സിംഗപ്പൂർ വിശേഷം – 5

ജൂറോംഗ്‌ ഈസ്‌റ്റിലേക്കൊരു യാത്ര

ഞാനിന്നു പോയത്‌ ജൂറോംഗ്‌ ഈസ്‌റ്റ്‌ എന്ന സ്‌ഥലത്തേക്കാണ്‌. ഇവിടെയാണ്‌ സിംഗപ്പൂർ സയൻസ്‌ സെന്റർ വളരെ സങ്കീർണ്ണമായ ശാസ്‌ത്രസത്യങ്ങൾ ലളിതമായും രസകരമായും നമുക്കു സയൻസ്‌ സെന്റിൽ നിന്നും മനസിലാക്കാം. ടൂറിസ്‌റ്റുകളെ ആകർഷിക്കുന്ന സ്‌നോ സിറ്റിയും ഇവിടെയാണ്‌.

സിംഗപ്പൂരിന്റെ വടക്കു പടിഞ്ഞാറു ഭാഗത്താണ്‌ ജൂറോംഗ്‌ ഈസ്‌റ്റ്‌. ട്രയിനിൽ പോകുന്നതാണ്‌ സൗകര്യം. സിംഗപ്പൂരിനകത്തു മാത്രം ഓടുന്ന ട്രയിനുകൾക്ക്‌ ഇവർ എം.ആർ.റ്റി. എന്നാണ്‌ പറയുന്നത്‌. Mass Rapid Transit എന്ന വാക്കുകളുടെ ആദ്യത്തെ അക്ഷരങ്ങളാണ്‌ എം.ആർ.റ്റി. പ്രധാനപ്പെട്ട സ്‌ഥലങ്ങളെയെല്ലാം ബന്ധപ്പെടുത്തി രാവിലെ അഞ്ചര മണി മുതൽ രാത്രി 12 മണിവരെ ഭൂമിക്കടിയിലൂടെയും ചില സ്‌ഥലങ്ങളിൽ ഭൂമിക്കു മുകളിലൂടെയും ഈ ട്രയിനുകൾ ഓടിക്കൊണ്ടിരിക്കും.

ആറുബോഗികൾ മാത്രമുള്ള ചെറിയ ട്രെയിനുകളാണിവ. ഫസ്‌റ്റ്‌ ക്ലാസ്‌, സെക്കന്റ്‌ ക്ലാസ്‌ എന്ന ചേരിതിരിവുകളില്ല. എല്ലാം എയർകണ്ടിഷൻ ചെയ്‌തത്‌. ബോഗികളുടെ ഓരോ സൈഡിലും വളരെ വീതിയുള്ള മൂന്നു ഡോറുകൾ വീതമുണ്ട്‌. ട്രയിൻ നിന്നു കഴിഞ്ഞാൽ ഈ ഡോറുകൾ തനിയെ തുറക്കും. പത്തോ പതിനഞ്ചോ സെക്കന്റിനകം തനിയെ അടയുകയും ചെയ്യും. അതിനകം യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്‌തിരിക്കും. ഭൂമിക്കടിയിലൂടെ ഓടുന്ന ചില ട്രയിനുകളിൽ ഡ്രൈവർമാർ പോലുമില്ല. ട്രയിനിൽ എവിടെ ഇരുന്നാലും അടുത്ത സ്‌റ്റേഷൻ ഏതാണെന്നറിയാൻ ഒരു ബുദ്ധിമുട്ടുമില്ല. എഴുതി കാണിക്കുന്നതു കൂടാതെ, മൈക്കിലൂടെ പറഞ്ഞറിയിക്കുകയും ചെയ്യും. ബസ്സിൽ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന കാർഡു തന്നെ മതി ട്രയിനിലും യാത്ര ചെയ്യാൻ. വളരെ യാത്രാതിരക്കുള്ള സമയങ്ങളിൽ രണ്ടോ മൂന്നോ മിനിട്ടിനുള്ളിൽ ഓരോ ട്രയിൻ വന്നുകൊണ്ടിരിക്കും. ശരിക്കും ഒരു Mass Rapid Transit തന്നെ.

പക്ഷേ നമുക്ക്‌ അത്‌ഭുതമൊന്നും തോന്നില്ല. ഇരുപതിലധികം ബോഗികളിൽ ആയിരക്കണക്കിന്‌ ആളുകളും ടൺകണക്കിനു സാധനങ്ങളുമായി മൂവായിരം കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്‌ഥാനത്തേക്ക്‌ കുതിച്ചുപായുന്ന ട്രയിനുകൾ കണ്ടും കേട്ടും ശീലിച്ച നമുക്ക്‌, ഇവരുടെ എം.ആർ.റ്റി. റിമോട്ട്‌ കൺട്രോളിലോടുന്ന ഒരു വലിയ കളിപ്പാട്ടമായെ തോന്നൂ. ഇവിടെ ട്രയിനുകൾ മുപ്പതോ മുപ്പത്തഞ്ചോ കിലോമീറ്റർ ഓടി കഴിയുമ്പോൾ ലക്ഷ്യസ്‌ഥാനത്തെത്തും. പിന്നെ തിരിച്ചുള്ള യാത്രയാണ്‌.

എം.ആർ.റ്റി. യിലാണ്‌ ഞാൻ ജൂറോംഗ്‌ ഈസ്‌റ്റിലേക്കു പോയത്‌. ഞാൻ ഇരുന്നതിന്റെ അടുത്തുതന്നെ സിംഗപ്പൂരിലെ എല്ലാ എം.ആർ.റ്റി. ലൈനുകളും എല്ലാ എം.ആർ.റ്റി. സ്‌റ്റേഷനുകളും അടയാളപ്പെടുത്തിയിട്ടുള്ള ഒരു പടമുണ്ട്‌. പല എം.ആർ.റ്റി. സ്‌റ്റേഷനുകളുടെയും പേരുകൾ റെഡ്‌ഹിൽ, ക്വീൻസ്‌ ടൗൺ, കോമൺവെൽത്ത്‌, വുഡ്‌ലാൻഡ്‌സ്‌, അഡ്‌മിറാൽറ്റി, ഓർച്ചാർഡ്‌, ന്യൂടൺ, ചൈന ടൗൺ, ചൈനീസ്‌ ഗാർഡൻ, അങ്ങ്‌മോക്കിയോ, യുചുകാങ്ങ്‌, ചോചുകാങ്ങ്‌, ധോബിഗട്‌, ലിറ്റിൽ ഇൻഡ്യ എന്നൊക്കെയാണ്‌. പല ഭാഷകളും ആചാരങ്ങളും ജീവിതരീതികളുമുള്ള സിംഗപ്പൂർ ജനതയെപ്പോലെ തന്നെ വ്യത്യസ്‌തമാണ്‌ ഇവിടത്തെ സ്‌ഥലപ്പേരുകളും.

രണ്ടു മൂന്നു സ്‌റ്റേഷൻ കഴിഞ്ഞപ്പോൾ എന്റെ അടുത്ത സീറ്റിൽ പത്തുപതിനൊന്നു വയസുള്ള ഒരു കുട്ടിയും അവന്റെ അച്‌​‍്‌ഛനും വന്നിരുന്നു. ബാഗിൽ നിന്നും ഒരു നോട്ടുബുക്കെടുത്തു മടിയിൽ വെച്ച്‌, കയ്യിലൊരു പെൻസിലും പിടിച്ച്‌ കുട്ടി അവന്റെ അച്‌​‍്‌ഛനോടു ചൈനീസ്‌ ഭാഷയിൽ എന്തൊക്കെയോ പറയുന്നതു കേട്ടു. കുറച്ചുസമയം കഴിഞ്ഞു ഞാൻ നോക്കുമ്പോൾ, അവൻ ബുക്കിൽ ഓരോ പടം വരച്ചുകൊണ്ടിരിക്കുകയാണ്‌. ഇടക്ക്‌ എന്റെ മുഖത്തേക്കു നോക്കുകയും ചെയ്യുന്നുണ്ട്‌.

ഞാനാ ബുക്കു വാങ്ങി ഓരോ പേജും മറിച്ചു നോക്കി. മൃഗങ്ങളുടെയും പക്ഷികളുടെയും പടങ്ങളാണ്‌ കൂടുതലും, വളരെ നന്നായിരിക്കുന്നു എന്നു ഞാൻ പറഞ്ഞു. ഞാനൊരു പടം വരച്ചോട്ടെ എന്നു ചോദിച്ചപ്പോൾ, കുട്ടി പെൻസിൽ എന്റെ കയ്യിൽ തന്നു. എനിക്കാകെ അറിയാവുന്നത്‌, പണ്ട്‌ സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു ഡ്രോയിംഗ്‌ മാസ്‌റ്റർ വരക്കാൻ പഠിപ്പിച്ച ഒരു പൂച്ചയുടെ ചിത്രമാണ്‌. ആദ്യം ഒരു വലിയ വട്ടം വരച്ചു. അതു പൂച്ചയുടെ ഉടൽ. മുകളിൽ ഒരു ചെറിയ വട്ടം. അതു തല. അതിൽ രണ്ടു ചെവിയും. താഴെ ഒരു ചെറിയ വട്ടം. അതു പൂച്ചയുടെ വാല്‌. മൂന്നോ നാലോ സെക്കന്റിനകം ഞാൻ പടം വരച്ചു തീർത്തു. കുട്ടി ബുക്ക്‌ എന്റെ കയ്യിൽ നിന്നും വങ്ങി സൂക്ഷിച്ചു നോക്കി, എന്നിട്ടു പറഞ്ഞു.

“അങ്കിൾ ഇതൊരു പൂച്ചയാണ്‌. അങ്ങോട്ടു നോക്കിയിരിക്കുന്ന പൂച്ചയുടെ പിന്നിൽ നിന്നു നോക്കുമ്പോഴുള്ള ചിത്രം.”

കുട്ടി അവന്റെ അച്‌ഛന്‌ എന്നെ പരിചയപ്പെടുത്തിയത്‌ ഇങ്ങനെയാണ്‌.

“ആർട്ടിസ്‌റ്റ്‌ അങ്കിൾ ഫ്രം ഇൻഡ്യ”

ഇനി ഒരു പടം കൂടി വരക്കാൻ എന്നോടാവശ്യപ്പെടല്ലേ എന്നു പ്രാർത്ഥിച്ചുകൊണ്ട്‌ ഞാൻ മിണ്ടാതിരുന്നു.

സ്‌നോ സിറ്റി

തെറ്റിദ്ധരിപ്പിക്കുന്ന ഒരു പേരാണിത്‌. ഒരു വലിയ ഹാളിനകത്ത്‌, മൈനസ്‌ 5 ഡിഡ്രി തണുപ്പു നിലനിറുത്തി ടൂറിസ്‌റ്റുകളെ ആകർഷിക്കാനുള്ള എല്ലാ വിദ്യകളും ഇവിടെ ചെയ്‌തിട്ടുണ്ട്‌. അകത്തു കടക്കാനുള്ള ടിക്കറ്റെടുത്തു കഴിഞ്ഞാൽ, നാം അവർ തരുന്ന ഡ്രസ്‌ ധരിക്കണം. അവരുടെ പാന്റും കോട്ടും ഷൂസും തൊപ്പിയും കയ്യുറയും ധരിച്ചു കഴിഞ്ഞാൽ, ചന്ദ്രനിലേക്കുള്ള യാത്രക്കു തയ്യാറായി നിൽക്കയാണന്നു തോന്നും. തണുപ്പേൽക്കാതിരിക്കാൻ വേണ്ടിയാണിതൊക്കെ. ആണും പെണ്ണുമടക്കം ഞങ്ങൾ പത്തിരുപതു പേർ ഒന്നിച്ചാണ്‌ അകത്തേക്കു കയറിയത്‌.

ഒരു വലിയ ഹാൾ. അത്യാവശ്യത്തിനു വെളിച്ചമുണ്ട്‌. ഹാൾ മുഴുവനും മഞ്ഞുമൂടിക്കിടക്കുകയാണ്‌. ഐസ്‌ കട്ടകളല്ല. രണ്ടു കൈകൊണ്ടും കോരി എടുക്കാവുന്ന മഞ്ഞ്‌. നാം കയറിയ ഭാഗം താഴ്‌ന്ന സ്‌ഥലമാണ്‌. മുന്നോട്ടു പോകുംതോറും ഉയരം കൂടും. ഹാളിന്റെ അങ്ങേയറ്റം ശരിക്കും ഒരു മഞ്ഞുമലയാണ്‌. ഏതോ മഞ്ഞുമൂടിക്കിടക്കുന്ന രാജ്യത്തു ചെന്ന പോലെ തോന്നും. ഭിത്തിയുടെ അരികിലൂടെ മഞ്ഞുമലയിലേക്കു കയറാൻ ഒരു വഴിയുണ്ട്‌. എല്ലാവരും അതിലൂടെ മുകളിലേക്കു കയറി. അവിടെ വലിയ ടയറും അതുപോലത്തെ വേറെ ചില സാധനങ്ങളുമുണ്ട്‌. അതിൽ കയി ഇരുന്നാൽ മതി. ആരെങ്കിലും താഴേക്കു തള്ളിവിടും. താഴെ ചെന്നാൽ വീണ്ടും ഭിത്തിയുടെ അരികിലൂടെ മുകളിലേക്കു കയറാം. ചിലപ്പോൾ ഇറക്കത്തിന്റെ നടുക്കുവച്ചു തലകുത്തി മറിഞ്ഞെന്നിരിക്കും. സാരമില്ല. സാവധാനം താഴോട്ടു തെന്നിനീങ്ങിയാൽ മതി.

ഒന്നു രണ്ടു പ്രാവശ്യം ഞാൻ മഞ്ഞിലൂടെ തെന്നിയിറങ്ങി. സഹിക്കാൻ വയ്യാത്ത തണുപ്പൊന്നും തോന്നിയില്ല. ഞാൻ തലയിലെ തൊപ്പി അല്‌പനേരമൊന്നു മാറ്റിനോക്കി. അപ്പോഴാണ്‌ തണുപ്പിന്റെ കാഠിന്യം മനസിലായത്‌. ഒരു മണിക്കൂർ അവിടെ ചെലവഴിച്ചു.

സിംഗപ്പൂർ സയൻസ്‌ സെന്റർ

പിന്നെ പോയത്‌ സയൻസ്‌ സെന്ററിലേക്കാണ്‌. ഞാൻ ചെന്നപ്പോൾ സയൻസ്‌ സെന്ററിൽ അധികവും വിദ്യാർത്ഥികളാണ്‌. അവർ താല്‌പര്യപൂർവ്വം എല്ലാം കേൾക്കുകയും എഴുതി എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇപ്പോഴും മറക്കാത്ത, ഒരിക്കലും മറക്കില്ലാത്ത ഒരു കാര്യം ഞാനവിടെ കണ്ടു. ഓരോന്നു കണ്ടു നീങ്ങുമ്പോൾ, ഒരു ഭാഗത്ത്‌ ഭിത്തിയിൽ സിംഗപ്പൂരിലെ ഒരു മുൻ പ്രസിഡന്റിന്റെ ചിത്രമുണ്ട്‌. നല്ല വ്യക്തമായി കാണാവുന്ന ഒരു വലിയ ചിത്രം. അതിനടുത്ത്‌ ഇങ്ങനെ എഴുതിയിട്ടുണ്ട്‌.

“ഈ ചിത്രത്തിന്റെ മുമ്പിൽ നിന്ന്‌, കണ്ണു ചിമ്മാതെ പ്രസിഡന്റിനെ കണ്ണിലേക്കു തന്നെ അല്‌പസമയം നോക്കി നിൽക്കുക. ചിത്രത്തിനു ജീവൻ വെക്കുന്നതും പ്രസിഡന്റ്‌ ചിരിക്കുന്നതും കാണാം.”

ഞാൻ പ്രസിഡന്റിന്റെ കണ്ണിലേക്കുതന്നെ നോക്കി നിന്നപ്പോൾ പ്രസിഡന്റ്‌ തല ഒന്നു തിരിച്ചു. ചുണ്ടുകൾ അകത്തി എന്നെ നോക്കി ചിരിച്ചു. ആ പല്ലുകൾ ശരിക്കും ഞാൻ കണ്ടു. അല്‌പസമയത്തേക്കു മാത്രം. പിന്നെ ചിത്രം പഴയ രീതിയിലായി.

എന്തുകൊണ്ട്‌ പ്രിസിഡന്റ്‌ ചിരിക്കുന്നതായി തോന്നി എന്നതിന്റെ ശാസ്‌ത്രസത്യം അതിനടുത്തു തന്നെ ലളിതമായി എഴുതിവച്ചിട്ടുണ്ട്‌. അന്നതുവായിച്ചപ്പോൾ മനസിലായതായി തോന്നി. പക്ഷേ ഇപ്പോഴതു വിശദീകരിക്കാൻ എനിക്കറിയില്ല.

Generated from archived content: essay1_mar6_10.html Author: bhahuleyan_puzhavelil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here