പ്രാർത്ഥനപോലെ കവിത

ഓരോ മനുഷ്യനിലുമുണ്ട്‌ ഒരു കവി. ഓരോ നിമിഷത്തെയും കൂടുതൽ ആസ്വാദ്യമാക്കിക്കൊണ്ട്‌; ഓരോ കർമ്മത്തിനും മഹനീയത നല്‌കിക്കൊണ്ട്‌. യുഗാന്തരങ്ങളിലൂടെ മാനവസംസ്‌കാരത്തെ വളർത്തിപ്പോരുന്ന ആ പ്രതിഭാമൂർത്തിക്കു ഭാരതജനതയർപ്പിക്കുന്ന ഉപഹാരമാണിന്ന്‌ ദുർബലയായ ഈ മുത്തശ്ശിക്ക്‌ കൈവന്നിട്ടുളളത്‌. ഇന്ത്യയിലെ ജനകോടികളിൽ ആ കവി ഉണർന്നു പ്രവർത്തിക്കുമാറാകട്ടെ എന്നു ഞാൻ നേരുന്നു.

പൂജാദീപങ്ങൾ കത്തുന്നതും വിശിഷ്‌ട ഗ്രന്ഥങ്ങളുളളതുമായൊരു ഗ്രാമീണഗൃഹത്തിൽനിന്ന്‌ കൊളുത്തിയെടുത്ത എന്റെ കൈത്തിരി, സ്വതന്ത്രഭാരതത്തിന്റെ നിർമ്മാണകോലാഹലം മുഴങ്ങുന്ന നഗരത്തിനുമുന്നിൽ ഞാൻ കൊണ്ടുവയ്‌ക്കുകയാണ്‌. ഈ പുരാതന ഭൂമിയുടെ നിത്യദാഹം, സ്‌നേഹത്തിനും ശാന്തിക്കുമായുളള ദാഹമത്രേ അതിലൂടെ ജ്വലിക്കുന്നത്‌.

ചിത്രമെഴുതാത്ത കുട്ടികളില്ല; കവിതയെഴുതാത്ത ചെറുപ്പക്കാരില്ല. മഹാനുഭൂതികളുടെ കാലമാണ്‌ ബാല്യവും യൗവനവും. ഈ പ്രപഞ്ചത്തോടോ, സഹജീവികളോടോ ഒരു വ്യക്തിയോടുതന്നെയോ മനുഷ്യാത്മാവ്‌ സ്‌നേഹം കൊണ്ട്‌ ഐക്യം കൊളളുമ്പോഴാണ്‌ വിശിഷ്‌ടാനുഭൂതികളുണരുന്നത്‌. അപ്പോൾ സ്വപ്‌നങ്ങളുടെ വിളക്കുകൾ തെളിയുന്നു. ആദർശങ്ങൾ പ്രതിഷ്‌ഠിക്കപ്പെടുന്നു. ഈ വിളക്കുകൾ കെട്ടുപോകേണ്ടവയല്ല. ഈ ബിംബങ്ങൾ പുഴകി വീഴേണ്ടവയല്ല. പക്ഷേ, നിരന്തരമായ സാധന വേണം അവയെ ഒരു ജീവകാലം മുഴുവൻ നിലനിർത്തണമെങ്കിൽ. സ്‌നേഹത്തിലൂടെ, ത്യാഗത്തിലൂടെയുളള സാധന. അതൊരു കവിയെ വളർത്തിയെടുക്കുന്നു. ഏറ്റവും നല്ല കവിത എഴുതപ്പെട്ടതല്ല, ജീവിക്കപ്പെട്ടതത്രേ. അപ്പോൾ, നാമോർക്കുന്നതിലധികം കവികളുണ്ട്‌ ലോകത്തിൽ.

ജീവിതത്തിന്റെ പ്രതിബിംബനമല്ല കവിത. അതിലേറ്റവും സമുൽകൃഷ്‌ടമായതിന്റെ, സാരമായുളളതിന്റെ ആവിഷ്‌കരണമാണ്‌. കവിയുടെ മനസ്സുണർന്ന ആദർശജീവിതമാണ്‌, തന്റെ ബാഹ്യജീവിതത്തെക്കാളധികം അതിൽ ബിംബിക്കുന്നത്‌. അതിലൂടെ കാണാവുന്ന മഹോന്നതികൾ സാധാരണമട്ടിൽ കയറാവുന്നവയായും വരില്ല. ജീവിതവും ആദർശവും തമ്മിലുളള വിടവ്‌ നികത്താൻ ഒരു കവിക്ക്‌ മറ്റുളളവരെക്കാളധികം ചുമതലയുണ്ട്‌. എങ്കിലും പരിമിതികളുണ്ടാവാം. ‘മഹാബലി’യിൽ വർണ്ണിച്ചിട്ടുളളപോലെ സർവ്വസന്ത്യാഗത്തിന്റേതായ ഒരനർഘനിമിഷത്തിലേ മനുഷ്യനു പൂർണ്ണത സിദ്ധിക്കൂ എന്നും ആ ഒരു മുഹൂർത്തം ഇന്നല്ലെങ്കിൽ ഒരു വിദൂരജന്മത്തിലെങ്കിലും ഏതൊരാൾക്കുമുണ്ടാവുമെന്നും ഞാൻ വിശ്വസിക്കുന്നു. പക്ഷേ, തത്‌കാലം എനിക്കതൊരു സ്വപ്‌നമായിത്തന്നെയിരിക്കാനെ വഴിയുളളൂ.

ജീവിതക്ലേശങ്ങളിൽനിന്നുളള ഒരൊഴിഞ്ഞോട്ടമാണ്‌ കവിതാരചനയെന്ന്‌ ഞാൻ കരുതുന്നില്ല. ദുഃഖങ്ങളെ പാകപ്പെടുത്തി ഉത്‌കൃഷ്‌ടരൂപം നൽകലാണെന്ന്‌ വേണമെങ്കിൽ പറയാം. സൃഷ്‌ടിയുടെ ആനന്ദമാണ്‌ പ്രധാനമായി അതിലുളളത്‌…. ദുഃഖം ചിലപ്പോൾ മനുഷ്യനെ തകർച്ചയിലെത്തിക്കാറുണ്ട്‌. പ്രപഞ്ചത്തെ സ്‌നേഹിക്കാൻ ശീലിച്ച കവിയെയാകട്ടെ അതു ക്രമേണ നിർവൃതിയിലേക്കേ നയിക്കൂ.

എന്റെ കൃതികളിൽ പ്രസാദാത്മകത്വം കൊണ്ട്‌ മുത്തശ്ശി മുന്തിനില്‌ക്കുന്നു. പച്ചിലപ്പടർപ്പിലൂടെ പതഞ്ഞൊഴുകുന്ന ചൂടാറിയ വെയിൽ വെളിച്ചമാണതിൽ. ദുഃഖം അവിടെ നിർവൃതിയായിരിക്കുന്നു.

പ്രാർത്ഥനപോലെ ഒരു പാവനകൃത്യമാണെനിക്കു കവിതയെഴുത്തും. ഗാർഹികകൃത്യങ്ങളെല്ലാം മുഴുമിച്ച്‌ കിട്ടുന്ന സമയമേ അതിനുപയോഗിക്കാറുളളൂ. സമയദൗർലഭ്യത്തിന്റെ പ്രതീതിയുണ്ടാക്കാൻ വേണ്ടി പലപ്പോഴും കിടന്നുകൊണ്ടാണ്‌ ഞാനെഴുതാറ്‌. എത്രതന്നെ സമയമുണ്ടായാലാണ്‌ ഒരു കവിക്ക്‌ തൃപ്‌തിയാവുക? ഒരൊറ്റ വാക്കിനുവേണ്ടി ദിവസങ്ങൾതന്നെ ചെലവഴിക്കേണ്ടിവരാം. ഇന്നു മുഴുമിച്ച കൃതിയിൽ നാളെ നോക്കുമ്പോൾ പുതിയ വൈകല്യങ്ങൾ കണ്ടെത്തിയേക്കാം. ആനന്ദകരമായ ആ ജോലി വീണ്ടും തുടരുകയായി. ഒരു നല്ല കവിതയുടെ വിമാനത്തിനിറങ്ങാൻ കല്ലുമുഴകളില്ലാത്ത ഒരു സമയപ്പരപ്പുതന്നെ വേണം. മനുഷ്യന്റെ ഈടുറ്റ വിളവെല്ലാം കിളുർത്തുയരുന്നത്‌ വിശ്രമത്തിലത്രേ. വിളയുന്നത്‌ പ്രവൃത്തിയിലും. രോഗശയ്യയ്‌ക്ക്‌ സർഗ്ഗപ്രതിഭയെ ഉണർത്താൻ സവിശേഷമായ കഴിവുണ്ടെന്നാണെന്റെ അനുഭവം.

അതേ, എന്റെ അനുഭവങ്ങളാണിവ. എല്ലാ സംഗതിയിലും ശരിയായിക്കൊളളണമെന്നില്ല. ഈ വ്യവസായയുഗത്തിന്‌ ദ്രുതതരമായ താളക്രമമാണുളളത്‌. അതിന്റെ സാഹചര്യങ്ങളോടു പൊരുത്തപ്പെടാനും കവിത്വത്തിനു കഴിയുമെന്നു തെളിയിക്കുന്നുണ്ട്‌ അത്യാധുനിക കൃതികളിൽ കാണുന്ന പുതിയ വൃത്തങ്ങളും ശൈലീവിശേഷങ്ങളും. ജോലിത്തിരക്ക്‌ ഏറ്റവും വർദ്ധിക്കുമ്പോളാണ്‌ താൻ കവിതയെഴുതുന്നതെന്ന്‌ ഒരു യുവകവി പറഞ്ഞത്‌ എന്നെ അത്ഭുതപ്പെടുത്തി. ആദിമാരണ്യങ്ങളിൽനിന്ന്‌ ആടുമേയുന്ന പ്രശാന്തമൈതാനങ്ങളും സാമൂഹികബന്ധങ്ങൾക്കു പിരിമുറുക്കം കൂടുന്ന ഗ്രാമങ്ങളും പിന്നിട്ട്‌ മനുഷ്യനിന്നു നഗരത്തിലെത്തിയിരിക്കുന്നു. അവനിലെ കവി ഒന്നമ്പരന്നതേയുളളൂ. നിലവിട്ടു പോയിരിക്കില്ല. ഇവിടെയും അവനു സൗന്ദര്യവും മഹത്വവും കാണാൻ കഴിയണം. ഈശ്വരസന്ദേശം കേൾക്കാൻ സാധിക്കണം.

(കടപ്പാട്‌ ഃ വി.കെ.മാധവൻകുട്ടി, കറന്റ്‌ ബുക്‌സ്‌ ബുളളറ്റിൻ)

Generated from archived content: essay2_jan13.html Author: balamaniamma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English