കഴിഞ്ഞ വ്യാഴാഴ്ച ഓഫീസില്‍ വെറുതെ ഇരുന്നപ്പോള്‍ ഫേസ് ബുക്കിലെ ഒരു ഗ്രൂപ്പില്‍ കണ്ട യുവതിയുടെ ഫോട്ടോ ഒന്ന് സൂം ചെയ്തു നോക്കിയതിനാലാണ് ഇപ്പോള്‍ ഇതെഴുതേണ്ടി വന്നതും നിങ്ങള്‍ക്കിത് വായിക്കാനുള്ള ഗതികേടുണ്ടായതും. വ്യാഴാഴ്ച ഉച്ചക്ക് ശേഷം ദുബായിലെ ഓഫീസുകളില്‍ പ്രധാനജോലി ഫേസ്ബുക്ക് നോട്ടമാണ് എന്നത് പരസ്യമായ രഹസ്യമാണ്. സൂം ചെയ്തു നോക്കിയപ്പോള്‍ കമ്പ്യൂട്ടറിലെ മോണിട്ടറില്‍ വലുതായിവന്ന ആ മുഖം , ഞാന്‍ മുന്‍പെവിടേയോ കണ്ടിട്ടുള്ളതായിരുന്നു.
എത്ര ആലോചിച്ചിട്ടും അതെവിടെയാണെന്നു ഒരു പിടിയും കിട്ടിയില്ല. ഓഫീസ് സമയം കഴിയുന്നതുവരെ ആ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. വൈകീട്ട് താമസ്ഥലത്തേക്കു തിരിച്ചു പോകുന്ന വഴിയിലും ആ മുഖം തന്നെയായിരുന്നു മനസില്‍ നിറഞ്ഞു നിന്നത്. ഫ്ലാറ്റിനു മുന്‍പിലെത്തി കോളിങ് ബെല്ലടിച്ചപ്പോള്‍ ചിരിച്ചു കൊണ്ട് വാതില്‍ തുറന്ന ഭാര്യയോട് പതിവ് സ്നേഹപ്രകടനങ്ങള്‍ നടത്താതെ , ഷൂസുകള്‍ അഴിച്ചു വച്ചു ഞാന്‍ അകത്തേക്കു നടന്നു. എല്ലാ ദിവസവും വന്നാലുടനെ മകനെ എടുത്ത് ഉമ്മ കൊടുക്കുന്ന പതിവ് തെറ്റിച്ചു ഞാന്‍ മുറിക്കുള്ളിലേക്കു നടക്കുന്നതു കണ്ടപ്പോള്‍ ‘’ അപ്പാ… മുട്ടായി.., അപ്പാ മുട്ടായി..’‘ എന്നു പറഞ്ഞുകൊണ്ട് അവന്‍ പിന്നാലെ വന്നു . അപ്പോഴാണ് അവനു പതിവായി കൊടുക്കാറുള്ള ‘ കിറ്റ് കാറ്റ് ‘ വാങ്ങാന്‍ മറന്നു എന്നു ഞാന്‍ മനസിലാക്കിയത്. ഓഫീസിലെ ജോലി ഭാരമാകും എന്റെ സ്വഭാവ വ്യത്യാസത്തിനു കാരണം എന്നു കരുതിയ ഭാര്യ , ഒന്നും മിണ്ടാതെ അടുക്കളയിലേക്കു ചായ ഉണ്ടാക്കാന്‍ പോയി . ഭാര്യ കൊണ്ടുവന്ന വിശിഷ്ടമായ ചൂട് ചായ കുടിക്കുമ്പോള്‍ എനിക്ക് ആ മുഖം ഓര്‍ത്തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ടെലിവിഷന്‍ ചാനലുകള്‍ വെറുതെ ഓരോന്നായി മാറ്റിക്കൊണ്ടിരുന്നു. ഏലക്കയും ഇഞ്ചിയും ഇട്ടുണ്ടാക്കിയ ചായ കിട്ടിയ ഉടന്‍ തന്നെ , അതിന്റെ മണം ഞാന്‍ ആദ്യം മൂക്കിലേക്ക് വലിച്ചു കയറ്റി. ഒരു പക്ഷെ ആ മണത്തിനു എന്റെ ഓര്‍മ്മകള്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന ഞരമ്പുകളെ ഉദ്ദീപിക്കാന്‍ കഴിഞ്ഞെങ്കിലോ എന്നു ഞാന്‍ കരുതി. ചൂട് ചായ സാവധാനം കുടിച്ചു തീര്‍ന്നിട്ടും എന്റെ ഓര്‍മ്മയിലൊന്നും തെളിഞ്ഞില്ല. ഞാന്‍ വല്ലാതെ അസ്വസ്ഥനായി. കുളിക്കാന്‍ കയറിയപ്പോള്‍ കുറെ നേരം ഷവറിനു താഴെ നിന്നു തല തണുപ്പിച്ചു നോക്കി… ഒരു പ്രയോജനവുമുണ്ടായില്ല . കുളി കഴിഞ്ഞു വന്നു തലയിലും കുറെ ഐസു കട്ടകള്‍ വച്ചു നോക്കി … കുറച്ചു നേരം കട്ടിലില്‍ തല കീഴായി നിന്നു നോക്കി… ഇല്ല തരിമ്പുപോലും ഓര്‍മ്മ വരുന്നില്ല . ഒടുവില്‍ തലയില്‍ ഒരു ചുറ്റിക കൊണ്ട് ചെറുതായി അടിച്ചു നോക്കി… രക്ഷയില്ല . രാത്രിയില്‍ അത്താഴം കഴിഞ്ഞു അസ്വസ്ഥമായ മനസോടെ ഉറങ്ങാന്‍ കിടന്നു. ഇടക്കെന്തൊക്കെയോ ഭാര്യയോടും മോനോടും സംസാരിച്ചു. അര്‍ദ്ധരാത്രിയില്‍ എപ്പോഴോ ഉറങ്ങിപ്പോയി. അസ്വസ്ഥമായ രണ്ടു ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി.
ഇന്നലെ വൈകീട്ട് , നാട്ടിലുള്ള അനിയനുമായി ചാറ്റ് ചെയ്തപ്പോള്‍ മനോരമ പത്രത്തില്‍ അവനു വേണ്ട ഒരു കല്യാണ പരസ്യം കൊടുക്കാന്‍ പോകുന്നു എന്നു പറഞ്ഞു. പത്രത്തില്‍ കൊടുത്താലുള്ള ഗുണങ്ങളെ പറ്റി സംസാരിച്ചുകൊണ്ടിരുന്നപ്പോളാണ് എന്റെ മനസിലേക്ക് ഒരു മിന്നല്‍ പോലെ ആ മുഖത്തിന്റെ പഴയ രൂപം കടന്നു വന്നത്. ആ മുഖം മുന്‍പ് കാണാന്‍ ഇടയായ സംഭവം പതുക്കെ മനസില്‍ തെളിഞ്ഞു വന്നു . ഒരു നാലു വര്‍ഷം മുന്‍പ് നടന്ന കാര്യമാണ്. ദുബായില്‍ ഒരു പ്രമുഖ കമ്പനിയില്‍ വളരെ നല്ല ഒരു ജോലിയുള്ള എന്റെ ഒരു സുഹൃത്തിനൊപ്പം ഗള്‍ഫിലെ ഒരു പ്രമുഖ പത്രത്തിന്റെ ഓഫിസില്‍ അവനു വേണ്ടി കല്യാണ പരസ്യം കൊടുക്കാന്‍ ഞാന്‍ കൂടെ പോകാന്‍ ഇടയായിരുന്നു . പത്രത്തിന്റെ ഓഫീസിലേക്ക് പോകുന്ന വഴിയില്‍ വാഹനത്തിലിരുന്നു ഭാവി വധുവിനെക്കുറിച്ചും, അവന്റെ പരസ്യം കണ്ടു വിളിക്കുന്നവരോടു എന്തൊക്കെ സംസാരിക്കണമെന്നും ഞങ്ങള്‍ കാര്യമായിത്തന്നെ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. റോഡ് മുഴുവന്‍ ട്രാഫിക്ക് ബ്ലോക്ക് ആയിരുന്നതിനാല്‍ ചര്‍ച്ച ഏറെ നേരം നീണ്ടു പോയി. ഒടുവില്‍ പത്രമാപ്പീസിലെത്തിയപ്പോഴേക്കും എനിക്കും എങ്ങനെയെങ്കിലും ഒരു കല്യാണം കഴിച്ചേ പറ്റൂ എന്ന രീതിയില്‍ മനസില്‍ ഒരു തിരയിളക്കം തുടങ്ങി. ലിഫ്റ്റ്കയറി രണ്ടാമത്തെ നിലയിലുള്ള പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സെക്ഷനില്‍ എത്തിയപ്പോള്‍ അവിടെ തീരെ തിരക്കില്ലായിരുന്നു. കയ്യില്‍ എഴുതി തയാറാക്കിയ വാചകങ്ങള്‍ എന്റെ സുഹൃത്ത് അവിടെ ഇരുന്നിരുന്ന ആളോട് പറഞ്ഞു കൊടുത്തു. വാചകങ്ങള്‍ എഴുതിയെടുത്ത ശേഷം അയാള്‍ ഉറക്കെ ഞങ്ങളെ വായിച്ചു കേള്‍പ്പിച്ചു . വാചകങ്ങളുടെ നീളമനുസരിച്ചു കണക്കു കൂട്ടിയ കാശ് കൊടുത്ത് സുഹൃത്ത് തിരിഞ്ഞു നടക്കാനൊരുങ്ങി. പെട്ടന്ന് ഞാന്‍ അവിടെയിരുന്നിരുന്ന ആളോട് പറഞ്ഞു ‘’ എനിക്കും ഒരു പരസ്യം കൊടുക്കണം’‘ കേട്ടപ്പോള്‍ അയാള്‍ ഞെട്ടിയില്ലെങ്കിലും എന്റെ സുഹൃത്ത് ഞെട്ടി . കാരണം ഗള്‍ഫിലെ പത്രത്തില്‍ കല്യാണപരസ്യം കൊടുക്കുന്നതിനു ഒരു മിനിമ യോഗ്യതയൊക്കെ വേണ്ടേ . വെറും ഒരു ഏഴാം കൂലിയായ ഇവനാണോ പത്രത്തില്‍ പരസ്യം കൊടുക്കാന്‍ പോകുന്നത് എന്നായിരിക്കും അവന്‍ മനസില്‍ വിചാരിച്ചത് . ഞാന്‍ അവന്റെ ഞെട്ടല്‍ കാര്യമായെടുക്കാതെ അവിടെയിരുന്ന ആളോട് പരസ്യ വാചകങ്ങള്‍ പറഞ്ഞു കൊടുക്കാനൊരുങ്ങി. മലയാളം പത്രമായിരുന്നെങ്കില്‍ ഞാന്‍ പെട്ടന്ന് പറഞ്ഞു കൊടുക്കാമായിരുന്നു. ഇതിപ്പോള്‍ ഇംഗ്ലീഷ് വാചകങ്ങള്‍ ആവശ്യമായതിനാല്‍ കുറച്ചു ആലോചിച്ചു നോക്കി . പെട്ടന്നങ്ങോട്ട് ഒരു ഇംഗ്ലീഷ് വാചകവും മനസില്‍ വന്നില്ല. പെട്ടന്ന് ഞാന്‍ സുഹൃത്തിന്റെ കൈയിലെ എഴുതി തയ്യാറാക്കിയ വാചങ്ങള്‍ വാങ്ങി ചില മാറ്റങ്ങള്‍ വരുത്തി ഉറക്കെ പറഞ്ഞു കൊടുക്കാന്‍ തുടങ്ങി . ‘’ Yong, handsome christian boy, 28 /172 cm , invaiting proposals …” വാചകങ്ങള്‍ മുഴുപ്പിക്കുന്നതിനു മുന്‍പ് ഞങ്ങളുടെ അടുത്ത് നിന്നും ആരോ പൊട്ടിച്ചിരിക്കുന്നതു കേട്ടു. തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പെണ്‍കുട്ടി എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയിട്ട് ചിരിയടക്കാന്‍ വയ്യാതെ ആ ഓഫീസിനു ഉള്ളിലേക്കുതന്നെ പെട്ടന്ന് നടന്നു പോയി. ആ ചിരിക്കു അകമ്പടിയായി എന്റെ വാചകങ്ങള്‍ എഴുതിയെടുക്കാന്‍ ഇരിക്കുന്ന ആളും കുനിഞ്ഞിരുന്നു ചിരിക്കുന്നു.
ഞാന്‍ ഒന്നും മനസിലാകാതെ സുഹൃത്തിന്റെ മുഖത്തേക്കു നോക്കി. സുഹൃത്ത് പതുക്കെ എന്നോടൂ പറഞ്ഞു ‘’നീ ഹാന്‍ഡ്സം എന്ന വാക്ക് ചേര്‍ത്തതാണ് അവര്‍ ചിരിക്കാന്‍ കാരണം. ആ വാക്കും നീയുമായി എന്തെന്തെങ്കിലും ബന്ധമുണ്ടോ?‘’ ഞാന്‍ പെട്ടന്ന് തന്നെ പരസ്യംകൊടുക്കല്‍ പരിപാടി ഉപേക്ഷിച്ച് സുഹൃത്തിനേയും വിളിച്ചു അവിടെ നിന്നും മടങ്ങി. വെറുമൊരു ചിരിയിലൂടെ ഇത്രയധികം അപമാനിക്കപ്പെട്ട മറ്റൊരു സംഭവം ജീവിതത്തില്‍ ഉണ്ടായിട്ടില്ല. അന്ന് ചിരിച്ചുകൊണ്ട് ഓഫീസിനുള്ളിലേക്ക് ഓടിപ്പോയ ആ പെണ്‍കുട്ടിയായിരുന്നു എന്നെ രണ്ടു ദിവസം അസ്വസ്ഥനാക്കിയ ആ മുഖത്തിന്റെ ഉടമ….
Generated from archived content: story1_may22_12.html Author: basil.glori