അനാവൃതം

ഡോക്‌ടറുടെ മുറിയിൽ നീല നിറത്തിനായിരുന്നു പ്രാമുഖ്യം. നീലച്ചായമണിഞ്ഞ ചുവരുകൾ. നീല മേശവിരി. മേശപ്പുറത്തിരിക്കുന്ന പളുങ്ക്‌ പേപ്പർ വെയ്‌റ്റിനുളളിൽ നീല ഉടുപ്പണിഞ്ഞ നർത്തകി. രോഗികളെ ഹിപ്‌നോട്ടിക്‌ നിദ്രയിലേക്ക്‌ മോഹിപ്പിച്ച്‌ കൊണ്ടുപോകുന്ന കൗച്ചിനും നീലനിറം തന്നെ. നീലനിറം മനസ്സിന്‌ ശാന്തി നൽകുന്നുവെന്ന്‌ എവിടെയോ വായിച്ചത്‌ ചിത്ര ഓർത്തു.

അത്രയെളുപ്പത്തിൽ നേടിയെടുക്കാവുന്നതാണോ മനസ്സിന്റെ ശാന്തി? ആയിരിക്കില്ല. അല്ലെങ്കിൽ താനെന്തിന്‌ ഇവിടെ? സന്തോഷത്തിന്റെയും ശാന്തിയുടെയും ലോകം തേടിയുളള യാത്രയിൽ ഡോക്‌ടർ വഴികാട്ടിയാവുമെന്ന്‌ മോഹിച്ചല്ലേ ഈ വരവ്‌?

മുൻപിലിരിക്കുന്ന ഡോക്‌ടറെ ചിത്ര ഉറ്റുനോക്കി. ഡോക്‌ടറല്ല. സൈക്കോളജിസ്‌റ്റ്‌. പച്ച പട്ടുസാരി. വെട്ടിത്തിളങ്ങുന്ന ഒറ്റക്കൽ മൂക്കുത്തി. മുക്കാലും നരച്ച മുടി കുളികഴിഞ്ഞ്‌ തുമ്പ്‌ കെട്ടി പുറകോട്ടിട്ടിരിക്കുന്നു. നീണ്ടുമെലിഞ്ഞ്‌ ലോലമായ കൈവിരലുകൾ. പൂമുഖത്ത്‌ സൗമ്യമായി പുഞ്ചിരി പൊഴിക്കുന്ന കോലം കണ്ടതോർത്തു. അത്‌ ഈ വിരലുകളുടെ സൃഷ്‌ടി തന്നെ. നെറ്റിയിൽ ഒരു ഭസ്‌മക്കുറി ശോഭിക്കുന്നു. സാത്വികതയുടെ മൂർത്തീഭാവം. കണ്ണുകളിൽ തികഞ്ഞ ശാന്തതയാണ്‌. എന്നാൽ വാൾത്തലപ്പിന്റെ മിന്നായം പോലൊരു തിളക്കം അതിൽ ഒളിച്ചുകളിക്കുന്നുണ്ട്‌. ഏറെ ആക്‌ടീവ്‌ ആയ ഒരു മനസ്സ്‌ ആ കണ്ണുകളിൽ നിന്നും അവൾ നിഷ്‌പ്രയാസം വായിച്ചെടുത്തു.

ചിത്രയുടെ നോട്ടം ശ്രദ്ധിച്ചാവണം ഡോക്‌ടർ തിരിഞ്ഞു. അവളുടെ നേരെ നോക്കിയ കണ്ണുകളിൽ അനുകമ്പയും അനുതാപവും സ്‌നേഹവുമുണ്ടായിരുന്നു. വഴിതെറ്റി അലയുമ്പോൾ തൊട്ടുമുന്നിൽ ഓർക്കാപ്പുറത്ത്‌ അമ്മയെ കണ്ടതുപോലൊരനുഭവം.

ഒന്നും പറയാതെത്തന്നെ താനാണ്‌ പ്രതിസ്ഥാനത്ത്‌ എന്ന്‌ ഡോക്‌ടർ മനസ്സിലാക്കിയോ? കുറ്റവാളിയോട്‌ ഇവർക്കെങ്ങനെ സഹാനുഭൂതി പ്രകടിപ്പിക്കാൻ കഴിയുന്നു? ചിത്രയ്‌ക്ക്‌ അതിശയം തോന്നി. ഡോക്‌ടർ സംസാരിക്കുകയായിരുന്നു.

“പറയൂ. എന്താണ്‌ പ്രശ്‌നം?”

മറുപടി പറഞ്ഞത്‌ ചിത്രയുടെ ഭർത്താവായിരുന്നു. സൂരജ്‌. സുന്ദരൻ, സുമുഖൻ. കണ്ടാലാരും രണ്ടാമത്‌ നോക്കിപ്പോവുന്ന ആകാരം. മനസ്സിന്റെ ഉൾത്തളങ്ങളിലെവിടെയോ അദൃശ്യചലനങ്ങൾ ഉളവാക്കാൻ കഴിയുന്ന ശബ്‌ദസൗകുമാര്യത്തിനുടമ. വൻകിട മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന ഉദ്യോഗം വഹിക്കുന്ന പ്രതിഭാശാലി. സൂരജ്‌ ഏതൊരു പെൺകുട്ടിയുടെയും സ്വപ്‌നമായിരുന്നു.

“എനിക്ക്‌ കഴിയില്ല ഡോക്‌ടർ ഇവളുടെ കൂടെ കഴിയാൻ. ഷി ഈസ്‌ എ നിംഫോമാനിയാക്ക്‌. ഇവൾക്ക്‌ തൃപ്‌തി എന്നൊന്നില്ല. സമയവും പരിസരവും ഓർമ്മയില്ല. ഒരാക്രമണമാണ്‌. സ്‌നേഹത്തിനും ലാളനയ്‌ക്കും പരിഗണനയ്‌ക്കും ഒന്നും അവിടെ സ്ഥാനമില്ല.”

സൂരജിന്റെ സ്വരം നേർത്തു. ഏറെ അസുഖകരമായ ഒരു കാര്യം കുറഞ്ഞ വാക്കുകളിൽ അവതരിപ്പിക്കാൻ തനിക്ക്‌ കഴിഞ്ഞോ എന്നാശങ്ക അയാളുടെ സ്വരത്തിലുണ്ടായിരുന്നു.

ഡോക്‌ടറുടെ ചികിൽസയും അതുകൊണ്ടുണ്ടാവുന്ന പ്രതികരണവും എന്തുതന്നെയായാലും ബന്ധത്തിന്റെ ഭാവി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ഇത്‌ മനസ്സിന്റെ കൗതുകം തീർക്കാൻ വേണ്ടി. അസാധാരണമായതിന്റെ അടിയിലെന്ത്‌ എന്നു ചികയാനുളള ഒരന്വേഷണബുദ്ധി. ചോദ്യങ്ങൾക്ക്‌ ഉത്തരം വേണമെന്നുളള ഒരു വാശി അത്രമാത്രം.

“ഇവൾ ഇതിനോടകം എത്രപേരുടെ അടുത്ത്‌ പോയിട്ടുണ്ടാവുമെന്ന്‌ ആർക്കറിയാം ഡോക്‌ടർ. ഒരിക്കലും തീരാത്ത കാമമാണ്‌ ഇത്‌. എനിക്കിനി ഇത്‌ സഹിക്കാൻ വയ്യ. ഒരു ഡൈവോഴ്‌സിന്‌ ഡോക്‌ടർ ഇവളെ പറഞ്ഞ്‌ സമ്മതിപ്പിക്കണം. അതിനാണ്‌ ഞാൻ വന്നത്‌.” സൂരജിന്‌ സ്വന്തം നിലപാടിൽ സംശയമുണ്ടായില്ല.

ഡോക്‌ടറുടെ കണ്ണുകൾ ചിത്രയെ അടിമുടി നോക്കി. മെലിഞ്ഞ്‌ നീണ്ട്‌ മയിലിന്റേതുപോലെ അഴകാർന്ന കഴുത്ത്‌. തോളിൽ ചിതറി കിടക്കുന്ന ചുരുണ്ട മുടി. വടിവൊത്ത ശരീരഭംഗി. നീണ്ട കണ്ണുകളിലും ചെത്തിപ്പൂപോലെ ചുവന്ന ചുണ്ടിലും മദാലസയായ ഒരു സ്‌ത്രീയെ കാണാൻ ശ്രമിച്ചു. കഴിഞ്ഞില്ല. കണ്ണുകളിലുറഞ്ഞ്‌ കിടന്നിരുന്നത്‌ ശിശുസഹജമായ നിഷ്‌കളങ്കതയായിരുന്നു.

ഡോക്‌ടറുടെ നോട്ടം പിൻതുടർന്ന്‌ സൂരജ്‌ പറഞ്ഞു.

“Don’t go by her looks.

ചിത്ര ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു.

ഡോക്‌ടറുടെ പതിഞ്ഞ സ്വരത്തിലുളള ചോദ്യങ്ങൾക്ക്‌ സൂരജിന്റെ മറുപടികൾ. ചെവി കൊട്ടിയടക്കാൻ ശ്രമിച്ചിട്ടും അവ ചിത്രയുടെ കർണ്ണനാളങ്ങളിൽ തീവർഷമായി പെയ്‌തിറങ്ങി.

പലപ്പോഴും സ്വയം ചോദിച്ച്‌ മടുത്ത്‌ ഉത്തരം കണ്ടെത്താനാവാത്ത ചോദ്യങ്ങൾ. പക്ഷെ സൂരജിന്റെ നാവിലൂടെ അവ പിറവിയെടുക്കുമ്പോൾ ആത്മാഭിമാനത്തിന്റെ അവസാന കണികയും ചിതറിത്തെറിക്കുന്നു.

ഡോക്‌ടറുടെ നിർദ്ദേശപ്രകാരം സൂരജ്‌ എഴുന്നേറ്റ്‌ പോയപ്പോൾ തന്റെ പരീക്ഷണഘട്ടം വന്നെത്തിയെന്ന്‌ ചിത്രയ്‌ക്ക്‌ മനസ്സിലായി.

ചിലപ്പോൾ പരീക്ഷണമാവില്ല. മനസ്സിന്റെ ഉളളറകളിലേക്ക്‌ ഒരു തീർത്ഥയാത്രയാവാം. വന്യമായ ഒരാവേശം തന്റെ സിരകളിൽ അഗ്‌നി പടർത്തുന്നതെങ്ങനെ എന്ന്‌ കണ്ടുപിടിക്കാൻ കഴിഞ്ഞെങ്കിൽ എന്നു പലപ്പോഴും ആശിച്ചിട്ടുണ്ട്‌.

താൻ തന്നിൽ നിന്നും വേർപ്പെട്ട്‌ തികച്ചും പുതിയൊരാളാവുന്ന അവസ്ഥ. എങ്ങനെയാണത്‌ സംഭവിക്കുന്നത്‌?

തളർച്ചയുടെ നിമിഷങ്ങളിൽ സൂരജിന്റെ കണ്ണിൽ പകരുന്ന ചോദ്യചിഹ്‌നം എന്നും കുത്തിനോവിച്ചിട്ടുണ്ട്‌. ഉത്തരം തനിക്കും അജ്ഞാതമായതിനാൽ അത്‌ കണ്ടില്ലെന്ന്‌ നടിച്ചിട്ടേയുളളൂ.

ഈ കാട്‌ വെട്ടിത്തെളിക്കൽ അനിവാര്യവും ഏറെ ആവശ്യവുമാണ്‌. നീല കൗച്ചിലെ പല തവണയുളള മയക്കത്തിനുശേഷം ഒരു ദിവസം അവളുടെ മനസ്സിന്റെ ഉളളറയിലെ ഏതോ കിളിവാതിൽ മെല്ലെ തുറന്നു. അവിടെ ഒരു കൊച്ച്‌ സ്‌റ്റോർമുറിയും പേടിച്ച്‌ മരവിച്ച ഒരു നാലുവയസ്സുകാരിയുമുണ്ടായിരുന്നു. അവളുടെ വായ പൊത്തിപ്പിടിച്ചിരുന്നു. അവൾക്ക്‌ ശ്വാസം മുട്ടുന്നുണ്ടായിരുന്നു. കണ്ണുകൾക്ക്‌ മുന്നിൽ വികൃതശബ്‌ദങ്ങളുമായി അയൽവീട്ടിലെ ചേട്ടനുണ്ടായിരുന്നു. കാലുകൾക്കിടയിൽ കുത്തിത്തറക്കുന്ന വേദനയുണ്ടായിരുന്നു. വേദനയുടെ പാരമ്യത്തിൽ ശരീരത്തിൽ നിന്നും നനവ്‌ താഴെ നിലത്തേക്ക്‌ പടരുന്നത്‌ അവളറിഞ്ഞു. ഏതോ ഒരു നിമിഷത്തിൽ ഇരുട്ട്‌ അബോധത്തിന്റെ ആശ്വാസതീരങ്ങളിലേക്ക്‌ അവളെ കൂട്ടിക്കൊണ്ട്‌ പോയി.

ബോധം വന്നപ്പോൾ അവൾ ആശുപത്രിയിലായിരുന്നു. വിങ്ങിപ്പൊട്ടുന്ന അമ്മയും ചുവന്നു കലങ്ങിയ കണ്ണുകളുമായി അച്‌ഛനും അവൾക്ക്‌ കാവൽ നിന്നിരുന്നു. വേദനയുടെ വലയത്തിൽ അവളെ പൊതിഞ്ഞ അയൽവീട്ടിലെ ചേട്ടന്റെ അമ്മ അച്‌ഛനുമുന്നിൽ പൊട്ടിക്കരയുന്നത്‌ അവൾ കണ്ടു.

അവൾക്ക്‌ പലപ്പോഴും നെയ്യപ്പവും ചക്കവരട്ടിയും കൊടുക്കാറുണ്ടായിരുന്ന ആ ആന്റി പക്ഷെ ഒരിക്കൽപോലും അവളെ നോക്കിയില്ല. ചേട്ടനെ പിന്നീടവൾ കണ്ടതേയില്ല.

ആ വേദന പിന്നീട്‌ പലപ്പോഴും അവളുടെ തലച്ചോറിൽ കരിവണ്ടുകളെ സൃഷ്‌ടിച്ചു. അവയുടെ മൂളൽ അസഹ്യമാവുമ്പോൾ അവൾ തന്റെ കളിപ്പാട്ടങ്ങളും പുസ്‌തകങ്ങളും എടുത്ത്‌ വലിച്ചെറിയും. ഇഞ്ചക്ഷൻ നീഡിലിലൂടെ ശാന്തിഗീതം പോലെ മരുന്ന്‌ അവളുടെ രൗദ്രങ്ങളായ ഞരമ്പുകളെ തഴുകി ആശ്വസിപ്പിക്കും. അവളുടെ കുഞ്ഞിക്കൈയ്യിൽ നീലച്ച പാടുകൾ തിണർത്തു കിടന്നു. കാലമെന്ന വലിയ ഡോക്‌ടർ മറവിയുടെ അഗാധതയിലേക്ക്‌ ആ വേദനയെ തളളിക്കയറ്റുന്നതുവരെ.

ഡോക്‌ടറുടെ നീല കൗച്ചിലെ ചികിൽസാനിദ്രയിൽ നിന്നുണർന്ന ചിത്രയ്‌ക്ക്‌ കരയണമെന്നുണ്ടായിരുന്നു.

ഒഴുകിത്തീരാൻ പ്രളയം പോലെ കണ്ണീരുണ്ട്‌. പക്ഷെ ഒരു തുളളിപോലും പുറത്ത്‌ വരുന്നില്ല. ചേതനകളെയാകെ നടുക്കിയ ആക്രമണത്തെ മറക്കാൻ മൃഗീയവാസനയെ വളർത്തിയെടുത്ത മനസ്സിന്റെ നിസ്സഹായത.

സൂരജ്‌ എപ്പോഴോ ആ മുറിയിലേക്ക്‌ വരുന്നത്‌ അവൾ കണ്ടു. മുറിയിൽ മർമ്മരങ്ങളുയർന്നപ്പോൾ അവൾ ജനാലക്കടുത്തേക്ക്‌ മാറി. അവിടെ നിന്നാൽ എത്രയോ കവിഭാവനകളെ പുളകമണിയിച്ച നദി കാണാം. മേൽപ്പാലത്തിലൂടെ സ്‌റ്റേഷനിലേക്ക്‌ ഇരമ്പിയടുക്കുന്ന തീവണ്ടി. ദീർഘയാത്ര ലക്ഷ്യത്തിലെത്താറായ ആശ്വാസമുണ്ടോ തീവണ്ടിയ്‌ക്ക്‌. അവൾ വെറുതെ ചിന്തിച്ചു.

പുറകിൽ നിശ്ശബ്‌ദത പരന്നപ്പോൾ പക്ഷെ അവൾ തിരിഞ്ഞു നോക്കി. സൂരജിൽ നിന്നും വെറുപ്പിന്റെ ഒരു സമുദ്രം തന്റെ നേരെ അലയടിച്ചെത്തുന്നത്‌ അവൾ പ്രതിമയെപ്പോലെ കണ്ടിരുന്നു. ഒഴിഞ്ഞു മാറിയില്ല. തന്നെ മുക്കിക്കൊല്ലാൻ എന്തിനു ഒന്നു കാലിടറിക്കാൻ പോലുമുളള കരുത്തില്ല ഈ തിരമാലകൾക്ക്‌.

”അതു ശരി. നാലുവയസ്സിലെ തുടങ്ങിയതാണല്ലേ. ഇപ്പോഴെങ്കിലും ഡോക്‌ടറെ കാണാൻ തോന്നിയത്‌ എന്റെ ഭാഗ്യം. ഇല്ലെങ്കിൽ ഈ വിഴുപ്പ്‌ ഞാനിനിയും ചുമന്നേനെ.“

ഒന്നു നിർത്തി അയാൾ തുടർന്നു.

”നിന്റെ സാധനങ്ങൾ ഞാൻ വീട്ടിലെത്തിച്ചേക്കാം. Stay off from my house. ഒരു വക്കീലിനെ ഞാനിപ്പോൾ തന്നെ കാണുന്നു.“ മറുപടിക്ക്‌ കാക്കാതെ അയാൾ തിരിഞ്ഞു. മുറിയ്‌ക്ക്‌ പുറത്ത്‌ പോകുന്നതിന്‌ മുൻപ്‌ ഒരു ചെക്ക്‌ ഡോക്‌ടറുടെ മുന്നിൽ വയ്‌ക്കാനും അയാൾ മറന്നില്ല.

അവിശ്വസനീയമായതെന്തോ കണ്ട ഒരു നടുക്കം ഡോക്‌ടറുടെ കണ്ണിൽ. പിന്നീട്‌ തനിക്ക്‌ നേരെ നീണ്ട നോട്ടത്തിൽ നിന്ന്‌ അനുകമ്പ ഒരു നീരുറവയെപ്പോലെ ആത്മാവിലേക്കിറങ്ങിച്ചെല്ലുന്നത്‌ അവളറിഞ്ഞു.

”ഒന്നും ഓർക്കണ്ടായിരുന്നു എന്നു തോന്നുന്നുണ്ടോ?“

ഡോക്‌ടറുടെ മൃദുശബ്‌ദം. ശബ്‌ദം കൊണ്ടുപോലും തന്നെ മുറിപ്പെടുത്തരുത്‌ എന്നു കരുതിയാണെന്ന്‌ തോന്നുന്നു.

”ഇല്ല ഡോക്‌ടർ പലപ്പോഴും ഒരു വേട്ടക്കാരന്റെ മനസ്സായിരുന്നു എനിക്ക്‌. വേട്ടയ്‌ക്ക്‌ പ്രേരിപ്പിച്ചതെന്ത്‌ എന്നെങ്കിലും അറിയാൻ കഴിഞ്ഞല്ലോ?“

ചിത്രയുടെ സ്വരം തീരെ പതറിയിരുന്നില്ല.

Generated from archived content: story1_may3_06.html Author: bhagya_s

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here