സ്ത്രീ പുരുഷ ബന്ധത്തെ ഒരു വ്യവഹാരമായി കാണുന്നതില്‍ ഒരപാകതയുമില്ല . സ്ത്രീ അറിയുന്നത് അവള്‍ പുരുഷനു നല്‍കുന്നു . പുരുഷന്‍ മറിച്ചും ചെയ്യുന്നു. ഈ സത്ക്രിയയില്‍ അനവധി സാമൂഹ്യ മൂല്യങ്ങള്‍ ഇടപെടുന്നുണ്ട് എന്ന് മനസിലാക്കാനും പ്രയാസമില്ല . അത് ചിലപ്പോള്‍ സദാചാരപരമാണ് . മറ്റു ചിലപ്പോള്‍ ജീവശാസ്ത്ര സംബന്ധിയാണ്. അതോടെ സാംസ്ക്കാരികമായും സാമൂഹികമായും ഒരു വിനിമയാടിത്തറ സംജാതമാകുന്നുണ്ടാവും. ഈയൊരു വിനിമയ സാഹചര്യത്തില്‍ നിന്നാണ് ലിംഗാധിഷ്ഠിത സം വാദം ഉടലെടുക്കുക എന്ന് തൊന്നിപ്പോകുന്നു.
ഉളിമുനയേറ്റ് കണ്ണുകള്‍ വിടരുമ്പോള്‍ സുരതത്തിന്റെ ലഹരിയിലേക്ക് നിറയുന്ന ഒരു കഥാപാത്രം പി സുരേന്ദ്രന്റെ ഒരു കഥയില്‍ പ്രവേശിക്കുന്നത് യാദൃശ്ചികമാകാം. ശിരസറ്റു വീഴുന്ന ശില്പ്പികളുടെ ചരിത്രമറിഞ്ഞിട്ടും രാജകുമാരിയുടെ ശില്പ്പം കൊത്താന്‍ എത്തിയ ശില്പ്പി കാമലഹരികള്‍ക്ക് ഋതു പകരമായി കൊടുക്കാന്‍ ഉളിയെടുക്കുന്നു. ശില്പ്പത്തില്‍ നിറഞ്ഞു നിന്ന ലൈംഗികത രാജാവിനേപ്പോലും പഴയ ഓര്‍മ്മകളിലേക്ക് കൊണ്ടു പോയി. തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചിട്ട് ശില്പ്പി മടങ്ങിപ്പോകുമ്പോള്‍ കഥാകാരന്‍ ഇങ്ങനെ എഴുതുന്നു ” ഇനി ഒരു കല്ലിനേപ്പോലും മുറിപ്പെടുത്തില്ല നിരായുധനായി ഞാന്‍ നമ്മുടെ പ്രകൃതിയിലേക്കു മടങ്ങിപ്പോകുന്നു ”
ലൈംഗിക സര്‍ഗ്ഗാത്മകതയിലൂടെ പ്രകൃതിയിലേക്കു മറിയുന്ന അപൂര്‍വമായ അനുഭവങ്ങളാണ് ‘ പ്രകൃതിയുടെ ആഴം ‘ എന്ന കഥ പങ്കുവയ്ക്കുന്നത്. നമ്മുടെ ദര്‍ശനങ്ങള്‍ ഉറപ്പിച്ചെടുക്കുന്ന ഒരാശയമുണ്ട് , രതിയാണ് സൂക്ഷ്മത. പ്രണയവും മറ്റു വിചാരങ്ങളും അതിന്റെ സ്ഥൂലാംശങ്ങള്‍ മാത്രമാണ്. സ്ത്രീയിലെ പ്രണയത്തെ സ്ഥൂലാംശമായും കാണുന്ന ഭാവനാദര്‍ശനത്തിനു മാത്രമേ ലൈംഗികതയെ പ്രകൃതിയുമായി സമന്വയിപ്പിക്കുന്ന രചനാതന്ത്രം പരീക്ഷിക്കാനാവൂ എന്ന് ഞാന്‍ വിചാരിക്കുന്നു. കഥയിലെ ശില്പ്പി പുരുഷനാണ്. ഉളി താഴെ വെച്ച് അവന്‍ മടങ്ങിപ്പോകുന്നത് സ്വത്വ പ്രഖ്യാനമാണ്. ആ മടങ്ങല്‍ പ്രകൃതിയിലേക്കാണെങ്കിലും സ്ത്രീയിലേക്ക് കൂടിയുള്ള നടത്താമാണെന്നും ധ്വനിപ്പിക്കാന്‍ ഈ കഥയിലൂടെ കഴിഞ്ഞിരിക്കുന്നു.
‘ നീലവിതാനം’ എന്ന കഥയിലെ മഹാദേവന്‍ പ്രജ്ഞയുടെ സുതാര്യതയിലൂടെ ഒരു കീറ് നീലാകാശം തേടി യാത്ര ചെയ്യുന്നതിനിടയില്‍ ഒരു പെണ്‍കുട്ടിയെ കണ്ടു മുട്ടുന്നു. ശിലകളിലെ ഉത്ഭൂതമായ ജ്യാമിതീയ മുദ്രകള്‍ വ്യാഖ്യാനിച്ച് കൊടുത്തുകൊണ്ട് അവനോടൊപ്പം നടന്നുകൊണ്ടിരുന്ന പെണ്‍കുട്ടി തന്റെ ദൈന്യത ചൂണ്ടിക്കാണിക്കുന്നു. ഒടുവില്‍ അവളുടെ ക്ഷണം സ്വീകരിച്ച് അവളുടെ വീട്ടിലേക്ക് മഹാദേവനും കടന്നു ചെല്ലുന്നു. കഥാപാത്രത്തിന്റെ ഭാഷയില്‍ ഒരു സ്വപ്ന വിസ്മയത്തിലേക്ക്. പിന്നെ ചുവപ്പ് ആളിപ്പടര്ന്ന് ചുവപ്പിന്റെ ജ്വാലയിലേക്ക് മഹാദേവന്‍ അടി തെറ്റി വീണു. ഒരു അനാഥയുടെ ബാഹുക്കള്‍ക്കിടയില്‍ നഗ്നനാണ് താനെന്ന് മഹാദേവന്‍ അറിയുന്ന ആ സന്ദര്‍ഭം സ്ത്രീ പുരുഷ ബന്ധത്തിന്റെ അദൃശ്യ ചമല്‍ക്കാരത്തെയാണ് ഓര്‍മ്മപ്പെടുത്തുന്നത്.
വിശപ്പും അനാതത്വവും ഒരു പെണ്‍കുട്ടിയെ രതിഭാവത്തിലേക്കെത്തിച്ചു എന്നു കരുതാമോ? സ്വന്തം ഏകാന്തതയെ കൊല്ലാന്‍ ആ പുരുഷ സാന്നിധ്യം പ്രയോജനപ്പെടുത്തിയതാണോ? ഇങ്ങനെയൊക്കെ ആലോചിക്കാവുന്നതേയുള്ളു. വാസ്തവത്തില്‍ രതി ഏകാന്തത പ്രണയം എന്നിവ പരസ്പരാശ്രിത ഭാവങ്ങളാണ്. ഇതില്‍ ഏതെങ്കിലുമൊന്നിനെ വേര്‍തിരിച്ചെടുത്ത് കഥയുടെ പാഠം മെനയുക എളുപ്പമല്ല. ആട്ടിന്‍ പറ്റത്തെ മേയ്ക്കുന്നവള്‍ ആടുകളില്‍ നിന്നകന്നപ്പോള്‍ അവന്റെ ഗന്ധം ശ്വസിച്ച് അവനുമേല്‍ കുഴഞ്ഞു വീണത് ആ ഏകാന്തത ഒന്നുകൊണ്ടു മാത്രമല്ലേ?
ജൈവനീതിയുടെ ഇരയാണ് മനുഷ്യനെങ്കില്‍ സ്വന്തം ഇച്ഛയെ മറി കടക്കാന്‍ അവന്‍ കഴിയുമോ?
അതിന്റെ ഉത്തരം അന്വേഷിച്ചു പോകുമ്പോഴാണ് പി സുരേന്ദ്രന്റെ കഥകളുടെ ആന്തരീക ഭാവം സ്പര്‍ശിച്ചറിയാനൊക്കുക. രതിയും കാമവും പ്രണയുമെല്ലാം കഥകളിലെ പ്രമേയങ്ങള്‍ തന്നെയാണ് ആ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.
രാഷ്ട്രീയത്തിന്റെയും പ്രകൃതിയുടെയും പരിസ്ഥിതിയുടെയു സാന്ദ്രഭാവങ്ങളുടെ നിറമുള്ളവയാണ് പി സുരേന്ദ്രന്റെ ചെറുകഥകള്‍. ജീവശാസ്ത്രപരമായ ചില പ്രശ്നങ്ങള്‍ ആ കഥകള്‍ അവതരിപ്പിക്കുന്നതായും നാം കാണുന്നു. ആ ചെറുകഥകളില്‍ പെണ്‍ ഭാവങ്ങള്‍ മുറ്റി നില്‍ക്കുന്ന ഏതാനും കഥകള്‍ തെരെഞ്ഞെടുത്തതാണ് ഇവിടെ അവതരിപ്പിക്കുന്ന സമാഹാരത്തിലെ കഥകള്‍. ആ കഥകള്‍ വായിച്ചപ്പോഴും പ്രകൃതിയുമായി ലയം കൊള്ളുന്ന ഒരു ലിംഗ വ്യവസ്ഥയെ കുറിച്ചാകാം ഈ കഥാകാരന്‍ പറയാനാഗ്രഹിക്കുന്നത് എന്നു കരുതാനും ന്യായമുണ്ട്. എന്നാല്‍ പ്രണയത്തിന്റെയും രതിയുടെയും ആവിഷ്ക്കാരങ്ങള്‍ മനുഷ്യ നിര്‍ വചനങ്ങളായി പരിണമിക്കുന്നതിലെ കൗതുകം മറ്റൊന്നാണ്. മനുഷ്യന്റെ ജൈവനീതിയിലേക്ക് ശ്രദ്ധയെ ക്ഷണിക്കാനും ഓരോ സ്ത്രീ പുരുഷസമാഗമങ്ങളും അവരുടെ ഇച്ഛക്കുപോലും നിയന്ത്രിക്കാനാവാത്ത വിധം ചലനാത്മകമാണ് എന്ന് ഈ കഥകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ഒരു മനുഷ്യേതര ഭാവം സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്നാണ് എടുത്തു പറയേണ്ട മൗലികമായുള്ള വാസ്തവം. പുരുഷന്‍ പുരുഷനെ തിരിച്ചറിയാതെ വരുമ്പോഴാണ് അത്തരം ഭാവങ്ങള്‍ വികസിച്ചു വരിക. സ്ത്രീയും പുരുഷനും സഹജീവികള്‍ ആണ് എന്ന് സാമാന്യ മായ അവബോധമെങ്കിലും അനിവാര്യമല്ലേ? രതിയിലും ലൈംഗികതയിലും പ്രണയത്തിലും ആ സഹജീവകാരുണ്യം വേണമെന്ന ഒരു ആശയവും ഈ കഥകളിലൂടെ പകര്‍ന്നു കിട്ടുന്നു.
സ്നേഹരഹിതമായ കാമത്തിന്റെ അഴിച്ചുമാറ്റലും ലിംഗഭേദങ്ങളെ മറികടക്കലും മറ്റൊരു പ്രതിരോധമായി മാറേണ്ട കാതലായ പ്രശ്നങ്ങള്‍തന്നെയാണ് .ആ വിധം മറ്റൊരു പാഠം ഈ കഥകള്‍ ഉല്പാദിപ്പിക്കുമെങ്കില്‍ ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.
നീലവിതാനം
പി സുരേന്ദ്രന്‍
ആല്‍ഫ വണ്‍ പബ്ലിക്കേഷന്‍സ്
വില 130/-
Generated from archived content: book1_june29_14.html Author: balachandran-vadakkedath