ഇ-കവിതയുടെ ഇതരകാലം

കവിതയിൽ കാലമിപ്പോൾ രൂപേഷ്‌പോളിന്റെ കൂടെ നടക്കുന്നു. അതുകൊണ്ടാവണം ‘മലയാള കവിതയിലെ ഇപ്പോൾ ഈ പോളിന്റേതാണ്‌’ എന്നു ഭാവിയുടെ കവിയായ മേതിൽ രാധാകൃഷ്‌ണൻ നിസ്സംശയം പ്രഖ്യാപിച്ചത്‌.

‘പെൺകുട്ടി ഒരു രാഷ്‌ട്രമാണ്‌’ എന്ന കവിത പെൺകുട്ടിയുടെ നിർവ്വചനത്തിലേക്ക്‌ രാഷ്‌ട്രസങ്കല്പത്തിന്റെയും നയതന്ത്രവ്യവഹാരത്തിന്റെയും ചരിത്രത്തിന്റെയും പത്രവാർത്തയുടെയും തകരഭാഷ സന്നിവേശിപ്പിക്കുന്നു.

“നിന്റെ കരിപിടിച്ച മിഴികളിൽ

ഒരു വിളക്കു തട്ടിവീണാൽ

എന്റെ തലയിണയ്‌ക്കു തീപിടിച്ചിരുന്നു” എന്ന കാല്‌പനികാവസ്ഥയിൽനിന്ന്‌

A girl, a nation it is

but never a republic

എന്ന അന്താരാഷ്‌ട്ര ഭാഷയിലേക്ക്‌ പെൺകുട്ടിയെ തർജ്ജമ ചെയ്യുന്നു. കാല്‌പനിക വ്യക്തിത്വത്തിൽനിന്ന്‌ അവളെ വംശത്തിലേക്കും രാഷ്‌ട്രാന്തരീയതയിലേക്കും ചരിത്രത്തിലേക്കും വിമോചിപ്പിക്കാൻ ശ്രമിക്കുന്നു. പരസ്‌പരബന്ധമില്ലാത്ത ഭിന്നബോധങ്ങളുടെ അവിയൽപ്പരുവത്തിലുളള ആകെത്തുകയായി (Eclectic) പെൺകുട്ടിയെ ആവിഷ്‌കരിക്കുന്നു. അങ്ങനെ പെൺകുട്ടിയും കവിയും കവിതയും കാവ്യഭാഷയും ആധുനികോത്തരമാവുന്നു.

ഒരു യുവകവി തന്റെ തലമുറയുടെ പ്രണയത്തിന്‌ ഭാഷ നല്‌കാൻ തീവ്രമായി ശ്രമിക്കുകയാണിവിടെ. മനുഷ്യവംശത്തിന്റെ അതിജീവനം കുടികൊളളുന്നത്‌ പ്രണയത്തിലാണ്‌. അതുകൊണ്ട്‌ ഈ കവിതകളിൽ രൂപേഷ്‌പോൾ ആവിഷ്‌കരിക്കുന്ന പ്രണയസങ്കല്പത്തിന്റെയും പ്രണയഭാഷയുടെയും വിധ്വംസക സ്വഭാവം ഏതു മനുഷ്യസ്‌നേഹിയെയും ഉത്‌കണ്‌ഠപ്പെടുത്തും.

ഭാഷയുടെ സ്‌ഫുടം ചെയ്‌ത രൂപമാണ്‌ കാവ്യഭാഷ. കാവ്യഭാഷയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മുഴുവൻ സംസ്‌കാരത്തെയും ബാധിക്കുന്ന രോഗങ്ങൾ തിരിച്ചറിയാം. നാഡി നോക്കി രോഗം നിർണ്ണയിക്കുംപോലെ. പുതിയ കാലത്തിന്റേതായ ഈ കാവ്യഭാഷയിൽ നമ്മുടെ സമൂഹത്തിന്റെ സംസ്‌കാരശൈഥില്യം പ്രതിഫലിക്കുന്നു. അതുകൊണ്ടാവാം ആധുനികതയുടെ ഗൗരവബോധത്തെ അവഹേളിക്കുന്ന ക്രീഡാപരത നിലനിർത്തുമ്പോൾത്തന്നെ ഈ കവിത ആധുനികോത്തരതാവിരുദ്ധമായ ഒരു ദുരന്തബോധത്തെക്കൂടി രഹസ്യമായി ഉൾക്കൊളളുന്നത്‌.

(കറന്റ്‌ ബുക്‌സ്‌ ബുളളറ്റിൻ)

പെൺകുട്ടി ഒരു രാഷ്‌ട്രമാണ്‌

രൂപേഷ്‌ പോൾ, ഡി സി ബുക്‌സ്‌, വില – 38.00

Generated from archived content: book2_feb10.html Author: balachandran_chullikkad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here