സിംപ്പൂർ മൃഗശാല
അടുത്ത ദിവസം പോയത് സിംഗപ്പൂർ മൃഗശാലയിലേക്കാണ്. മൃഗശാല എന്നല്ല, സുവോളജിക്കൽ ഗാർഡൻ എന്നു പറയുന്നതാണ് ശരി. സന്ദർശകർക്കു കാണാനായി ഇവിടെ വന്യമൃഗങ്ങളെ കൂട്ടിലടച്ചല്ല വളർത്തുന്നത്. വനത്തിൽ മൃഗങ്ങൾ എങ്ങനെ ജീവിച്ചിരുന്നോ ഏതാണ്ട് അതുപോലെ തന്നെയാണ്. ആ മൃഗങ്ങൾ സുവോളജിക്കൽ ഗാർഡൻസിലും കഴിയുന്നത്.
ഞാൻ തനിച്ചാണ് പോയത്. ഭാര്യ കൂടെ വരാമെന്നു സമ്മതിച്ചിരുന്നെങ്കിലും അവസാന നിമിഷം അവൾ പിന്മാറി. വെയിലത്തും മൂന്നുനാലു മണിക്കൂർ മലയിലൂടെയും കാട്ടിലൂടെയും നടക്കണമെന്ന് പറഞ്ഞ് മക്കളാരോ അവളെ പേടിപ്പിച്ചിട്ടുണ്ടാകും. വൈകുന്നേരം ആറുമണിക്ക് റോഡിലേക്കിറങ്ങിയാൽ പോലും ‘എന്തൊരു വെയിലാണ്’ എന്നു പറയുന്ന അവൾ കൂടെ വരാതിരുന്നതു നന്നായി. ഇല്ലെങ്കിൽ മൃഗശാലയിലെ ട്രാമിൽ കയറി ഒരു കറക്കം കറങ്ങി അരമണിക്കൂറിനകം തിരിച്ചു പോരേണ്ടിവരുമായിരുന്നു.
ബസ്സിൽ കയറി അമോക്യയിലിറങ്ങണം. അവിടെ നിന്നും മൃഗശാലയിലേക്കുള്ള ബസ് കിട്ടും. രാവിലെ ഒൻപതിമണിക്കുതന്നെ ഞാൻ പുറപ്പെട്ടു. ബസ്‌റ്റോപ്പിൽ നാലഞ്ചുപേർ ബസ് കാത്തു നിൽപ്പുണ്ട്. അതിലൊരാൾ വീൽചെയറിൽ ഇരിക്കുകയാണ്. നടക്കാൻ വയ്യാതെ, മറ്റാരുടെയെങ്കിലും സഹായത്താൽ വീൽചെയറിൽ സഞ്ചരിക്കുന്നവർക്ക്, വീൽചെയറോടു കൂടി തന്നെ യാത്രചെയ്യാൻ പല ബസ്സുകളിലും സൗകര്യമുണ്ട്. വീൽചെയർ ബസിലേക്കു തള്ളിക്കയറ്റാനും ഇറക്കാനും ഡ്രൈവർ സഹായിക്കും.
എല്ലാ ബസ്സുകളും എ.സി ആണ്. ബസ്സിൽ ഡ്രൈവർ മാത്രമേ ഉണ്ടാകൂ. അവിടെ കണ്ടക്‌റ്ററും കിളിയുമൊന്നുമില്ല. ഇറങ്ങാനും കയറാനും പ്രത്യേകം ഡോറുകളുണ്ട്. ഡ്രൈവർക്ക് സീറ്റിൽ ഇരുന്നുതന്നെ ഡോറുകൾ അടക്കുകയും തുറക്കുകയും ചെയ്യാം. യാത്രക്കാർ ഡൈവറുടെ അടുത്തുള്ള ഡോറിൽ കൂടെ വേണം കയറാൻ. ഇറങ്ങേണ്ടത് പുറകുവശത്തുള്ള ഡോറിലൂടെയും. പണം കൊടുക്കുകയോ ടിക്കറ്റ് മേടിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. യാത്രക്കാരുടെ കയ്യിലെല്ലാം മുൻകൂർ പണമടച്ച ബസ് കാർഡ് ഉണ്ടാകും. ട്രയിൻ യാത്രക്കും ഈ കാർഡു മതി. ബസ്സിൽ കയറുമ്പോൾ ഡോറിനടുത്തുള്ള കാർഡ് റീഡർ എന്ന ഉപകരണത്തിനു മുമ്പിൽ ഈ കാർഡ് കാണിക്കണം. അപ്പോൾ ഒരു ചെറിയ ശബ്‌ദം കേൾക്കാം. ഡ്രൈവർക്കു സീറ്റിലിരുന്നു തന്നെ ഇതു ശ്രദ്ധിക്കാം. ബസ്സിൽ നിന്നും ഇറങ്ങുന്ന സമയത്തും അവിടെ ഡോറിനടുത്തുള്ള കാർഡ് റീഡറിൽ കാർഡ് കാണിച്ചിട്ടു വേണം ഇറങ്ങാൻ. അപ്പോൾ നമ്മൾ എത്രദൂരം യാത്ര ചെയ്‌തോ അതിനുള്ള കൃത്യമായ ചാർജ് നമ്മുടെ കാർഡിൽ നിന്നും കുറഞ്ഞിട്ടുണ്ടാകും. ഇറങ്ങുന്ന സമയത്ത് കാർഡ് റീഡറിന്റെ മുമ്പിൽ കാണിച്ചില്ലെങ്കിൽ, ആ ബസ് അവസാനം ചെന്നു നിൽക്കുന്ന സ്‌റ്റോപ്പുവരെയുള്ള ദൂരത്തിന്റെ ബസ് ചാർജ് കാർഡിൽ നിന്നും കുറയും. അതുകൊണ്ട് ഇറങ്ങുന്ന സമയത്ത് കാർഡ് കാണിക്കുക എന്നത് യാത്രക്കാരന്റെ ഒരാവശ്യമാണ്.
ബസ്സിൽ നിന്നും ഇറങ്ങേണ്ടിവരുമ്പോൾ, ബസ് നിറുത്താനായി ബെല്ലടിക്കുന്നതും യാത്രക്കാർ തന്നെയാണ്. എവിടെ ഇരുന്നാലും കയ്യെത്താവുന്ന അകലത്തിൽ ഒരു സ്വിച്ചു ഉണ്ടാകും. അതിലൊന്നമർത്തിയാൽ ബെല്ലടിക്കും. അടുത്ത സ്‌റ്റോപ്പിൽ ബസ് നിറുത്തും. നിറുത്തുന്ന വിവരം ബസ്സിൽ എഴുതി കാണിക്കുകയും ചെയ്യും. ഇരുനിലബസ്സാണെങ്കിൽ, മുകളിൽ നിന്നു യാത്രചെയ്യാൻ സമ്മതിക്കയില്ല. മുകളിൽ എത്ര സീറ്റിൽ ആളില്ല എന്നറിയാൻ, കോണിപ്പടിയുടെ മുകളിലേക്കാന്നു നോക്കിയാൽ മതി. അവിടെ എത്ര സീറ്റ് ഒഴിവുണ്ടെന്ന് എപ്പോഴും എഴുതി കാണിച്ചുകൊണ്ടിരിക്കും. പല ബസ്സുകളിലും ഒരു ചുറ്റികയും അതിനടുത്ത് “അത്യാവശ്യം വന്നാൽ ചുറ്റിക ഉപയോഗിച്ച് ചില്ലു പൊട്ടിക്കുക” എന്നെഴുതി യിരിക്കുന്നതും കാണാം. എനിക്കേറ്റവും ഇഷ്‌ടപ്പെട്ടത് ബസ് കമ്പനിക്കാർ ഡ്രൈവറുടെ അടുത്തു വച്ചിട്ടുള്ള ഏതാണ്ട് താഴെപറയുന്ന രീതിയിലുള്ള ഒരറിയിപ്പാണ്. “ഈ ബസ്സോടിക്കുന്നയാൾക്ക്, നിങ്ങളെപോലെതന്ന ഇവിടെ അന്തസായി ജോലി ചെയ്യാനുള്ള അവകാശമുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ നേരെ ആക്രമണമരുത്.” ഇതു ശരിക്കും നമ്മുടെ നാട്ടിലെ ബസ്സിലും എഴുതി വക്കേണ്ടതാണെന്നു തോന്നുന്നു.
അമോക്യയിലെ ബസ്‌സ്‌റ്റാന്റിൽ നിന്നുമാണ് മൃഗശാലയിലേക്കുള്ള ബസ്സുകൾ പുറപ്പെടുന്നത്. ബസ്‌റ്റാന്റിനോടു ചേർന്ന് വലിയ ഒരു ഷോപ്പിംഗ് സെന്റർ ഉണ്ട്. യാത്രക്കാർ ബസ് കാത്തിരിക്കുന്നതും ഇവിടെയുള്ള എയർ കണ്ടീഷൻ ചെയ്‌ത ഹാളിലാണ്. ബസ് വരാൻ പത്തുമിനിറ്റോളം കാത്തിരിക്കേണ്ടി വന്നു. അരമണിക്കൂറിനകം മൃഗശാലയിലെത്തി. കുട്ടികളടക്കം ധാരാളം പേർ അവിടെയുണ്ട്. അവരോടൊപ്പം ടിക്കറ്റെടുത്ത് ഞാനും അകത്തു കയറി.
മൃഗശാല ഒരു വലിയ വനമാണെന്നു പറയാം. ഇടതിങ്ങിവളരുന്ന കുറ്റിച്ചെടികളും വള്ളികളും വലിയ മരങ്ങളും മാത്രമല്ല, പാറകൂട്ടങ്ങളും ശക്തിയായി വെള്ളമൊഴുകുന്ന വെള്ളച്ചാലുകളും തോടുകളും അടങ്ങിയ ഒരു വനപ്രദേശം. ഇതിന്റെയുള്ളിൽ പലഭാഗത്തായാണ് മൃഗങ്ങൾ ഉള്ളത്. ശരിക്കുള്ള വനത്തിൽ കാട്ടുമൃഗങ്ങൾ എങ്ങനെയാണോ കഴിഞ്ഞിരുന്നത് ഏതാണ്ട് അതുപോലെതന്നെയുള്ള സൗകര്യങ്ങളാണ് ഇതിനകത്തും ഒരുക്കിയിരിക്കുന്നത്. തങ്ങളൊരു കൂട്ടിലടക്കപ്പെട്ടിരിക്കയാണെന്ന ഒരു ധാരണ മൃഗങ്ങൾക്കില്ല. അതേ സമയം നമുക്കീ മൃഗങ്ങളെ വളരെ അടുത്തുനിന്നു കാണാം. വളർന്നു നിൽക്കുന്ന പുല്ലും കുറ്റിച്ചെടികളും പാറക്കൂട്ടങ്ങളുമുള്ള ഒരു ഭാഗത്തുനിൽക്കുന്ന കടുവകൾ നമ്മുടെ വളരെ അടുത്താണ്. കടുവകൾക്കും നമുക്കുമിടയിൽ വെള്ളമൊഴുകുന്ന ഒരു തോടും വളരെ പൊക്കം കുറഞ്ഞ ഒരു മതിലും മാത്രമേയുള്ളൂ. ഇരുമ്പഴികളോ മറ്റു തടസ്സങ്ങളോ ഒന്നും കണ്ടില്ല. പക്ഷേ ആ മൃഗങ്ങൾ തോടും മതിലും കടന്ന് ഇപ്പുറത്തേക്കുവരില്ല. നടക്കാൻ മടിയുള്ളവർക്ക് ട്രാമിലോ കുതിരവണ്ടിയിലോ മൃഗശാലയുടെ പലഭാഗത്തും എത്താം.
ഉച്ചക്കു ഭക്ഷണം ഇതിന്റെ അകത്തുനിന്നുതന്നെ കഴിച്ചു. പുറത്തേക്കിറങ്ങിയാൽ അകത്തേക്കു കയറണമെങ്കിൽ പിന്നെ വേറെ ടിക്കറ്റെടുക്കേണ്ടിവരും.
ഈ മൃഗശാല പകൽസമയത്താണ് തുറന്നിരിക്കുന്നത്. പക്ഷേ രാത്രിയിൽ കൂടുതൽ ആകർഷകമായ രീതിയിൽ, നൈറ്റ് സഫാരി എന്ന പേരിൽ ഇവിടം കാണാം. സിംഗപ്പൂരിലെ പ്രധാന ഹോട്ടലുകളിൽ നിന്നെല്ലാം നൈറ്റ് സഫാരി കാണാൻ യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. വിദേശികൾ കൂടുതലും കാണാനിഷ്‌ടപ്പെടുന്നത് നൈറ്റ് സഫാരിയാണ്.
മൃഗശാലയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ മൂന്നു മണികഴിഞ്ഞിരുന്നു. ആദ്യം വന്ന ബസ്സിൽ കയറി അമോക്യയിലെത്തി. അവിടെ എനിക്കു പോകേണ്ട ബസ് നിറുത്തുന്ന ബസ്‌റ്റോപ്പിൽ ഒരു ബോർഡ് വച്ചിട്ടുണ്ട്. അതിൽ അവിടെ നിറുത്തുന്ന ബസ്സുകളുടെ നമ്പരും അതിന്റെ നേരെ ഓരോ ബസ്സും എത്ര മനിട്ടിനകം സ്‌റ്റോപ്പിൽ എത്തുമെന്നും എഴുതി കാണിച്ചുകൊണ്ടിരിക്കും. എനിക്കു പോകാനുള്ള ബസ് വരാൻ പത്തുമിനിട്ടു സമയമുണ്ട്. കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ ഏഴുമിനിട്ടെന്നാണ് കാണിച്ചിരിക്കുന്നത്. പിന്നെ അത് അഞ്ചും മൂന്നും എന്നായി. ഒന്നുകൂടി നോക്കിയപ്പോൾ ബസ് എത്തിക്കൊണ്ടിരിക്കുന്നു എന്നാണറിയിപ്പ്.
നാലഞ്ചു മണിക്കൂർ വെയിലത്തു നടന്നതിന്റെ ക്ഷീണമുണ്ട്. എങ്ങനെയെങ്കിലും ഒന്നു വീട്ടിലെത്തിയാൽ മതി എന്നോർത്ത് റോഡിലേക്കു നോക്കിയപ്പോൾ, എനിക്കു പോകേണ്ട ബസ് എന്റെ മുമ്പിലെത്തിയിരിക്കുന്നു.
Generated from archived content: essay1_feb13_10.html Author: bhahuleyan_puzhavelil
Click this button or press Ctrl+G to toggle between Malayalam and English