കാലത്തിന്റെ കൈത്തെറ്റ്

മുന്നോട്ട് ഉരുണ്ടു നീങ്ങിയ മേശപ്പുറത്ത് കിടന്നിരുന്ന വെള്ള പുതച്ച ശരീരത്തിലേക്കു നോക്കിയപ്പോള്‍ വിനോദിന്റെ മനസ്സില്‍ അറപ്പും വെറുപ്പും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീര്‍ത്തും അസുഖകരവും അനാവശ്യവുമായ ഒരു കര്‍മ്മം നിര്‍ബന്ധിച്ചു ചെയ്യിക്കുന്ന ഒരാളോടുള്ള അമര്‍ഷം.

വെള്ള പുതപ്പിനു മേല്‍ അവിടവിടെ ഉണങ്ങിയ ചോരപ്പാട്. പുതപ്പിനടിയില്‍ നിന്നും തെറ്റി തെറിച്ചു നില്‍ക്കുന്ന കാലുകള്‍. ഒരു ചോരക്കട്ട മാത്രമായ കൈകള്‍ ചതഞ്ഞു കിടക്കുന്നു. വായില്‍ തികട്ടി വന്ന പിത്ത നീര്‍ തുപ്പികളയാനാകാതെ വിനോദ് വല്ലാതെ വിഷമിച്ചു.

” അവിടെങ്ങാനും തുപ്പിക്കോ സാറേ ഈ ശവങ്ങളോട് ഇത്രക്കൊക്കെ കാരുണ്യം മതി”

വെള്ള ഉടുപ്പിട്ട അറ്റന്‍ഡര്‍ മുരഞ്ഞ ശബ്ദത്തില്‍ പറഞ്ഞു . തന്റെ തിളങ്ങുന്ന ഷര്‍ട്ടിലും പാന്റിലും കയ്യിലെ വില കൂടിയ വാച്ചിലും അയാളുടെ കണ്ണുകള്‍ ആരാധനയോടെ പാറുന്നത് കാണാതിരുന്നില്ല. പുറകില്‍ നിന്നിരുന്ന വിദ്യയെ നോക്കി അവളുടെ മുഖം വിളറിയിരുന്നു. കണ്ണുകള്‍ വെള്ള പുതച്ച ശരീരത്തില്‍ തന്നെ തറഞ്ഞു നിന്നു.

കുറ്റബോധം തോന്നി താനവളെ എന്തിലേക്കെല്ലാമാണ് വലിച്ചിഴക്കുന്നത് . സ്നേഹത്തിന്റെ അര്ത്ഥമെന്താണെന്ന് തനിക്കു മനസിലാക്കി തന്നതവളാണ്. ഒരിക്കല്‍ തങ്ങളെ പിരിച്ചെറിഞ്ഞ കാലം പോലും അവളുടെ സ്നേഹത്തിനു മുന്നില്‍ മുട്ടുകുത്തി എട്ടു വര്‍ഷത്തിനു ശേഷം തങ്ങളെ ഒന്നിക്കാനനുവദിച്ചു.

അതിനിടയിലാണ് ഈ വൃത്തികെട്ട …. വിനോദ് അറിയാതെ പല്ലു ഞെരിച്ചു പോയി. ജീവന്‍ വേര്‍പെട്ട ഒരു ദേഹത്തിനോടു കാണിക്കേണ്ട സാമാന്യ മര്യാദ ഒന്നു മാത്രമാണ് അയാളെ അവിടെ പിടിച്ചു നിര്‍ത്തിയത് . പിന്നില്‍ നിന്നും മോഹന്‍ നീങ്ങിയെത്തി.

” വിദ്യാ യൂ ഗോ ബാക്ക് . ഇവിടെ ഞാനും വിനോദും മാത്രം മതി . ലിസണ്‍ ടു സം ഗുഡ് മ്യൂസിക്ക് ആന്റ് ഡോണ്‍ഡ് പുട്ട് യുവര്‍ മൈന്റ് ഇന്‍ റ്റു അണ്‍ നെസ്സസ്സറി സ്ട്രൈന്‍സ് ”

അത് ശരിയാണെന്നു വിനോദിനും തോന്നി അയാള്‍ നീട്ടിയ കീ വാങ്ങി വിദ്യ ഓടി പുറത്ത് കടന്നു. പുറത്തു നിന്ന പോലീസുകാര്‍ അനുകമ്പയോടും അതിലേറെ ആരാധനയോടും ആ സുന്ദര സ്ത്രീ രൂപത്തെ ഉറ്റു നോക്കി.

അകത്ത് അറ്റന്റ‍ര്‍ മുഖത്ത് നിന്നും വെള്ളപ്പുതപ്പ് മാറ്റി.

മുഖത്തിനു കാര്യമായ പരുക്കില്ലായിരുന്നു. കനത്ത വയലറ്റ് നിറം എമ്പാടും പടര്‍ന്നിരുന്നു. ചുണ്ടുകള്‍ നീല വരകള്‍ മാത്രം. അതിനടിയിലൂടെ പൊട്ടിയടര്‍ന്ന പല്ലുകള്‍ ഉന്തി നിന്നു . കണ്ണൂകള്‍ അടഞ്ഞിരുന്നു . മൂക്ക് കൂടുതല്‍ ചപ്പിപ്പോയോ എന്ന് വിനോദ് സംശയിച്ചു . ഇടതൂര്‍ന്ന മുടി രക്തം നനഞ്ഞിട്ടാവണം ജടപിടിച്ചു കിടന്നു.

മനം മടുപ്പിക്കുന്ന ഒരു ഗന്ധം ശരീരത്തില്‍ നിന്നുയര്‍ന്നു. ഒരു നിമിഷ നേരത്തേക്കു വിനോദിന്റെ മനസ്സ് പതറി. നീണ്ടിരുണ്ട കണ്ണുകളില്‍ കത്തുന്ന പ്രണയത്തോടെ തന്നെ ഉറ്റു നോക്കിയിരുന്ന മുഖമാണിത്. ഭ്രാന്തിനോളം വളര്‍ന്ന പ്രണയം . ലോകത്തിലെ ഒരു നിയമങ്ങള്‍ക്കും അതിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല കൊടുങ്കാറ്റിനെ എങ്ങനെ നിയന്ത്രിക്കാനാണ്? മാര്‍ഗ്ഗമധ്യേയുള്ളതിനെയെല്ലാം നശിപ്പിച്ച് അത് സ്വയം കെട്ടടങ്ങുകയല്ലാതെ എന്തു ചെയ്യാന്‍?

” സര്‍ ആള്‍ അതു തന്നെയല്ലേ”? പോലീസുകാരന്റെ ചോദ്യം വിനോദിനെ യാഥാര്‍ത്യത്തിലേക്കു തിരിച്ചു കൊണ്ടു വന്നു.

” അതെ” അയാള്‍ യാന്ത്രികമായി പറഞ്ഞു.

അറ്റന്‍ഡര്‍ മുഖത്ത് തുണി മൂടിക്കഴിഞ്ഞിരുന്നു.

വിനോദ് ആശ്വസിച്ചു. ഒരു ജന്മത്തിന്റെ കടബാദ്ധ്യത ഇവിടെ തീരുകയാണ്.

പോലീസുകാരന്‍ നീട്ടിക്കാണിച്ച ഏതൊക്കെയോ പേപ്പറില്‍ അയാള്‍ ഒപ്പിട്ടു കൊടുത്തു. മോഹന്‍ പേപ്പറുകള്‍ വായിച്ചു നോക്കുന്നതും സംശയങ്ങള്‍ പോലീസകാരനോടു ചോദിക്കുന്നതും അയാള്‍ കണ്ടു.

മോഹന്റെ കണ്ണിലെ താക്കീത് അയാള്‍ കാണുന്നുണ്ടായിരുന്നു.

അത് തിരിച്ചറിഞ്ഞിട്ടാവണം പോലീസുകാരന്‍ പറഞ്ഞു.

” ക്ഷമിക്കണം സാര്‍ ഈ സ്ത്രീയുടെ ഫോണില്‍ നിന്നും അവസാനം വന്ന കാള്‍ സാറിനായത് കൊണ്ടാണ് ഇത്രയേറെ മുദ്ധിമുട്ടിക്കേണ്ടി വന്നത്”

പോലീസുകര്‍ ക്ഷമാപണത്തിന്റെ മൂര്‍ത്ത രൂപങ്ങളായി. വിനോദ് സാരമില്ലെന്നു തല തല ചലിപ്പിച്ചു.

രാജ്യത്തെ ഒന്നാം കിട ദേശസാല്‍കൃത ബാങ്കിന്റെ റീജനല്‍ മാനേജര്‍ പദവിയും വളര്‍ന്നു വരുന്ന ചലച്ചിത്ര പിന്നണി ഗായകന്‍ എന്ന പെരുമയും ഏതു വിഷമവൃത്തത്തില്‍‍ നിന്നും തന്നെ ഊരിയെടുക്കുമെന്ന് വിനോദിനു ഉറപ്പായി.

പോലീസുകാരന്‍ പോക്കറ്റില്‍ നിന്നും ഒരു കൊച്ചു ഡയറിയെടുത്ത് നീട്ടി.

” സര്‍ ഒരു ഓട്ടോ ഗ്രാഫ് പ്ലീസ് എന്റെ മോള്‍ സാറിന്റെ ഒരു വലിയ ആരാധികയാണ്”

വിനോദ് അതിശയത്തോടെയാണെങ്കിലും ഓട്ടോഗ്ഗ്രാഫില്‍ കയ്യൊപ്പിട്ടു. മോര്‍ച്ചറിയിലെ ജീവനക്കാര്‍ക്കൊപ്പവും പോലീസുകാര്‍ക്കൊപ്പവും ഫോട്ടോക്കു പോസു ചെയ്യാനും തയ്യാറായി മോഹന്‍ വിശ്വസ്തനായ അനുയായി പിന്നണിയില്‍ നിന്നു.

” ഇത് പത്രത്തിലൊന്നും വരാതെ ശ്രദ്ധിക്കണം നിങ്ങളെയൊക്കെ ഞാന്‍ വന്നു കണ്ടോളാം”

മോഹന്‍ അനുനയത്തിന്റെയും ഭീക്ഷണിയുടേയും ഇടയിലുള്ള സമവായത്തില്‍ എല്ലാവരോടുമായി പറഞ്ഞു.

പോലീസുകാര്‍ അവസരത്തിനൊത്തുയര്‍ന്നു.

” ഒരിക്കലുമില്ല സാര്‍”

എല്ലാവരുടേയും അക്കൗണ്ടുകള്‍ തന്റെ കീഴിലുള്ള ബാങ്കിലാണെന്നതില്‍ വിനോദിനു ആശ്വാസം പകര്‍ന്നു. ആക്രമണമാണ് മികച്ച പ്രതിരോധം എന്നയാള്‍ക്ക് അറിയാമായിരുന്നു. പണത്തിനേക്കാള്‍ വലിയ വഞ്ചകനുമില്ല സേവകനുമില്ല.

ദൂരെ പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് നടക്കുമ്പോള്‍ മോഹന്‍ ശാസന കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു.

” എത്ര തവണ നിന്നെ വിലക്കി ഈ ബന്ധം നിനക്ക് നല്ലതിനല്ലന്ന് അനുസരിച്ചോ? ഇപ്പോള്‍‍ തൃപ്തിയായില്ലേ വിദ്യ സ്നേഹമുള്ളവളായത് ഭാഗ്യം ഇല്ലെങ്കില്‍ കാണാമായിരുന്നു”

വിനോദ് ഒന്നും മിണ്ടിയില്ല ശരിയാണ്. മോര്‍ച്ചറി ടേബിളില്‍ വെള്ള പുതച്ചു കിടക്കുന്ന ധന്യ എന്ന സ്ത്രീയുമായുള്ള തന്റെ ബന്ധം കാലത്തിന്റെ ഒരു കൈതെറ്റ് മാത്രം.

ബാങ്കില്‍ ഓഫീസറായി നിയമനം കിട്ടിയ ഇടക്കാണ് ധന്യയെ ആദ്യമായി കണ്ടത് . പുതുതായി അക്കൗണ്ട് തുടങ്ങാന്‍ എത്തിയതായിരുന്നു . വെളുത്തു മെലിഞ്ഞ ഒരു സ്ത്രീ അരയൊപ്പം എത്തുന്ന ചുരുണ്ട മുടി പിന്നിയിട്ടിരുന്നു കണ്ണെഴുതിയിട്ടില്ല പൊട്ടും തൊട്ടിരുന്നില്ല ഭസ്മം തൊട്ടിരുന്നു. കണ്ണൂകള്‍ ആകാശം പോലെ നിര്‍മ്മലമായിരുന്നു. കവിളുകള്‍ വെളുത്ത പിഞ്ഞാണപാത്രം പോലെ ഇരുന്നു.

ഉടുപ്പിലും നടപ്പിലുമെല്ലാം ദാരിദ്ര്യം തിര്‍ച്ചറിയാമായിരു‍ന്നു. വില കുറഞ്ഞ ബാഗും ചെരുപ്പുകളും ചെവിയില്‍ പൊട്ടു കമ്മല്‍ കഴുത്തും കൈത്തണ്ടകളും ശൂന്യമായിരുന്നു. പതുക്കെപ്പതുക്കെ അടുത്തു വിവാഹമോചനം അടുത്തയിടെ നേടിയതാണെന്ന് പറഞ്ഞു. അതീവ ധനികരും പ്രശസ്തരുമായ സ്വന്തം വീട്ടുകാരില്‍ നിന്നും അകന്ന് സ്വയം ജീവിക്കാനുള്ള തത്രപ്പാടിലാണ്. ഹാര്‍ബറിനടുത്ത് ഒരു ഒറ്റമുറി വീട്ടില്‍ പാര്‍ക്കുന്നു. സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ ഉണ്ട്. ഫ്രീലാന്റ് റൈറ്റര്‍ ആണെന്നു പറഞ്ഞു. കഷ്ടി ജീവിക്കാനും വാടക കൊടുക്കാനുമുള്ളത് ഉണ്ടാക്കുന്നു.

സംസാരഭാഷയുടെ വിശുദ്ധിയും അന്തസും അതിലൂടെ തെളിഞ്ഞു വിളങ്ങിയിരുന്ന വാള്‍തലപ്പിന്റെ മൂര്‍ച്ചയാര്‍ന്ന ബുദ്ധിയും ഏറെ ആകര്‍ഷിച്ചു. അതാണ് തങ്ങളെ തമ്മിലടുപ്പിച്ചത്. ഒരു സ്ത്രീക്കും പുരുഷനും എത്രത്തോളം അടുക്കാമോ അത്രയും അടുത്തു. പക്ഷെ ഒരിക്കലും തന്റെ ശരീരത്തിനു തൃപ്തി വന്നില്ല. നിര്‍ വൃതിയുടെ ഉത്തംഗങ്ങളിലേക്കു എത്തുന്നതിനു മുന്‍പ് ഭയത്തിന്റേയും മടുപ്പിന്റേയും തിരകള്‍ അവളെ കാതങ്ങളൊളം പുറകോട്ട് വലിച്ചിരി‍ക്കും.

എന്തു ചെയ്യണമെന്നറിയാതെ ഉഴറിയ ദിനങ്ങള്‍. വിവാഹത്തെപറ്റി ഓര്‍ക്കാന്‍ പോലും ഭയമായിരുന്നു. കെട്ടിപ്പുണരുന്ന കൈകളില്‍ പ്രണയം തിരിച്ചറിയുമ്പോള്‍ മനസ്സ് പതറി. പക്ഷെ ശരീരം മുരണ്ടു കൊണ്ടിരുന്നു. തൃപ്തി വരാത്ത ശരിരത്തിനെ ആശ്വസിപ്പിക്കാനായി ജനലഴികളില്‍ പിടിച്ച് തുറമുഖത്തെ കപ്പലുകളിലെ ദീപമാലയില്‍ കണ്ണു നട്ടു നില്‍ക്കും.

അര്‍ദ്ധരാത്രിയില്‍ വന്നു പോകുന്ന കപ്പലുകളുടെ സൈറണും ദീപാലങ്കാരങ്ങളും ചിരപരിചിതമായി തീര്‍ന്ന രാവുകളില്‍ തന്റെ നാവ് തന്നെ വഞ്ചിച്ചു.

” ശവം എന്തിനു വെറുതെ സമയം പാഴാക്കുന്നു ”

തന്റെ വയറില്‍ കൈ ചുറ്റി പുറത്ത് തലവച്ച് നിന്നിരുന്ന രൂപത്തിലൂടെ ഒരു വിറയല്‍ പാഞ്ഞുപോയതറിഞ്ഞു. പുറത്ത് കൂടി വെള്ളം ചാലിട്ടൊഴുകിയപ്പോഴാണ് തിരിഞ്ഞത് പക്ഷെ വൈകിപ്പോയിരുന്നു.

ര ണ്ടു കയ്യും തന്റെ കവിളില്‍ ചേര്‍ത്ത് കാല്‍വിരലുകളില്‍ ഉയര്‍ന്നു നിന്ന് ചുണ്ടില്‍ ചുംബിച്ചിട്ടു പറഞ്ഞു.

” സോറി”

അന്നായിരുന്നു അവസാനം.

പിന്നീടൊരിക്കലും വീട്ടിലേക്കു ക്ഷണിച്ചില്ല. താന്‍ പോയതും ഇല്ല. ആശ്വാസമായിരുന്നു രക്ഷപ്പെട്ടതില്‍. താളം തെറ്റിയ മനസ്സ് വളരെ മുന്‍പ് തന്നെ തനിക്കു അറിയാന്‍ കഴിഞ്ഞിരുന്നു. പക്ഷെ അതിനെ പെരുമാത്തത്തിലുള്ള വൈചിത്രമായി കരുതി.

തന്നെ അള്ളിപ്പിടിക്കുന്ന സ്വാര്‍ത്ഥത ശ്വാസം മുട്ടിക്കാന്‍ തുടങ്ങിയിരുന്നു. എന്തെങ്കിലും മറുത്ത് പറഞ്ഞാല്‍ അവള്‍ അക്രമാസക്തയാകും.

എത്രയോ തവണ മാന്തും ചവിട്ടും സഹിച്ചിരിക്കുന്നു. പക്ഷെ ഉള്ളിലെ പ്രണയം തന്നെ നിസഹായനാക്കിക്കളഞ്ഞു.

ആറു മാസത്തിനുള്ളില്‍ ഭാര്യക്കു സെക്സിനു കഴിവില്ല എന്നു കാരണം കാട്ടി വിവാഹമോചനം നേടിയ ഭര്‍ത്താവിനോട് ആദ്യമായി അനുതാപം തോന്നി.

”നാലാം വയസ്സില്‍ റേപ്പ് ചെയ്യപ്പെട്ടത് പുറത്ത് പറയുന്നത് സഹതാപംം നേടാനുള്ള തന്ത്രമല്ലേ എന്നു തുറന്നു ചോദിച്ച ഒരു രാത്രിയില്‍ അവള്‍ തീരെ നിശബ്ദയായി.

പൊള്ളുന്ന ചൂടിലും തണുക്കുന്നുവെന്ന് പറഞ്ഞ് കനത്ത കമ്പിളിപ്പുതപ്പിനടിയിലേക്ക് ചുരുളുമ്പോള്‍ തന്റെ മനസ്സ് ഒരു പാട് അകന്നു കഴിഞ്ഞിരുന്നു.

ഇടക്കിടെ ഫോണിലൂടെയുള്ള പൊട്ടിത്തെറികള്‍ തന്നെ തീര്‍ത്തും അലോസരപ്പെടുത്തി.

ഉദ്യോഗത്തിനെയും സ്വപ്നമായിരുന്ന പാട്ടിനേയും അവ പ്രതികൂലമായി ബാധിച്ചു തുടങ്ങി. രാത്രിയെന്നില്ലാതെ പകലെന്നില്ലാതെ ഫോണ്‍കോളുകള്‍ നിരന്തരം തന്നെ വേട്ടയാടി.

മൊബൈല്‍ ഫോണ്‍ കണ്ടു പിടീച്ചവനെ വെറുത്തു പോയ സമയങ്ങളായിരുന്നു അത്.

തന്റെ ജീവിതത്തില്‍ ഇനി ഒരു സ്ഥാനവുമില്ലെന്നുള്ളത് അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന മനസ്സിനോട് പുച്ഛമാണു തോന്നിയത്.

പലപ്പോഴും കയര്‍ത്തു സംസാരിച്ചു.

” ഫോണ്‍ വെച്ചിട്ടു പോടീ” എന്നു അട്ടഹസിച്ചിട്ടുണ്ട്. അഞ്ചു മിനിറ്റു കഴിയുമ്പോള്‍‍ വിങ്ങിക്കരഞ്ഞുകൊണ്ട് പിന്നെയും ആ ശബ്ദം ഒഴുകിയെത്തും.

ഓഫീസിലും കൂട്ടുകാരുടെ ഇടയിലും താനൊരു വിഡ്ഢിവേഷമാകുകയായിരുന്നു.

ഒരിടക്കു മോഹന്‍ ചോദിച്ചിട്ടുണ്ട്.

” എന്തിനു വിനോദ് ഈ ബന്ധം തുടരുന്നു? ഇത് നിനക്കു നാശമേ തരൂ. ഒഴിവാക്ക് അവരെ. നിനക്ക് പറ്റില്ലെങ്കില്‍ ഞാന്‍ ചെയ്യാം അന്‍പതിനായിരം രൂപ ചിലവാക്കാമോ കുത്തി മലര്‍ത്താന്‍ ഞാന്‍ ആളെ ഏര്‍പ്പാട് ചെയ്യാം ”

ആഗ്രഹം തോന്നിയെങ്കില്‍ പോലും അവനെ തടഞ്ഞു .പല ദുരന്താനുഭവങ്ങളിലൂടെ കടന്നു പോയ ആ മനസ്സിനു താനൊരത്താണിയാണെന്നറിയാം ആയിരുന്നു. ആ അറിവ് തന്നെ പിന്നോക്കം വലിച്ചു. പക്ഷെ താളം തെറ്റിയ ആ മനസ്സിനു കാവലിരിക്കാനും തനിക്കു കഴിയുമായിരുന്നില്ല.

കാലം വിദ്യയെ തനിക്കു തിരിച്ചു നല്‍കിയത് അപ്പോഴാണ്. സ്വയം മറന്ന കോരിത്തരിപ്പിക്കുന്ന ഒരാലിംഗനത്തിലൂടെ തന്റെ പ്രണയത്തെ തുറന്ന് കാണിച്ചവള്‍. എട്ടു വര്‍ഷം മറ്റൊന്നും ഓര്‍ക്കാതെ തനിക്കായി കാത്തിരുന്നവള്‍.

വിദ്യക്കു മുന്നില്‍ ധന്യ ഒന്നുമല്ലായിരുന്നു. ഒരു കീടത്തിന്റെ വില പോലും കല്പ്പിക്കാനായില്ല. സുന്ദരമായ ജീവിതം അതിന്റെ എല്ലാ പ്രലോഭനങ്ങളൊടേയും കൈ നീട്ടി വിളിച്ചു.

രാത്രിയിലെ ആസക്തിയും നിര് വൃതിയും കലര്‍ന്ന മധുരാനുഭവങ്ങള്‍ക്കിടയില്‍ വിദ്യയുടെ ശരീരത്തില്‍ നിന്നുയര്‍ന്ന് ഫോണെടുക്കേണ്ടി വന്ന ഒരു രാത്രിയിലാണ് വിദ്യയോടു സത്യം പറഞ്ഞത്.

പക്ഷെ ഏറ്റവും പക്വതയോടെ അവളതിനെ നേരിട്ടു തന്റെ കൂടെ നിന്നു.

വിദ്യയുടെ സ്നേഹത്തിലുള്ള വിശ്വാസം കൊണ്ടാണ് താനെല്ലാം തുറന്നു പറയുന്നത് എന്നു പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍ സ്നേഹത്തിന്റെ ആയിരം നെയ്ത്തിരിനാളങ്ങള്‍ തെളിഞ്ഞു മിന്നി.

ഒന്നും നഷ്ടപ്പെടില്ല എന്നുറപ്പായപ്പോള്‍‍ താനൊരിക്കല്‍ കൂടി ആ ഒറ്റമുറി വീടിന്റെ പടികയറി ചെന്നു ദേഷ്യം തന്റെ വിവേകം പൂര്‍ണ്ണമായി നശിപ്പിച്ചിരുന്നു. ഓര്‍മ്മ കിട്ടിയപ്പോള്‍‍ തകര്‍ന്നുടഞ്ഞ വീട്ട് സാധങ്ങള്‍ ക്കിടയില്‍ ബോധമറ്റ് കിടക്കുന്ന ധന്യയെയാണ് കണ്ടത്. ഒരു ഭീരുവിനേപ്പോലെ താനിറങ്ങിയോടി.

പിന്നീടൊരിക്കലും ഫോണ്‍ വന്നില്ല താന്‍ അന്വേഷിച്ചുമില്ല.

ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു.

ജീവിതമെന്നാല്‍ ആനന്ദം മാത്രമാത്രമായിരുന്നു. ഈ കാലയളവില്‍ നേടാന്‍ ആഗ്രഹിച്ചതെല്ലാം താന്‍ നേടി.

ഫോണിന്റെ മെമ്മറിയിലെവിടെയോ പുതഞ്ഞു കിടന്ന ആ നമ്പറില്‍ നിന്നും കോള്‍ വന്നപ്പോള്‍‍ വെറുമൊരു കൗതുകം മാത്രമായിയിരുന്നു മനസില്‍.

എവിടെയായിരുന്നു ഇത്രനാള്‍ അറിയില്ല.

പിന്നില്‍ ആര്‍ത്ത് പായുന്ന തീവണ്ടിയുടെ ശബ്ദം തന്നെ ഭയപ്പെടുത്താതിരുന്നില്ല.

പക്ഷെ തികച്ചും സ്വാഭാവികമായി സംസാരിച്ചു.

അതിനിടയില്‍ എപ്പോഴോ ഒച്ച കേള്‍ക്കാതായി.

തീവണ്ടി അലറി വിളിച്ച് പൊയ്ക്കൊണ്ടിരിക്കുകയാണെന്ന് മനസിലായി.

തിരിച്ചു വിളിക്കാന്‍ മിനക്കെട്ടില്ല.

ഒരു ശല്യം അങ്ങനെ തീര്‍ന്നെങ്കില്‍ നല്ലത് എന്നു കരുതി.

മോഹനോടും വിദ്യയോടും സൂചിപ്പിച്ചു.

പോലീസിന്റെ ഫോണ്‍ വന്നപ്പോള്‍ എന്നത്തേയും പോലെ അവര്‍ കൂടെയെത്തി. ഇപ്പോള്‍ മനസില്‍ ആശ്വാസം മാത്രം.

മോര്‍ച്ചറിയുടെ മുമ്പിലേക്ക് ഇരച്ചു കയറി വന്ന കൂറ്റന്‍ വിദേശകാര്‍ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല ധന്യയുടെ അതിപ്രശസ്തനായ ചേട്ടന്‍.

തനിക്കെന്നപോലെ അയാള്‍ക്കും ധന്യ ഒരു പ്രശ്നവും അപമാനവും തന്നെയായിരുന്നു.

ഒരു നിമിഷം കാലുകള്‍ മടിച്ചു നിന്നു. ചേട്ടന്റെ വാക്കുകള്‍ക്ക് മനസ്സ് ചെവിയോര്‍ത്തു.

” കടുത്ത ഡിപ്രഷനുള്ള ചികിത്സയിലായിരുന്നു മെന്റല്‍ ഹോസ്പിറ്റലില്‍. അവിടെ നിന്നും ഓടിപ്പോന്നതാ വീട്ടില്‍ നിന്നാല്‍ ആശുപത്രിക്കാര്‍‍ തിരിച്ചു കൊണ്ടു പോവും എന്നു കണ്ടപ്പോള്‍ അവിടെ നിന്നും മുങ്ങി. പോസ്റ്റു മാര്‍ട്ടം കഴിഞ്ഞ് ബോഡി മെഡിക്കല്‍ കോളേജിനു വിട്ടു കൊടുക്കണം. അതായിരുന്നു അവളുടെ ആശ വീട്ടിലേക്കു കൊണ്ടു വരികയേ വേണ്ട”

ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചുവോ.

ഈ നിമിഷം മുന്‍കൂട്ടി കണ്ടിട്ടെന്ന പോലെ പലപ്പോഴും പറഞ്ഞിരുന്നു.

” നിറയെ വെള്ള റോസാപൂക്കള്‍ കൊണ്ട് തീര്‍ത്ത ഒരു റീത്ത് വേണം. ആംബുലന്‍സില്‍ എന്റെ കൂടെ കയറണം. എന്റെ വയറില്‍ കൈ വച്ച് അടുത്തിരിക്കണം ”

കണ്ണീരില്‍ നനഞ്ഞ വാക്കുകള്‍ ചെവിയില്‍ അലയടിച്ചു. പിന്നില്‍ മോഹന്‍ ചിരിക്കുകയാണ്.

” സ്വന്തം കൂടപ്പിറപ്പിനു പോലും വേണ്ട എന്നിട്ടാണ് നീ ചുമന്നോണ്ടു നടന്നത്”

കാറിനടുത്ത് എത്തിയിരുന്നു.

”വിദ്യാ നമുക്കിവന്റെ സ്വാതന്ത്യം ഒന്നാഘോഷിക്കണ്ടേ? ഇന്ന ത്തെ ഉച്ച ഭക്ഷണം എന്റെ വക”

നഗരത്തിലെ അതി പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് കാറോടുമ്പോള്‍ മോഹനനും വിദ്യയോടൊപ്പം അയാളും ഓര്‍ഡര്‍ ചെയ്യേണ്ട വിഭവങ്ങളെ പറ്റി ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍, മോര്‍ച്ചറിയില്‍ നിന്നും ഒരു അനാഥ ശവം ഭാവി ഡോക്ടര്‍മാരുടെ പഠനോപകരണമാകാനുള്ള യാത്രയുടെ ആദ്യ ഘട്ടത്തിലുമായിരുന്നു.

Generated from archived content: story1_feb26_14.html Author: bhagya_c

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here