സിംഗപ്പൂർ വിശേഷം

ലിറ്റിൽ ഇൻഡ്യ

സിംഗപ്പൂരിന്റെ തെക്കുഭാഗത്ത്‌, തിരക്കുള്ള സിറ്റി ഏരിയായിൽപെട്ട, ചരിത്രപ്രധാന്യമുള്ള ഒരു സ്‌ഥലമാണ്‌ ലിറ്റിൽ ഇൻഡ്യ. ഇന്ത്യാക്കാർ കൂടുതലുള്ളതും ഇവിടെയാണ്‌. സിംഗപ്പൂരിനകത്തുള്ള ഒരു ചെറിയ ഇൻഡ്യതന്നെയാണ്‌, ഈ സ്‌ഥലം. ഒറ്റ നോട്ടത്തിൽ, തമിഴ്‌ നാട്ടിലെ ഏതോ നഗരത്തിന്റെ ഒരു ഭാഗമാണന്നേ തോന്നൂ.

തമിഴ്‌ നാട്ടിൽ നിന്നും വന്നവർ, ഇവിടെ മാത്രമല്ല, സിംഗപ്പൂരിന്റെ എല്ലാഭാഗത്തുമുണ്ട്‌. നല്ലൊരു ഭാഗം തലമുറകളായി ഇവിടെ താമസിക്കുന്നവരും സിംഗപ്പൂർ പൗരത്വമുള്ളവരുമാണ്‌. ചൈനാക്കാരും മലയക്കാരും കഴിഞ്ഞാൽ സിംഗപ്പൂരിലെ ജനസംഖ്യയിൽ അടുത്ത സ്‌ഥാനം ഇന്ത്യക്കാർക്കാണ്‌. ഇന്ത്യക്കാരിൽതന്നെ ഏറ്റവും കൂടുതൽ പേർ തമിഴ്‌നാട്ടിൽ നിന്നും വന്നവരാണ്‌. തമിഴ്‌ ഇവിടത്തെ അംഗീകൃതഭാഷകളിൽ ഒന്നാണ്‌. റയിൽവേ സ്‌റ്റേഷനുകളിലും മറ്റുപ്രധാനപ്പെട്ട സ്‌ഥലങ്ങളിലും ഇംഗ്ലീഷ്‌ ഭാഷയിലുള്ള അറിയിപ്പുകളോടൊപ്പം തമിഴിലുള്ള അറിയിപ്പുകളും കാണാം.

ലിറ്റിൽ ഇൻഡ്യയിൽ ഇന്ത്യകാർക്ക്‌ പ്രത്യേകിച്ച്‌ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നും വന്നിട്ടുള്ളവർക്ക്‌ വേണ്ട, ഉപ്പ്‌തൊട്ട്‌ കർപ്പൂരംവരെയുള്ള എല്ലാസാധനങ്ങളും കിട്ടും. ഞാൻ കൂടുതൽ സ്വർണ്ണക്കടകൾ കണ്ടത്‌ ഈ ഭാഗത്താണ്‌. മലയാളപത്രങ്ങളും മാസികകളും വാങ്ങാൻ കിട്ടുന്നത്‌ ഇവിടെ നിന്നു മാത്രമാണ്‌. മസാലദോശയും വടയും പൂരിയും കഴിക്കണമെങ്കിൽ ലിറ്റിൽ ഇൻഡ്യയിലെത്തണം. പ്രാർത്ഥിക്കാൻ അമ്പലങ്ങളും അടുത്തുണ്ട്‌.

മലയാളത്തിനും മലയാളിക്കും കുറെകൂടി പ്രാധാന്യം ഉള്ള ഒരു കാലം സിംഗപ്പൂരിൽ ഉണ്ടായിരുന്നു എന്നാണ്‌ പലരും പറഞ്ഞത്‌. അന്ന്‌ സിംഗപ്പൂരിന്റെ കണ്ണായ പല സ്‌ഥലങ്ങളിലും മലയാളികൾ താമസിച്ചിരുന്നത്‌, സ്വന്തം വീട്ടിലാണ്‌. ഒരു മലയാളദിനപത്രവും ‘പുലരി’ എന്നൊരു മലയാളം ആഴ്‌ചപ്പതിപ്പും അക്കാലത്ത്‌ സിംഗപ്പൂരിൽ നിന്നും മുടങ്ങാതെ വർഷങ്ങളോളം പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങൾ താമസിക്കുന്ന വീടിന്റെ ഉടമസ്ഥ, പഴയകുറെ ‘പുലരി’ ആഴ്‌ചപ്പതിപ്പുകൾ എനിക്കു വായിക്കുവാൻതന്നു. മലയാളത്തിലെ പ്രശസ്‌തരായ എഴുത്തുകാരാണ്‌ ആ വാരികയിൽ എഴുതിയിരുന്നത്‌. ആ ദിനപത്രവും ആഴ്‌ചപ്പതിപ്പും ഇന്നില്ല. പുലരി ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന ശ്രീ. ഭാസിയെ, ഞാനദ്ദേഹത്തിന്റെ വീട്ടിൽ പോയി ഒരു ദിവസം കാണുകയുണ്ടായി. പഴയ കാലത്തെ പല കാര്യങ്ങളെപറ്റിയും അദ്ദേഹം സംസാരിച്ചു. അദ്ദേഹം ഇന്നിപ്പോൾ ഒരു റിട്ടയേർഡ്‌ ജീവിതം നയിക്കുകയാണെങ്കിലും പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട ചില ജോലികൾ ഇന്നു ചെയ്യുന്നുണ്ട്‌.

സിംഗപ്പൂർ സ്വതന്ത്രമാകുകയും നിയമങ്ങൾ കർക്കശമാവുകയും ചെയ്‌തതോടെയാണ്‌ മലയാളികൾ പലരും സിംഗപ്പൂർ വിടാൻ തുടങ്ങിയത്‌. ചിലർ നാട്ടിലേക്കു മടങ്ങി. മറ്റുചിലർ യു.കെ., യു.എസ്‌.എ., ആസ്‌ട്രേലിയ തുടങ്ങിയ സ്‌ഥലങ്ങളിലേക്കുമാറി. ഇവരുടെ വീടും സ്‌ഥലങ്ങളും വാങ്ങിയത്‌ ചൈനീസ്‌ വംശജരാണ്‌. ഇന്നിപ്പോൾ ജനസംഖ്യയിൽ മാത്രമല്ല, ഉദ്യോഗം, ബിസിനസ്‌ തുടങ്ങി എല്ലാകാര്യങ്ങളിലും സിംഗപ്പൂരിൽ ഒന്നാം സ്‌ഥാനം ചൈനാക്കാർക്കാണ്‌.

സിംഗപ്പൂരിലെത്തിയതിന്റെ പിറ്റെദിവസം വൈകുന്നേരം ഞാനും മകളുടെ ഭർത്താവ്‌ പ്രസാദും ഒന്നു നടന്നിട്ടുവരാമെന്നുപറഞ്ഞ്‌ വീട്ടിൽനിന്നും പുറത്തേക്കിറങ്ങി. നടന്ന്‌, സെറംഗൂൺ എം.ആർ.ടി.ക്കടുത്തെത്തിയപ്പോൾ പ്രസാദ്‌ ചോദിച്ചുഃ

“അചഛൻ ബസ്‌ കാർഡ്‌ എടുത്തിട്ടുണ്ടോ?”

“കാർഡ്‌ എന്റെ പോക്കറ്റിലുണ്ട്‌”

“എന്നാൽ നമുക്ക്‌ ലിറ്റിൽ ഇൻഡ്യവരെ പോയിട്ടുവരാം.”

ഞങ്ങൾ എം.ആർ.ടി.യിലേക്കു കയറി. ബസ്‌ സ്‌റ്റോപ്പിനേക്കാളും അല്‌പംകൂടി വലിയ ഷെഡ്‌ എന്നേ എനിക്ക്‌ തോന്നിയുള്ളൂ. അവിടെ ആകെ കണ്ടത്‌ ഒരു ലിഫ്‌റ്റും രണ്ട്‌ എസ്‌കലേറ്ററും. ഭൂമിക്കടിയിലെവിടെയോ ആണ്‌ ട്രയിൻ വന്നുനിൽക്കുന്ന സ്‌ഥലം. ഞങ്ങൾ എസ്‌കലേറ്ററിലൂടെ താഴോട്ടിറങ്ങി. അവിടെനിന്നും വേറൊരു എസ്‌കലേറ്ററിൽ കയറി കുറെകൂടി താഴോട്ടുചെന്നു. അവിടെകണ്ട നീണ്ട ഇടനാഴിയിലൂടെ നടന്നുചെന്നത്‌ ഓഫിസും കടകളും ഉള്ള സ്‌ഥലത്താണ്‌. ഏതാണ്ടൊരു റയിൽവേ സ്‌റ്റേഷൻ പോലെ തോന്നും, ഒരു എസ്‌കലേറ്ററിൽ കൂടി കയറി ഒന്നുകൂടി താഴോട്ടിറങ്ങിയപ്പോഴാണ്‌, ഞങ്ങൾ ശരിക്കും പ്ലാറ്റ്‌ ഫോമിലെത്തിയത്‌.

ഭൂമിക്കടിയിലൂടെ ഓടുന്ന ട്രയിനിൽ ആദ്യമായി കയറുകയായിരുന്നു. ഇവിടെ നിന്നും നാലാമത്തെ സ്‌റ്റേഷനാണ്‌ ലിറ്റിൽ ഇൻഡ്യ. അവിടെ എത്തിപുറത്തേക്കുവന്നു നോക്കിയപ്പോൾ, തമിഴ്‌ നാട്ടിലെ ഏതോ നഗരത്തിൽ ചെന്നു പെട്ടതുപോലെയാണ്‌ എനിക്കു തോന്നിയത്‌. അവിടത്തെ കടകളുടെ മുന്നിലൂടെ ഒരു മണിക്കൂറോളം ഞങ്ങൾ ചുറ്റിനടന്നു. പുറത്തുള്ള നടപ്പാതയിലൂടെയല്ല, കടകൾക്കകത്തുള്ള വഴിയിലൂടെയാണ്‌ എല്ലാവരുടെയും നടപ്പ്‌.

അവസാനം നടന്നു ചെന്നത്‌ ഒരു ഫുഡ്‌കോർട്ടിലാണ്‌. ഇവിടെ നിന്നും എന്തെങ്കിലും കഴിക്കാമെന്നു പ്രസാദ്‌ പറഞ്ഞു. നിരത്തിയിട്ടിരിക്കുന്ന മേശകൾക്കു ചുറ്റും ധാരാളം പേരുണ്ട്‌. പലതരം ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കൗണ്ടറുകളുടെ മുന്നിലും നല്ലതിരക്കാണ്‌. പ്രസാദ്‌ രണ്ടുമൂന്നു ചൈനീസ്‌ വിഭവങ്ങളും ചായയും കൊണ്ടുവന്നു. എരിവും പുളിയുമല്ല, മധുരമാണ്‌ കൂടുതലെന്നുതോന്നി.

ലിറ്റിൽ ഇൻഡ്യയിൽ നിന്നും ഞങ്ങൾ തിരിച്ചു പോന്നത്‌ ബസ്സിനാണ്‌.

ഒരാഴ്‌ചകഴിഞ്ഞ്‌ വീണ്ടും ലിറ്റിൽ ഇൻഡ്യയിൽ പോയപ്പോൾ, പ്രസാദ്‌ മാത്രമല്ല, ഇളയമകളുടെ ഭർത്താവ്‌ ജീവനും ഉണ്ടായിരുന്നു, വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാനാണവർ പോയത്‌. ഞാനും ഒപ്പം പോയെന്നേയുള്ളൂ. സിംഗപ്പൂരിൽ കൂടുതൽ കാലമുണ്ടായിരുന്ന ജീവന്‌ അവിടെ പരിചയമുള്ള കുറെകടകളുണ്ട്‌. അവിടെ നിന്നാണ്‌ സാധനങ്ങൾ അധികവും വാങ്ങിയത്‌. അവിടെയുള്ള ഒരു മലയാളിയുടെ കടയിൽ കയറി, വിൽക്കാൻ വച്ചിരിക്കുന്ന സാധനങ്ങളിലേക്കു നോക്കിയാൽ, നാം ആലുവയിലോ അങ്കമാലിയിലോ ഉള്ള ഏതോ കടയിലാണ്‌ നിൽക്കുന്നതെന്നേ തോന്നൂ.

തിരിച്ചുപോരാൻ ടാക്‌സി കാറിനുവേണ്ടി അധികസമയം കാത്തു നിൽക്കേണ്ടിവന്നു. വീട്ടിലെത്തിയപ്പോൾ രാത്രി പത്തുമണി.

രണ്ടു ദിവസം കഴിഞ്ഞ്‌ ഞാൻ തനിച്ച്‌ വീണ്ടും ലിറ്റിൽ ഇൻഡ്യയിൽ പോയി എം.ആർ.ടി.യിലാണ്‌ പോയത്‌. ലിറ്റിൽ ഇൻഡ്യയിൽ വണ്ടിനിറുത്തിയപ്പോൾ, ചൈനാ ടൗൺവരെ ഒന്നു പോയി തിരിച്ചുവരാമെന്നു തോന്നി. അവിടെനിന്നും മൂന്നാമത്തെ സ്‌റ്റേഷനാണ്‌ ചൈനാ ടൗൺ. മുൻകൂട്ടിയുള്ള തീരുമാനമോ, പ്രത്യേകിച്ച്‌ ലക്ഷ്യമോ ഒന്നുമില്ലാതിരുന്നതുകൊണ്ട്‌, ചൈനാ ടൗണിൽ വെറുതെ കാഴ്‌ചകൾ കണ്ടുനടന്നു. തിരിച്ചുപോരാൻ നോക്കുമ്പോൾ എം.ആർ.ടി.വിലേക്കുള്ള വഴി അറിഞ്ഞുകൂട. നടപ്പാതയിൽ നല്ലതിരക്കാണ്‌. ആരോടെങ്കിലും ചോദിക്കാമെന്നു കരുതി നോക്കിനിൽക്കുമ്പോൾ അറുപതോളം വയസ്‌ പ്രായം തോന്നിക്കുന്ന ഒരു സ്‌ത്രീ സാവധാനം നടന്നുവരുന്നു. മാന്യമായ വേഷം. ഞാനവരോട്‌ എം.ആർ.ടി. യിലേക്കുള്ള വഴി ചോദിച്ചപ്പോൾ, ചിരിച്ചുകൊണ്ടവർ പറഞ്ഞു;

“ഞാനും എം.ആർ.ടി.യിലേക്കാണ്‌. നമുക്കൊരുമിച്ചുപോകാം.”

നടക്കുന്നതിനിടയിൽ അവർ സംസാരിച്ചുകൊണ്ടിരുന്നു. ഇൻഡോനേഷ്യക്കാരിയാണ്‌. അവരുടെ മകന്‌ ഇവിടെ സിംഗപ്പൂരിലാണ്‌ ജോലി. മകനെ കാണാൻ രണ്ടുമൂന്നുമാസം കൂടുമ്പോൾ സിംഗപ്പൂരിൽവരും. എന്റെ വിവരങ്ങളും അവർതിരക്കി. അവരും ലിറ്റിൽ ഇൻഡ്യയിലേക്കാണ്‌.

ലിറ്റിൽ ഇൻഡ്യയിലെത്തിയപ്പോൾ ഒരു മര്യാദയുടെ പേരിൽ ഞാൻ പറഞ്ഞു.

“നമുക്കൊരു ചായ കുടിക്കാം. ഇവിടത്തെ ഇൻഡ്യൻ റസ്‌റ്റാറന്റിൽ മസാല ദോശയും വടയും ഉണ്ടാകും.”

“ഓ എനിക്കത്‌ ഇഷ്‌ടം തന്നെ, പക്ഷെ ഇനിയൊരിക്കലാകാം. ഇപ്പോൾ എന്റെ കൂടെ വരൂ. ഞാനൊരു സ്‌പെഷ്യൽ ഇൻഡോനേഷ്യൻ ജ്യൂസ്‌ വാങ്ങിത്തരാം.

ഞങ്ങളൊരു ഫുഡ്‌ കോർട്ടിൽ കയറി.

ജൂസ്‌കൊണ്ടുവരാൻ പോയ അവർ, ഒന്നുരണ്ടു പ്ലേറ്റിൽ വേറെ എന്തൊക്കെയോ ആണ്‌ മേടിച്ചുകൊണ്ടുവന്നത്‌.” ഇത്‌ ഇൻഡേനേഷ്യൻ രീതിയിൽ ഉണ്ടാക്കിയതാണ്‌ ഒന്നു തിന്നുനോക്കൂ. തീർച്ചയായും നിങ്ങൾക്കിഷ്‌ടമാകും. ഞങ്ങളുടെ സ്‌പെഷ്യൽ ജൂസ്‌ ഇവിടെയില്ല. പകരം രണ്ടു തണുത്ത ബിയർകൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട്‌.“

ഭക്ഷണം കഴിച്ച്‌ അവിടെനിന്നും ഇങ്ങുമ്പോൾ അവർ പറഞ്ഞു.” ഞാൻ രണ്ടുമാസം സിംഗപ്പൂരിലുണ്ടാകും. എവിടെയെങ്കിലും വച്ച്‌ നമുക്കിനിയും കാണാം.“

അതിനുശേഷം ഒരു വർഷത്തിലധികം ഞാൻ സിംഗപ്പൂരിലുണ്ടായിരുന്നു.. വീണ്ടും ഒരു നൂറുപ്രാവശ്യമെങ്കിലും ഞാൻ ലിറ്റിൽ ഇൻഡ്യയിൽ പോയിട്ടുണ്ട്‌. പക്ഷേ ആ ഇൻഡോനേഷ്യക്കാരിയെ പിന്നീടൊരിക്കലും കണ്ടിട്ടില്ല.

Generated from archived content: essay1_mar29_10.html Author: bhahuleyan_puzhavelil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here