സിംഗപ്പൂരിലുള്ള മക്കളോടൊപ്പം ഒന്നോരണ്ടോ മാസം താമസിച്ചിട്ട് തിരിച്ചു പോകാമെന്നു കരുതിയാണ് ഞങ്ങളിവിടെ എത്തിയത്. ഇവിടെ വന്നിട്ടിപ്പോൾ ഒരു വർഷം കഴിഞ്ഞു. നാട്ടിലേക്കു ഫോൺ ചെയ്യുമ്പോഴൊക്കെ അവിടെ നിന്നും കൊച്ചുമോൻ ചോദിക്കും.
“അച്ഛനും അമ്മയും എന്നാണ് തിരിച്ചുവരുന്നത്?”
നാട്ടിൽ മകനും മരുമകളും കൊച്ചുമോനുമുണ്ട്. രാവിലെ എട്ടുമണിക്കുമുമ്പായി വീടുപൂട്ടി മൂന്നുപേരും വീട്ടിൽ നിന്നുമിറങ്ങും. രണ്ടുപേർ ജോലി സ്‌ഥലത്തേക്കും ഒരാൾ സ്‌കൂളിലേക്കും. വൈകുന്നേരം ആദ്യമെത്തുന്നത് കൊച്ചുമോൻ സോനുകുട്ടനാണ്. അവൻ വീട്ടിലെത്തുമ്പോൾ, വീടു തുറക്കാൻ അവന്റെ അമ്മ എത്തിയിട്ടുണ്ടാകില്ല. ഇതൊക്കെകൊണ്ടാണ് നാട്ടിലേക്കുടനെ മടങ്ങാമെന്നു തീരുമാനിച്ചത്. തിരിച്ചുപോകാൻ തീയതി നിശ്ചയിച്ച് ടിക്കറ്റും ബുക്കുചെയ്‌തു കഴിഞ്ഞപ്പോൾ ഇവിടെ കാണണമെന്നാഗ്രഹിച്ച ഒന്നു രണ്ടു കാര്യങ്ങൾ കണ്ടില്ലല്ലോ എന്നോർത്തുപോയി.
കാണാത്ത വിശേഷങ്ങൾ
ഒരു കൊല്ലമല്ല, പത്തുകൊല്ലം ഒരിടത്തുതാമസിച്ചാലും ചിലതൊന്നും നമ്മൾ കാണില്ല. സമയം കിട്ടിയില്ല, സൗകര്യം കിട്ടിയില്ല എന്നൊക്കെ ചില കാരണങ്ങൾ പറയാനുണ്ടാകും. പക്ഷേ ശരിക്കുള്ള കാരണം ചില കാര്യങ്ങളിൽ നമുക്കുള്ള താല്‌പര്യക്കുറവാണ്.
എന്നാൽ കാണാൻ താല്‌പര്യമുള്ളതും കാണാൻ ആഗ്രഹിച്ചതുമായ ചിലത് കാണാൻ പറ്റിയില്ല. നാളെയാകട്ടെ അല്ലെങ്കിൽ അടുത്തയാഴ്‌ചയാകട്ടെ എന്നു കരുതി കാര്യങ്ങൾ നീട്ടിക്കൊണ്ടുപോയതുതന്നെയാണ് ഇതിനു കാരണം. ബുഗ്ഗീസിലെ ബലൂണിൽ കയറിയുള്ള സവാരിയാണ് ഇതിലൊന്ന്. ഇതിനെപറ്റി ഞാൻ വിശദമായി നേരത്തെ എഴുതിയിട്ടുള്ളതുകൊണ്ട് ഇപ്പോൾ കൂടുതലൊന്നും എഴുതുന്നില്ല.
കാണാത്ത വിശേഷങ്ങളിൽ അടുത്തത് ഒരു കപ്പൽയാത്രയാണ്, 43 മീറ്റർ നീളവും എല്ലാസജ്ജീകരണങ്ങളുമുള്ളതുമായ ഈ കപ്പലിൽ 200 പേർക്കു സുഖമായി യാത്രചെയ്യാം. ആദ്യം കണ്ടപ്പോൾ എനിക്കീ കപ്പൽ ഇഷ്‌ടപ്പെട്ടില്ല. മുകൾ ഭാഗം കണ്ടാൽ ഏതോ ചൈനീസ് അമ്പലമാണന്നു തോന്നും. കപ്പലിന്റെ ഒന്നും രണ്ടും നിലകളും അതിന്റെ ആകൃതിയും നിറവുമെല്ലാം കണ്ടപ്പോൾ, വികൃതമായുണ്ടാക്കിയ ഏതോ ഒരു വലിയ കളിപ്പാട്ടംപോലെ തോന്നി. പക്ഷേ ഒരു മാസം കഴിഞ്ഞു ഞാൻ വീണ്ടും കപ്പൽ കണ്ടപ്പോൾ ഞാൻ അതിനെപറ്റി കൂടുതൽ മനസിലാക്കി. 600 കൊല്ലങ്ങൾക്കു മുമ്പ് ഷെങ്ങ് ഹെ എന്ന ചൈനീസ് അഡ്‌മിറലിന്റെ കീഴിൽ കുറെയധികം കപ്പലുകളും നാവികരും ഇവിടെയെത്തിയിരുന്നു. ഈ ഭാഗത്ത് ചൈനയുടെ സ്വാധീനം ഉറപ്പിക്കാനുള്ള ഒരു നടപടിയുടെ ഭാഗമായിരുന്നു അത്. അന്ന് ചൈനീസ് അഡ്‌മിറൽ സഞ്ചരിച്ച കപ്പലിന്റെ ആകൃതിയിലാണ് ഈ കപ്പലിന്റെ നിർമ്മാണം. ഷാങ്ങ്‌ഹെ എന്ന പേരും ഇതിനിട്ടു. 600 കൊല്ലം മുമ്പുളള ഒരു കപ്പൽ കാഴ്‌ചയിൽ എങ്ങനെയിരിക്കുമോ അതുപോലെയാണീ കപ്പലും. എന്നാൽ അന്നില്ലാതിരുന്ന ആധുനിക സജ്ജീകരണങ്ങളെല്ലാം ഇപ്പോൾ ഇതിലുണ്ട്.
ദിവസം മൂന്നോ നാലോ പ്രാവശ്യം വിനോദസഞ്ചാരികളുമായി ഈ കപ്പൽ സിംഗപ്പൂരിനടുത്തുകൂടെ കടലിൽ കാഴ്‌ചകൾ കാണാൻ പുറപ്പെടും. ഓരോയാത്രയും രണ്ടര മണിക്കൂർ നേരത്തേക്കു മാത്രമാണ്. ആദ്യത്തെയാത്ര രാവിലെ പത്തരമണിക്കാണ്. അവസാനത്തെ യാത്ര വൈകുന്നേരം ആറരമണിക്കും. വൈകുന്നേരത്തെയാത്രക്ക് ടിക്കറ്റ് ചാർജ് കൂടുതലാണ്. കാരണം ഡിന്നർ ഈ യാത്രയുടെ ഒരു ഭാഗമാണ്. വിനോദസഞ്ചാരികൾ ഏറെ ഇഷ്‌ടപ്പെടുന്ന ഒരു യാത്രയാണിത്. പിന്നീടാകട്ടെ എന്നു വിചാരിച്ചു യാത്രനീട്ടിക്കൊണ്ടുപോയ എനിക്ക് അവസാനം ഈ കപ്പൽയാത്ര എങ്ങനെയുണ്ടന്നറിയാതെ സിംഗപ്പൂർ വിടേണ്ടിവന്നു.
മടക്കയാത്രയുടെ തലേദിവസം
ഞങ്ങൾ നാട്ടിലേക്കുതിരിച്ചുപോകുന്നത് ആഗസ്‌റ്റ് 12-ാം തിയതിയാണ് കൊണ്ടുപോകാനുള്ള ഒട്ടുമുക്കാൽ സാധനങ്ങളും പെട്ടിക്കകത്താക്കികഴിഞ്ഞു. അപ്പോഴാണ് പത്താംതിയതി രാത്രിയിൽ നാട്ടിൽ നിന്നും കൊച്ചുമോന്റെ ഫോൺ. അവനു മുസ്‌തഫയിൽ നിന്നും ഇനിയും ചിലതൊക്കെ മേടിച്ചുകൊടുക്കണമെന്ന്. ഇവിടത്തെ മുസ്‌തഫ സെന്ററിന്റെ കാര്യം അവനുമറിയാം. സിംഗപ്പൂരിൽ ധാരാളം ഷോപ്പിംഗ് മാളുകൾ ഉണ്ടെങ്കിലും മുസ്‌തഫസെന്ററിൽ പോയി എന്തെങ്കിലും വാങ്ങാതെ ഇൻഡ്യാക്കാരാരും നാട്ടിലേക്കു പോകാറില്ല. ദിവസം ഇരുപത്തിനാലു മണിക്കൂറും തുറന്നിരിക്കുന്ന ഒരു സൂപ്പർമാർക്കറ്റാണിത്. ആഴ്‌ചയിൽ ഏഴുദിവസവും കൊല്ലത്തിൽ 365 ദിവസവും തുറന്നിരിക്കുന്ന കട. ഇവിടെ കിട്ടാത്ത സാധനങ്ങളൊന്നുമില്ല. ഇത്രയും വലുതല്ലെങ്കിലും ലിറ്റിൽ ഇൻഡ്യയിലെ ഹനീഫയും ഇൻഡ്യാക്കാർ ഏറെ ഇഷ്‌ടപ്പെടുന്ന വേറൊരു കടയാണ്.
നാട്ടിലേക്കു പോകാനുള്ള ടിക്കറ്റ് പ്രസാദിന്റെ ഒരു കൂട്ടുകാരന്റെ കയ്യിലാണ്. പിറ്റെ ദിവസം രാവിലെ ലിറ്റിൽ ഇൻഡ്യയിൽ പോയി ഞാനതുവാങ്ങി. ഞങ്ങളുടെ പാസ്‌പോർട്ടിന്റെ രണ്ടു മൂന്നുഫോട്ടോ കോപ്പികളും എടുത്തു. ചില ചില്ലറസാധനങ്ങൾ ലിറ്റിൽ ഇൻഡ്യയിൽ നിന്ന് വാങ്ങുകയും ചെയ്‌തു. ഇതെല്ലാംകൂടെ ഒരു പോളിത്തിൻ കൂടിലാക്കിയാണ് ഞാൻ മുസ്‌തഫ സെന്ററിലേക്കുചെന്നത്. രണ്ടു പാസ്‌പോർട്ടും വിമാനയാത്രക്കുള്ള രണ്ടു ടിക്കറ്റുമടങ്ങിയ എന്റെ പാക്കറ്റ് മുസ്‌തഫയിലെ സെക്യൂരിറ്റിക്കാരുടെ കയ്യിൽ കൊടുത്ത് സീൻ ചെയ്‌തുമേടിച്ചു. ഇനി അതുമായി കടയിലേക്കു കടക്കാൻ കുഴപ്പമില്ല.
പലപ്രാവശ്യം ഇവിടെ വന്നിട്ടുണ്ടെങ്കിലും ഓരോ വിഭാഗവും എവിടെയൊക്കെയാണെന്ന് എപ്പോഴും സംശയമാണ്. കളിപ്പാട്ടങ്ങൾ വിൽക്കുന്നത് മൂന്നാമത്തെ ഫ്‌ളോറിലാണോ അതോ ബെയസ്‌മെന്റ് രണ്ടിലാണോ? ചോദിച്ചറിഞ്ഞിട്ടു പോയില്ലെങ്കിൽ ആവശ്യമില്ലാതെ പലനിലകളിൽ കയറിയിറങ്ങേണ്ടിവരും. അവസാനം കുറെഭാഗത്തൊക്കെ കയറിയിറങ്ങി പലതും വാങ്ങികഴിഞ്ഞപ്പോൾ മൂന്നുമണിക്കൂർ പോയതറിഞ്ഞില്ല. വാങ്ങിയ സാധനങ്ങൾ നിറച്ച കവറുകളുടെ എണ്ണം കൂടിയപ്പോൾ അതുകൊണ്ടുനടക്കാനും ബുദ്ധിമുട്ടായി.
തിരിച്ചുപോരാൻ തുടങ്ങിയപ്പോൾ കയ്യിലിരിക്കുന്ന കൂടുകളെല്ലാം ഒന്നു സൗകര്യമായി അടുക്കിപ്പിടിക്കാമെന്നുകരുതി ഒരരികിലേക്കു മാറിനിന്നു. കൂടുകളെല്ലാം ഓരോന്നായി എടുത്തു ഇടത്തെ കയ്യിലേക്കു മാറ്റി. ഞങ്ങളുടെ പാസ്‌പോർട്ടും ടിക്കറ്റും മറ്റു പലസാധനങ്ങളുമടങ്ങിയ കൂടു കാണുന്നില്ല. എല്ലാം തിരിച്ചും മറിച്ചും രണ്ടുമൂന്നു പ്രാവശ്യം കൂടി പരിശോധിച്ചു. ഇല്ല കാണുന്നില്ല. പാസ്‌പോർട്ടും ടിക്കറ്റുകളുമടങ്ങിയ കൂട് നഷ്‌ടപ്പെട്ടിരിക്കുന്നു എന്നുറപ്പായി.
ഇനിയെന്തുചെയ്യും?
സൂപ്പർ മാർക്കറ്റിന്റെ പല ഭാഗത്തുനിന്നുമാണ് സാധനങ്ങൾ വാങ്ങിയത്. പേമെന്റ് നടത്തിയതും പലഭാഗത്താണ്. ആ സമയത്ത് എവിടെയെങ്കിലും വച്ച് മറന്നു കാണുമോ? അതോ കടക്കകത്തുകൂടെനടക്കുമ്പോൾ താഴെ വീണു പോയതാകുമോ?
ഞാൻ വേഗം ഏറ്റവും അവസാനം സാധനം വാങ്ങിയ ഭാഗത്തേക്കു ചെന്നു. എന്റെ കയ്യിൽ നിന്നും നഷ്‌ടപ്പെട്ട കൂട് അവിടെയില്ല. ഞാൻ സാധനങ്ങൾ വാങ്ങിയ എല്ലാ ഭാഗത്തും തിരക്കി. ഒരിടത്തുമില്ല. എല്ലാവരും പറയുന്നത് സെക്യൂരിറ്റിക്കാരോടു ചോദിച്ചുനോക്കൂ എന്നു മാത്രമാണ്.
സെക്യൂരിറ്റിക്കാരുടെ ഓഫീസ് ഏറ്റവും താഴെയാണ്. ഞാനവിടെച്ചെന്ന് വിവരം പറഞ്ഞു. അവർ എല്ലാകാര്യങ്ങളും വിശദമായി ചോദിച്ചു. അവസാനം നഷ്‌ടപ്പെട്ടു എന്നു ഞാൻ കരുതിയ, പാസ്‌പോർട്ടും വിമാനടിക്കറ്റുമടങ്ങിയ കൂട് അവർ താഴെ നിന്നുമെടുത്ത് മേശപ്പുറത്തുവച്ചു. എല്ലാസാധനങ്ങളും ഉണ്ടോ എന്നു നോക്കാൻ പറഞ്ഞു. ഞാൻ തുറന്നു നോക്കി ഒന്നും നഷ്‌ടപ്പെട്ടില്ല. എല്ലാം അതിനകത്തുതന്നെയുണ്ട്. അപ്പോഴാണ് എനിക്കു സമാധാനമായത്. അവരോട് നന്ദിപറഞ്ഞ്, സാധനങ്ങളുമായി വേഗം വീട്ടിലേക്കു പോന്നു.
മടക്കയാത്ര
രാത്രി 8-20 നാണ് കൊച്ചിയിലേക്കുളള സിൽക്ക് എയറിന്റെ വിമാനം പുറപ്പെടുന്നത്. ഞങ്ങൾ നേരത്തെ തന്നെ എയർപോർട്ടിലെത്തി. യാത്ര അയക്കാനെത്തിയത് മരുമക്കളും മക്കളും പേരക്കിടാങ്ങളും. എന്നു വെച്ചാൽ പ്രസാദ്, ബിന്ദു, നേഹാമോൾ പിന്നെ ജീവൻ, ബീന, ആതിര മോൾ.
ആതിര മോൾക്ക് മൂന്നുവയസ് പ്രായമുണ്ട്. അതുകൊണ്ട് കാര്യങ്ങൾ കുറച്ചൊക്കെ മനസിലാകും, ഞാനും മണിയും അവരെ കൂടാതെ എവിടെയോ പോവുകയാണെന്ന് മോൾക്കറിയാം, അതേ സമയം നേഹമോൾക്ക് ഒരു വയസേ ആയിട്ടുളളു, ഒന്നും മനസിലാക്കാനുളള പ്രായമായില്ല. ആർക്കും പിടികൊടുക്കാതെ അവിടെയൊക്കെ ഓടി കളിക്കാനാണ് നേഹമോൾക്കിഷ്‌ടം, കൊച്ചുമക്കളുടെ ചക്കരയുമ്മയും മേടിച്ചാണ് അവരോടും സിംഗപ്പൂരിനോടും യാത്രപറഞ്ഞത്. രാത്രി ഭക്ഷണം വിമാനത്തിൽ കിട്ടി. ജനലിൽ കൂടി താഴോട്ടു നോക്കിയപ്പോൾ കണ്ടത് കടലാണോ മേഘമാണോയെന്നു തിരിച്ചറിയാൻ പോലും സാധിച്ചില്ല.
ഉറങ്ങാനുളള സമയമായില്ല. അതിന്റെ ആവശ്യവുമില്ല. നാലഞ്ചുമണിക്കൂറിനകം കൊച്ചിയിലെ നെടുമ്പാശേരി എയർപോർട്ടിൽ ഇറങ്ങാനുളളതല്ലേ? അവിടെ ഞങ്ങളുടെ പേരക്കിടാവ് സോനുക്കുട്ടൻ കാത്തുനിൽപ്പുണ്ടാകും. കൂടെ, ഞങ്ങളെ കൂട്ടികൊണ്ടുപോകാൻ അഞ്ഞ്‌ജനയും ബൻസീറും കാണും.
അവസാനിച്ചു…
Generated from archived content: essay1_dec15_10.html Author: bhahuleyan_puzhavelil