ചാങ്ങിവില്ലേജ് – ചാങ്ങി ബീച്ച്
വളരെ പ്രസിദ്ധമായതും വിനോദസഞ്ചാരികൾ ഏറെ ഇഷ്‌ടപ്പെടുന്നതുമായ ഇവിടത്തെ ബീച്ചുകളുടെ കൂട്ടത്തിൽ ഒരു പക്ഷേ ചാങ്ങി ബീച്ചുണ്ടാകില്ല.
ചാങ്ങി ബീച്ച് തികച്ചും വ്യത്യസ്‌തമായ ഒന്നാണ്. സിംഗപ്പൂരിന്റെ കിഴക്കേ അറ്റത്ത്, അല്‌പം വടക്കു മാറി ചാങ്ങി വില്ലേജിനടുത്തുള്ള ഒരു സാധാരണ കടപ്പുറം മാത്രമാണിത്. വലിയ തിരക്കോ ബഹളമോ ഒന്നും ഇവിടെയില്ല. സ്വസ്‌ഥതയും മനഃസമാധാനവും അവ നൽകുന്ന സന്തോഷവും ആഗ്രഹിക്കുന്നവരാണ് ഇവിടെ എത്തുന്നതിൽ അധികവും.
ഈ ബീച്ചിനെ കുറിച്ച് എന്നോടു പറഞ്ഞത്, ഞങ്ങളുടെ വിട്ടുടമസ്‌ഥയുടെ മകൻ രാജനാണ്. ചാങ്ങി എയർപോർട്ടിൽ ജോലി ചെയ്യുന്ന രാജന്, അതിനടുത്തുള്ള ചാങ്ങി വില്ലേജിനെ പറ്റിയും ചാങ്ങി ബീച്ചിനെപ്പറ്റിയും നന്നായി അറിയാം രാജൻ പറഞ്ഞു
“നമ്മുടെ സെറംഗൂൺ ബസ്‌സ്‌റ്റാന്റിൽ നിന്നും പുറപ്പെടുന്ന 109-ാം നമ്പർ ബസ് ചാങ്ങിവില്ലേജ്‌വരെ പോകും. അതിനടുത്താണ് ബിച്ച്, ജീവിതത്തിൽ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും വരുമ്പോൾ, മനഃസമാധാനത്തിനായി ഈ ബീച്ചിലേക്കു വരുന്ന ചിലരെ എനിക്കറിയാം. അവിടെ മരത്തണലിൽ ഇരുന്ന് പലതരം മരങ്ങളുടെ ഇലകളിൽ തട്ടിവരുന്ന കടൽക്കാറ്റുമേറ്റ് കടലിലേക്കുതന്നെ നോക്കി ഒരുമണിക്കൂർ ഇരുന്നാൽ എത്രവലിയ പ്രശ്‌നങ്ങൾക്കുമുള്ള ഉത്തരം നമ്മുടെ മനസ്സിൽ തെളിയുമെന്നാണ് എന്റെ ഒരു സ്‌നേഹിതൻ പറഞ്ഞത്. അതെന്തുമാകട്ടെ. ഒരു ദിവസം ആ ബീച്ചിലൊന്നു പോയി നോക്കൂ. ചാങ്ങിയിൽ ഒരമ്പലമുണ്ട്. നല്ല ഭക്ഷണം ലഭിക്കുന്ന പേരുകേട്ട ഒരു ഫുഡ് കോർട്ടും ഇവിടെയുണ്ട്. ബീച്ചിൽ വിശ്രമിച്ച്, അമ്പലത്തിൽ തൊഴുത്, ഫുഡ് കോർട്ടിൽ നിന്നും നല്ല ഒരു ഭക്ഷണവും കഴിച്ച് രാത്രി ഒൻപതുമണി ആയിട്ടിങ്ങെത്തിയാൽ മതി.”
നാലു ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം ഞാൻ ചാങ്ങി ബീച്ചിൽ പോയി. ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. എങ്കിലും എനിക്കിരിക്കാൻ സ്‌ഥലംകിട്ടി. ചാങ്ങിയിലെത്തുന്നതിനു കുറച്ചു മുമ്പായി, റോഡരികിൽ രണ്ടു ചെറിയ ഫാക്‌റ്ററികൾ കണ്ടു. വേറൊരു സ്‌ഥലത്ത് ഒരു മതിൽകെട്ടിനുള്ളിൽ എട്ടുപത്ത് ഹെലികോപ്‌ടറുകൾ കിടക്കുന്നു. അതിനു മുമ്പിൽ എഴുതിവച്ചിരുന്ന ബോർഡ് വായിക്കാൻ സാധിച്ചില്ല. വാടകക്കുകൊടുക്കാനായിരിക്കുമെന്ന് ആരോപറയുന്നതുകേട്ടു.
ചാങ്ങിയിലെത്തിയപ്പോൾ ബസ്സിൽ നിന്നും ഇറങ്ങി ഞാൻ ചുറ്റും നോക്കി. അടുത്തെങ്ങും ഒരു കടൽ ഉള്ള ലക്ഷണമൊന്നുമില്ല. ഒരാളോടു ചോദിച്ചപ്പോൾ, താഴോട്ടുപോകുന്ന ഒരു ചെറിയ റോഡ് അയാൾ ചൂണ്ടികാണിച്ചു. അതിലൂടെ കുറെ താഴേക്കിറങ്ങിയപ്പോൾ ഒരു തോടും അതിൽ മൂന്നുബോട്ടുകളും കണ്ടു. നടപ്പാലത്തിലൂടെ തോടുകടന്ന് എത്തിയത് കടപ്പുറത്താണ്. അകലെ കടൽ കാണാം. കടപ്പുറം മുഴുവൻ വിവിധ ഇനത്തിൽപെട്ട പലവലിപ്പത്തിലുള്ള മരങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. കടൽ തീരത്തേക്ക് സിമന്റിട്ട ഒരു നടപ്പാത ഉള്ളതുകൊണ്ട് മണലിലൂടെ നടന്നു ബുദ്ധിമുട്ടേണ്ടി വന്നില്ല. ശക്തിയായ കാറ്റോ വലിയ തിരമാലകളോ ഇല്ലാത്ത കടൽ. അകലെയായി രണ്ടുമൂന്ന് ദ്വീപുകൾ കാണാം. കടലിൽ ഒരു കപ്പൽ മാത്രമുണ്ട്. വേറെ ബോട്ടുകളും വള്ളങ്ങളും ഒന്നും കടലിലില്ല.
ചാങ്ങി ബീച്ച് ഇവിടെ തുടങ്ങുന്നു. ഇവിടെയും കടലിനു സമാന്തരമായി, കടൽ തീരത്തു നിന്നും അല്‌പം ഉള്ളിലേക്കു മാറി സിമന്റിട്ട ഒരു നടപാതയുണ്ട്. കുട്ടികൾ സൈക്കിൾ ഓടിക്കുന്നതും ഈ നടപ്പാതയിലൂടെയാണ്. കടപ്പുറം മുഴുവൻ തെങ്ങ് അടക്കമുള്ള പലതരത്തിലുള്ള മരങ്ങൾ വച്ചുപിടിപ്പിക്കാൻ ഒരു ശ്രമം നടത്തിയിട്ടുണ്ട്. കടലിനും നടപ്പാതക്കുമിടയിൽ പലയിടത്തും സിമന്റിൽ തീർത്ത കസേരകളും ബഞ്ചും ഉണ്ട്. പലരും കടലിൽ ചൂണ്ടയിടുന്നതിരക്കിലാണ്. ആരും കടലിൽ കുളിക്കാൻ ഇറങ്ങുന്നില്ല. തിരമാലയടിക്കുമ്പോൾ, കാലുനനയാതിരിക്കാൻ കുട്ടികൾ അകലെ മാറിയാണ് നിൽക്കുന്നത്.
നടപാതയിലൂടെ ഞാൻ സാവധാനം നടന്നു. ഒരു രണ്ടു ദിവസം ഇവിടെ താമസിക്കാൻ തയ്യാറായാണ് ചിലർ എത്തിയിട്ടുള്ളത്. അങ്ങനെയുള്ളവർക്കായി ഉണ്ടാക്കിയിട്ടുള്ള ടെന്റുകൾ പലയിടത്തും കണ്ടു. ടെന്റിനടുത്ത് ഓടിക്കളിക്കുന്ന കുട്ടികളെ നോക്കി. അച്‌ഛനും അമ്മയും അടുത്തുതന്നെയുണ്ടാകും.
നടപ്പാതയിൽ നിന്നും കുറെ അകലെയുള്ള ഒരു ബെഞ്ചിൽ ഞാൻ ഇരുന്നു ആകാശത്തേക്ക് എപ്പോൾ നോക്കിയാലും കടൽ കടന്ന് വിദേശത്തേക്കു പോകുന്ന ഒരു വിമാനം കാണാം. അടുത്തുള്ള ചാങ്ങി എയർപോർട്ടിൽ നിന്നും മറ്റു രാജ്യങ്ങളിലേക്കു പോകുന്ന വിമാനങ്ങളാണവ.
ഈ ബീച്ചിൽ എത്തുന്നവരിൽ കൂടുതലും സിംഗപ്പൂരിൽ തന്നെയുള്ളവരാണ്. ചുരുക്കമായി അടുത്തുള്ള ചിലരാജ്യങ്ങളിൽ നിന്നും വന്നവരും ഉണ്ടാകും. പക്ഷേ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നു വന്ന വിനോദ സഞ്ചാരികളെയൊന്നും ഞാൻ ചാങ്ങി ബീച്ചിൽ കണ്ടില്ല.
എന്റെ ശ്രദ്ധ അടുത്ത ബഞ്ചിലിരുന്ന ഒരാളിലായിരുന്നു. രണ്ടു കാതിലും കമ്മലിട്ട ഒരു ചെറുപ്പക്കാരൻ. ഇരു നിറം. നല്ല പൊക്കവും തടിയുമുണ്ട്. പറ്റെ വെട്ടിയ മുടി. തമിഴ്‌നാട്ടിലെവിടെനിന്നെങ്കിലും വന്നതായിരിക്കുമെന്ന് തോന്നി. ഞാൻ ചോദിച്ചു.
“ഇന്ത്യയിൽ നിന്നണോ?”
“അല്ല. മലേഷ്യയിൽ നിന്നാണ്. എന്റെ പേര് ശങ്കർ. എന്റെ അപ്പൂപ്പനും അമ്മൂമ്മയും ജനിച്ചതും വളർന്നതും ഇന്ത്യയിലെ മധുരയിലായിരുന്നു.”
പലതും പറഞ്ഞ കൂട്ടത്തിൽ അയാൾ പറഞ്ഞു;
“എന്റെ ഒരു കസിൻ ഇവിടെ ലിറ്റിൽ ഇൻഡ്യയിലുണ്ട്. ആഴ്‌ചയിലൊരുദിവസം ഞാനവിടെ വരും. അപ്പോഴൊക്കെ ഈ ബീച്ചിൽ വരാതെ ഞാൻ തിരിച്ചു പോകാറില്ല.”
ഞങ്ങൾ ബഞ്ചിൽ നിന്നും എഴുന്നേറ്റ് കടലിനടുത്തേക്കു നടന്നു. വെറുതെ കടലിലേക്കു നോക്കിനിൽക്കുമ്പോൾ ഞാൻ ചോദിച്ചു.
“ശങ്കറിന്റെ വീട്ടിൽ ആരൊക്കെയുണ്ട്”?
“ആരുമില്ല. അമ്മ പത്തുവർഷം മുമ്പു മരിച്ചു. അച്ഛൻ രണ്ടുവർഷം മുമ്പും. മൂന്നു സഹോദരിമാരുണ്ട്. മൂന്നുപേരുടെയും കല്യാണം കഴിഞ്ഞു. അവർ ഭർത്താക്കന്മാരോടൊപ്പം മലേഷ്യയിൽ തന്നെയുണ്ട്.
”നിങ്ങൾ കല്യാണം കഴിച്ചില്ലേ?“
”ഇല്ല എനിക്കതിൽ താല്‌പര്യമില്ല“
”അതെന്താ ?“
”എനിക്കു സ്‌ത്രികളെ ഇഷ്‌ടമല്ല.
“എന്നുവച്ചാൽ……?”
“അതുതന്നെ പെൺകുട്ടികളെ കാണുന്നതും സംസാരിക്കുന്നതും എനിക്കിഷ്‌ടമല്ല. അവർ അടുത്തു വരുന്നതുപോലും എനിക്കു വെറുപ്പാണ്. അവരോടൊപ്പം ഒരു ജീവിതകാലം മുഴുവൻ കഴിയുകയോ? എനിക്കത് ആലോചിക്കാൻ പോലും സാധിക്കുന്നില്ല”.
അയാൾക്കെന്തെങ്കിലും മാനസിക പ്രശ്‌നങ്ങളുണ്ടാകും. അപ്പോൾ അധികം സംസാരിക്കാതിരിക്കുന്നതാണ് ഭംഗി എന്നെനിക്കു തോന്നി.
ഏതായാലും എനിക്ക് ചാങ്ങി ബീച്ചിൽനിന്നും കിട്ടിയ ചങ്ങാതികൊള്ളാം. ഞാൻ വീട്ടിലേക്കു തിരിച്ചുപോരുമ്പോഴും കടലിലേക്കും നോക്കി അയാൾ ബീച്ചിൽ തന്നെ നിൽക്കുകയാണ്.
Generated from archived content: essay1_jun7_10.html Author: bhahuleyan_puzhavelil