കരയാൻ കഴിയാത്തവർ

വിരസമായ ഒരു ഡേ ഡ്യൂട്ടിയുടെ ഒടുവിലത്തെ അര മണിക്കൂർ- നീതാ മാത്യൂസിന്‌ ബോറടികൊണ്ട്‌ ശ്വാസം മുട്ടി. സ്ഥിരം വിഷയങ്ങൾ, സ്ഥിതം തലക്കെട്ടുകൾ, വിഷ്വൽസിന്‌ ഒരു പഞ്ചുമില്ല. ഇങ്ങനെയുളള ദിവസങ്ങളിലെല്ലാം നീതയ്‌ക്ക്‌ തോന്നും ഈ ജോലി ബോറാണെന്ന്‌. എന്നും എപ്പോഴും എവിടെയും സംഭവങ്ങൾ ഉണ്ടായിക്കൊണ്ടേയിരുന്നില്ലെങ്കിൽ 24 മണിക്കൂർ വാർത്താചാനലിന്റെ പ്രസക്തിയെന്താണ്‌.

“മെയിൻ ബുളളറ്റിന്റെ ഹെഡും വിഷ്വൽസുമൊക്കെ റെഡിയായോ” ഇന്റർകോമിൽ തലൈവർ.

“എല്ലാം റെഡിയാണ്‌ സാർ. ഷീജ റിഹേഴ്‌സ്‌ ചെയ്‌ത്‌ തുടങ്ങി. വിഷ്വൽസ്‌ കമ്പ്യൂട്ടറിൽ ഫീഡ്‌ ചെയ്‌ത്‌ കഴിഞ്ഞു. ഹെഡ്‌ലൈൻസ്‌ വെരിഫൈ ചെയ്‌താൽ മാത്രം മതി.”

“ഞാൻ നോക്കിയിട്ട്‌ ഉടനെ വിളിക്കാം.” തലൈവരുടെ ലൈൻ ഡിസ്‌കണക്‌ടായി.

ഒരുപാട്‌ മാറ്റങ്ങൾ പറയുമോ ആവോ. എങ്കിലിനി ആകെക്കൂടി അഴിച്ചു പണിയേണ്ടിവരും. ബാത്ത്‌റൂമിൽ നിന്ന്‌ വരുമ്പോൾ ഫോൺ വീണ്ടുമടിക്കുന്നു. ഇത്ര പെട്ടെന്ന്‌ ഹെഡ്‌ലൈൻസ്‌ നോക്കിക്കഴിഞ്ഞോ. പതുക്കെയാണ്‌ ഫോണെടുത്തത്‌.

“സാർ എന്തെങ്കിലും മാറ്റം?”

“നീതാ ഇത്‌ ഞാനാ റോബിൻ. എല്ലാം മാറ്റേണ്ടി വരും. വലിയ ന്യൂസ്‌ ഉണ്ട്‌. ഇവിടെ ട്രെയിൻ പുഴയിലേയ്‌ക്ക്‌ മറിഞ്ഞ്‌ വലിയൊരപകടം ഉണ്ടായിട്ടുണ്ട്‌. എന്റെ ഒരു ഫ്രണ്ട്‌ സംഭവസ്ഥലത്തിനടുത്ത്‌ താമസിക്കുന്നുണ്ട്‌. അവനാ വിളിച്ചു പറഞ്ഞത്‌. ഞാൻ സ്പെഷ്യൽ ബ്രാഞ്ചിൽ വെരിഫൈ ചെയ്‌തു. സംഭവം ശരിയാണ്‌. എട്ട്‌ ബോഗികൾ വെളളത്തിൽ വീണ്‌ കിടക്കുകയാണ്‌. വേറെയാർക്കും കിട്ടീട്ടുണ്ടാവില്ല. നമുക്ക്‌ സ്‌ക്രോൾ ചെയ്‌ത്‌ തുടങ്ങാം. ലാപ്‌ടോപ്പിൽ ഞാൻ സ്‌റ്റോറി ഫീഡ്‌ ചെയ്യുകയാണ്‌. ഡൗൺലോഡ്‌ ചെയ്‌ത്‌ എയറിൽ വിട്ടോളൂ. ഞാൻ വിളിക്കാം.”

ശരീരത്തിലേയ്‌ക്ക്‌ റോബിൻ വൈദ്യുതതരംഗങ്ങൾ കടത്തി വിട്ടത്‌പോലെ തോന്നി. ഫോണിൽ പറയാൻ ഉളള സാവകാശം തോന്നിയില്ല. തലൈവരുടെ മുറിയിലേയ്‌ക്ക്‌ പായുകയായിരുന്നു. റോബിൻ അവിടെ ലൈനിലുണ്ട്‌. തലൈവർ ഫോൺ വയ്‌ക്കുമ്പോഴേക്കും കമ്പ്യൂട്ടറിൽ റോബിന്റെ സ്‌റ്റോറി വന്നു കഴിഞ്ഞിരുന്നു.

“ആക്ട്‌, സ്ര്കാൾ” തലൈവർക്ക്‌ ശ്വാസം കിട്ടുന്നില്ലെന്ന്‌ തോന്നി. സെക്കന്റുകൾക്കുളളിൽ കൺട്രോൾ റൂമിൽ നിന്ന്‌ വാർത്ത സ്‌ക്രോൾ ചെയ്‌ത്‌ തുടങ്ങുമ്പോൾ നീതയ്‌ക്ക്‌ വിറയ്‌ക്കുന്നത്‌ പോലെ തോന്നി. ഇതൊരസുലഭ അവസരമാണ്‌. എതിർ ചാനലുകളൊക്കെ നീത പരതി. ആർക്കും കിട്ടിയിട്ടില്ല.

“റോബിൻ, ഇന്ന്‌ നിന്റെ ദിവസമാണ്‌. യു ഹാവ്‌ ഡൺ ഇറ്റ്‌”

തിരിയെ മുറിയിലെത്തുമ്പോൾ ഫോണുകൾ നിർത്താതെ മുഴങ്ങുന്നുണ്ടായിരുന്നു. ഏജൻസി റിപ്പോർട്ടർമാർ, മറ്റു ചാനലുകളിലെ സുഹൃത്തുക്കൾ, അനുശോചനപ്രിയരായ രാഷ്‌ട്രീയക്കാർ. ന്യൂസ്‌റൂമിലെ ഓരോരുത്തരും ഒരേ ഉത്തരങ്ങൾ തന്നെ പറഞ്ഞ്‌ മടുക്കുന്നു. നീതയ്‌ക്ക്‌ വല്ലാതെ ദേഷ്യം വന്നു. ഇതിനിടയിൽ റോബിന്റെ കാളെങ്ങാനും വന്നിട്ടുണ്ടാവുമോ? പെട്ടെന്ന്‌ സെല്ലിൽ മുരളൽ, റോബിന്റെ നമ്പർ തെളിയുന്നത്‌ കണ്ടപ്പോൾ മനസ്സ്‌ കുളിർത്തു.

“നിയെവിടെയാണ്‌ റോബിൻ? മെയിൻ ബുളളറ്റിന്‌ ഇനി ഇരുപത്‌ മിനുട്ടേയുളളൂ.”

“ഞാൻ സ്‌പോട്ടിലെത്താറായി. ക്യാമറടീം കൂടെയുണ്ട്‌. ക്ലിപ്പ്‌ മെയിൽ ഓൺ ചെയ്‌തിട്‌. ഉടനെ ഷൂട്ട്‌ ചെയ്‌തയക്കാം. ഇല്ലെങ്കിൽ ന്യൂസിനിടയിൽ ലൈവ്‌ ആയി വന്നോളാം. അപകടം ഭീകരമാവുമെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ശനിയാഴ്‌ചയായതിനാൽ വണ്ടിയിൽ നല്ല തിരക്കുണ്ടായിരുന്നെന്ന്‌. ഇവിടെ നല്ല മഴയാണ്‌. അവിടെത്തിയാലുടൻ വിളിക്കാം. സെൽ എനിക്ക്‌ വേണ്ടി മാറ്റിവയ്‌ക്ക്‌. വേറൊരു കാളുമതിൽ അറ്റന്റ്‌ ചെയ്യേണ്ട.”

റോബിനെപ്പോലെയുളള റിപ്പോർട്ടർമാർ ചാനലിന്‌ അസ്സെറ്റാണെന്ന്‌ പറയുന്നത്‌ വെറുതെയല്ല. തലൈവരുടെ മുറിയിൽ ഉന്നതതലയോഗം തുടങ്ങിയിരുന്നു. തലൈവർ ഫോണുകളിലൂടെ ആജ്ഞകൾ മുഴക്കുന്നുണ്ട്‌.

“അടുത്തുളള മൂന്നു ജില്ലകളിലെ റിപ്പോർട്ടർമാരും ക്യാമറടീമുകളും ഉടനടി സ്‌പോട്ടിലേയ്‌ക്ക്‌ പോകണം. ക്യാമറകൾ, വണ്ടികൾ, സെൽഫോൺ ഒന്നും പ്രശ്‌നമല്ല. ഒറ്റ കാര്യമേയുളളൂ. മാക്‌സിമം കവറേജ്‌ നമ്മുടേതായിരിക്കണം. സ്‌റ്റോറി ആങ്കിളുകൾ ഫിക്‌സ്‌ ചെയ്യാൻ പ്രഭാകരനോട്‌ പറയൂ. ഗ്രാഫിക്‌സ്‌ റെഡിയാക്കിയോ? ഫയൽ വിഷ്വൽസിൽ നിന്ന്‌ ബോഗികൾ മറിഞ്ഞ്‌ കിടക്കുന്നതിന്റെ പുറത്ത്‌ സൂപ്പർഇമ്പോസ്‌ ചെയ്‌താൽ മതി.”

ഗ്രാഫിക്‌സ്‌ റൂമിൽ നിന്ന്‌ മടങ്ങിയെത്തുമ്പോഴേയ്‌ക്കും ഹരിയുടെ നേതൃത്വത്തിൽ ട്രെയിനികൾ ട്രെയിനപകടവാർത്ത തയ്യാറാക്കിക്കഴിഞ്ഞിരുന്നു.

റീഡറെവിടെ? റിഹേഴ്‌സ്‌ ചെയ്‌തോ? ഇന്ന്‌ ഏത്‌ എമെർജെൻസിയും സ്‌റ്റുഡിയോവിൽ നേരിടേണ്ടി വരുമെന്ന്‌ പറഞ്ഞേക്കൂ.“

ഹരിയോട്‌ ആജ്ഞാപിക്കുമ്പോൾ ശബ്‌ദത്തിന്‌ തലൈവരുടെ മോഡുലേഷൻ വന്നത്‌ പോലെ തോന്നി.

തലൈവരുടെ മുറിയിൽ ന്യൂസ്‌റീഡർ ഷീജയ്‌ക്ക്‌ ബ്രീഫിംഗ്‌ നടക്കുകയായിരുന്നു. ഉന്നതർ ഓരോരുത്തരും നിർദ്ദേശങ്ങൾ നൽകുന്നുണ്ട്‌.

”ലൈനിൽ റോബിൻ വരുമ്പോൾ ചോദിക്കേണ്ട കാര്യങ്ങൾ എഴുതി കൊടുക്കൂ സിദ്ധാർത്ഥാ“ സ്‌റ്റുഡിയോയിലേക്കോടുമ്പോൾ ഷീജയ്‌ക്ക്‌ പരിഭ്രമം ”റോബിൻ ലൈവായിട്ടാകുമോ സ്‌റ്റോറി തരുക. എനിക്കിങ്ങനെയൊരു സിറ്റ്വേഷൻ പരിചയമില്ല.“

നീതയ്‌ക്ക്‌ ദേഷ്യം വന്നു.

”ഞങ്ങളൊക്കെ ദിവസവും കാലത്തെഴുന്നേറ്റ്‌ ട്രെയിനപകടവാർത്ത പരിശീലിച്ച്‌ വന്നിരിക്കയല്ലേ. സമയം കളയാതെ സ്‌റ്റുഡിയോയിലെത്താൻ നോക്ക്‌ കൊച്ചേ. ഇനി പത്ത്‌ മിനുട്ടേയുളളൂ.“ ബ്യൂറോ ചീഫ്‌ പ്രഭാകരൻ സെല്ലിൽ റോബിന്‌ ആങ്കിളുകൾ വിശദീകരിച്ചുകൊണ്ട്‌ സ്‌റ്റുഡിയോയിലേയ്‌ക്ക്‌ ഓടിവന്നു.

”റോബിൻ അപകടസ്ഥലത്ത്‌ എത്തിക്കഴിഞ്ഞു നീതാ. വീ വിൽ മേക്ക്‌ ഇറ്റ്‌. അവൻ രണ്ട്‌ പ്രൈവറ്റ്‌ ക്യാമറാടീമുകളെക്കൂടി സ്പോട്ടിലേക്ക്‌ ലൈൻഅപ്പ്‌ ചെയ്‌തിട്ടുണ്ട്‌. അവരുടനെ എത്തും. നമ്മുടെ ടീം വിഷ്വൽസ്‌ ഇപ്പോൾ ഫീഡ്‌ ചെയ്‌ത്‌ തുടങ്ങും. എഡിറ്റിങ്ങ്‌ ഒന്നും നടക്കില്ല. കഴിയുന്നേടത്തോളം റോബിന്റെ വോയ്‌സ്‌ പൊയ്‌ക്കോട്ടെ. ആമ്പിയൻസ്‌ സൗണ്ടും കിടക്കട്ടെ.“

നീത വീണ്ടും എതിർചാനലുകൾ പരതി. അവരും പിന്നാലെയുണ്ട്‌. ഇനിയുളളത്‌ യഥാർത്ഥ അങ്കമാണ്‌. ആരാണ്‌ ജയിക്കുക എന്നത്‌ കളിയിൽ ഓരോരുത്തരും നൽകുന്ന ആത്മാർത്ഥതയ്‌ക്കനുസരിച്ചായിരിക്കും.

”മരണം നൂറിൽ കവിയുമെന്നാണല്ലോ നാരായണന്റെ ചാനൽ. റോബിന്റെ ലേറ്റസ്‌റ്റ്‌ കണക്കെത്രയാണ്‌?“ പതിവില്ലാതെ സ്‌റ്റുഡിയോവിലെത്തിയ തലൈവർ ചോദിച്ചു.

”മുന്നൂറു കവിയുമെന്നാണ്‌.“

”നന്നായി. നമുക്കത്‌ കൊടുത്താൽ മതി. ദുരന്തത്തിന്റെ തീവ്രത കൂടുന്ന ഫീലിംഗ്‌ ആണ്‌ നല്ലത്‌.“ തലൈവരുടെ ഫോണിൽ വെളിച്ചം.

”ങാ കുരുവിള, മെയിൻ ബുളളറ്റിൻ കഴിഞ്ഞാലുടൻ സ്പെഷ്യൽ ബുളളറ്റിൻസ്‌ തുടങ്ങുകയാണ്‌. കഴിയുന്നേടത്തോളം പരസ്യങ്ങൾ പിടിച്ചോളൂ. ഈ അവസരം കഴയരുത്‌.“

നീതയ്‌ക്ക്‌ ദേഷ്യം വന്നു. ഇനി കുരുവിളയുടെ ഭരണം തുടങ്ങും. ലോകം ഇടിഞ്ഞുവീണാലും പരസ്യം. 10 സെക്കന്റ്‌, 20 സെക്കന്റ്‌ എന്ന്‌ പറഞ്ഞ്‌ ഓരോന്നും കൊണ്ടുവരും.

സ്‌റ്റുഡിയോയുടെ നിശ്ശബ്‌ദതയിൽ നീതയുടെ ചിന്ത മുറിഞ്ഞു. പ്രൊഡ്യൂസറുടെ കസേരയിലിരിക്കുമ്പോൾ നീത സ്വയം പഠിപ്പിച്ചു. ഇങ്ങനൊരു സന്ദർഭം ആദ്യത്തേതാണ്‌. പതറരുത്‌.

”നീതാ ക്ലിപ്പ്‌ മെയിലിൽ വന്ന വിഷ്വൽസ്‌.“ മായ കാസറ്റുമായി ഓടിയെത്തി.

”അതിനി കമ്പ്യൂട്ടറിൽ ഫീഡ്‌ ചെയ്യണ്ട. വീടീആറിൽ നിന്ന്‌ പ്ലേ ചെയ്യാൻ പറയൂ.“ മായയോട്‌ പറഞ്ഞു തീരുമ്പോഴേയ്‌ക്കും സ്‌റ്റുഡിയോ സിഗ്നലായിക്കഴിഞ്ഞിരുന്നു. ഷീജയുടെ മുഖത്തിപ്പോൾ ടെൻഷനില്ല. എന്തും നേരിടുമെന്ന ആത്മവിശ്വാസമുണ്ട്‌. സാധാരണയിൽ കവിഞ്ഞ വേഗതയോടെ ഷീജ വായന തുടങ്ങി. പ്രധാനവാർത്തകൾ കഴിഞ്ഞ്‌ അപകടവാർത്തക്കൊപ്പം തന്നെ മായ റോബിൻ അയച്ച വിഷ്വൽസ്‌ പ്ലേ ചെയ്‌തു. തല കുത്തി മറിഞ്ഞ്‌ കിടക്കുന്ന ബോഗികൾ, ഓടിയെത്തിക്കൊണ്ടിരിക്കുന്ന നാട്ടുകാർ, രക്ഷാപ്രവർത്തകർ, നിലവിളികൾ, മരിച്ചവരും പാതി മരിച്ചവരും ബോഗികളിൽ. റോബിന്റെ ടീം അപകടത്തെ അതേപടി പകർത്തിയിട്ടുണ്ട്‌.

മായ പാനലിലേക്ക്‌ ഓടിവന്നു.

”റോബിൻ ലൈനിലുണ്ട്‌.“

”ഷീജയ്‌ക്ക്‌ കണക്‌ട്‌ ചെയ്യൂ.“

ഷീജയുടെ മുന്നിലെ ടെലഫോണിൽ വെളിച്ചം തെളിഞ്ഞു. റോബിൻ തന്മയത്വത്തോടെ അപകടരംഗം വിവരിച്ചു. സിദ്ധാർത്ഥ്‌ തയ്യാറാക്കി കൊടുത്ത ചോദ്യങ്ങൾ സ്വാഭാവികമായിത്തന്നെ ഷീജ റോബിനോട്‌ ചോദിച്ചു.

”ഞങ്ങളുടെ ക്യാമറ ടീം പകർത്തിയ കൂടുതൽ ദൃശ്യങ്ങൾ ഉടനെ അയയ്‌ക്കാം. അതും നിങ്ങൾക്ക്‌ കാണാം.“ എന്ന്‌ പറഞ്ഞ്‌ റോബിൻ ലൈനിൽ നിന്ന്‌ പോയി.

ഷീജ നേരത്തെ തയ്യാറാക്കി വച്ച വാർത്തകൾ വായിക്കാൻ തുടങ്ങി. നിയമസഭയിൽ നിന്ന്‌ പ്രതിപക്ഷം ഇറങ്ങിപ്പോക്ക്‌ നടത്തിയ വാർത്തയായിരുന്നു ആദ്യത്തേത്‌.

”ഛേയ്‌.“ പാനലിൽ നിന്നിരുന്നവർ ഒപ്പം പറഞ്ഞു.

”എന്തു ചെയ്യാനാണ്‌? കൂടുതൽ സ്‌റ്റോറി വേണ്ടേ?“ തലൈവർ

”നമുക്ക്‌ റിപ്പീറ്റ്‌ ചെയ്‌താലോ സാർ?“ നീത ചോദിച്ചു.

”വണ്ടർഫുൾ, ഡു ഇറ്റ്‌“

വീടീആറിൽ നിന്ന്‌ വീണ്ടും വിഷ്വൽസ്‌ കാണിച്ചു തുടങ്ങി. വിഷ്വൽസിനൊപ്പം ഷീജ അല്പസ്വല്പം മാറ്റം വരുത്തി സ്‌റ്റോറി വീണ്ടും വായിച്ചു. റോബിൻ ഫോണിൽ പറഞ്ഞ വിവരങ്ങളും കൂടിച്ചേർത്ത്‌ സ്‌റ്റോറി വീണ്ടും വായിച്ചു. റോബിൻ ഫോണിൽ പറഞ്ഞ വിവരങ്ങളും കൂടിച്ചേർത്ത്‌ സ്‌റ്റോറി പുതുക്കാനും ഷീജ ശ്രദ്ധിച്ചു.

”ഇവൾക്ക്‌ ധൈര്യമില്ലെന്നാരു പറഞ്ഞു. ഈ പെർഫോർമൻസിന്‌ ഒരു ഇൻക്രിമെന്റ്‌ കൊടുക്കണം.“ സിദ്ധാർത്ഥൻ തലൈവരോട്‌ പറഞ്ഞു. പൈസ കൊടുക്കേണ്ട കാര്യമായതിനാലാകണം തലൈവർ കേട്ട ഭാവം നടിച്ചില്ല. വീണ്ടും റോബിൻ സെൽഫോണിൽ.

”വിഷ്വൽസ്‌ റെഡി. ലൈവ്‌ ആയി കൊടുക്കാമോ?“

”ഓക്കേ.“ ട്രാൻസ്‌മിറ്ററിലേയ്‌ക്കും സ്‌റ്റുഡിയോവിലേക്കും നിർദ്ദേശങ്ങൾ നൽകി വാർത്തയെ വീണ്ടും അപകടസ്ഥലത്തേയ്‌ക്ക്‌ കൂട്ടിക്കൊണ്ടു വന്നപ്പോൾ നീതയ്‌ക്ക്‌ സമാധാനമായി. ഇത്തരമവസരങ്ങളിൽ മറ്റ്‌ വാർത്തകളുണ്ടാക്കുന്ന ചെടിപ്പ്‌ ചില്ലറയല്ല എന്നവളോർത്തു. മോണിട്ടറിൽ വീണ്ടും അപകടദൃശ്യങ്ങൾ നിറഞ്ഞു നിന്നു. ഒഴുകി നടക്കുന്ന ശവങ്ങൾ, വെട്ടിപ്പൊളിച്ചെടുക്കുമ്പോൾ പിടഞ്ഞു നിലവിളിക്കുന്ന മനുഷ്യർ. വീണ്ടും റോബിൻ ലൈനിലെത്തി. കേന്ദ്രമന്ത്രി സംഭവസ്ഥലത്തേക്ക്‌ തിരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയും മറ്റ്‌ പ്രമുഖരും അപകടവാർത്തയറിഞ്ഞ്‌ ഞെട്ടിയെന്നുമുളള വാർത്തകൾ അവൻ പുതുതായി നൽകി. പാലമാണോ തീവണ്ടിയാണോ അപകടമുണ്ടാക്കിയതെന്ന സന്ദേഹങ്ങളും റോബിൻ പ്രേക്ഷകരുമായി പങ്കു വച്ചു. അപകടത്തിൽ നിന്ന്‌ രക്ഷപ്പെട്ട ഒരാളുടെ അഭിമുഖവും റോബിൻ തരപ്പെടുത്തിയിരുന്നു.

ട്രെയിനപകടം കത്തിക്കയറിത്തന്നെ വാർത്തകൾ അവസാനിച്ചു. പ്രധാനവാർത്തകൾ ആവർത്തിച്ചപ്പോൾ മരണസംഖ്യ അപ്‌ഡേറ്റ്‌ ചെയ്‌ത്‌ 39 ആക്കാൻ നീത മറന്നില്ല.

വാർത്ത കഴിഞ്ഞപ്പോൾ അന്യോന്യം അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു എല്ലാവരും.

തലൈവരുടെ മുറിയിൽ അടുത്ത നിമിഷം മുതലുളള പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു. അടുത്ത ഷിഫ്‌റ്റിലെ ഡ്യൂട്ടി ഗോപാലകൃഷ്‌ണനായിരുന്നു. വിവരമറിഞ്ഞ്‌ ഗോപാൽജി നേരത്തെ എത്തിയിട്ടുണ്ട്‌. ട്രെയിനി പ്രബോദ്‌ മറ്റ്‌ ചാനലുകളുടെ വാർത്തകൾ റെക്കോർഡ്‌ ചെയ്‌ത വീഡിയോ കാസറ്റുകളുമായെത്തി. ഫാസ്‌റ്റ്‌ഫോർവേഡടിച്ച്‌ ഓരോന്നും നോക്കിയപ്പോൾ ആത്മപ്രശംസകൾ പെരുകി.

”ആരും നമ്മുടെയടുത്തെത്തിയിട്ടില്ല. ഒരു കൂട്ടർക്ക്‌ മരണസംഖ്യ പത്തേ ആയിട്ടുളളൂ. മറ്റവർക്ക്‌ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നമ്മൾ തന്നെയാണ്‌ സ്‌കോർ ചെയ്‌തത്‌.“ തലൈവരുടെ വാക്കുകൾ എല്ലാവരുടെയും മനസ്സിൽ പൂമഴയായി പെയ്‌തിറങ്ങി. ഇത്തരമൊരനുമോദനം വല്ലപ്പോഴുമാണ്‌. മിനുട്ടിടവച്ച്‌ സ്‌ക്രോളിംഗ്‌, സ്‌പെഷ്യൽ ബുളളറ്റിനുകൾ, പ്രത്യേകപരിപാടി.

നീത വീട്ടിലെത്തുമ്പോൾ രാവേറെയായി. ഉറക്കച്ചടവോടെ വാതിൽ തുറന്ന അമ്മയുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. അമ്മയ്‌ക്ക്‌ എന്ത്‌ പറ്റിയെന്നവൾ അത്ഭുതപ്പെട്ടു. അമ്മയുടെ കണ്ണുകളുടെ ആഴങ്ങളിലുറഞ്ഞു കൂടിയിരിക്കുന്ന വേദന അവളുടെ നെഞ്ചിൽ നീറ്റലുണ്ടാക്കി. അമ്മ അവളെ കെട്ടിപ്പിടിച്ച്‌ പൊട്ടിപൊട്ടിക്കരഞ്ഞു.

”എത്ര പേർ, എത്ര പേരാണ്‌ മോളേ മരിച്ചോണ്ടിരിക്കുന്നത്‌. എനിക്ക്‌ സഹിക്കാൻ വയ്യ.“

അമ്മയുടെ കണ്ണുകളിൽ ദുരന്തത്തിന്റെ മറ്റൊരു ഭാവമവൾ കണ്ടു. അവിടെ മനുഷ്യത്വത്തിന്റെ തേങ്ങൽ ഘനീഭവിച്ചു നിന്നിരുന്നു.

പെട്ടെന്ന്‌ ദൃശ്യങ്ങളും ശബ്‌ദങ്ങളുമൊക്കെ നീതയുടെ തലച്ചോറിൽ കെട്ടിമറിഞ്ഞു. അവൾ ഉറക്കെ ഉറക്കെ കരയാൻ തുടങ്ങി. അമ്മ അവളെ മുറുക്കെ പിടിച്ച്‌ കരച്ചിലടക്കാൻ ശ്രമിച്ചു. ആ രാത്രി മുഴുവൻ നീത അമ്മയുടെ നെഞ്ചിൽ ചാരിക്കിടന്ന്‌ മതിയാവോളം കരഞ്ഞു. കരച്ചിലിനിടയിൽ പലവട്ടം നീത സ്വയം ചോദിച്ചു. എന്തേ എല്ലാം ഇങ്ങനെയാകുന്നത്‌? കഴുകന്റെ ആർത്തിയോടെ വാർത്തകൾക്ക്‌ പിന്നാലെ പായുമ്പോൾ മനസ്സുകൾ കരിങ്കല്ലായി മാറുന്നതെന്തു കൊണ്ടാണ്‌? പിന്നീടവൾ കരഞ്ഞത്‌ കരയാൻ കഴിയാത്തവർക്ക്‌ വേണ്ടിയായിരുന്നു. കരയാൻ മറക്കുന്ന അവൾക്ക്‌ വേണ്ടി കൂടിയായിരുന്നു.

Generated from archived content: story_feb13.html Author: beena_ka

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here