സിംഗപ്പൂരിൽ കണ്ട ചില കാര്യങ്ങൾ മറക്കുമെന്ന് തോന്നുന്നില്ല. വലിയ പ്രാധാന്യമില്ലാത്തവയും വല്ലപ്പോഴും മാത്രം കണ്ടിട്ടുള്ളവയുമാണ് അതിൽ പലതും. എന്നാലും അവ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു.
വീൽചെയറിൽ സഞ്ചരിക്കുന്നവർ
ഞങ്ങളുടെ വീടിന്റെ മുമ്പിലുള്ള റോഡ് ഒട്ടും തിരക്കില്ലാത്ത ഒന്നാണ്്. ഇവിടെ ഫ്ലാറ്റുകളോ ബിസിനസ് സ്‌ഥാപനങ്ങളോ ഇല്ല. റോഡിന്റെ ഇരുവശമുള്ളത് രണ്ടും മൂന്നു നിലകളുള്ള വീടുകൾ മാത്രമാണ്. റോഡിന്റെ രണ്ടു ഭാഗത്തും നടപ്പാതയുണ്ടെങ്കിലും ചിലർ റോഡിലൂടെയും നടക്കുന്നതു കാണാം.
ഒരു ദിവസം വൈകുന്നേരം ഞാൻ ഗയിറ്റിനരികിൽ റോഡിലേക്കു നോക്കി നിൽക്കുമ്പോൾ ഒരാൾ വീൽചെയർ ഉന്തിക്കൊണ്ടു വരുന്നതു കണ്ടു. വളരെ സാവധാനമാണ് വരുന്നത്. ഞാൻ നിൽക്കുന്നതിനടുത്തു കൂടെയാണവർ മുന്നോട്ടു പോയത്. വീൽചെയറിൽ ഇരിക്കുന്നത് പ്രായമായ ഒരു സ്‌ത്രീയാണ്. അത് ഉന്തിക്കൊണ്ടു പോകുന്നത് അതിലും പ്രായമായ ഒരാളും. രണ്ടുപേരും സംസാരിക്കയും ചിരിക്കയും ചെയ്യുന്നുണ്ട്. വണ്ടിയിലിരിക്കുന്നത് അയാളുടെ ഭാര്യയാണന്ന് എനിക്കു മനസ്സിലായി. അവർക്ക് എന്തെങ്കിലും അസുഖമുള്ളതായി കണ്ടാൽ തോന്നുകയില്ല. ഒരു പക്ഷേ നടക്കാൻ മാത്രമേ ബുദ്ധിമുട്ടു കാണൂ. ചൈനീസ് വംശജരായ അവർ സംസാരിച്ചിരുന്നത് അവരുടെ ഭാഷയിലായിരുന്നതുകൊണ്ട് എനിക്കൊന്നും മനസിലായില്ല.
അടുത്ത മൂന്നു മാസത്തിനുള്ളിൽ അവരെ പലപ്രാവശ്യ ഈ റോഡിൽ വച്ചുകണ്ടു. കാണുമ്പോൾ ചെറുതായൊന്നു ചിരിക്കും. ഒന്നും സംസാരിച്ചിട്ടില്ലെങ്കിലും ഞങ്ങൾ പരിചയക്കാരായി കഴിഞ്ഞിരുന്നു.
പിന്നീടൊരുദിവസം വൈകുന്നേരം ഞാനും ഭാര്യയും കൂടെ മുറ്റത്തുനിൽക്കുമ്പോൾ വീൽചെയറുമായി അവർ റോഡിലൂടെ വന്നു. ഞങ്ങളെ കണ്ടപ്പോൾ ഒന്നു ചിരിച്ചു. ഞങ്ങൾ റോഡിലേക്കിറങ്ങിചെന്നു. വീൽചെയറിലിരുന്ന സ്‌ത്രീ ഇംഗ്ലീഷിൽ ചോദിച്ചു.
“ഇവിടെ ഒരമ്മ ഉണ്ടായിരുന്നല്ലോ. കുറെ നാളായി കാണുന്നില്ല. എവിടെപോയിരിക്കയാണ്?”
വീടിന്റെ ഉടമസ്ഥയായ അമ്മയെ ഉദ്ദേശിച്ചാണ് ചോദ്യം ഞാൻ പറഞ്ഞു.
“അമ്മയുടെ ഒരു മകൾ ഇൻഡ്യയിലാണ്. മകളെ കാണാൻ അവിടെ പോയിരിക്കയാണ്. രണ്ടുമാസം കഴിഞ്ഞേ വരൂ.”
അവരുടെ ഭർത്താവാണ് പിന്നെ സംസാരിച്ചത്.
“ഇതെന്റെ ഭാര്യ, ഞങ്ങൾ താമസിക്കുന്നത് ഇവിടെ അടുത്തു തന്നെയാണ്. ഇവളുടെ കാലുകൾ തളർന്നു പോയിട്ട് അഞ്ചുവർഷമായി. എത്രനേരമാണ് മുറിക്കുള്ളിൽ തനിച്ചിരിക്കുക? മകനും മകന്റെ ഭാര്യയും ജോലിസ്‌ഥലത്തു നിന്നും വരുമ്പോൾ രാത്രിയാകും, ജോലി വേണ്ടന്നുവച്ച്, ഭാര്യയുടെ സഹായത്തിനായി വീട്ടിൽ തന്നെയാണ് ഞാനിപ്പോൾ.”
“അതുനുണയാണ്‌ഃ കഴിഞ്ഞ വർഷം ജോലിയിൽ നിന്നും റിട്ടയർ ചെയ്‌ത ശേഷമാണ് എങ്ങും പോകാതെ എന്റെ അടുത്തുതന്നെ ഇരിക്കുന്നത്.”
അവർ രണ്ടുപേരു ചിരിച്ചു.
കുറെ സമയം ഞങ്ങൾ പലതും സംസാരിച്ചുകൊണ്ടുനിന്നു. പോകുന്നതിനുമുമ്പ് അയാൾ വീണ്ടും പറഞ്ഞു.
“അഞ്ചുവർഷം മുമ്പുവരെ ഇവൾ ജീവിച്ചത് എനിക്കും മക്കൾക്കും വേണ്ടിമാത്രമായിരുന്നു. ഇന്നവൾക്കു വയ്യാതായി. അവളുടെ എല്ലാദുഃഖവും അവൾ മറക്കുന്നത് എന്നും വൈകുന്നേരമുള്ള ഞങ്ങളുടെ ഈ യാത്രയിലാണ്. രണ്ടുമണിക്കൂർ നേരം അവളെ വീൽചെയറിലിരുത്തി ഞാനവിടെയെല്ലാം കൊണ്ടുനടക്കും. ഈ പതിവ് ഞാനൊരിക്കലും മുടക്കിയിട്ടില്ല.”
പിന്നെ കാണാമെന്നു പറഞ്ഞ് അയാൾ വീൽചെയറുമായി വീണ്ടും നടക്കാൻ തുടങ്ങി.
പിന്നെയും വല്ലപ്പോഴുമൊക്കെ റോഡിൽ വച്ച് ഞങ്ങൾ കാണുമായിരുന്നു. ഇവരുമായി പരിചയപ്പെട്ടശേഷമാണ്, സിംഗപ്പൂരിൽ ഇതുപോലെ വീൽചെയറിൽ സഞ്ചരിക്കുന്നവർ ധാരാളം ഉണ്ടെന്നു മനസ്സിലായത്. സിറ്റിഹാൾ, ഓർച്ചാർഡ് റോഡ്, വുഡ്‌ലാൻഡ്‌സ് തുടങ്ങിയ സ്‌ഥലത്തും ഭാര്യയെയോ ഭർത്താവിനെയോ വീൽചെയറിലിരുത്തി ഉന്തികൊണ്ടു പോകുന്നവരെ ഞാൻ കണ്ടിട്ടുണ്ട്.
ഇവിടെ എല്ലായിടത്തേക്കും വീൽചെയർകൊണ്ടുപോകാൻ സാധിക്കും. ഫുട്‌പാത്തുകളിലൂടെകൊണ്ടു പോയി എല്ലാ ബസ്‌സ്‌റ്റോപ്പുകളിലേക്കും തള്ളിക്കയറ്റാം. ഒരിടത്തും എടുത്ത് പൊക്കിവക്കേണ്ടിവരില്ല.
വീൽചെയറിൽ വരുന്നവർക്ക് അവതിൽ നിന്നും ഇറങ്ങാതെതന്നെ, ബസ്സിൽ കയറി യാത്രചെയ്യാനൊക്കും. ധാരാളം ബസ്സുകളിൽ ഇതിനുള്ള സൗക്യം ഒരുക്കിയിട്ടുണ്ട്. ബസ്സിലെ ഡ്രൈവർ സീറ്റീൽ നിന്നും ഇറങ്ങിവന്ന്, വീൽചെയർ ബസ്സിൽ കയറ്റാനും ഇറക്കാനും സഹായിക്കും. ഡോറിന്റെ അടുത്തുതന്നെ മറ്റുയാത്രക്കാർക്ക് അസൗകര്യമുണ്ടാകാതെ വീൽ ചെയർ ഇടാനുള്ള സ്‌ഥലവും ബസ്സിൽ ഉണ്ട്. നടക്കാൻ വയ്യാത്തവരുടെ വീൽചെയറിലുള്ള യാത്രക്ക്, ഇവിടെ ഗവൺമെന്റ് ഇതുപോലുള്ള പല സൗകര്യങ്ങളും ചെയ്‌തുകൊടുക്കുന്നുണ്ട്.
പോളിത്തീൻകൂടും കയിലും
ഞങ്ങളുടെ വീടിന്റെ നേരെ എതിർഭാഗത്തു താമസിക്കുന്നത് ഒരു ഇംഗ്ലീഷുകാരനാണ്. കുറച്ചു പ്രായമുള്ള ഒരു മനുഷ്യൻ. അയാളും അയാളുടെ ഭാര്യയും മാത്രമേ ആ വീട്ടിലുള്ളൂ. രണ്ടുപേരും കൂടെ ഇടക്കൊക്കെ കാറിൽ പുറത്തേക്കു പോകുന്നതു കാണാം. അയാളുമായി ഞാൻ ഒരു ദിവസം ഒന്നോരണ്ടോ വാക്കു സംസാരിച്ചിട്ടുണ്ട്. അതു മാത്രമാണ് ഞങ്ങൾ തമ്മിലുള്ള പരിചയം.
ഒരു വൈകുന്നേരം ലിറ്റിൽ ഇൻഡ്യയിൽ പോകാനായി ഞാൻ പുറത്തേക്കിറങ്ങുമ്പോൾ, അയാൾ അവരുടെ ഗയിറ്റിനു മുന്നിൽ കലി തുള്ളിക്കൊണ്ടു നിൽക്കുന്നു. എന്തൊക്കെയോ ഉറക്കെവിളിച്ചുകൂവുന്നുമുണ്ട്. അടുത്തെങ്ങും വേറെ ആരുമില്ല. എന്നെ കണ്ടപ്പോൾ എന്നോടായി സംസാരം. ഞാൻ അടുത്തേക്കുചെന്നപ്പോൾ അയാൾ ഉറക്കെചോദിച്ചു.“ ഇതെന്തുമര്യാദയാണ്? ഞാനിത് അനുവദിക്കയില്ല. ഇത്രധിക്കാരം മനുഷ്യർക്കാകാമോ? ഞാനിപ്പോൾ തന്നെ പരാതിപ്പെടാൻ പോകുകയാണ്.”
കോപം കൊണ്ടയാളുടെ മുഖം ചുവന്നു. താഴെ കൈ ചൂണ്ടിക്കൊണ്ടയാൾ വീണ്ടും പറഞ്ഞു.
“നോക്കൂ ഇതു കണ്ടോ? ഇവിടെ പട്ടി തൂറിയിരിക്കുന്നു. ഇതു ഇവിടെ നിന്നും കോരിമാറ്റിയിട്ടില്ല. എങ്ങനെമാറ്റും? പട്ടിയുമായിനടക്കാൻ പോയ ആ ജോലിക്കാരിയുടെ കയ്യിൽ പോളിത്തീൻകൂടും കയിലും ഇല്ലായിരുന്നു, ഇങ്ങനെയാണോ പട്ടിയെ വളർത്തുന്നത്? ഇന്നുഞ്ഞാൻ ഒരു പാഠം പഠിപ്പിക്കും.”
അയാൾ കൈ ചൂണ്ടിക്കാണിച്ച സ്‌ഥലത്തുനോക്കിയപ്പോൾ, അയാൾ പറഞ്ഞതു സത്യമാണെന്നു മനസ്സിലായി. അവിടെ പട്ടിതൂറിവച്ചിരിക്കുന്നു, അതും അയാളുടെ ഗയിറ്റിനുമുന്നിൽ തന്നെ. അയാൾക്കെങ്ങനെ ഇതു സഹിക്കാൻ പറ്റും?
ഇവിടെ പട്ടിയെ വൈകുന്നേരം നടക്കാൻ കൊണ്ടുപോകുമ്പോൾ, ഒരു പോളിത്തീൻ കൂടും നിണ്ട ഒരു കയിലും കൂടെ കൊണ്ടുപോകണം. വഴിയിൽ പട്ടിതൂറിയാൽ കയിലുകൊണ്ടുകോരി പോളിത്തീൻ കൂടിലാക്കി കൊണ്ടുപോയ്‌ക്കോളണം. ഇപ്പോൾ പട്ടിയുമായി നടക്കാൻ പോയ അയൽപക്കത്തെ ജോലിക്കാരിയുടെ കയ്യിൽ പോളിത്തീൻ കൂടും കയിലും ഇല്ലായിരുന്നു.
ഞാൻ ബസ്‌സ്‌റ്റോപ്പിലേക്കു നടക്കുമ്പോഴും അയാൾ അവിടെനിന്ന് എന്തൊക്കെയോ ഉറക്കെവിളിച്ചുകൂവുന്നുണ്ട്. ഇതാണ് സിംഗപ്പൂരിലുള്ളവരുടെ ശുചിത്വബോധം. അതുകൊണ്ടുതന്നെയാണ് സിംഗപ്പൂർ വൃത്തിയും വെടിപ്പും ഉള്ള നഗരമായിരിക്കുന്നത്.
പ്രേമത്തിന് കണ്ണില്ല, കാതുമില്ല
സിറ്റിഹാൾ എം.ആർ.ടി. വളരെ തിരക്കുള്ള ഒരു സ്‌ഥലമാണ്. പ്രത്യേകിച്ചും വൈകുന്നേരം. അതറിയാവുന്നതുകൊണ്ട് അല്‌പം വേഗത്തിലാണ് ഞാൻ പ്ലാറ്റ് ഫോമിലേക്കു കടന്നത്. അപ്പോൾ ഒരു കാഴ്‌ചകണ്ട് ഒരു നിമിഷം അവിടെനിന്നുപോയി.
ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ഈ തിരക്കിനിടയിലും തമ്മിൽ കെട്ടിപ്പിടിച്ചുകൊണ്ടു നിൽക്കുന്നു. ഉമ്മവക്കുകയും ശബ്‌ദം താഴ്‌ത്തി എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്. നൂറുകണക്കിനാളുകൾ അവർക്കടുത്തുകൂടെ നടന്നു പോകുന്നുണ്ടെങ്കിലും അവർ അതൊന്നും അറിയുന്നില്ല. ചുറ്റുമുള്ളവർ ഇതു കാണുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല. അവർ അവരുടെ വഴിക്കു പോകുന്നു. ഇതൊക്കെ കാണാനും ശ്രദ്ധിക്കാനും അവർക്കു താല്‌പര്യമില്ല. ഒരു നിമിഷത്തേക്കാണെങ്കിൽ പോലും അവരെനോക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ടിയിരുന്നില്ല എന്ന് എനിക്കുതോന്നി.
സിംഗപ്പൂരിൽ എല്ലായിടത്തും എപ്പോഴും കാണുന്ന ഒരു സ്‌ഥിരം കാഴ്‌ചയല്ലിത്, അതേ സമയം വല്ലപ്പോഴുമൊക്കെ, ചില സ്‌ഥലത്ത് ഇതുപോലുള്ള കാമുകികാമുകന്മാരെ കാണാം. ട്രയിനിനകത്തുവച്ചും കണ്ടിട്ടുണ്ട്.
ആരും ഇതൊന്നും ശ്രദ്ധിക്കാറില്ല. ശ്രദ്ധിക്കാൻ താല്‌പര്യവും സമയവും അവർക്കില്ല. അതിലും അത്ഭുതം ഈ കാമുകനും കാമുകിയും ചുറ്റുംനിൽക്കുന്ന നൂറുകണക്കിന് ആൾക്കാരെ കാണുകയോ അവരുടെ ശബ്‌ദം കേൾക്കുകയോ ചെയ്യുന്നില്ല എന്നുള്ളതാണ്, അപ്പോൾ ഒരു കാര്യം സത്യമാണ്. പ്രേമത്തിന് കണ്ണില്ല, കാതുമില്ല.
Generated from archived content: essay1_july24_10.html Author: bhahuleyan_puzhavelil