ചിലർ അങ്ങിനെയാണ്. ഇരമ്പിയെത്തുന്ന മഴപോലെ നെഞ്ചു പിളർക്കുന്ന പിണർപോലെ അപ്രതീക്ഷിതമായ ഒരു കടന്നുവരവ്. അടുത്ത നിമിഷം രൂപംകൊണ്ടോ പെരുമാറ്റം കൊണ്ടോ അവൻ നമ്മളെ മോഷ്ടിക്കും
അവൻ നായാവാം നരിയാവാം നരനുമാവാം…
സ്നേഹത്തിന്റെ കലാപ സാന്നിധ്യം പോലെ നിഴലായി പിൻപറ്റാം
അത് കൗതുകമാവാം ചിലപ്പോൾ നൊമ്പരവും.
അതെ ഇത് അവരെ കുറിച്ചുതന്നെയാണ്.
“ പങ്കെടുത്തവരും കഥാപാത്രങ്ങളും”
പാടത്തിനു മുന്നിലെ വസ്‌തേരി തോടിന്റെ രണ്ടാം വളവിൽ, കാലം അടയാളപ്പെടുത്തിയ ഒരു സായാഹ്‌ന കാഴ്‌ച്ചയുണ്ട്. വീടിന്റെ പടിഞ്ഞാറെ മുറിയുടെ ജനൽകാഴ്‌ചകളിൽ, ആഴത്തിൽ കോറിയ ഒരു സ്നേഹത്തിന്റെ സാക്ഷ്യപ്പെടുത്തൽ കൂടിയായിരുന്നു എനിക്ക് ആ ദൃശ്യം.
അത് കുമാരേട്ടൻ എന്ന ചെത്തുകാരൻ കുമാരന്റെയും, അയാളുടെ തയമ്പുവീണ കാൽപ്പാദങ്ങളെ പിൻപറ്റുന്ന കൈസർ എന്ന നായയുടേയും ജീവിതമായിരുന്നു.
എന്നും വൈകിട്ട് അഞ്ചുമണിയോടെയാണ് ഇരുവരും തോടുകടന്ന് എത്തുക. തോട്ടരുകിലെ കരക്കഞ്ചാവിന്റെയും, കമ്മ്യൂണിസ്‌റ്റ് പച്ചയുടെയും തലപ്പുകൾക്ക് മുകളിൽ കൈസറിന്റെ ചെമ്പൻതലയാണ്, ഒരു ട്രോളി ഷോട്ടുപോലെ ആദ്യം ഒഴുകി വരിക. പിറകെ വഞ്ചിയും, അത് തുഴയുന്ന കുമാരനും ഫ്രെയിമിലേക്കെത്തും. കുമാരൻ പുകയൂതി വഞ്ചി തുഴയുമ്പോൾ, കളിക്കിറങ്ങുന്ന കാരിച്ചാൽ ചുണ്ടന്റെ അമരക്കാരന്റെ കണിശതയോടെ കൈസർ, വഞ്ചിയുടെ മുൻപടിയിൽ ഇരിപ്പുണ്ടാവും.
കുമാരനും, കൈസറും ഞങ്ങൾ നാട്ടുകാർക്ക് ഒരു നായും, നരനും മാത്രമായിരുന്നില്ല. – അവർക്കും.
അതുകൊണ്ട് തന്നെ ഇവരിൽ ഒരാളെ കണ്ടാൽ അത് പരസ്‌പര സാന്നിധ്യത്തിന്റെ വിളംബരം കൂടിയായിരുന്നു.
* * * * * * * * * * *
തല്ലി കൊഴിഞ്ഞ ഒരു പ്രണയത്തിന്റെ നൊമ്പരങ്ങൾ കുമാരന് സമ്മാനിച്ചാണ് പ്രിയ കാമുകി സൗദാമിനി കല്യാണം കഴിഞ്ഞ് പോയത്. ഇനി ഒറ്റയ്‌ക്ക് മുന്നോട്ടെന്ന് കുമാരനും കരുതിയത് അന്നുമുതൽ തന്നെ.
സൗദാമിനിയുടെ കല്ല്യാണം കഴിഞ്ഞ് ആറേഴ്‌മാസം കഴിഞ്ഞാവും കുമാരന് കൂട്ടായി കൈസർ എത്തുന്നത്.
കർക്കടകത്തിലെ ഒരു മഴ കനത്ത രാത്രിയിലാണ് കുമാരൻ ആദ്യമായി കൈസറെ കാണുന്നത്. സൗദാമിനിയുടെ വേലിക്കരികിൽ, മഴയിൽ നനഞ്ഞൊട്ടി വഴിയിലേക്ക് നീങ്ങി അവൻ മോങ്ങി കിടക്കുകയായിരുന്നു.
പിറന്ന് വീണ്……..കണ്ണ് തുറന്നുവരുന്നതേയുളളൂ. ആരോ കൊണ്ടു കളഞ്ഞതാണ്. മഴത്തുളളികളെ കീറിയ കുമാരന്റെ ടോർച്ച് ലൈറ്റിൽ അവൻ നിസ്സഹായനായി മോങ്ങി….. ഇട്ടേച്ചു പോയില്ല കുമാരൻ. തോർത്തിൽ പൊതിഞ്ഞ് അവനെ കൂടെ കൂട്ടി….
കമ്മ്യൂണിസ്‌റ്റ് സർക്കാർ രണ്ടാം വട്ടവും അധികാരത്തിൽ വന്നിട്ടും പാർട്ടിക്കാരനായ കുമാരൻ അവന് കൈസർ എന്ന് തന്നെ പേരിട്ടു.
കുമാരനെയും കൈസറേയും കാണുമ്പോൾ എനിക്ക് ഓർമ്മ വരാറുളളത് ടോംസിന്റെ ബോബനേം മോളിയേയുമാണ്. ജീവിതത്തിൽ ഒരു മോളി ഇല്ലെന്നതൊഴിച്ചാൽ കുമാരന്റെ എല്ലാ ഫ്രെയിമിലും കൈസർ കളം നിറഞ്ഞ സാന്നിധ്യമായിരുന്നു. ചെത്താൻ തെങ്ങിൽ കയറുമ്പോഴൊഴികെ എപ്പോഴും കുമാരനെ പിൻപറ്റുന്ന നിഴൽപാതി.
ആലുവ ശിവരാത്രിക്കും, വടക്കേപളളീലെ അമ്പു പെരുന്നാളിനും മുതൽ തെക്കേ കാവിലെ മൈതാനത്തെ പാർട്ടിയോഗങ്ങളിൽ വരെ കൈസർ കുമാരന് കൂട്ടായി. ജാഥകളിൽ ഉപഗ്രഹം പോലെ കുമാരനു പിന്നാലെ അവനുമുണ്ടാവും.
എ.കെ.ജി..യും നായനാരും മുതൽ ലോക്കൽസക്രട്ടറി സ്‌റ്റാലിൻ അച്ചുതൻ മാഷുടെ വരെ പ്രസംഗങ്ങൾക്കും, കെടാമംഗലത്തിന്റെ രമണനും, കെ.പി.എ.സി.യുടെ നാടകങ്ങൾക്കും എത്രയോ വട്ടം കുമാരനൊപ്പം അവനും സാക്ഷിയായിരിക്കുന്നു.
പിളർപ്പിന്റെ അനിവാര്യത മുതൽ രാഘവനും ഗൗരിയും പുറത്തുപോയതു വരെയുളള, പലവട്ടം ആവർത്തിക്കപ്പെട്ട പാർട്ടിയോഗങ്ങളിലെ നിരീക്ഷണങ്ങൾക്കും അവൻ കാതുകൂർപ്പിച്ചിട്ടുണ്ട്.
* * * * * * * * * *
അന്തിച്ചെത്തും കഴിഞ്ഞ് കുമാരൻ നേരെ പോവുക പാർട്ടിയാപ്പീസിനു കീഴിലേക്കാണ്. കാരണം അതുവഴിയേ മാത്രമേ പപ്പന്റെ ഷാപ്പിലേക്ക് പോവാനാവൂ. പാർട്ടിയാഫീസിനു മുന്നിലെത്തിയാൽ ഒരു ബീഡി കത്തിച്ച് കുമാരൻ അവിടെ അൽപ്പനേരം നിൽക്കും. മറ്റ് സഖാക്കളുടെ ചർച്ചകൾക്ക് കാതോർക്കും. അപ്പോൾ കൈസറും അച്ചടക്കമുളള അനുഭാവിയായി കാലുകൾ നീട്ടിവച്ച് തറയിൽ കിടക്കും.
രണ്ട് ബീഡി കഴിയുമ്പോൾ കുമാരൻ പതുക്കെ എഴുന്നേൽക്കും. പാർട്ടിയാപ്പീസിനു മുന്നിലെ വലിയ ആ ചിത്രത്തിലേക്ക് ഒരു ദീർഘനിശ്വാസത്തോടെ നോക്കും. വലിയ താടിവെച്ച് കോട്ടിട്ടയാളുടെ ആ ചിത്രം കുമാരന്, വസൂരി വന്ന് മരിച്ച അച്ഛൻ നാരായണന്റെ ഓർമ്മപ്പെടുത്തലായിരുന്നു.
പിന്നെ കൈസറും കുമാരനും ഒറ്റ നടത്തമാണ് ഷാപ്പിലേക്ക്. പോകുംവഴി നാരായണഗുരുവിന്റെ പ്രതിമയ്‌ക്ക് മുന്നിലെ ഭണ്ഡാരത്തിൽ ചില്ലറയിടും.
* * * * * * * * * * *
ഷാപ്പിന്റെ പടി ചവിട്ടിയാൽ കൈസർ അതീവ ഗൗരവക്കാരനാവും. കുമാരന്റെ ബഞ്ചിനടിയിൽ കിടന്ന് അവൻ മദ്യപാനികളെ പരമപുച്ഛത്തോടെ നോക്കും.
ഇരുന്നൂറ് മില്ലി, ജീരകസോഡ, ഒരു മുട്ട – ഇതാണ് പതിവ്. സൗദാമിനിയെ പിന്നീട് കാണുന്ന ദിവസം നഷ്ടപ്രണയത്തിന്റെ പേരിലാണെങ്കിലും കുമാരൻ വല്ലപ്പോഴും പതിവ് തെറ്റിച്ചാൽ ഉറക്കെ ഒന്ന് കുരച്ച്, ഷാപ്പുകാരൻ പപ്പനെ ക്രുദ്ധനായി നോക്കി കൈസർ തനിയേ വീട്ടിലേക്ക് നടക്കും. കുമാരൻ തുണയില്ലാതെ പിറകേ എത്തിക്കോളണം.
അതുപോലൊരിക്കൽ, രാവേറെ ചെന്നിട്ടും തിരികെയെത്താത്ത കുമാരനെ തേടി അവൻ ചെന്നതും, തോടരികിലെ വലിയ കുഴിയിൽ വീണു കിടന്ന കുമാരനെ കണ്ടെത്തിയതും, ഉറക്കെ കുരച്ച് നാട്ടുകാരെ ഉണർത്തി അവൻ കുമാരന്റെ രക്ഷകനായതും ചരിത്രം. അത് ഞങ്ങൾ നാട്ടുകാർക്ക് കുമാരൻ-കൈസർ ബന്ധത്തിന്റെ ലിറ്റ്‌മസ് ടെസ്‌റ്റുകൂടിയായിരുന്നു.
* * * * * * * * * * *
സ്വന്തം ജീവിതത്തിൽ കുമാരൻ വേണ്ടെന്ന് വച്ച വസന്തങ്ങളൊന്നും കൈസറും വേണമെന്ന് ശഠിച്ചിട്ടില്ല. അതുകൊണ്ട് തന്നെ, നിലാവ് പടർന്ന കന്നിമാസ രാവുകളിലെ പ്രണയോൽസവങ്ങളിൽ അവൻ തന്റെ പാതിവൃത്യം കാത്ത് ഉമ്മറ കോലായിൽ ഒതുങ്ങി.
* * * * * * * * * * *
രാജമലയിലെ തേയിലത്തോട്ടം കടന്ന് വല്ലപ്പോഴുമെത്തുന്ന ചൊറുക്കകാരൻ പാണ്ടി മുരുകൻ, കൈനോട്ടക്കാരി കോമളം. പിന്നെ എൻഫീൽഡ് ബൈക്കുമായി വല്ലപ്പോഴും ഇടവഴിയേ പോവുന്ന പുന്നപ്രക്കാരൻ ഗൾഫ് സുഗുണൻ ഇങ്ങനെ ചിലരെ അടുത്തുകാണുമ്പോൾ നീട്ടിയൊന്ന് മുരളുന്നതൊഴിച്ചാൽ കൈസർ എന്നും അച്ചടക്കമുളള കമ്മ്യൂണിസ്‌റ്റായിരുന്നു.
എന്നാൽ കൈസറിനെ വെല്ലുവിളിച്ച് ഇടക്കിടെ രാജപ്പൻ നാട്ടിലെത്തും. വെളുത്ത പാന്റ്‌സും ഷർട്ടുമിട്ട് കൂളിംഗ് ഗ്ലാസും വച്ച് സൈക്കിളിൽ എത്തുന്ന രാജപ്പന്റെ രൂപം അകലെയെങ്ങാൻ കണ്ടാൽ കൈസർ കുമാരന്റെ മുറിയിലെ തുണിക്കെട്ടുകൾക്കിടയിൽ ഓടി ഒളിക്കും. പിന്നെ അന്ന് പുറത്തേക്കില്ല. ജലപാനം പോലുമില്ലാത്ത നിശബ്ദത.
രാജപ്പൻ എന്നാൽ കൈസറിന് അടിയന്തിരാവസ്ഥയുടെ ആൾരൂപമായിരുന്നു. കാരണം രാജപ്പൻ നീട്ടിയെറിയുന്ന കുടുക്കുകളൊന്നും ഒരു നായ്‌ക്കഴുത്തിനും ഇതുവരെ ഇണങ്ങാതിരുന്നിട്ടില്ല.
* * * * * * * * * * *
വെടിക്കാരൻ കൊച്ചാത്തപ്പന് സ്വന്തം ജീവിതത്തിലൊഴികെ ഒരിക്കലും ഉന്നം പിഴച്ചിട്ടില്ല. പിരിച്ചുവച്ച മീശയും, ചുണ്ടിൽ എരിയുന്ന ചാർമിനാറുമായി ഇരട്ടക്കുഴലുളള തോക്കുമായെത്തുന്ന കൊച്ചാത്തപ്പന് വവ്വാൽ മുതൽ കൊക്കും, കുളക്കാക്കയുമെല്ലാം തന്റെ കണിശതയുടെ സർട്ടിഫിക്കറ്റുകളാണ്.
– പക്ഷേ കർക്കടകത്തിലെ ഒരു മഴയൊഴിഞ്ഞ സന്ധ്യയ്‌ക്ക് കൊച്ചാത്തപ്പന് ആദ്യമായി ഉന്നം പിഴച്ചു.
കൊക്കിന് നിയതിയൊരുക്കി കാഞ്ചിവലിക്കവേ – അത് ഏറ്റുവാങ്ങിയത് പക്ഷേ കൈസറാണ്. അന്തിചെത്തിനിറങ്ങിയ കുമാരനു പിന്നാലെ നടന്നിരുന്ന അവൻ പാടവരമ്പിൽ കിടന്ന് പിടഞ്ഞു.
കൈസറേയുമെടുത്തു കുമാരൻ വീട്ടിലേക്കോടി.
കരഞ്ഞുകൊണ്ട് അവന് വെളളം കൊടുത്തു. മുറിവിൽ കമ്മ്യൂണിസ്‌റ്റുപച്ച വാരിത്തേച്ചു. പിന്നെ,
കൈസർ അപ്പോഴും അവ്യക്തമായി ഞെരങ്ങിക്കൊണ്ടിരുന്നു.
തെക്കേകാവിൽ നെയ്‌ത്തിരിയും വടക്കേപളളിയിൽ മെഴുകുതിരിയും നേർന്നു……
രാത്രി വൈകിയിരുന്നില്ല. തകർത്തുപെയ്യുന്ന മഴ. എപ്പോഴോ കുമാരന്റെ പ്രാർത്ഥനകളുടെ ചരട് മുറിഞ്ഞു.
മഴയുടെ ആരവത്തെ മുറിച്ച് കുമാരന്റെ നിലവിളിയുയർന്നത് അപ്പോഴാണ്. കൈസർ മുരൾച്ചയോടെ കണ്ണടച്ചു. ഞങ്ങൾ നാട്ടുകാർ ഓടിക്കൂടി. കുമാരൻ ഞങ്ങളെ നോക്കിയില്ല. പൊടുന്നനേ, ഒറ്റുകൊടുക്കപ്പെട്ടവനെപോലെ അയാൾ കരഞ്ഞുകൊണ്ടിരുന്നു.
* * * * * * * * * * *
കുമാരൻ പിന്നെ മൗനിയായിരുന്നു…..ചെത്ത് തൽക്കാലം മറ്റൊരാളെ ഏൽപ്പിച്ചു. പാർട്ടിയാപ്പീസിൽ പോക്കില്ല….പിന്നെയും എത്രയോ കർക്കടക മഴകളും കന്നിമാസ രാവുകളും വസ്‌തേരിത്തോടിനേയും പാടശേഖരങ്ങളെയും കടന്നു പോയിരിക്കുന്നു….
പാടങ്ങളിൽ കൊക്കുകളും കുളക്കാക്കകളും പറന്നിറങ്ങിയിട്ടും കൊച്ചാത്തപ്പൻ പിന്നെ ഈ വഴിക്ക് വന്നില്ല…. കൂളിംഗ്‌ഗ്ലാസും വച്ച് സൈക്കിളിൽ എത്തിയ രാജപ്പൻ പിന്നെ എത്രയോ നായ്‌ക്കൾക്ക് കുരുക്കെറിഞ്ഞു….. സൗദാമിനിയുടെ കുട്ടികൾ പത്താംക്ലാസും ജയിച്ചു….
പിളർന്നവർ ഒരുമിച്ച് വരെ അധികാരത്തിലെത്തി.
പക്ഷേ കുമാരൻ ഇതൊന്നുമറിയാതെ എപ്പോഴും ഇരുൾവീണ വീടിന്റെ ചായിപ്പിൽ എവിടെയോ ഉണ്ട്.
പക്ഷേ ഇരുളിലും അവന്റെ നിഴലാവാൻ കൈസർ മാത്രമില്ല….
Generated from archived content: benzy-column1.html Author: benzy_surya