കമലാസുരയ്യ

ജൂണിലെ ഒരു മദ്ധ്യാഹനം. നഗരത്തെ നനച്ച്‌, മഴ പെയ്‌തുകൊണ്ടേയിരുന്നു. ഇടയ്‌ക്കിടെ കലഹിച്ചും പിന്നെ ചിണുങ്ങിയും ഒരു ചാറ്റൽമഴ. കടവന്ത്രയിലെ സ്‌റ്റേഡിയം മാൻഷൻസ്‌ അപ്പാർട്ട്‌മെന്റ്‌. ഇത്തിരി നനഞ്ഞ്‌ ഒന്നാം നിലയിലെത്തി. സ്വീകരണമുറിയിൽ അൽപ്പനേരം. കറുത്ത പർദ്ദയും, വാത്സല്യത്തിന്റെ നീണ്ട ചിരിയുമായി കമലയെത്തി.

അതെ-കമലാസുരയ്യ

മലയാളിയെ കഥയുടെ കാലത്തിലേക്ക്‌ കൈപിടിച്ച്‌ നടത്തിയ പ്രിയപ്പെട്ട മാധവിക്കുട്ടി. കാഴ്‌ചയിലില്ലെങ്കിലും വയസ്സ്‌ എഴുപത്‌ കഴിഞ്ഞിരിക്കുന്നു. സന്തത സഹചാരിയായി കുറേശ്ശെ അസുഖങ്ങളും. പക്ഷെ കമലയുടെ വാക്കുകൾക്കും ചിന്തകൾക്കും ഇന്നും ചെറുപ്പമാണ്‌. ഏറെനേരം സംസാരിച്ചു. തന്നെക്കുറിച്ച്‌, രചനയെക്കുറിച്ച്‌, കേരളത്തെ, മലയാളിയെ, എല്ലാറ്റിനുമുപരി മലയാളിയുടെ കപടതയെക്കുറിച്ച്‌… ജീവിതം നൽകിയ വലിയ പാഠങ്ങളിലൂടെ കമല വാചാലയായി.

ബാല്യം താൻ മറന്നുപോയെന്നായിരുന്നു കമലയുടെ ആമുഖം. കാരണം അതൊരു പഴയ ജന്മമാണ്‌. ഇസ്‌ലാം മതപ്രകാരം മതം മാറിയ ഒരാൾക്കുളളത്‌ ഒരു പുതിയ ജന്മമാണ്‌. അതുകൊണ്ടുതന്നെ താൻ പഴയതൊന്നും ഓർക്കുന്നില്ലെന്നും അവർ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

പുന്നയൂർകുളത്തെ നാലപ്പാട്‌ വീട്‌ ഒരർത്ഥത്തിൽ എഴുത്തുപുരയായിരുന്നു. അമ്മ ബാലാമണിയമ്മ മുതൽ അമ്മമ്മയും അമ്മാവനും എല്ലാം എഴുത്തിന്റെയും വായനയുടെയും ലോകത്ത്‌. ഇവർക്കൊപ്പം, മനസ്സിലെവിടെയോ നങ്കൂരമിട്ട അസ്വസ്ഥതകളുമായാണ്‌ കമലയും എഴുത്തിന്റെ വഴിയിലെത്തുന്നത്‌…

ജീവിതത്തിലെ ഒറ്റപ്പെടൽ പിന്നെ കയ്‌പേറിയ അനുഭവങ്ങൾ….ഇവയെല്ലാം കഥവഴിയിൽ ഇവൾക്ക്‌ കൂട്ടായി. കുട്ടിത്തം മാറും മുൻപേ കുടുംബിനിയാകേണ്ടിവന്ന കമല മലയാളിയുടെ വിവാഹ, ലൈംഗിക ധാരണകളെ വിചാരണ ചെയ്യുകയാണ്‌.

“എനിക്ക്‌ വേണ്ടിയായിരുന്നില്ല വിവാഹം. അത്‌ മറ്റുളളവർക്ക്‌ വേണ്ടി മാത്രമായിരുന്നു. ശ്രീകൃഷ്‌ണന്റെ ഭാര്യയാവാൻ പോവുന്നെന്നായിരുന്നു അമ്മമ്മ പറഞ്ഞത്‌. അതിൽ എന്റെ തീരുമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. തീരുമാനങ്ങൾ എടുത്തു തുടങ്ങിയത്‌ ഇപ്പോഴാണ്‌…”

ലൈംഗികതയും-കമലയ്‌ക്ക്‌ നൽകിയത്‌ നെഞ്ചു പൊളളിച്ച അനുഭവങ്ങളാണ്‌. “ലൈംഗികത അതെപ്പോഴും ഉണർത്തിയത്‌ ഭയവും ദേഷ്യവും മാത്രം. രാത്രിയായാൽ ആക്രമിക്കപ്പെടുമെന്നൊരു ഭീതി… ഒരുപാട്‌ കരഞ്ഞിട്ടുണ്ട്‌. കൊടുങ്കാറ്റ്‌ വരുമെന്നോ വസൂരിമാല വരുമെന്നോ കേൾക്കുംപോലെ….നെഞ്ചിൽ ഒരു സ്‌റ്റൗ കത്തും പോലെ….ഇപ്പോൾ സിംഹത്തിന്റെ കൂട്ടിൽ പോവാനും പേടിയില്ല. കൊല്ലുകയല്ലേയുളളൂ-സിംഹം ബലാൽസംഗം ചെയ്യില്ലല്ലോ!

കമല ഇതുകൂടി പറയുന്നു. ”ചെറിയ കുട്ടികളെ വിവാഹം കഴിച്ച്‌ കൊടുക്കല്ലേ, അവനവന്റെ മക്കളെ പണം കൊടുത്ത്‌ ബലാൽസംഗം ചെയ്യിക്കലാണത്‌. പെൺമക്കൾ വളർന്നോട്ടെ…അവർ പഠിച്ചോട്ടെ..“ ദാമ്പത്യം ഒരുപാട്‌ ദുരന്തങ്ങൾ സമ്മാനിച്ചപ്പോഴും, കമല മനസ്സിൽ സ്‌നേഹത്തിന്റെ കടൽ സൂക്ഷിച്ചു. തനിക്ക്‌ കിട്ടാതെപോയ സ്‌നേഹത്തെ സ്വന്തം രചനയിലൂടെ നേടാൻ ശ്രമിച്ചു. ബന്ധങ്ങളിൽപോലും ഇരട്ടമുഖം സൂക്ഷിക്കുന്ന മലയാളി സ്‌നേഹത്തെ വികൃതമാക്കിയെന്ന്‌, കമല സാക്ഷ്യപ്പെടുത്തുന്നു.

”സ്‌നേഹിക്കപ്പെടണമെന്ന്‌ മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുളളു. തന്റെ സ്‌നേഹത്തെ മലയാളി ധരിച്ചത്‌ കാമമായിട്ടാണ്‌. സ്‌നേഹത്തിന്റെ അർത്ഥം മലയാളിക്കറിയില്ല. അത്‌ ലൈംഗികത മാത്രമാണെന്നാണ്‌ അവരുടെ വിചാരം…“

അനുബന്ധമായി കമല ഇതുകൂടി ചോദിക്കുന്നു. ”എങ്കിൽ മാതാ അമൃതാനന്ദമയിയായിരിക്കില്ലേ ലോകത്തേറ്റവും കാമമുളള സ്‌ത്രീ. എല്ലാവരേയും അവർ കെട്ടിപ്പിടിക്കുന്നില്ലേ?“ തെറ്റിദ്ധരിച്ചു കൊണ്ട്‌ സ്‌നേഹമെന്ന വാക്കുപോലും മലയാളി വഷളാക്കിയെന്നും കമല പരിഭവിക്കുന്നു.

നിരീശ്വരവാദിയാവാൻ തനിക്ക്‌ കഴിയില്ലെന്ന്‌ പറയുന്ന കമലയ്‌ക്ക്‌ ദൈവം എന്നും അദൃശ്യനായ ഒരു സഹായിയായിരുന്നു. കണ്ണനായിരുന്നു എല്ലാമെല്ലാം. ഒടുവിൽ കാലത്തിന്റെ കുത്തൊഴുക്കിൽ കണ്ണനെ ആരൊക്കെയോ അപഹരിച്ചപ്പോൾ അവൾ അല്ലാഹുവിൽ അഭയം തേടി…അവന്റെ അടിമയായി….

കമലയുടെ മതംമാറ്റം ഒരു ഭൂകമ്പം തന്നെയായിരുന്നു. നാലപ്പാട്ടെ മാധവിക്കുട്ടി പർദ്ദയണിഞ്ഞതും സുരയ്യയായതും എല്ലാമെല്ലാം. എതിർത്തവർ ഏറെ. പക്ഷെ സ്‌നേഹവുമായി എത്തിയവരെ മാത്രമേ കമല ഓർക്കുന്നുളളു. മതംമാറ്റത്തിനും മാധവിക്കുട്ടിക്ക്‌ ഉത്തരമുണ്ട്‌. സ്വയം രാധയായി മാറിയിട്ടുളള കമല തന്റെ മാറ്റത്തെപ്പറ്റി ഃ ”സുരയ്യയാണ്‌ പക്ഷെ താൻ രാധയാണ്‌. പല വേഷത്തിലും രാധ ജനിക്കുകയാണ്‌. തന്റെ മോഹം സഫലീകരിക്കാൻ….ശ്രീകൃഷ്‌ണനെ ദൈവമായല്ല. മറിച്ച്‌ വാക്കുപാലിക്കാത്ത ഒരു കാമുകനായാണ്‌ താൻ കാണുന്നത്‌…“

ഒപ്പം ഒന്നുകൂടി പറയുന്നുഃ

”..മാറ്റം അനിവാര്യമായിരുന്നു..“

സമൂഹത്തിന്റെ എതിർപ്പിനെ കാര്യമാക്കുന്നില്ലെന്ന്‌ അല്ലാഹുവിനെ ചേർത്തുപിടിച്ച്‌ പറയുന്ന കമല; തന്റെ മതംമാറ്റത്തെ എതിർത്ത മലയാളി സമൂഹത്തെ ഇങ്ങനെ കാണുന്നുഃ

”എനിക്ക്‌ രണ്ട്‌ പഴംപോലും വാങ്ങിത്തരാത്തവരാണ്‌ സമൂഹം. എന്നോടവർ സ്‌നേഹത്തോടെ സംസാരിച്ചിട്ടുപോലുമില്ല. അവർക്കെന്തായാലും ദേഷ്യമായിരിക്കും. അത്‌ പ്രകടിപ്പിക്കാൻ കിട്ടിയ ഒരവസരമായി മാത്രമേ താനിതിനെ കാണുന്നുളളൂ…“ എതിർപ്പുകളെ നിസ്സാരവൽക്കരിക്കുന്ന മനസ്സാണ്‌ കമലയുടേത്‌. അതുകൊണ്ടുതന്നെയാണ്‌, രാധയ്‌ക്കും സുരയ്യക്കുമിടയിൽ ഒരു വിശ്വാസത്തിന്റെപോലും ദൂരമില്ലെന്ന്‌ ഇവൾ പറയുന്നതും.

സ്‌നേഹത്തിന്റെ അടിമയാവുന്നതാണ്‌ തന്റെ സ്വാതന്ത്ര്യമെന്ന്‌ പറയുന്ന കമല, പക്ഷെ സ്വാതന്ത്ര്യത്തിനുവേണ്ടിയുളള പെൺമയുടെ പോരാട്ടങ്ങളോട്‌ വിയോജിക്കുകയാണ്‌. സ്‌നേഹത്തിന്റെ കടമകളും കടപ്പാടുകളും സ്‌ത്രീകൾ മറക്കുകയാണെന്നും, സ്വാതന്ത്ര്യം പുരുഷന്മാരെ പീഡിപ്പിക്കുകയാണെന്നും കമല പറഞ്ഞു നിർത്തുന്നു.

അനുവാചക ഹൃദയങ്ങളെ കാലബോധങ്ങളില്ലാത്ത ഒരു ഭൂമികയിലേക്ക്‌ കൊണ്ടുപോവാനാണ്‌ കമല തന്റെ രചനയിലൂടെ ശ്രമിച്ചിട്ടുളളത്‌. ഒപ്പം തന്റെ രചനകളെ മലയാളി വേണ്ടത്ര അംഗീകരിച്ചിട്ടില്ലെന്ന പരിഭവവും കമലക്കുണ്ട്‌. താൻ സെക്‌സിനെക്കുറിച്ചോ, സ്‌നേഹത്തെക്കുറിച്ചോ എഴുതിയെന്നാണ്‌ മലയാളിയുടെ വിമർശനമെന്ന്‌ ഇവർ നിരീക്ഷിക്കുന്നു.

”കേന്ദ്രസാഹിത്യ അക്കാദമി എത്രയോ മലയാളി എഴുത്തുകാർക്ക്‌ പുരസ്‌ക്കാരങ്ങൾ നൽകിയിട്ടുണ്ട്‌. ഒരുമാതിരി എല്ലാ ചെറുപ്പക്കാർക്കും കിട്ടിയിട്ടുണ്ട്‌. 50 കൊല്ലമായി ഗൗരവമായി സരസ്വതീസേവ ചെയ്യുന്ന എനിക്ക്‌ മാത്രം തന്നില്ല.“

പരിഭവത്തോടെ കമല പറഞ്ഞു നിർത്തുന്നു. തന്നോടുളള വ്യക്തിപരമായ വിരോധമാണിതിന്‌ കാരണമെന്നും കമലയ്‌ക്ക്‌ അറിയാം.

തന്റെ അഭിമാനം-മനസ്സിന്റേയും ശരീരത്തിന്റേയും… ഇതൊന്നും മലയാളിക്ക്‌ മനസ്സിലാവില്ലെന്നും, മലയാളിയുടെ ശത്രുതയും ദേഷ്യവും അസൂയയും തനിക്ക്‌ താങ്ങാനാവുന്നില്ലെന്നും കമല പറയുന്നു. അനുഭവങ്ങളുടെ വൻകടലുകൾ താണ്ടിയ ജീവിതത്തിന്റെ ദീർഘമായ ഏഴു പതിറ്റാണ്ടുകൾ. ഇവിടെ കഥയ്‌ക്കും കവിതയ്‌ക്കുമിടയിൽ ജീവിതത്തിന്റെ പുതിയ ലോകം തിരയുകയാണ്‌ കമല.

സാഹിത്യത്തിലെ സ്വാർത്ഥികൾക്കും കഥവഴിയിലെ കാലഭൈരവന്മാർക്കുമിടയിൽ കമല ഒരു കടലാണ്‌…ആർക്കു മുന്നിലും ഒന്നും ഒളിക്കാത്ത കടൽ…

അത്‌ ചിലപ്പോൾ ആർത്തിരമ്പും…മറ്റ്‌ ചിലപ്പോൾ ശൂന്യശാന്തതയെ ആവാഹിക്കും.

ഒപ്പം ജീവിതം കൊണ്ട്‌ ഒരുപാടൊരുപാട്‌ എഴുതുകയും, എഴുതിയതിനെ ചിലപ്പോൾ മായ്‌ക്കുകയും ചെയ്യുന്നു.

അതുകൊണ്ടാണ്‌-ഒരുപക്ഷെ അതുകൊണ്ട്‌ മാത്രമാണ്‌. ഇവളുടെ മനസ്സിൽ എപ്പോഴും നീർമാതളങ്ങൾ പൂക്കുന്നതും, ഇവൾക്കുമാത്രം സ്‌നേഹത്തിന്റെ നീലാംബരി നഷ്‌ടമാവാത്തതും….

ഇപ്പോൾ നഗരത്തെ മുറിച്ച, നഗരത്തെ നനച്ച മഴ പോയ്‌ക്കഴിഞ്ഞു. ഇനി പെയ്‌തൊഴിഞ്ഞ ഈ മേഘങ്ങൾക്ക്‌ താഴെകൂടി വീണ്ടും ആർത്തിരമ്പുന്ന നഗരത്തിലേക്ക്‌….

Generated from archived content: essay1_oct13.html Author: benzy_surya

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English