പ്രണയാനന്തരം

ഓർമ്മവെച്ചനാൾ മുതൽ

അവളായിരുന്നു എനിക്ക്‌ കൂട്ട്‌

വഴിതെളിച്ചും, പഴിപറഞ്ഞും

സ്‌നേഹത്തോടെ ശാസിച്ചും

അവൾ എന്നെ നയിച്ചു….

ഇണങ്ങി….പിണങ്ങി

കുതിച്ച്‌, കിതച്ച്‌ മുന്നോട്ടങ്ങനെ…

കർക്കടകത്തിന്റെ പെരുമഴകളിൽ

ഞങ്ങൾ ഒരുമിച്ച്‌ നനഞ്ഞു.

മഞ്ഞ്‌ വീഴുന്ന രാവുകളിൽ

ലോഹത്തണുപ്പിന്റെ സ്പർശത്താൽ

അവളെന്നെ ചുംബിച്ചു.

ഉച്ചവെയിലുകളിൽ എന്റെ ഉളളുപൊളളിച്ചു.

ജീവിച്ചു തീർക്കാൻ മാത്രം

ഞങ്ങളിൽ അഭയം തേടിയവർ

ഒടുങ്ങാത്ത സംഘർഷങ്ങളിൽ

ഞങ്ങളെ പുണർന്ന്‌

സ്വയം നക്ഷത്രങ്ങളായവർ

കണ്ണീരിറ്റിച്ചും, ചോരതെറിപ്പിച്ചും,

കാഴ്‌ചകളുടെ കാതങ്ങൾ കടന്നു.

എനിക്ക്‌ മതിയായിരിക്കുന്നു.

സ്വപ്‌നങ്ങളും സങ്കടങ്ങളും ബാക്കിവെച്ച്‌

പാതിവഴിയിൽ ഞാനവളെ ഉപേക്ഷിക്കുന്നു.

പാളങ്ങളിൽ നിന്നും ഇറങ്ങിയോടുന്നു.

ഇപ്പോൾ, എനിക്കു ചുറ്റും

ഒരാൾക്കൂട്ടമുണ്ട്‌….ഒരാരവമുണ്ട്‌.

അമർത്തിയ ഒരു നിലവിളിയുടെ നനവുണ്ട്‌.

അപ്പോഴും എന്റെ കുരൽ

കൂവികൊണ്ടേയിരുന്നു…

Generated from archived content: poem1_sep29.html Author: benzy_surya

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here