ജുറോംഗ് ബേർഡ് പാർക്ക്
സിംഗപ്പൂരിൽ വരുന്നവർ, പ്രത്യേകിച്ച് കുട്ടികൾ, കാണാനിഷ്‌ടപ്പെടുന്ന രണ്ടു സ്‌ഥലങ്ങളാണ് സിംഗപ്പൂർ മൃഗശാലയും ജുറോഗിലുള്ള ബേർഡ് പാർക്കും. മൃഗശാല ഞാൻ കണ്ടതാണ്. പക്ഷേ പല കാരണങ്ങൾകൊണ്ട് ബേർഡ് പാർക്കിൽ ഇതുവരെ പോകാൻ പറ്റിയില്ല.
ബേർഡ് പാർക്ക് സിംഗപ്പൂരിന്റെ പടിഞ്ഞാറുഭാഗത്തുള്ള ജുറോംഗ് എന്ന സ്‌ഥലത്താണ്. ട്രയിനിൽ പോകുന്നതാണ് സൗകര്യം. ബൂൺ ലേ എന്ന സ്‌റ്റേഷനിൽ ഇറങ്ങി, അവിടെ നിന്നും 194-ാം നമ്പർ ബസ്സിൽ അല്‌പദൂരം യാത്ര ചെയ്‌താൽ ബേർഡ് പാർക്കിലെത്തും. എല്ലായിടവും ഒന്നു ചുറ്റിനടന്നു കാണണമെങ്കിൽ നാലഞ്ചു മണിക്കൂർ വേണ്ടിവരുമെന്നാണ് ചില പരിചയക്കാർ പറഞ്ഞത്.
അടുത്ത ദിവസം രാവിലെ തന്നെ, ഞാൻ ബേർഡ് പാർക്കിൽ പോകാൻ തയ്യാറായി. അപ്പോൾ ഭാര്യ പറഞ്ഞു.
“നല്ല മഴക്കാറുണ്ട്. കുടയെടുക്കാൻ മറക്കണ്ട”
ചൈനാ ടൗണിൽനിന്നും ഞാനൊരു കുട വാങ്ങിയിരുന്നു. പത്തുപ്രാവശ്യം അടുപ്പിച്ച് വിടർത്തുകയും ചുരുക്കുകയും ചെയ്‌താൽ എല്ലാം കൂടെ ഒടിഞ്ഞു താഴെ പോയേക്കും. കളിപ്പാട്ടം പോലെത്തെ ഒരു കുട. ഏതായാലും ഞാനത് എടുത്ത് പോക്കറ്റിലിട്ടു. വീട്ടിൽ നിന്നും പുറത്തേക്കിറിങ്ങിയില്ല. അതിനു മുമ്പുതന്നെ ശക്തിയായ കാറ്റും മഴയും തുടങ്ങി. ഒപ്പം ഇടിയും മിന്നലുമുണ്ട്. മഴയുടെ ശക്തി കണ്ടാൽ, ഇരുപത്തിനാലു മണിക്കൂറെങ്കിലും കഴിയാതെ ഈ മഴ തോരില്ലെന്നു തോന്നും. പക്ഷേ ഒട്ടും പേടിക്കാനില്ലെന്ന് എനിക്കറിയാം. ഇതുപതോ മുപ്പതോ മിന്നിട്ടിനകം മഴ മാറി വെയിലാകും.
അരമണിക്കൂറിനകം മഴ മാറി. ഒരു തരി കാർമേഘംപോലും ആകാശത്തില്ല. എല്ലായിടത്തും നല്ല വെയിലായി. ഞാൻ ബസ് സ്‌റ്റോപ്പിലേക്കു നടന്നു. ചുറ്റുപാടും നോക്കിയാൽ ഇത്തിരിമുമ്പ് ഇവിടെ ശക്തിയായ ഒരു മഴ പെയ്‌തിരുന്നു എന്നു തോന്നുകയേ ഇല്ല.
സെറംഗൂണിൽ നിന്നും ട്രയിനിൽ ബൂൺലേയിലും അവിടെ നിന്നും ബസ്സിൽ ബേർഡ് പാർക്കിലുമെത്തി. തെക്കുകിഴക്കേ ഏഷ്യയിൽ ഇത്രവലിയ ഒരു ബേർഡ് പാർക്ക് വേറെഇല്ല. മരങ്ങളും ചെടികളും വളർന്നുനിൽക്കുന്ന ഒരു മലയാണിത്. പലഇടവഴികളിലൂടെയും റോഡിലൂടെയും നടന്നുപോയാലെ എല്ലാഭാഗത്തും ചെന്നെത്താൻ പറ്റൂ. ശരിക്കും ഒരു വനംതന്നെ. വെള്ളച്ചാലും വെള്ളച്ചാട്ടവും തടാകവുമെല്ലാം ഇതിലുണ്ട്. നടക്കാൻ മടിയുള്ളവർക്ക് നാലുസിംഗപ്പൂർ ഡോളർ അധികം കൊടുത്താൽ മോണോ റയിലിൽ കയറി പാർക്കു മുഴുവൻ കാണാം.
18 സിംഗപ്പൂർ ഡോളറിന്റെ ടിക്കറ്റെടുത്ത് ഞാൻ പാർക്കിനകത്തുകയറി. വിദേശികളടക്കം ധാരാളം വിനോദസഞ്ചാരികൾ എത്തിയിട്ടുണ്ട്. മലയാളികളധികവും കുടുംബസമേതമാണ് വന്നിരിക്കുന്നത്. എല്ലാവരും ആദ്യം കാണാനിഷ്‌ടപ്പെടുന്നത് പക്ഷികളുടെ ഒരു പ്രകടനമാണ്. ഞങ്ങളവിടെ എത്തിയപ്പോൾ, അടുത്തപ്രകടനത്തിനു കുറച്ചു താമസമുണ്ടെന്നറിഞ്ഞു. അപ്പോൾ തൊട്ടു പുറകിൽ നിന്നും മലയാളത്തിലൊരു ശബ്‌ദം കേട്ടു.
“അച്ഛാ ഐസ്‌ക്രീം വേണം.”
തിരിഞ്ഞു നോക്കിയപ്പോൾ ഒരു മലയാളികടുംബം. അച്ഛനും അമ്മയും രണ്ടു കുട്ടികളും. ഐസ്‌ക്രീം കഴിക്കാനായി അവരെല്ലാം അടുത്തുള്ള കടയിലേക്കു കയറി. ഞാനും അവരോടൊപ്പം പോയി. പ്രകടനം തുടങ്ങുന്നതു വരെ, ഐസ്‌ക്രീം കഴിച്ചു ഞങ്ങൾ അവിടെ ഇരുന്നു.
പ്രകടനം തുടങ്ങിയപ്പോൾ ഞങ്ങൾ അങ്ങോട്ടുചെന്നു. ഒരു മലയുടെ ചരിവിലാണത്. പരിശീലകരും പക്ഷികളുമെല്ലാം ഏറ്റവും താഴെയാണ്. മലയുടെ ചരിവിൽ ടൂറിസ്‌റ്റുകൾക്ക് ഇരിക്കാനുള്ള സീറ്റുകൾ ഒരുക്കിയിട്ടുണ്ട്. ഞങ്ങൾ കുറെപേർ ഏറ്റവും മുകളിൽ നോക്കി കൊണ്ടുനിന്നതേയുള്ളൂ. സുന്ദരിയായ പരിശീലക പറയുന്നത് അക്ഷരംപ്രതി അനുസരിക്കുന്ന പലതരം പക്ഷികൾ. കാണാൻ രസമുണ്ട്. അത്ഭുമൊന്നും തോന്നിയില്ല. അപ്പോൾ ഞാൻ നമ്മുടെ നാട്ടിൽ പക്ഷി ശാസ്‌ത്രക്കാർകൊണ്ടു നടക്കുന്ന തത്തയുടെ കാര്യമോർത്തു. നിരത്തി വച്ചിരിക്കുന്ന കാർഡുകൾക്കു മുന്നിൽ, ഭാവി ഫലം അറിയാൻ കാത്തിരിക്കുന്ന ആളുടെ അടുത്തേക്ക് കൂട്ടിൽ നിന്നും തത്ത ഇറങ്ങി വരും. കാർഡുകളുടെ കൂട്ടത്തിൽ നിന്നും ഒരെണ്ണം കൊത്തിയെടുത്ത് പുറത്തേക്കിട്ടിട്ട്, തത്ത ഒച്ചയും ബഹളവും ഒന്നുമില്ലാതെ കൂട്ടിൽ കയറി പഴയ സ്‌ഥാനത്തിരിക്കും, അതിലും അത്ഭുതമായി തോന്നിയത്, പണ്ടുനമ്മുടെ നാട്ടിലുണ്ടായിരുന്ന കോഴിപ്പോരാണ്. തീറ്റക്കു വേണ്ടിയുള്ള കോഴികളുടെ കടിപിടിമത്സരമൊന്നുമല്ലല്ലോ അത്. ഓരോ കോഴിയും ആത്മാർത്ഥതയാടെ നടത്തുന്ന ജീവൻമരണ സമയമാണത്.
രണ്ടു കുട്ടികളെയുംകൊണ്ട് ഇവിടെയെല്ലാം നടന്നു കാണാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞ എന്റെ അടുത്തുണ്ടായിരുന്ന മലയാളികുടുംബം, മോണോറയിലിൽ കയറി ഒരു ഓട്ടപ്രദക്ഷണം നടത്താൻ പോയി. ഞാൻ എല്ലാ സ്‌ഥലവും നടന്നുകാണാൻ തന്നെ തീരുമാനിച്ചു. ആദ്യം ചെന്നത് പലതരം മൂങ്ങകളെയും അതുപോലുള്ള മറ്റു പക്ഷികളെയും പാർപ്പിച്ചിട്ടുള്ള ഒരു ഇരുട്ടറയിലേക്കാണ്. ഇരുട്ട് ഇഷ്‌ടപ്പെടുന്ന പക്ഷികളായതുകൊണ്ടാണ് അവയെ ഇരുട്ടത്തുതന്നെ സൂക്ഷിച്ചിരിക്കുന്നത്. നല്ല കുറ്റാകൂറ്റിരുട്ട്. തൊട്ടടുത്തു നിൽക്കുന്നവരെ പോലും നമുക്കു കാണാൻ സാധിക്കില്ല. മൂങ്ങകളുടെ കൂട്ടിൽ, അവയ്‌ക്കു ചുറ്റും മാത്രം ഒരു വളരെ ചെറിയ വെളിച്ചമുണ്ട്. സൂക്ഷിച്ചു നോക്കിയാൽ നമുക്ക് പക്ഷികളെ വ്യക്തമായി കാണാം. പക്ഷികളെ നോക്കിയും അവിടെ എഴുതിവച്ചിരിക്കുന്നത് വായിക്കാൻ ശ്രമിച്ചും എല്ലാവരും പതുക്കെ പതുക്കെ മുന്നോട്ടു നീങ്ങുന്നുണ്ട്. അവസാനം ഇരുട്ടറയിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ, വലിയ ആശ്വാസം തോന്നി.
അവിടെനിന്നും ഇറങ്ങി പലവഴികളിലൂടെ നടന്നു. ചിലരൊക്കെ ഓരോ പക്ഷിയെയും നോക്കിവളരെ സാവധാനമാണ് നടക്കുന്നത്. പാർക്കിന്റെ ഒരു ഭാഗത്ത്, മുപ്പതുമീറ്റർ ഉയരത്തിൽ നിന്നുള്ള ഒരു വെള്ളച്ചാട്ടമുണ്ട്. ഇതു പ്രകൃതിയുടെ ഒരു ദാനമല്ല. എല്ലാം ഇവിടെ കൃത്രിമമായി ഉണ്ടാക്കിയിട്ടുള്ളതാണ്. വളരെ ഉയരത്തിൽ കെട്ടിയിട്ടുള്ള വലക്കുള്ളിലെ, മരങ്ങൾക്കിടയിലൂടെ പറന്നു നടക്കുന്ന പക്ഷികളെ കാണാൻ, വലക്കുള്ളിലുള്ള ചെറിയ തൂക്കുപാലത്തിലൂടെ നടന്നു പോകണം. ഒറ്റ നോട്ടത്തിൽ നമ്മളാണ് കൂട്ടിനുള്ളിൽ എന്നു തോന്നും.
മൂന്നുമണികൂറിലധികം പാർക്കിലൂടെ ചുറ്റിക്കറങ്ങിയശേഷമാണ് ഞാൻ പുറത്തേക്കിറങ്ങിയത്. ഉച്ചഭക്ഷണം അവിടെ നിന്നുതന്നെ കഴിച്ചു.
ഇവിടെ കാക്കകളില്ല
സിംഗപ്പൂരിൽ ഒരു വർഷത്തിലധികം ഞാനുണ്ടായിരുന്നു. അവിടെ വളരെയധികം സ്‌ഥലങ്ങളിൽ സഞ്ചരിക്കുകയും ചെയ്‌തു. കാക്ക എന്ന പക്ഷിയെ ബേർഡ് പാർക്കിടലക്കം ഒരിടത്തും കണ്ടില്ല. കാക്കകളെയെല്ലാം അവർ വെടിവച്ചുകൊന്നു കളഞ്ഞു. എന്നാണ് ഞാൻ കേട്ടത്. ഇതുസത്യമാണോ എന്ന് എനിക്കറിയില്ല. കാക്കകളെ കൊന്നുകളയാനുള്ള കാരണം എന്താണന്നറിയണോ?
സിംഗപ്പൂരിലെ ഫ്ലാറ്റുകളടക്കമുള്ള എല്ലാതാമസസ്‌ഥലത്തുനിന്നും ഭക്ഷണ സാധനങ്ങളുടെ വെയ്‌സ്‌റ്റ്, പോളിത്തിൻ കൂടിലാക്കിയാണ് വീടിനുപുറത്തു വക്കുന്നത്. എല്ലാ ദിവസവും കൃത്യസമയത്ത് ലോറി വന്ന് ഇവ കയറ്റിക്കൊണ്ടുപോവുകയും ചെയ്യും. കാക്കകൾ ഉണ്ടെങ്കിൽ ലക്ഷക്കണക്കിനുള്ള ഈ പോളിത്തിൻ കൂടുകൾ കൊത്തിക്കീറി മീനും ഇറച്ചിയുമടക്കമുള്ള ഭക്ഷണസാധനങ്ങളുടെ അവശിഷ്‌ടങ്ങളെല്ലാം കൊത്തിവലിച്ച് റോഡു മുഴുവൻ ഇടും. ഇതൊഴിവാക്കാനാണ് അവർ കാക്കകളെ കൊന്നൊടുക്കിയത് എന്നാണ് പലരും പറഞ്ഞത്.
സിംഗപ്പൂർ പത്രങ്ങൾ
സിംഗപ്പൂരിൽ നിന്നും ഇംഗ്ലീഷ്, ചൈനീസ്, മലയ, തമിഴ് എന്നീ ഭാഷകളിലുള്ള ദിനപത്രങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. നേരത്തെ ഒരു മലയാള ദിനപത്രവും ഒരു ആഴ്‌ചപ്പതിപ്പും ഇവിടെ നിന്നും പ്രസിദ്ധീകരിച്ചിരുന്നു. അതുരണ്ടും ഇപ്പോഴില്ല. നമ്മുടെ ചില മലയാളം പത്രങ്ങളും മാസികകളും ലിറ്റിൽ ഇൻഡ്യയിലെ ചില കടകളിൽകിട്ടും. സിംഗപ്പൂരിൽ വേറെ എവിടെയെങ്കിലും അവ വിൽക്കുന്നുണ്ട് എന്നു തോന്നുന്നില്ല. ഇവിടത്തെ ഇംഗ്ലീഷ് പത്രത്തിന് സാധാരണ ദിവസങ്ങളിൽ 170 പേജെങ്കിലും ഉണ്ടാകും. ശനിയാഴ്‌ച ദിവസങ്ങളിൽ പേജുകളുടെ എണ്ണം മുന്നൂറിനടുത്തായിരിക്കും. സൂപ്പർമാർക്കറ്റുകളിലും പെട്രോൾ പമ്പുകളിലും പത്രം വില്‌പനക്കു വച്ചിട്ടുണ്ട്. കൂടാതെ ധാരാളം ചെറിയ കടകളിൽ നിന്നും നമുക്കു പത്രം വാങ്ങാം.
ജൂറോഗിൽ നിന്നും ട്രയിനിലാണ് ഞാൻ സെറംഗൂണിൽ വന്നിറങ്ങിയത്. ഇവിടെ നിന്നും ബസിൽ കയറാതെ നടന്നു ഞാൻ താമസിക്കുന്നിടത്തേക്കു പോകാം. ഒരു കടയിൽ നിന്നും ഞാനൊരു പത്രം വാങ്ങി. നല്ലവനായ ആ കടക്കാരൻ മുന്നൂറുപേജുള്ള ആ പത്രം ഒരു പോളിത്തിൻ കൂട്ടിലിട്ടു തന്നു. അതു നന്നായി സൗകര്യമായി തൂക്കിപ്പിടിച്ചുകൊണ്ടുപോകാം.
വീട്ടിൽ ചെന്നാൽ ഇന്നിനി പുറത്തേക്കൊന്നും പോകുന്നില്ല. പത്രത്തിൽ മുക്കാൽ ഭാഗവും പരസ്യങ്ങളായിരിക്കും. എന്നാലും രണ്ടു മണിക്കൂറെങ്കിലും വായിക്കാനുള്ള വക അതിലുണ്ടായിരിക്കുമല്ലോ.
Generated from archived content: essay1_jun24_10.html Author: bhahuleyan_puzhavelil