പ്രാചീനഭാരതീയ ചിത്രകലാഗ്രന്ഥങ്ങളും ചിത്രരചനാ രീതികളും

ചിത്രകലയുടെ വിവിധവശങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണ്‌ നമുക്കുളളത്‌. പുരാതനകലാകാരൻമാർ ആവിഷ്‌കരിച്ച കലാസൃഷ്‌ടികൾ ഭാരതത്തിലെ കൊട്ടാരക്കെട്ടുകളേയും ക്ഷേത്രച്ചുമരുകളേയും അലങ്കരിക്കുന്നു. ഗുപ്തരാജവംശം ഇന്ത്യ ഭരിച്ചിരുന്ന കാലത്ത്‌ ഏതോ ഒരു കലാമർമ്മജ്ഞൻ എഴുതിയ ‘വിഷ്‌ണുധർമ്മോത്തരം’ എന്ന ഗ്രന്ഥമാണ്‌ ചിത്രകലയെക്കുറിച്ച്‌ സവിസ്തരം പ്രതിപാദിക്കുന്ന ആദിഗ്രന്ഥം. ഇതിലെ ‘ചൈത്രസൂത്രം’ എന്ന അദ്ധ്യായത്തിലാണ്‌ ചിത്രകലയെക്കുറിച്ചുളള പരാമർശമുളളത്‌. ചായങ്ങൾ നിർമ്മിക്കൽ, പരസ്പരം കൂട്ടിച്ചേർക്കൽ, വർണ്ണസംവിധാനം എന്നിവയെക്കുറിച്ചെല്ലാം ഇതിൽ വിവരിക്കുന്നു. സത്യം, വൈണികം, നാഗരം, മിശ്രം എന്നിങ്ങനെ ചിത്രങ്ങളെ നാലായി വിഭജിച്ചിരിക്കുന്നു. ദൃശ്യങ്ങളെ അതേപടി പകർത്തുന്നത്‌ സത്യം. ജീവിതവുമായി ബന്ധപ്പെട്ടത്‌ നാഗരം. ഭാവങ്ങൾക്ക്‌ പ്രാധാന്യം കൽപിച്ചു കൊണ്ടുളളത്‌ വൈണികം. പത്രജവർത്തന, രേഖിജവർത്തന, ബിന്ദുജവർത്തന എന്നിങ്ങനെ ഷെയിഡിംഗ്‌ രീതികളെ ഇതിൽ മൂന്നായി വിഭജിച്ചിരിക്കുന്നു. തമ്മിൽ ച്ഛേദിക്കുന്നവിധം രേഖകളുപയോഗിച്ചു ചെയ്യുന്ന ഷെയിംഡിഗ്‌ രീതി പത്രജവർത്തന. നേർരേഖകൾ മാത്രമുപയോഗിച്ച്‌ ചെയ്യുന്ന ഷെയിഡിംഗ്‌ രീതിയാണ്‌ രേഖിജവർത്തന. ബിന്ദുക്കൾ മാത്രമുപയോഗിച്ച്‌ ചെയ്യുന്ന ഷെയിഡിംഗ്‌ രീതിയെ ബിന്ദുജവർത്തന എന്നു പറയുന്നു.

ചാലൂക്യരാജവംശത്തിൽപെട്ട സോമേശ്വരൻ എന്ന രാജാവ്‌ 12-​‍ാം ശതകത്തിൽ രചിച്ച മറ്റൊരു ഗ്രന്ഥമാണ്‌ ‘അഭിലഷിതാർത്ഥ ചിന്താമണി’. ചിത്രനിർമ്മാണത്തിന്‌ ചുമർ ഒരുക്കേണ്ട രീതി, വർണ്ണങ്ങൾ കൂട്ടിച്ചേർക്കുന്ന സമ്പ്രദായം ലേഖിനി, ബ്രഷ്‌ എന്നിവയുടെ നിർമ്മാണം, ധൂളീചിത്രം, ഭാവചിത്രം, വിധാചിത്രം, അവിധാചിത്രം എന്നീ ചിത്രരചനാരീതികൾ ഇവയെല്ലാം ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. പലതരം വർണ്ണപ്പൊടികൾ ഉപയോഗിച്ച്‌ നിലത്തെഴുതുന്ന ചിത്രമാണ്‌ ധൂളിചിത്രം. വികാരങ്ങളെ സ്‌ഫുരിപ്പിക്കുന്ന ചിത്രങ്ങളാണ്‌ ഭാവചിത്രം. മനുഷ്യന്റെ ഛായാചിത്രരചനയെ വിധാചിത്രമെന്നും, പ്രകൃതിയിൽ കാണുന്ന രംഗങ്ങളെ ചിത്രീകരിക്കുന്ന രീതിയെ അവിധാചിത്രങ്ങൾ എന്നും പറയുന്നു. ചിത്രകാരൻ ആചരിക്കേണ്ട പ്രമാണം, ഭാവലാവണ്യം, ലാവണ്യയോജനം, സാദൃശ്യം, രൂപഭേദം, വർണ്ണികാഭംഗം എന്നീ ആറു പ്രമാണങ്ങളെക്കുറിച്ച്‌ ഇതിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്‌. 16-​‍ാം നൂറ്റാണ്ടിൽ ശ്രീകുമാരൻ എന്ന ശിൽപി രചിച്ച ‘ശിൽപരത്ന’ത്തിൽ വർണ്ണങ്ങൾ ചേർക്കേണ്ടരീതി, വെളള, കറുപ്പ്‌, ചുകപ്പ്‌, മഞ്ഞ, നീല എന്നീ അഞ്ചു പ്രാഥമികനിറങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പ്രതിപാദിക്കുന്നു.

ചിത്രശാലകൾ സ്‌ഥാപിക്കുന്നതിനെക്കുറിച്ചും ചിത്രങ്ങൾ സജ്ജീകരിക്കേണ്ടതിനെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരമൂല്യഗ്രന്ഥമാണ്‌ ‘നാരദശില്പം’. ഭൂമിക, കുഡ്യഗ, ഊർദ്ധ്വഗ, എന്നീ മൂന്നുചിത്രരചനാരീതികളെക്കുറിച്ചിതിൽ പ്രതിപാദിക്കുന്നു. തറയിൽ നിർമ്മിക്കുന്ന ചിത്രങ്ങളാണ്‌ ഭൂമിക. മേൽത്തട്ടിൽ (മച്ചിൽ) നിർമ്മിക്കുന്ന ചിത്രങ്ങളെ ഊർദ്ധ്വഗ എന്നും ചുമരിൽ എഴുതുന്ന ചിത്രങ്ങളെ കുഡ്യഗ എന്നും പറയുന്നു. ഇക്കേരി രാജവംശജനായ ബാസവഭൂപാലൻ എന്ന രാജാവ്‌ 12-​‍ാം നൂറ്റാണ്ടിൽ രചിച്ച ‘ശിവതത്വരത്നാകരം’ എന്ന ഗ്രന്ഥത്തിലെ ‘ഷഷ്‌ഠകല്ലോലം’ എന്ന ആറാം അദ്ധ്യായത്തിൽ ചിത്രകലയുടെ വിശദാംശങ്ങളെക്കുറിച്ച്‌ പഠനാർഹമായ വിവരണമുണ്ട്‌.

പ്രാചീനർ ചിത്രംവരയ്‌ക്കാനായി വർത്തിക, തിണ്ടുവർത്തി, കിട്ടലേഖിനി എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. കച്ചോലം എന്ന ചെടിയുടെ കിഴങ്ങും വേവിച്ച അരി (ചോറ്‌)യും ചേർത്ത്‌ ഉരുട്ടി അറ്റം കൂർപ്പിച്ച ഉപകരണമാണ്‌ വർത്തിക. പശുക്കുട്ടിയുടെ ചെവിയിലെ രോമം അരക്കുപയോഗിച്ച്‌ ഒരുകോലിൽ പിടിപ്പിച്ചതായിരുന്നു ആദ്യത്തെ ബ്രഷ്‌. വലിയ ബ്രഷുകളെ കൂർച്ചകം എന്നും ചെറിയവയെ തൂലിക എന്നും പറഞ്ഞുപോന്നു. ആട്‌, അണ്ണാൻ, ഒട്ടകം, കീരി എന്നിവയുടെ രോമവും ബ്രഷ്‌നിർമ്മാണത്തിന്‌ ഉപയോഗിച്ചിരുന്നു. ശംഖ്‌ പൊടിയിൽനിന്ന്‌ വെളളച്ചായവും വിളക്ക്‌കരിയിൽനിന്ന്‌ കറുപ്പും നീലയമരി എന്ന ചെടിയുടെ നീരിൽനിന്നും പച്ചയും ലാപിസ്‌ ലസൂലി എന്ന കല്ലിൽനിന്നും നീലച്ചായവും ഇരുമ്പിന്റെ ഓക്സൈഡിൽനിന്ന്‌ ചുകപ്പും നിർമ്മിച്ചു.

ഏറ്റവും പുരാതനമായ ചിത്രരചനാശൈലിയാണ്‌ ‘ഫ്രെസ്‌കോ’. ചുമരിൽ കുമ്മായം പൂശിയശേഷം അതുണങ്ങുന്നതിനുമുമ്പായി ജലച്ചായമുപയോഗിച്ച്‌ ചിത്രമെഴുതുന്ന രീതിയാണിത്‌. ഓരോ ദിവസവും ചിത്രമെഴുതിതീർക്കാൻ കഴിയുന്നത്ര സ്‌ഥലം കുമ്മായം പൂശുന്നു. കുമ്മായലേപനം പരസ്പരം ചേരുന്ന ഭാഗത്തെ കുമ്മായത്തിന്റെ പഴക്കംനോക്കി ചിത്രത്തിന്റെ പഴക്കംനിർണ്ണയിക്കാൻ കഴിയും. ‘ടെമ്പറ’യാണ്‌ മറ്റൊരു പുരാതനചിത്രരചനാരീതി. ഉണങ്ങിയ ചുമരിൽ ജലച്ചായമുപയോഗിച്ച്‌ ചിത്രമെഴുതുന്ന സമ്പ്രദായമാണിത്‌. മെഴുക്‌ ഉരുകിയ ശേഷം അതിൽ ചായം കലർത്തിചെയ്യുന്ന ഒരു പൗരാണികരീതിയാണ്‌ ‘എൻക്വസ്‌റ്റിക്‌ പെയിന്റിംഗ്‌’. ഇതിന്‌ ലോഹനാരുകൾ കൊണ്ടുനിർമ്മിച്ച ബ്രഷും ഇരുമ്പിന്റെ പാലറ്റും ഉപയോഗിച്ചിരുന്നു. ഈ ചിത്രങ്ങൾ ഇന്നും ഭാരതീയചിത്രകലയുടെ ശാശ്വതസ്മാരകങ്ങളായി നിലകൊളളുന്നു.

Generated from archived content: essay1_oct20.html Author: balan_kurungottu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here