‌ DHL ബലൂണിനടുത്ത്‌ വരാൻ സാധിച്ചില്ല. ഒരു വർഷത്തെ സിംഗപ്പൂർ താമസം കഴിഞ്ഞ്‌, തിരിച്ചു പോരാൻ ടിക്കറ്റു ബുക്കു ചെയ്‌തു കഴിഞ്ഞപ്പോൾ ബലൂണിൽ കയറിയില്ലല്ലോ എന്നോർത്തു. സിംഗപ്പൂർ വിടുന്നതിന്‌ മൂന്നു ദിവസം മുമ്പ്‌ ഞാൻ വീണ്ടും അവിടെ എത്തി. അറ്റകുറ്റപണികൾക്കായി രണ്ടാഴ്‌ചത്തേക്കു ബലൂൺ യാത്ര നിറുത്തി വച്ചിരിക്കയാണന്നവിവരം അപ്പോഴാണ്‌ ഞാനറിയുന്നത്‌. അന്നു വേറൊരിടത്തേക്കും പോകാൻ താല്‌പര്യമില്ലാതിരുന്നതുകൊണ്ട്‌, ഞാൻ വേഗം താമസസ്‌ഥലത്തേക്കു മടങ്ങി.

മലയാളത്തിലെഴുതിയ ഒരു ബോർഡ്‌ – ശ്രീനാരയണ മിഷൻ

പ്രസാദിന്റെ ഒരു സുഹൃത്തിനെ കാണാനാണ്‌ ഞാൻ യുഷിൻ എന്ന സ്‌ഥലത്ത്‌ ആദ്യമായി പോയത്‌. ട്രയിനിലായിരുന്നു യാത്ര. അങ്ങ്‌മോക്കിയയിൽ നിന്നും മൂന്നാമത്തെ സ്‌റ്റേഷനാണ്‌ യിഷുൻ.

റയിൽവേ സ്‌റ്റേഷനിൽ നിന്നും ഇറങ്ങി മുന്നോട്ടു നടക്കുമ്പോൾ, ആദ്യം കാണുന്ന റോഡിലൂടെ ഇടത്തേക്കു പോകണമെന്ന്‌ പ്രസാദ്‌ പറഞ്ഞിരുന്നു. മേൽവിലാസവും ഫോൺ നമ്പരുമെല്ലാം എന്റെ പോക്കറ്റിൽ ഉണ്ടായിരുന്നതുകൊണ്ട്‌ ആരോടും ഒന്നും ചോദിക്കാതെ ഞാൻ മുന്നോട്ടു നടന്നു. റോഡിൽ വലിയ തിരക്കൊന്നുമില്ല. ഫുട്‌പാത്തിലൂടെ പലരും നടക്കുന്നുണ്ട്‌. കുറച്ചുദൂരം നടന്നപ്പോൾ, റോഡിന്റെ ഇടതുവശത്തായി മതിലും ഗയിറ്റുമൊക്കെയുള്ള ഒരു വലിയ കെട്ടിടം കണ്ടു. കെട്ടിടത്തിന്റെ മുന്നിൽ എഴുതിവച്ചിട്ടുള്ള ബോർഡ്‌ കണ്ട്‌ ഞാൻ അത്ഭുതപ്പെട്ടു. മലയാളത്തിലെഴുതിയ ഒരു വലിയ ബോർഡ്‌. സിംഗപ്പൂരിലെ തെരുവിൽ, ഇങ്ങനെയൊരു മലയാളം ബോർഡുകാണുമെന്ന്‌ ഞാൻ പ്രതീക്ഷിച്ചതേയില്ല.

ബോർഡിലേക്കു നോക്കി ഒരു മിനിട്ടു നേരം ഞാൻ നിന്നു. അതിൽ മലയാളത്തിൽ എഴുതിയിരിക്കുന്നു. ശ്രീനാരായണമിഷൻ. അടിയിൽ ഇത്രയും വലിപ്പത്തിലല്ലെങ്കിലും ശ്രീനാരായണ മിഷൻ എന്ന്‌ ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്‌.

ഇവിടെ ഒന്നു കയറിയിട്ടു പോകാമെന്നു കരുതി, ഗയിറ്റുകടന്ന്‌ ഞാൻ കെട്ടിടത്തിന്റെ അടുത്തേക്കു ചെന്നു. ഒരു വലിയ മരത്തിന്റെ തണലിൽ രണ്ടുമൂന്നു കാറുകൾ പാർക്ക്‌ ചെയ്‌തിട്ടുണ്ട്‌. മലയാളം കേൾക്കുകയും മലയാളികളെ കാണുകയും ചെയ്യാമല്ലോ എന്നു കരുതി, കെട്ടിടത്തിന്റെ അകത്തേക്കു കയറിയ എനിക്കു തെറ്റി. പ്രായാധിക്യത്താൽ നടക്കാൻപോലും ബുദ്ധിമുട്ടുള്ള കുറെപേരെയാണ്‌ ഞാനവിടെ കണ്ടത്‌. സംസാരിക്കുകയും ചിരിക്കുകയും ചെയ്‌ത്‌ ഒറ്റക്കും കൂട്ടുചേർന്നും അവർ സാവധാനം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. എല്ലാവരും ചൈനാക്കാർ. വേറെയാരുമില്ല. അടുത്തുള്ള ഓഫീസ്‌ മുറിയിലേക്കു ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ചൈനാക്കാരി പെൺകുട്ടി സഹായത്തിനെത്തി. അവിടെ ഇരുന്ന്‌ അഞ്ച്‌ മിനിട്ടു സംസാരിച്ചപ്പോൾ അവർ പറഞ്ഞു.

”രോഗികളും നോക്കാൻ സ്വന്തക്കാരില്ലാത്തവരുമായ വൃദ്ധജനങ്ങളെ ഞങ്ങളിവിടെ സംരക്ഷിക്കുന്നു. താമസവും ഭക്ഷണവും മാത്രമല്ല, വൈദ്യസഹായവും സൗജന്യമാണ്‌. ഞങ്ങളുടെ പ്രധാനവരുമാനമാർഗ്ഗം ഗവൺമെന്റിൽ നിന്നുള്ള സഹായമാണ്‌. പിന്നെ നാട്ടുകാരിൽ നിന്നുള്ള സംഭാവനകളും സ്വീകരിക്കും.“

അവർ എന്നെ മുകളിലത്തെ നിലയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ ഗുരുദേവന്റെ വലിയ ഒരു വിഗ്രഹമുണ്ട്‌. നമ്മുടെ നാട്ടിൽ ഗുരുമന്ദിരങ്ങളിലും ഗുരുദേവക്ഷേത്രങ്ങളിലും കാണാറുള്ള അതെ രൂപം തന്നെ. ഒരു ചെറിയ വ്യത്യാസം കണ്ടത്‌ നെറ്റിയിലെ ഭസ്‌മക്കുറിയും അതിനുള്ളിലെ ചുവന്നപൊട്ടുമാണ്‌. കൂടാതെ മഞ്ഞ തുണികൊണ്ട്‌ തലയുടെ മുകൾഭാഗം മൂടിയിട്ടുമുണ്ട്‌. പൂജാകർമ്മങ്ങൾ മുടങ്ങാതെ ചെയ്യുന്നത്‌ പാലക്കാട്ടു നിന്നും എത്തിയിട്ടുള്ള ഒരു പൂജാരിയാണ്‌. എല്ലാ ഞായറാഴ്‌ച വൈകുന്നേരവും ഇവിടെ പ്രാർത്ഥനയുണ്ട്‌. ആർക്കുവേണമെങ്കിലും അതിൽ പങ്കെടുക്കാം. ധാരാളം മലയാളികൾ ഞായറാഴ്‌ച ദിവസം പ്രാർത്ഥനക്കെത്തുമെന്നു അവർ പറഞ്ഞു. മൂന്നാമത്തെ നിലയിലാണ്‌ ലൈബ്രറി.

അടുത്ത ഞായറാഴ്‌ച രാജപ്പനെയും (ജീവന്റെ അച്ഛൻ) കൂട്ടി വീണ്ടും ഇവിടെ വരണമെന്നു തീരുമാനിച്ചാണ്‌ ഞാനവിടെ നിന്നും പുറത്തേക്കിറങ്ങിയത്‌.

Generated from archived content: essay2_may18_10.html Author: bhahuleyan_puzhavelil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here