ഇവിടെ ചൈനാക്കാർക്കിടയിൽ കുടവയർ ഉള്ള ആരെയും ഞാൻ കണ്ടില്ല. അതിനു പല കാരണങ്ങൾ ഉണ്ടാകാം. പക്ഷേ ഒരു പ്രധാന കാരണമാായി ഞങ്ങളുടെ അയൽക്കാരനായ രാജൻ പറഞ്ഞത് ഇതാണ്.
“ഈ ചീനമ്മാരെല്ലാം സന്ധ്യക്കു മുമ്പായി അത്താഴം കഴിക്കും. വൈകുന്നേരം ആറുമണിക്ക് ഫുഡ് കോർട്ടുകളിലുള്ള തിരക്കു കണ്ടിട്ടില്ലേ? രാത്രി ഉറങ്ങുന്നതിന് മൂന്നുനാലു മണിക്കൂർ മുമ്പ് അത്താഴം കഴിക്കുന്നതാണ് ഇവരുടെ ശീലം.”
രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്ന ചീനന്മാരെയും ഞാൻ കണ്ടിട്ടുണ്ട്. എന്നാലും രാജൻ പറഞ്ഞത് സത്യമാണ്. പൊതുവെ, ഇവർ വളരെ നേരത്തെ അത്താഴം കഴിക്കുന്നവരാണ്.
അല്‌പം ഭക്ഷണക്കാര്യം
സിംഗപ്പൂരിൽ വരുന്നവർ ഇവിടത്തെ ഏതെങ്കിലും ഒരു നാടൻ ഭക്ഷണമെങ്കിലും കഴിക്കാതെ തിരിച്ചു പോകാറില്ല. അങ്ങനെ തിരിച്ചുപോയാൽ അവർ സിംഗപ്പൂർ കണ്ടിട്ടില്ല എന്നു കരുതിയാൽ മതി. ഇതും രാജന്റെ അഭിപ്രായമാണ്.
വളരെയധികം വിനോദസഞ്ചാരികൾ എത്തുന്ന സ്‌ഥലമായതുകൊണ്ട് ഇവിടെ ധാരാളം വലിയ ഹോട്ടലുകളുണ്ട്. നല്ല ഹോട്ടലുകൾ അധികവും ഓർച്ചാർഡ് റോഡും പരിസരത്തുമാണ്. ചൈനാടൗണിലും സിംഗപ്പൂർ പുഴക്കടുത്തുള്ള ഭക്ഷണശാലകളിലും വിദേശികളടക്കം ഭക്ഷണം കഴിക്കാനെത്തുന്നവരുടെ തിരക്ക് എപ്പോഴും കാണാം. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഒരു ചെറിയ കാര്യം പോലും വളരെ ഭംഗിയായി ആകർഷകമായി അവതരിപ്പിക്കുന്നവരാണ് ഈ നാട്ടുകാർ. ഇവരുടെ ചിലഭക്ഷണം പോലും ടൂറിസ്‌റ്റുകളെ ആകർഷിക്കാനുള്ള ഒരു ഐറ്റമായി ഇവർ മാറ്റിക്കൊണ്ടിരിക്കയാണെന്നു തോന്നുന്നു. അയൽ രാജ്യത്തുനിന്നുമെത്തിയ പല വിനോദസഞ്ചാരികളും ചില പ്രത്യേകതരം ഭക്ഷണം ലഭിക്കുന്ന ഫുഡ്‌കോർട്ടുകൾ എവിടെയാണുള്ളതെന്ന് അന്വേഷിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
നമ്മുടെ നാട്ടിലുള്ള റെസ്‌റ്റോറന്റുകളിൽ നിന്നും ഫുഡ് കോർട്ടുകളിൽ നിന്നും വിഭിന്നമാണ് സിംഗപ്പൂരിലെ ഫുഡ് കോർട്ടുകൾ. ഒരു മുറിയിലോ കെട്ടിടത്തിന്റെ ഒരു ഹാളിലോ മാത്രം ഒതുങ്ങുന്നതല്ല ഇത്. വരാന്തകളിലും പുറത്തു തുറസായ സ്‌ഥലത്തും നടപ്പാതയിലും മരങ്ങളുടെ ചുവട്ടിലുമൊക്കെ മേശയും കസേരയും നിരത്തിയിട്ടിട്ടുണ്ടാകും. വിവിധ ഇനത്തിലുള്ള ഭക്ഷണം തയ്യാറാക്കി തരുന്ന കുറെ സ്‌റ്റാളുകൾ ഓരോ ഫുഡ് കോർട്ടിലുമുണ്ടാകും. ആവശ്യമുള്ളതുവാങ്ങി നമുക്കിഷ്‌ടമുള്ള ഏതു ടേബിളിനടുത്തു പോയിരുന്നുകഴിക്കാം. ഓർഡർ ചെയ്‌താൽ ചില വിഭവങ്ങൾ നമ്മുടെ ടേബിളിനടുത്തു കൊണ്ടുവന്നുതരികയും ചെയ്യും. പലയിടത്തും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവർക്കിടയിലൂടെയാണ് നാട്ടുകാർക്കു നടന്നുപോകാനുള്ള വഴി. വൈകുന്നേരം കുടുംബസമേതമാണ് പലരും എത്തുന്നത്. കൊച്ചുകുട്ടികൾ ശബ്‌ദവും ബഹളവും ഉണ്ടാക്കാതെ അച്ഛനമ്മമാരുടെ അടുത്തിരുന്നു ചോപ്‌സ്‌റ്റിക് ഉപയോഗിച്ചും ഭക്ഷണം കഴിക്കുന്നതു കാണാം. അടുത്ത ടേബിളിൽ ഭക്ഷണത്തോടൊപ്പം ബിയർ കുപ്പിയും ഗ്ലാസും ഉണ്ടാകും. അതിനടുത്ത ടേബിളിൽ ശബ്‌ദം താഴ്‌ത്തിയാണെങ്കിലും വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന രണ്ടു പെൺകുട്ടികളായിരിക്കും. ഇതിനൊക്കെ ഇടയിലൂടെയാണ് ജോലികഴിഞ്ഞ് വീട്ടിലേക്കു പോകുന്നവരുടെയും സാധനങ്ങൾ വാങ്ങാൻ അടുത്ത കടയിലേക്കു പോകുന്നവരുടെയും നടപ്പ്. ആരും മറ്റുള്ളവരെ ശ്രദ്ധിക്കുന്നതേയില്ല. അതേസമയം മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ അങ്ങേയറ്റം ശ്രദ്ധിക്കയും ചെയ്യും.
വൃക്ഷങ്ങളുടെ തണലിലിരുന്നു മനസമാധാനത്തോടെ ഭക്ഷണം കഴിക്കാം. കാരണം കാക്കകൾ മുകളിലിരുന്നു ശല്യപ്പെടുത്തുമെന്ന പേടിവേണ്ട. ചീത്തസാധനങ്ങൾ കൊത്തിവലിച്ചിട്ടു നാടുവൃത്തികേടാക്കാൻ ഇവിടെ കാക്കകളില്ല. കാക്കകളെയെല്ലാം വെടിവച്ചുകൊന്ന് അവർ ഇതൊരു കാക്കയില്ലാത്ത രാജ്യമായി മാറ്റി.
പലപ്പോഴും വൈകുന്നേരത്തെ എന്റെ ചായ ഫുഡ് കോർട്ടുകളിൽ നിന്നാണ് ഇടക്കൊക്കെ രാത്രിയിൽ ഞങ്ങൾ കുടുംബസഹിതം ഫുഡ് കോർട്ടുകളിൽ പോയി ഭക്ഷണം കഴിക്കും.
നഗരത്തിലെ തിരക്കില്ലാത്ത മൈതാനത്ത് ഭക്ഷണസാധനങ്ങളുടെ ഒരു പ്രദർശനവും വില്‌പനയും കാണാം. തൽക്കാല ആവശ്യത്തിലേക്ക് കെട്ടി ഉണ്ടാക്കിയ പത്തറുപതു സ്‌റ്റാളുകൾ. ഓരോ സ്‌ഥലത്തും ഓരോ തരത്തിലുള്ള ഭക്ഷണ സാധനങ്ങളാണ് ഉണ്ടാക്കുന്നത്. വൈകുന്നേരം ഇവിടെ വലിയ തിരക്കായിരിക്കും, അളുകൾ അവർക്കിഷ്‌ടപ്പെട്ട വിഭവങ്ങൾ വാങ്ങി അവിടെ ഇരുന്നു തന്നെ കഴിക്കും. ഒരു എക്‌സിബിഷൻ കാണുന്നതാല്‌പര്യത്തോടെ ഞാൻ എല്ലാം നടന്നുനോക്കും. ഒരു സ്‌റ്റാളിന്റെ മുമ്പിൽ ചെന്നപ്പോൾ അഞ്ചാറുതരം സൂപ്പുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഞാനൊരു ചിക്കൻ സൂപ്പ് വാങ്ങി. കുഴപ്പമില്ല. നമുക്കു ഇഷ്‌ടപ്പെടുന്നതരത്തിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ആകെ എട്ടോപത്തോ ദിവസത്തെ കച്ചവടമേ ഇവിടെ കാണൂ. പിന്നെ കുറെ അകലെ വേറെ ഏതെങ്കിലും സ്‌ഥലത്തായിരിക്കും ഈ കടകൾ ഉയർന്നുവരിക.
സിംഗപ്പൂരിലെ നാടൻ വിഭവങ്ങളിൽ രണ്ടുമൂന്നെണ്ണം എനിക്കിഷ്‌ടപ്പെട്ടു. അതിലൊന്ന് ചില്ലി ക്രാബ് ആണ്. ചാറോടുകൂടി ഒരു ഞണ്ടുകറി. ധൈര്യമായി കറിയിലേക്കു നമുക്കു കൈ ഇടാം. ഞണ്ട് ഇറുക്കുമെന്നോ അടുത്തിരുന്നു ഭക്ഷണം കഴിക്കുന്നവർ വെറുപ്പോടെ നോക്കുമെന്നോ പേടിക്കേണ്ട. ഈ കറി കൈവിരൽ ഉപയോഗിച്ചു തന്നെയാണ് എല്ലാവരും കഴിക്കുന്നത്.
ലക്‌സാ എന്നു പറയുന്ന, ന്യൂഡിൽസ് ചേർത്ത ഭക്ഷണവും എനിക്കിഷ്‌പ്പെട്ടു. വലിയ കുഴിയൻ പിഞ്ഞാണിയിൽ മുക്കാൽ ഭാഗത്തോളം വരുന്ന ഏതോ കറിയുടെ ചാറിലാണ് നൂഡിൽസ് കൂടെ മുട്ട, ചിക്കൻ തുടങ്ങി പലതും ചേർത്തിട്ടുണ്ട്.
യാത്രക്കിടയിൽ ചിലപ്പോൾ ഉച്ചയ്‌ക്ക് പുറത്തുനിന്നും ഭക്ഷണം കഴിക്കേണ്ടിവരും. അപ്പോഴൊക്കെ ഒരുതരം ചിക്കൻ റൈസാണ് എനിക്കിഷ്‌ടം. ഒരു ചെറിയ പ്ലേറ്റിൽ പ്രത്യേകതരത്തിൽ വേവിച്ചെടുത്ത അല്‌പം ചോറ്. വേറൊരു പ്ലേറ്റിൽ മസാലയും മുളകുമൊന്നും ചേർക്കാതെ വേവിച്ചെടുത്ത ഏഴെട്ടുചിക്കൻ കഷ്‌ണങ്ങൾ. ഒപ്പം കുറെ വെജിറ്റബിൾസും, കുറച്ചു ചോറുള്ളതുകൊണ്ട് ഉച്ചക്കു ചോറുണ്ടു എന്നുപറയാം. കഴിക്കാൻ എളുപ്പമാണ്. ഒരു കോളയോ ഐസ്‌ക്രീമോ കൂടെ കഴിച്ചാൽ ശാപ്പാട് കുശാലായി.
ഒരു ഗാനമേളയുടെ കഥ
പാട്ടെന്നുവച്ചാൽ മണിക്കു ജീവനാണ്. ദാസേട്ടന്റെയും, ചിത്രയുടേയും എം.ജി.ശ്രീകുമാറിന്റെയുമൊക്കെ പരിപാടികൾ ടി.വി.യിലുണ്ടെങ്കിൽ അതു തീരുന്നതുവരെ എന്റെ ഭാര്യ അതിന്റെ മുന്നിലുണ്ടാകും.
എം.ജി.ശ്രീകുമാറും ജോത്സനയും അടങ്ങിയ ഒരു സംഘം വിഷുക്കാലത്ത് സിംഗപ്പൂരിൽ വരുന്നു എന്ന് ഏഷ്യനെറ്റിൽ അറിയിപ്പു കണ്ടു. സിംഗപ്പൂരിലെ മലയാളി അസോസിയേഷനാണ് പരിപാടികൾ നടത്തുന്നത്. ചൈനാ ടൗണിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തിലാണ് പരിപാടികൾ.
ബിന്ദുവിനും പ്രസാദിനും ഗാനമേളക്കുവരാൻ അസൗകര്യമുണ്ട്. പക്ഷേ അച്ഛനും അമ്മക്കും വേണ്ടി പരിപാടി കാണാനുള്ള ടിക്കറ്റെടുക്കാൻ അവർ റെഡിയായിരിക്കയാണ്. അതുപോലെ തന്നെയാണ് ബീനയും ജീവനും. ഞാൻ മണിയോടു ചോദിച്ചപ്പോൾ അവൾ പറഞ്ഞു.
“ഓ എനിക്കു വലിയ താല്‌പര്യമില്ല.”
വലിയ താല്‌പര്യമില്ല എന്നു പറഞ്ഞാൽ താല്‌പര്യമില്ല എന്നല്ലല്ലോ അർത്ഥം. അടുത്ത ദിവസം ലിറ്റിൽ ഇൻഡ്യയിൽ പോയപ്പോൾ ഞാൻ ഗാനമേളക്കുള്ള രണ്ടു ടിക്കറ്റ് വാങ്ങി.
ഗാനമേളയുടെ ദിവസം സന്ധ്യക്കു മുമ്പായി ഞങ്ങൾ ഓഡിറ്റോറിയത്തിൽ എത്തി. വരുന്നവരൊക്കെ ഓഡിറ്റോറിയത്തിലേക്കു കയറുകയാണ്. പരിചയക്കാരെ ആരെയും കണ്ടില്ല. ഞങ്ങളും അകത്തുകയറി ഇരുന്നു.
കൃത്യസമയത്തു പരിപാടി തുടങ്ങി. കുറച്ചു സമയത്തേക്ക് ഉൽഘാടനചടങ്ങുകളും മറ്റുമായിരുന്നു. അതുകഴിഞ്ഞു എം.ജി. ശ്രീകുമാർ വന്ന് പറഞ്ഞു.
“എല്ലാവരും ഒന്നുഷാറായി ഇരിക്കൂ. ഞാനൊരു അടിപൊളിപാട്ടുപാടാൻ പോകുകയാണ്. നിങ്ങളും കൂടെ പാടണം. പാടില്ലേ?”
“പാടാം” കുറെപേർ വിളിച്ചുപറഞ്ഞു.
“അടിച്ചുപൊളിക്കണം. ഇന്നാ പിടിച്ചോ.”
ശ്രീകുമാർ പാടുന്നതോടൊപ്പം ഓഡിറ്റോറിയത്തിലിരിക്കുന്നവരും പാടി. പാട്ട് എല്ലാവർക്കും ഇഷ്‌ടപ്പെട്ടു.
അടുത്തപരിപാടികൾ സ്‌റ്റേജിൽ തുടർന്നുകൊണ്ടിരുന്നപ്പോൾ ഞങ്ങളിരിക്കുന്നതിന്റെ പിന്നിൽ പല ഭാഗത്തുനിന്നും വലിയശബ്‌ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അവിടെ പല ഗ്രൂപ്പുകളായി തിരിഞ്ഞിരുന്ന് പലരും പാടുകയാണ്. ചിലർ ഡാൻസ് ചെയ്യുന്നു. സ്‌റ്റേജിൽ നടക്കുന്ന പരിപാടികളൊന്നും ഇവരുടെ ശബ്‌ദം മൂലം കേൾക്കാനെ സാധിക്കുന്നില്ല.
ഇത്തിരികഴിയുമ്പോൾ ഇവരുടെ ആഹ്ലാദപ്രകടനം നിറുത്തുമെന്നു കരുതി കാത്തിരുന്നു. പക്ഷേ നിറുത്തുന്നലക്ഷണമില്ല, ഞങ്ങളുടെ അടുത്തിരുന്നയാൾ പറഞ്ഞു.
“ഇതിവിടെ പതിവാണ്. കുറെപേർ ഇവിടെ എത്തിയിരിക്കുന്നത് പാട്ടും കൂത്തും തമാശകളുമായി ഒരു വൈകുന്നേരം സന്തോഷത്തോടെ ചെലവഴിക്കാനാണ്. അവർക്കു സ്‌റ്റേജിൽ നടക്കുന്നതൊന്നും കാണണ്ട. അതു കാണാനും കേൾക്കാനും മാത്രം എത്തിയിരിക്കുന്ന മറ്റുള്ളവരെ പറ്റി ഇവർ ഓർക്കുന്നതേയില്ല”.
അസോസിയേഷൻ പ്രവർത്തകർ അരുതെന്നു പറഞ്ഞാൽ ആ സമയം ഈ ശബ്‌ദവും ബഹളവുമെല്ലാം നിൽക്കും. പക്ഷേ അവരാരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല.
കുറച്ചുസമയം കൂടെ ഞങ്ങളെവിടെ ഇരുന്നു. പിന്നെ, ഗാനമേള ഇനിയൊരിക്കൽ കേൾക്കാമെന്നു കരുതി, മറ്റു ചിലരോടൊപ്പം ഞങ്ങളും ഓഡിറ്റോറിയത്തിൽ നിന്നും പുറത്തേക്കിറങ്ങി.
Generated from archived content: essay1_nov11_10.html Author: bhahuleyan_puzhavelil