(ഇരുപത്തിരണ്ട് വർഷം മുമ്പ് എറണാകുളത്ത് നടന്ന സ്വാതന്ത്ര്യസമര സേനാനികളുടെ വാർഷിക സമ്മേളനത്തിൽ ബഷീർ നടത്തിയ പ്രസംഗം. ബഷീറിന്റെ അനുജൻ അബൂബക്കറിന്റെ ശേഖരത്തിൽ നിന്നും ലഭിച്ചത്.)
അധികം താമസിയാതെ കുറ്റിയറ്റുപോകുന്ന ഒരു സമൂഹമാണ് നമ്മൾ. നിങ്ങളോട് രണ്ടുവാക്ക് സംസാരിച്ച് സമ്മേളനം ഉദ്‌ഘാടനം ചെയ്യണമെന്ന് പ്രസിഡണ്ട് ഡി.സി. കിഴക്കേമുറി പറഞ്ഞിട്ടുണ്ട്. ഏതാണ്ട് ഗാന്ധിയൻ മോഡലിലുളള ഒരു മനുഷ്യനാണ് ഡി.സി. എനിക്ക് പത്തമ്പത് കൊല്ലമായി ഡി.സിയെ അറിയാം. ഡി.സി. അഹിംസക്കാരനാണ്. അദ്ദേഹം ദർഭ, മാന്തളിർ മുതലായതൊക്കെയാണ് ഭക്ഷിക്കുന്നത്. ഞാൻ സസ്യഭുക്കൊന്നുമല്ല. എങ്കിലും ഡി.സി. പറഞ്ഞതുകേട്ട് ഈ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊളളുന്നു.
എനിക്ക് നിന്നുകൊണ്ട് നിങ്ങളോട് വർത്തമാനം പറയുവാൻ ശേഷിയില്ല. ആരോഗ്യം ഭംഗിയല്ല. ശ്വാസംമുട്ടൽ ഭയങ്കരമായുണ്ട്. പിന്നെ വേറെയും സുഖക്കേടുകൾ.
വിഷയം സ്വാതന്ത്ര്യ സമരമാണല്ലോ. നമ്മളെല്ലാവരും നിഷ്‌കാമകർമ്മികളായിരുന്നു. എന്തെങ്കിലും പ്രതിഫലം നമ്മൾ ഇച്ഛിച്ചിട്ടില്ല. നമ്മൾ ഗാന്ധിജിയുടെ നേതൃത്വത്തിൽ സമരം ചെയ്‌തു. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടുകയും ചെയ്‌തു. സ്വാതന്ത്ര്യം കിട്ടിയതല്ല; നമ്മൾ പിടിച്ചുവാങ്ങിയതാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി വീരസ്വർഗ്ഗം പ്രാപിച്ച ധീരരായ ഭീകര പ്രവർത്തകരെ നമ്മൾ മറക്കരുത്. ഭഗത്‌സിങ്ങ്, രാജഗുരു, സുഖദേവ്, ചന്ദ്രശേഖർ ആസാദ്, അഷ്‌ഫാക്കുളള, രാംപ്രസാദ്, ബിസ്‌മിൽ ജതിൽദാസ്, ബട്ടു കേശ്വർദത്ത് മുതലായവരെ നാം ഓർക്കണം.
വൈസ്രോയി മുതൽ താഴോട്ടുളള വെളളക്കാർക്ക് ജീവനിൽ ഭയമുണ്ടായിരുന്നു. അതിന്റെ മുന്നിലായിരുന്നു അഹിംസാവാദികളായ നമ്മൾ ഗാന്ധിജിയുടെ നേതൃത്വത്തിൽ അണിനിരന്നുനിന്ന് സമരം ചെയ്‌തത്.
ഗാന്ധിജിയെ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തെ ഞാൻ തൊട്ടിട്ടുമുണ്ട്. തൊടുക മാത്രമല്ല, കൈത്തണ്ടിൽ കടന്നുപിടിക്കുകയും ചെയ്‌തു. ഒരുമാതിരി പിളുപിളുപ്പു തോന്നി. മസിലുകൾ ഒന്നും ഉറച്ചതായിരുന്നില്ല. പല്ലുകൾ പോയ മോണ കാണിച്ച് ഗാന്ധിജി എന്നെ നോക്കി ചിരിച്ചു.
ശാന്തിമന്ത്രങ്ങൾ ഉരുവിട്ട ഗാന്ധിജി
ഇത് വൈക്കം സത്യാഗ്രഹകാലത്താണ്. ടി.കെ.മാധവൻ, കെ.പി.കേശവമേനോൻ, ഇ.വി.രാമസ്വാമി നായ്‌ക്കർ, ജോർജ്ജ് ജോസഫ്, ഡോഃ കിച്ച്‌ലു ഇവരൊക്കെ വൈക്കത്ത് വന്നിരുന്നതായി ഓർക്കുന്നു. ഞാൻ വളരെ വിവരമൊന്നുമുളള ആളല്ല. ആയിരം കൊല്ലങ്ങളായിട്ട് ഇന്ത്യയിലുണ്ടായ ഏറ്റവും മഹാനായ ഹിന്ദുവായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധി. ഏറ്റവും മഹാനായ മനുഷ്യനുമായിരുന്നു. അദ്ദേഹത്തിന് ആരോടും വിരോധമുണ്ടായിരുന്നില്ല. ബ്രിട്ടീഷുകാരോടുപോലും.
ഓം ശാന്തി ശാന്തി
ലോകാ സമസ്‌താ സുഖിനോ ഭവന്തു
ഈ ശാന്തിമന്ത്രങ്ങൾ ഉരുവിട്ട കർമ്മയോഗിയായിരുന്നു ഗാന്ധിജി. ഈ ഗാന്ധിയെ പ്രാർത്ഥനാ യോഗത്തിൽ വെച്ച് വെടിവെച്ച് വീഴ്‌ത്തുകയാണ് ചെയ്‌തത്. രണ്ടുമൂന്ന് ദിവസത്തേക്ക് വെടിവെച്ചത് ആരാണെന്ന് പറഞ്ഞിരുന്നില്ല. ഗാന്ധിജിയുടെ മരണവൃത്താന്തം കേട്ട് കുറേയധികം മുസ്‌ലിം വീടുകളും പീടികകളും തീവെക്കുകയും കുറെ മുസ്‌ലീങ്ങളെ കൊല്ലുകയും ചെയ്‌തിട്ടുണ്ട്. ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൻ പ്രഭു പറഞ്ഞത്, “ദൈവമേ ഗാന്ധിജിയുടെ ഘാതകൻ ഒരു മുസ്‌ലിം ആകാതിരിക്കട്ടെ” എന്നായിരുന്നു. പിന്നെയാണ് മനസ്സിലായത്, ക്രൂരമായി ഗാന്ധിജിയെ വെടിവെച്ചു വീഴ്‌ത്തിയത് ഒരു ബ്രാഹ്‌മണനാണെന്ന്. ബ്രാഹ്‌മണൻ. ബ്രഹ്‌മജ്ഞാനതി ബ്രാഹ്‌മണഃ ആദി ബ്രഹ്‌മമേ നമസ്‌കാരം. രാഷ്‌ട്രപിതാവിന്റെ കഥ അങ്ങനെ കഴിഞ്ഞു. ജവഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ, രാജേന്ദ്രപ്രസാദ്, മൗലാനാ അബുൽ കലാം ആസാദ്, അതിർത്തി ഗാന്ധി അബ്‌ദുൽ ഗഫാർ ഖാൻ, ഡോ.അംബേദ്‌കർ, സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോർ ഇവരെയൊക്കെ നമുക്ക് വെടിവെച്ചു കൊല്ലാമായിരുന്നു. സുവർണ്ണാവസരം നഷ്‌ടപ്പെടുത്തി. തോക്കുകൾ ധാരാണമുണ്ട്. വെടി കൊളളാൻ പറ്റിയ നെഞ്ചുകളും ഹൃദയങ്ങളും ഒരുപാടുണ്ട്. ഇനിയും വെടിവെക്കാം.
ഗോഡ്‌സെയുടെ തോക്കിൽ നിന്ന് പുറപ്പെട്ട വിഷക്കാറ്റാണ് ആർഷഭാരതത്തിൽ ഇപ്പോൾ വീശിക്കൊണ്ടിരിക്കുന്നത്. സത്യം, നീതി, ധർമ്മം, സ്‌നേഹം, കാരുണ്യം ഒക്കെ മുഴുവനായും പോയിട്ടില്ല. നന്മയുടെ പൂക്കൾ ഇപ്പോഴും ഇവിടെ വിരിയുന്നുണ്ട്. പക്ഷേ വിഷക്കാറ്റേറ്റ് വാടിക്കൊണ്ടിരിക്കുകയാണെന്നുമാത്രം. എനിക്കൊന്ന് പറയാനുളളത്, നാം നിവസിക്കുന്ന സുന്ദരമായ ഈ ഭൂഗോളം ആരുടേയും അമ്മയ്‌ക്ക് സ്‌ത്രീധനമായി കിട്ടിയതല്ല എന്നാണ്. അതുപോലെ തന്നെ ഇതിലുളള ഓരോ രാഷ്‌ട്രവും. മനുഷ്യർക്കും മൃഗങ്ങൾക്കും പക്ഷി പറവകൾക്കും ഇഴജന്തുക്കൾക്കും ജലജീവികൾക്കും ഇവിടെത്തന്നെ കഴിയണം. ഇവരൊക്കെ വേറെ എങ്ങോട്ടുപോകും.
നമ്മൾ സമരം ചെയ്‌തത്, ത്യാഗമനുഷ്‌ഠിച്ചത്, ഇന്നു കാണുന്ന ഇന്ത്യയ്‌ക്ക് വേണ്ടിയാണോ? ഇവിടെ പച്ചനുണകൾ കെട്ടിച്ചമച്ച് ചരിത്രമെന്ന പേരിൽ വർഗ്ഗീയക്കാറ്റ് വീശിക്കൊണ്ടിരിക്കുകയാണ്. ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല. നിങ്ങൾ ചിന്തിച്ചാൽ മതി.
സ്വാതന്ത്ര്യ സമര പോരാളികൾ ഒരുപാടുപേർ പോലീസ് ലോക്കപ്പുകളിലും ജയിലുകളിലും കിടന്ന് ക്ഷയംപിടിച്ച് മരിച്ചു.
ഇന്ദിരാഗാന്ധിയേയും നമ്മൾ വെടിവെച്ചു കൊന്നു
ഒരുപാടുപേർ എല്ലാം നഷ്‌ടപ്പെട്ട് പട്ടിണിയിലായിരുന്നു. ഇവരെപ്പറ്റി ഒരു പെണ്ണിന് ഒർമ്മ വന്നു. ആ പെണ്ണാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി. അവരാണല്ലോ നമുക്ക് രാഷ്‌ട്രീയ പെൻഷനും താമ്രപത്രവുമൊക്കെ തന്ന് ബഹുമാനിച്ചത്. തുക ചെറുതാണെങ്കിലും ക്ഷയംപിടിച്ച് ചോര തുപ്പിക്കൊണ്ടിരുന്ന സ്വാതന്ത്ര്യസമര പോരാളികൾക്ക് അതൊരനുഗ്രഹമായി. ലേശം കഞ്ഞിയെങ്കിലും കുടിക്കാമല്ലോ. ആ ഇന്ദിരാഗാന്ധിയേയും നമ്മൾ വെടിവെച്ചു കൊന്നു. ഇപ്പോൾ ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികൾ ഓർക്കേണ്ട ഒരു വലിയ കാര്യമുണ്ട്. ഇന്ത്യയെ ഇനിയും കഷ്‌ണം കഷ്‌ണമായി മുറിച്ച് നശിപ്പിക്കാൻ തുനിയുന്നതിനെപ്പറ്റി. ഇക്കാര്യത്തിൽ നമ്മൾ എന്താണ് ചെയ്യേണ്ടത്?
ഇന്ത്യ മഹത്തായ ഒരു രാഷ്‌ട്രമായി നിലകൊളളണം. ജീവിച്ചിരിക്കുന്ന സമരസേനാനികൾ ഇന്നത്തെ ഭീഷണിയെ നേരിടേണ്ടതല്ലേ? വർഗ്ഗീയതയും ഭാഷാഭ്രാന്തും പ്രാദേശികതയും ഒക്കെ തലപൊക്കിയിട്ടുണ്ട്.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനുവേണ്ടി മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ നേതൃത്വത്തിൽ അണിനിരന്നത് ഹിന്ദുക്കളോ മുസൽമാനോ ക്രിസ്‌ത്യാനിയോ പാഴ്‌സികളോ ബൗദ്ധരോ ജൈനരോ ആയിരുന്നില്ല; മനുഷ്യരായിരുന്നു; ഇന്ത്യക്കാരായിരുന്നു. സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോൾ ഇന്ത്യക്കാരൊന്നുമില്ല. ഹിന്ദുക്കളും മുസൽമാൻമാരും ക്രിസ്‌ത്യാനികളും സിക്കുകാരും പാഴ്‌സികളും ബൗദ്ധരും ജൈനരും ഒക്കെയേ ഉളളൂ.
ഞാൻ ആദ്യമേ പറഞ്ഞല്ലോ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് സ്വാതന്ത്ര്യ സമര പോരാളികൾ എന്ന്. കുറേ കഴിയുമ്പോൾ ആരും തന്നെ ഇല്ലാതാകും. സ്വാതന്ത്ര്യത്തിനുശേഷം ജനിച്ച തലമുറയ്‌ക്ക് സ്വാതന്ത്ര്യത്തെപ്പറ്റിയും സ്വാതന്ത്ര്യസമര പോരാളികളെപ്പറ്റിയും എന്തിന് ഗാന്ധിയെക്കുറിച്ചുപോലും ഒന്നും അറിഞ്ഞുകൂടാ. സ്വാതന്ത്ര്യസമരത്തെപ്പറ്റിയും സമര സേനാനികളെപ്പറ്റിയും അറിയുന്നതും പഠിക്കുന്നതും യുവതലമുറയ്‌ക്ക് നല്ലതാണ്. ഇനിയും അവശേഷിക്കുന്ന ഭാരതത്തെപ്പറ്റി നാം ഓർക്കുക. ഞാൻ ഇന്ത്യക്കാരനാണ് എന്ന വിശ്വാസം മനസ്സിൽ ദൃഢമായി ഉറപ്പിക്കുക.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി വീരസ്വർഗ്ഗം പ്രാപിച്ച ഭീകര പ്രസ്ഥാനക്കാരുടേയും ഗാന്ധിജിയുടേയും ഇന്ദിരാഗാന്ധിയുടെയും ആത്മാക്കൾക്ക് കരുണാമയനായ ദൈവം നിത്യശാന്തി നൽകി അനുഗ്രഹിക്കട്ടെ.
ഓം ശാന്തി ശാന്തി
ലോകാ സമസ്‌താ സുഖിനോ ഭവന്തു…! മംഗളം.
(കടപ്പാട് – സാംസ്‌കാരിക പൈതൃകം)
Generated from archived content: essay1_june11_08.html Author: basheer