മനുഷ്യജീവിതത്തിന്റെ അര്‍ത്ഥത്തെയും ലക്ഷ്യത്തെയും കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചു നോക്കാത്തവരുണ്ടാവില്ല. ജീവിതമെന്ന മഹാപ്രതിഭാസം ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. ഒരു വലിയ യാത്രക്കിടയില്‍ നാമൊരു സത്രത്തില്‍ വിശ്രമിക്കുന്നതിനു സമാനമാണതെന്ന് ഭാഷാപിതാവ് തുഞ്ചത്താചാര്യന്‍ പറഞ്ഞു വച്ചിട്ടുണ്ട്. ജലോപരിതലത്തിലെ കുമിളപോലെ ക്ഷണികമെന്ന് ഭക്തകവി പൂന്താനവും ഓര്‍മ്മപ്പെടുത്തുന്നു. ഹൈന്ദവ- ഇസ്ലാം – ക്രൈസ്തവ ദര്‍ശനങ്ങളിലെല്ലാം ജീവിതത്തെ യാത്രയോടുപമിക്കുന്ന കല്‍പ്പനകള്‍ കാണാനുണ്ട്. പ്രവാചകന്മാരും തത്ത്വചിന്തകരുമൊക്കെ അതിനെക്കുറിച്ച് ഏറെ സംസാരിച്ചവരാണു താനും.
ജീവിതത്തിന്റെ അര്‍ത്ഥം തേടുമ്പോള്‍ അതിനെ സാര്‍ത്ഥകമാക്കുന്നതെന്താണെന്ന ചോദ്യം പ്രസക്തമാണ്. ഒന്നുറപ്പ്; ജീവിതം നമുക്കുവേണ്ടി എന്നതിലുപരി അതു മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്രദമാകുമ്പോള്‍ അതിന് നൂതനമായ ഒരര്‍ത്ഥം കൈവരുന്നുണ്ട്. അതുകൊണ്ടാകാം ‘അന്യ ജീവനുതകീ സ്വജീവിതം/ ധന്യമാക്കുമമലേ വിവേകികള്‍’ എന്ന് ആശാന്‍ പാടിയത്. വിവേകശാലികള്‍ സ്വജീവിതത്തെ ധന്യമാക്കുന്നത് അന്യജീവന് ഉതകിയെന്നാണെന്നു സാരം.
ഈ ആശയം പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന മനുഷ്യസ്നേഹികളുടെ കൂട്ടായ്മ ഇന്നു നമ്മുടെ നാട്ടില്‍ സജീവമാണ്. പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ ബാനറില്‍ കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഇവര്‍ സാധിച്ച നിശബ്ദവിപ്ലവം നാടിനു തന്നെ അഭിമാനമായി മാറിക്കഴിഞ്ഞു. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി മത്സരിക്കുന്നവര്‍ക്കും കാല്‍ക്കാശു കണ്ടാല്‍ കവിണ്ണുവീഴുന്നവര്‍ക്കുമിടയില്‍ ഇങ്ങനെയും ചിലരോ എന്ന് പുറത്തു നിന്നു നിരീക്ഷിക്കുന്നവര്‍ അത്ഭുതപ്പെട്ടു പോകും.
‘മനുഷ്യ സേവനത്തിന്റെ
പാതയില്‍ പദമൂന്നിയാല്‍
മൃതിക്കുമപ്പുറത്തെത്തും
മഹാപ്രസ്ഥാനമായിടും’ -എന്ന കവി വാക്യം അന്വര്‍ത്ഥമാക്കുന്ന അനുഭവം! മരണത്തെ ജയിക്കാനുള്ള വഴികളില്‍ പ്രധാനം സേവനത്തിന്റെ പാതയില്‍ സ്വയം സമര്‍പ്പിക്കുക എന്നതാണ്. കുഷ്ഠരോഗികള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ഫാദര്‍ ഡാമിയനും , ബാബാ ആംതെയും , അഗതികളുടെ അമ്മയായ മദര്‍ തെരേസയും നമ്മുടെ വിസ്മൃതിയെ , മറി കടന്നതും ഇതേ മാര്‍ഗത്തിലൂടെയാണ്.
സഹജീവികളോടുള്ള സ്നേഹവും കരുണയും ഈശ്വര സാക്ഷാത്ക്കാരത്തിനുള്ള മാര്‍ഗമാണ്. ‘ മാനവസേവ മാധവസേവ ‘ എന്നതിന്റെ പൊരുള്‍ ഇതത്രേ. മാനുഷ്യകത്തിന്റെ മഹാഗുരു മുഹമ്മദു നബിയുടെ ഒരു തിരുവരുള്‍ നോക്കു: ‘’ അന്ത്യനാളില്‍ അല്ലാഹു അടിമയോടു ചോദിക്കും, ‘ ഞാന്‍ രോഗിയായി അപ്പോള്‍ നീ എന്തുകൊണ്ടു എന്നെ സന്ദര്‍ശിച്ചില്ല?’ അവന്‍ പറയും : ‘ നീ ലോകരക്ഷിതാവല്ലേ ഞാനെങ്ങനെ നിന്നെ സന്ദര്‍ശിക്കും?’ അല്ലാഹു അവനോടു പറയും ‘ എന്റെ ഇന്ന ദാസന്‍ രോഗിയായത് നീ അറിഞ്ഞില്ലേ? അവന്‍ രോഗശയ്യയിലായപ്പോള്‍ നീ അവനെ സന്ദര്‍ശിച്ചുവോ? പോയിരുന്നെങ്കില്‍ അവന്റെ സമീപത്ത് നിനക്കെന്നെ കാണാമായിരുന്നു! മനുഷ്യപുത്രാ ഞാന്‍ നിന്നോട് ആഹാരം ആവശ്യപ്പെട്ടു. നീ എന്തുകൊണ്ട് എന്നെ ആഹരിപ്പിച്ചില്ലാ?’ അവന്‍ പറയും ‘നീ ലോകരക്ഷിതാവല്ലെ? ഞാനെങ്ങനെ നിന്നെ ഭക്ഷിപ്പിക്കും?’ സ്രഷ്ടാവിന്റെ മറുപടി: ‘എന്റെ ഇന്ന ദാസന്‍ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടപ്പോള്‍ നീയതു നല്‍കിയില്ലല്ലോ? നീയതു ചെയ്തിരുന്നെങ്കില്‍ എന്റെ സാമീപ്യം നിനക്കവിടെ കാണാമായിരുന്നു’. ചിന്തോദീപ്തമായ ഈ വചനത്തിലൂടെ കാരുണ്യത്തിന്റെ ആകാശത്തിലേക്ക് പുതിയ വാതായനങ്ങള്‍ തുറന്നിടുകയാണ് നബി തിരുമേനി ചെയ്യുന്നത്. ഇതേ ആശയം പങ്കുവയ്ക്കുന്ന ബൈബിള്‍ വചനങ്ങളുമുണ്ട്.
കഠിനമായ രോഗപീഢയാല്‍ നിരാശരായി എല്ലാ പ്രതീക്ഷകളും അസ്തമിച്ച് നാളുകളെണ്ണി കഴിയുന്നവരുടെ ദു:സ്ഥിതിയോര്‍ത്തു നോക്കു. അവരുടെ നിസ്സഹായതയില്‍ നിന്നുയരുന്ന നിലവിളി അധികമാളുകളേയും അസ്വസ്ഥരാക്കാത്തത് അതിരുകവിഞ്ഞ ആത്മവിശ്വാസം കൊണ്ടാവാം. അവനവന്റെ ആരോഗ്യത്തിലും കരുത്തിലുമുള്ള വിശ്വാസം നല്ലതുതന്നെ. ‘നിയതിയുടെ ത്രാസ് പൊങ്ങുന്നതുപോലെ, താണുപോകാനും ‘ ഇടയുണ്ടെന്ന കാര്യം വിസ്മരിക്കരുതെന്നു മാത്രം.
സഹജീവികള്‍ക്കു താങ്ങാവാന്‍ നമുക്കാവുക ധനം കൊണ്ടു മാത്രമല്ല, വാക്കിലും നോക്കിലുമൊക്കെ അശരണര്‍ക്കു ശക്തിപകരാന്‍ നമുക്ക് കഴിയും. അനുതാപപൂര്‍ണ്ണമായ മൊഴിയും, സ്നേഹപൂര്‍വ്വമുള്ള ഒരു സ്പര്‍ശവും ഹൃദയത്തിലേക്ക് അസാമാന്യമായ ഊര്‍ജ്ജം പ്രവഹിപ്പിക്കുന്ന രാസപ്രക്രിയയ്ക്കു കാരണമാകും. വിശാലമായ ഈ ഭൂമിയില്‍ താന്‍ ഒറ്റക്കല്ലെന്ന ഓര്‍മ്മപ്പെടുത്തല്‍, ഒന്നല്ല ഒരായിരം ജന്മമുണ്ടായാലും തളരാതെ മുന്നോട്ടു നീങ്ങാനുള്ള പ്രേരണയേകും.
മരുന്നുകൊണ്ടു മാത്രം മാറുന്നവയവല്ല, മനുഷ്യാത്മാവിന്റെ സങ്കടങ്ങള്‍. ഭൗതിക ശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും ലോജിക്കുകള്‍ക്കപ്പുറത്ത് ജീവിതത്തെ ചലിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന ചിലരുണ്ട്. സാന്ത്വന ചികിത്സയുടെ ആത്മാവ് കുടികൊള്ളുന്നത് ഇവിടെയാണ്.
‘ സ്നേഹം താന്‍ ശക്തി ജഗത്തില്‍- സ്വയം
സ്നേഹം താ, നാനന്ദമാര്‍ക്കും
സ്നേഹം താന്‍ ജീവിതം ശ്രീമന്‍- സ്നേഹ
വ്യാഹതിതന്നെ മരണം ‘’ ( കുമാരനാശാന്‍)
Generated from archived content: essay1_oct27_12.html Author: bava_k_palukkunnu