മനുഷ്യബന്ധങ്ങളെ മാറ്റുന്ന മുദ്രകൾ

മാറാമുദ്ര -ഇ.പി. ശ്രീകുമാർ

കറന്റ്‌ ബുക്‌സ കോട്ടയം, വില – 75 രൂപ

നോവലിന്റെ ഏഴാമദ്ധ്യായത്തിൽ ‘വ്യാസൻ ചിരിച്ചു’വെന്ന്‌ എഴുതിയത്‌ ഓർമ്മയിലെത്തുന്നു. ദൂരക്കാഴ്‌ചകൾ കാണാൻ ആഗ്രഹിക്കണോ എന്ന വ്യാസന്റെ ചോദ്യത്തിന്‌ ധൃതരാഷ്‌ട്രർ പറഞ്ഞ മറുപടിയാണ്‌ ചിരിക്ക്‌ ഹേതുവായത്‌. എല്ലാം മനക്കണ്ണുകൊണ്ട്‌ കണ്ട അദ്ദേഹം പറഞ്ഞുഃ “എനിക്ക്‌ ഈ അന്ധത മതി.” സാമൂഹ്യമായ നമ്മുടെ കാഴ്‌ചകൾക്കുമുൻപിൽ ആരും പ്രതിവചിച്ചുപോകാവുന്നതുമാത്രം! അത്രത്തോളം സങ്കീർണ്ണവും കലുഷവുമാണ്‌ നമ്മുടെ യാഥാർത്ഥ്യങ്ങളെന്നതാണ്‌ ‘മാറാമുദ്ര’ നൽകുന്ന സന്ദേശം.

2049-ലെ സ്ഥലവും കാലവുമാണ്‌ ആഖ്യാന പശ്ചാത്തലം. വരുംകാലത്തിന്റെ ജീവിതവും കാഴ്‌ചകളും ഭാവന ചെയ്യാൻ എഴുത്തുകാർക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. നാളെ അത്‌ യാഥാർത്ഥ്യമാകുമോ എന്ന ചോദ്യത്തിന്‌ ഇപ്പോൾ പ്രസക്തിയില്ല. സ്ഥലമേതായാലും കാലമേതായാലും ഭാവന ചരിത്രപരമാണ്‌. അതുകൊണ്ടാണ്‌ മിത്തുകളും ഓർമ്മകളും യാഥാർത്ഥ്യങ്ങളോടൊപ്പം കടന്നുവന്നു ഭാവനയെ സർഗ്ഗാത്മകമാക്കുന്നത്‌. അത്‌ പാരമ്പര്യത്തിലേയ്‌ക്കുളള സഞ്ചാരമാകാം. അല്ലെങ്കിൽ പ്രാചീനതയെ ഉൾക്കൊണ്ട്‌ മുന്നോട്ടുളള യാത്രയുമാവാം. ഈ നോവലിലെ മനു എന്ന കഥാപാത്രത്തിന്റെ അനുഭവപാഠങ്ങൾ അതാണ്‌ ഉണർത്തുന്നത്‌.

ചരിത്രവും യാഥാർത്ഥ്യവുമായി സംവദിക്കാൻ നോവലിസ്‌റ്റ്‌ തയ്യാറാവുന്നു. നോവലിൽ ഭാവന ചെയ്യുന്ന കാലമാവുമ്പോഴേയ്‌ക്കും സാഹചര്യങ്ങൾ അപ്പാടെ മാറുമെന്ന തോന്നലുളവാക്കുകയും ചെയ്യുന്നു. മനുഷ്യന്‌ പകരം യന്ത്രമനുഷ്യൻ ആധിപത്യം ചെലുത്തുന്ന ഒരു കാലത്തെ വിഭാവനം ചെയ്‌തുനോക്കൂ. ദൈവത്തിന്റെ സ്‌ഥാനം കമ്പ്യൂട്ടർ കയ്യടക്കിയെന്നും വരാം. കമ്പ്യൂട്ടർ ദൈവം പുതിയ അധികാരകേന്ദ്രമാവുന്നതും നാം അറിഞ്ഞുതുടങ്ങുന്നതേയുളളൂ. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യന്റെ മുഖം മനുവിൽ എവ്വിധം പ്രതികരണക്ഷമമാവുന്നുവെന്നാണ്‌ നോവൽ പറഞ്ഞുതരുന്നത്‌. മനുഷ്യബന്ധങ്ങൾ മുഖങ്ങളിലൂടെ തിരിച്ചറിയുന്ന രീതി മാറാം. ശാസ്‌ത്രവും മനുഷ്യനും തമ്മിൽ തർക്കമുണ്ടാവാം. ആർക്കും വഴങ്ങാത്ത പരമമായ കാലത്തെ കീഴടക്കാൻ മനുഷ്യൻ തയ്യാറാവുമ്പോൾ ശാസ്‌ത്രം സമയത്തെ പിടിച്ചുകെട്ടാനാകും ആലോചിക്കുക. ഇവിടെ വർഗ്ഗവൈരുദ്ധ്യങ്ങൾ നഷ്‌ടപ്പെടാനിടയുണ്ട്‌. എന്നാൽ മനുഷ്യരോടൊപ്പം യന്ത്രമനുഷ്യരും സംസാരിച്ചു&പ്രവർത്തിച്ചു തുടങ്ങുമ്പോൾ നവീനമായ വർഗ്ഗവൈരുദ്ധ്യങ്ങൾ സംഭവിക്കാനുമിടയുണ്ട്‌. സൗരോർജ്ജത്തിൽ കുതിക്കുന്ന വാഹനങ്ങൾ? വഴിയാത്രക്കാർ തൊഴിലില്ലാത്തവരും റോബോട്ടുകളും മാത്രമായിത്തീരുന്ന അവസ്ഥയും വന്നുചേരുന്നു. തൊഴിൽരാഹിത്യം മനുഷ്യരെ പരസ്യക്കമ്പനികളിലെത്തിക്കുന്നു. കച്ചവടസ്ഥാപനങ്ങൾ തൊഴിലില്ലാത്തവരെ വാടകയ്‌ക്കെടുത്ത്‌ അവരുടെ ശരീരങ്ങളെ പരസ്യം വരയ്‌ക്കാൻ പ്രയോജനപ്പെടുത്തുന്നു. അങ്ങനെ ശരീരത്തിന്റെ ഉടമസ്ഥതപോലും മാറുന്ന അവസ്ഥയുണ്ടാവുന്നു. സ്വന്തം ശരീരം ചൊറിയാനുളള സ്വാതന്ത്ര്യംപോലും നഷ്‌ടപ്പെടുകയാണ്‌. കമ്പോളവും ശാസ്‌ത്രവും ഒരുമിച്ചുചേർന്ന്‌ സൃഷ്‌ടിക്കുന്ന സങ്കീർണ്ണ സാഹചര്യങ്ങളുമായി സംവദിക്കാൻ മാറാമുദ്ര സന്ദർഭമൊരുക്കുന്നുണ്ട്‌. മനുഷ്യരെപ്പോലെ തൊഴിൽപ്രശ്‌നം റോബോട്ടുകളും അനുഭവിക്കാൻ തുടങ്ങിയതിന്റെ സൂചന നോവലിലൊരിടത്തുണ്ട്‌. മൾട്ടിമീഡിയ കമ്പ്യൂട്ടറുകൾ ഘടിപ്പിച്ച റോബോട്ടുകൾ വിപണിയിലെത്തിയതോടെ, തൊഴിൽ ലഭിക്കാത്ത റോബോട്ടുകളും ഉണ്ടായി. തുടർന്ന്‌ ഇഷ്‌ടംപോലെ രൂപം മാറാൻ കഴിയുന്ന റോബോട്ടുകളും രംഗത്തെത്തി. അവയിൽ കൃത്രിമബുദ്ധി ഘടിപ്പിക്കാമെന്നും ജീവൻ നൽകാമെന്നും വന്നു. അതോടെ യന്ത്രമനുഷ്യൻ ചിരിച്ചു. മനുഷ്യന്‌ നഷ്‌ടപ്പെട്ട ചിരി യന്ത്രമനുഷ്യനിലൂടെ തിരിച്ചുപിടിക്കാമെന്നും വന്നു.

ഈ യന്ത്രസംസ്‌കാരം നോവലിൽ ആഖ്യാനം ചെയ്യുന്നതുകൊണ്ടുമാത്രം, ‘മാറാമുദ്ര’ ഒരു സയൻസ്‌ ഫിക്‌ഷൻ ആണെന്ന്‌ വിശദീകരിക്കാമോ? തൊഴിൽ അന്വേഷിക്കുന്ന യുവത്വം ശാസ്‌ത്ര-സാങ്കേതികരംഗത്തുണ്ടായ വളർച്ചയുമായി സംവദിക്കുന്നതാണ്‌ നോവൽ. പ്രധാന കഥാപാത്രമായ മനുവിനെ സംബന്ധിക്കുന്ന ഒരു ഉപദർശനം തന്നെയുണ്ട്‌. തൊഴിൽരഹിതനായ മനുവിൽനിന്നും തൊഴിൽ നേടിയ ‘മനു’വിലേയ്‌ക്കുളള ദൂരമാണ്‌ നോവലിലെ കാലം എന്നത്‌. അത്‌ ചരിത്രംകൂടിയാണ്‌. തൊഴിൽരഹിതൻ മനുഷ്യനാണെങ്കിൽ തൊഴിൽ ലഭിച്ചവൻ യന്ത്രമനുഷ്യനാകുന്നു എന്ന യാഥാർത്ഥ്യത്തിന്റെ ഭാവാത്മകമായ അഭിമുഖീകരണമാണ്‌ മാറാമുദ്രയെ ശ്രദ്ധേയമാക്കുന്ന ഘടകം. ഈ പ്രശ്‌നം ശാസ്‌ത്രീയ ഗവേഷണങ്ങളിലൂടെയും അതിന്റെ പരിണതികളിലൂടെയും അഭിവ്യഞ്ഞ്‌ജിപ്പിക്കുകയാണ്‌ നോവലിസ്‌റ്റ്‌ ചെയ്യുന്നത്‌. യന്ത്രം മനുഷ്യന്റെ അധികാരത്തെ എങ്ങനെ കവർന്നെടുക്കുന്നു എന്നുകൂടി നോവൽ വിശകലനം ചെയ്യുന്നുണ്ട്‌.

പരാതിയും പരിഭവവും സമൂഹത്തിൽ ഇല്ലാതായി. വർഗ്ഗസമരങ്ങൾ നഷ്‌ടപ്പെട്ടു. റോബോട്ടുകളിൽ പൗരുഷമുണർന്നതോടെ, യന്ത്രം ഇണയായി. സ്‌ത്രീകൾ തങ്ങളുടെ യന്ത്ര ഇണകളെ പരസ്‌പരം കൈമാറാനും തുടങ്ങിയിരുന്നു. സർക്കാരിന്‌ റോബോട്ടുകൾ ലാഭവും പ്രയോജനവുമായി. അങ്ങനെ ഒരു പുതിയ വർഗ്ഗത്തിന്റെ സൃഷ്‌ടിക്ക്‌ ശാസ്‌ത്രം കാരണമാവുകയാണ്‌ എന്ന്‌ സൂചിപ്പിക്കുന്നതിലൂടെ, പോയതെല്ലാം തിരിച്ചുവരുമെന്ന ധ്വനികൂടി ഉണരുകയാണ്‌. കമ്പ്യൂട്ടർ കോളനികളും റോബോട്ടുകളുടെ സംഘടനകളും യന്ത്രമനുഷ്യരുടെ യുദ്ധവും പ്രതിയാക്കുന്ന ഒരു സാഹചര്യത്തെ നോവൽ ഭാവന ചെയ്യുന്നു. ഇവയെല്ലാം ചേർന്ന്‌ പുതിയ ഒരധികാരവർഗ്ഗം തന്നെ ഉണ്ടായിക്കൂടെന്നുമില്ലത്രെ.

ശാസ്‌ത്രം എത്ര വളർന്നാലും മനുഷ്യന്റെ ഭാഗധേയം യന്ത്രം ഏറ്റെടുത്താലും മൗലികമായ പ്രശ്‌നം തൊഴിൽതന്നെയായിരിക്കും. അനന്യതയുമായിരിക്കും. പീഡിത മനുഷ്യന്റെ അധമവർഗ്ഗത്തിന്റെ മോചനമാണ്‌ എല്ലാവരും ആഗ്രഹിക്കുന്നതെങ്കിലും തൊഴിലുമായി ബന്ധപ്പെട്ട പ്രശ്‌നംതന്നെയാകാം ആലോചനാവിഷയം. ജീവിക്കാനുളള ആഗ്രഹം മനുഷ്യനെപ്പോലെ യന്ത്രത്തിനുമുണ്ട്‌. തൊഴിലില്ലെങ്കിൽ മനുഷ്യന്‌ നഷ്‌ടപ്പെടുന്നത്‌ അവന്റെ സ്വത്വമാണ്‌ എന്ന്‌ വിശ്വസിക്കുന്ന ഒരു കഥാപാത്രം മുപ്പതുവർഷങ്ങൾക്കുമുൻപ്‌ കാക്കനാടന്റെ ഒരു നോവലിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. മാർക്‌സിസം പ്രചരിപ്പിക്കാം, പുരോഗമനവാദം ഉന്നയിക്കാം. പക്ഷേ, അത്‌ മറ്റുളളവർ അംഗീകരിക്കണമെങ്കിൽ പറയുന്നവന്‌ വ്യക്തമായ തൊഴിൽ വേണം. അവന്റെ അനന്യതയെ നിലനിർത്തുന്നത്‌ തൊഴിലാണ്‌. സ്വന്തമായ തൊഴിലില്ലാത്തവൻ വേദാന്തം പറഞ്ഞാലും ആരും കേൾക്കാനും അനുസരിക്കാനുമുണ്ടാവില്ല എന്ന്‌ വ്യംഗ്യം. യന്ത്രങ്ങളുടെ ജന്മവും സാർത്ഥകമാവുന്നത്‌, അവയുടേതായ അനന്യതയുടെ കണ്ടെത്തലിലൂടെയാണെന്ന്‌ ‘മാറാമുദ്ര’ പറയുന്നു. തൊഴിലും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ്‌ ഈ നോവലിലെ പ്രമേയമെന്ന്‌ അടിവരയിട്ട്‌ പറയുകയും ചെയ്യാം.

ഇ.പി. ശ്രീകുമാറിന്റെ ആദ്യനോവൽ എന്ന നിലയിൽ മാറാമുദ്ര പ്രശംസ അർഹിക്കുന്നുണ്ട്‌. എങ്കിലും ചിലയിടങ്ങളിൽ കൈയൊതുക്കം നഷ്‌ടപ്പെട്ടോ എന്ന തോന്നലും വായനയിലുണ്ടായി. ആഖ്യാനപരമായ പോരായ്‌മകൾ ചൂണ്ടിക്കാണിക്കാമെങ്കിലും, പുതിയ മലയാള നോവലിന്റെ പൊതുഭാവങ്ങൾ പ്രകടിപ്പിക്കുന്നതുകൊണ്ട്‌ ഈ നോവൽ തളളിക്കളയാനാവില്ല. ആഖ്യാനഘടന ഉത്തരാധുനികവുമാണ്‌.

(സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ചത്‌)

Generated from archived content: book_feb26.html Author: balachandran_vadakkedath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകൂട്ടുകാഴ്‌ചയുടെ കൊളാഷ്‌
Next articleപാർട്ടിയെന്നാൽ
1955 ൽ തൃശൂർ ജില്ലയിലെ നാട്ടികയിൽ ജനിച്ചു. വാക്കിന്റെ സൗന്ദര്യശാസ്‌ത്രം, മരണവും സൗന്ദര്യവും നിഷേധത്തിന്റെ കല, ഉത്തരസംവേദനം, വായനയുടെ ഉപനിഷത്ത്‌ എന്നിവയാണ്‌ കൃതികൾ. കാവ്യമണ്ഡലം അവാർഡും (നിഷേധത്തിന്റെ കല) ഫാദർ വടക്കേൽ അവാർഡും (ഉത്തരസംവേദന) ലഭിച്ചിട്ടുണ്ട്‌. ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്നു. അച്‌ഛൻ ഃ എഴുത്തുകാരനായ രാമചന്ദ്രൻ വടക്കേടത്ത്‌. ഭാര്യ ഃ സതി. മകൻ ഃ കൃഷ്‌ണചന്ദ്രൻ. വിലാസം വടക്കേടത്ത്‌ വീട,​‍്‌ നാട്ടിക പി.ഒ. തൃശൂർ ജില്ല Address: Post Code: 680 566

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here