ഒരു പാട് തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിയാണു ഞാന്‍ സിനിമയില്‍ നിരവധി കാര്യങ്ങള്‍ ഒരുമിച്ചു നിഷ്ഠയായും വൃത്തിയായും ചെയ്യുന്നതുകൊണ്ടും എന്റെ വായ്മൊഴി കൊണ്ടും ശരീരഭാഷകൊണ്ടും ഞാന്‍ സൂര്യനു താഴെയുള്ള എന്തിനെപ്പറ്റിയും ഏകദേശധാരണയുള്ളയാളാണ് എന്നൊരു ധാരണയുണ്ട് ഇത് പലയിടത്തും കുഴപ്പം വരുത്തി വച്ചിട്ടുണ്ട്.
‘ ഇസബല്ല ‘ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് നിര്‍മാതാവായ ഗുഡ്നൈറ്റ് മോഹനെ പരിചയപ്പെടുത്തിയപ്പോള്‍ ‘ എന്താണു ഗുഡ്നൈറ്റ്’ എന്നു ഞാന്‍ ചോദിച്ചതും ആ ചോദ്യം മോഹന്റെ നെറ്റി ചുളിച്ചതും ഞാന്‍ ഓര്‍ക്കുന്നു. മോഹന്‍ എന്നോടു ക്ഷമിക്കുക.
ഇനിയൊരു കുടുംബരഹസ്യം പറയട്ടെ എന്റെ ഭാര്യയെ ഓടിച്ചിട്ടു കടിക്കുന്ന കൊതുക് എന്തുകൊണ്ടോ ഇവിടത്തെ പല നിരൂപകേസരികളെയും പോലെ എന്നെ ഒട്ടും മൈന്‍ഡു ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ ഗുഡ്നൈറ്റിന്റെ ആവശ്യവും എനിക്കുണ്ടായിട്ടില്ല. പിന്നെയെങ്ങിനെ അറിയാനാണ്?
സാഹിത്യാദികാര്യങ്ങളെക്കുറിച്ച് തരക്കേടില്ലാത്ത കേട്ടറിവുമാത്രമുള്ള ഒരാളെന്ന നിലക്കും ഒരു നിര്‍ബന്ധിതവായനക്കാരനല്ല എന്നതുകൊണ്ടൂം സുകുമാര്‍ അഴീക്കോട് എന്ന – ബഷീറിന്റെ ഭാഷയില്‍ കടമെടുത്തു പറഞ്ഞാല്‍ ‘ സാഗരഗര്‍ജ്ജന’ ത്തിന്റെ മാറ്റൊലി ഞാന്‍ ഒരിക്കല്‍ മാത്രമേ കേട്ടിട്ടുള്ളു.
എന്നാല്‍ ജയപ്രകാശ് പെരിങ്ങോട്ടുകുറിശ്ശി എന്ന എന്റെ മാന്യ സുഹൃത്ത് – അദ്ദേഹം ഗുരുസ്മരണക്കുമുമ്പില്‍ സമര്‍പ്പിക്കുന്ന ‘ അഴീക്കോട് ഫലിതങ്ങള്‍’ എന്ന പുസ്തകത്തിന്റെ ഒരിതളില്‍ ഞാനും എന്തെങ്കിലും കുറിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ സസന്തോഷം വിധേയനാകേണ്ടി വന്നതിന്റെ കാരണങ്ങള്‍ രണ്ടാണ്.
ഒന്ന് അസ്സലായി ഫലിതം ആസ്വദിക്കുന്ന ഒരാളാണു ഞാന്‍. അത്യാവശ്യം ഇക്കിളിയാവശ്യമില്ലാതെ തന്നെ ഇന്ന് നിങ്ങളെ ചിരിപ്പിക്കാനും എനിക്കു കഴിയും. ആ നിലക്ക് എനിക്ക് അത്ര അടുപ്പമില്ലാത്ത ലോകം വാഴ്ത്തുന്ന ഒരാളിന്റെ ഫലിതങ്ങളും ഫലിത ബോധവും അറിഞ്ഞിരിക്കുക എന്നത് എന്റെ ആവശ്യമാണ്.
രണ്ട് , ജയപ്രകാശ് എന്റെ ദൗര്‍ലബ്യമാണ്. മരിച്ചു പോയ ശ്രീ കെ.പി ഉമ്മറിന്റെ ശൈലിയില്‍ പറഞ്ഞാല്‍, ‘ഒരു ദുര്‍ബലനിമിഷത്തില്‍’ ഞാന്‍ ജയപ്രകാശിന്റെ പ്രേരണക്കു വശംവദനായി അതിനും കാരണമുണ്ട്.
പണ്ട് ഏതാണ്ട് അഞ്ചുവര്‍ഷത്തോളം ഒരു പരിചയവുമില്ലാത്ത എനിക്ക് അദ്ദേഹം മുടങ്ങാതെ ഒരു പോസ്റ്റു കാര്‍ഡ് വീതം തപാലില്‍ അയക്കുമായിരുന്നു. എന്റെ ജനനതീയതി നക്ഷത്രം വിവാഹവാര്‍ഷികം റിലീസ്സായ ചിത്രത്തിന്റെ 25 -ആം ദിവസം, 50 -ആം ദിവസം എന്നിങ്ങനെ അടയാളപ്പെടുത്തിയിട്ടുള്ള വിവിധനിറങ്ങള്‍ അലങ്കരിച്ച കാര്‍ഡുകള്‍ എന്റെ വീട്ടിലെ നിത്യ സന്ദര്‍ശകരായി.
പിന്നീട് ജയപ്രകാശ് എന്റെ സംവിധാന സഹായിയായി കുറച്ചു നാള്‍ പ്രവര്‍ത്തിക്കുകയും അതിനു ശേഷം റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥനുമായി. കൂടാതെ ഡോ. സുകുമാര്‍ അഴീക്കോടിന്റെ വത്സല ശിഷ്യനായി കഴിയുകയാണെന്നു ഞാനറിഞ്ഞു. എന്നാല്‍ എന്റെ പ്രതീക്ഷ തകിടം മറിച്ചുകൊണ്ട് ‘ അഴീക്കോട് ഫലിതങ്ങള്‍’ പുറത്തിറക്കുന്നു എന്നറിഞ്ഞത് ഒരു പുതിയ അറിവായിരുന്നു.
പുതിയ അറിവ് എന്നു പറയാന്‍ കാര്യമുണ്ട്. ഞാന്‍ അഴീക്കോടിനെ പറ്റി ഒരു പാട് കേട്ടിട്ടുണ്ട്. കേരളം കണ്ട ഏറ്റവും വലിയ വാഗ്മിയാണെന്നും പ്രസംഗകലയിലെ ചക്രവര്‍ത്തിയാണെന്നുമൊക്കെ ഏറെ ശ്രമകരമായ ഒരു കലയാണ് പ്രസംഗമേന്ന് ഏഴാം ക്ലാസ്സില്‍ മലയാളം പ്രസംഗമത്സരത്തില്‍ തോറ്റു തൊപ്പിയിട്ടിട്ടുള്ള ഈയുള്ളവന്‍ നേരിട്ടനുഭവമുണ്ട്. എന്നാല്‍ ആ സാഗരഗര്‍ജ്ജനം നേരിട്ടനുഭവിക്കാനുള്ള ഒരവസരം ഗുഡ്നൈറ്റിന്റെ കാര്യം പറഞ്ഞതുപോലെ വൈകിയാണുണ്ടായത്, പിന്നെ പ്രഥമദര്‍ശനത്തില്‍ തന്നെ എനിക്കത്ര അടുപ്പം തോന്നുന്ന ഒരു ഹാവഭാവങ്ങളല്ല അദ്ദേഹത്തിന്റേത്.
ആദ്യമായും അവസാനമായും സുകുമാര്‍ അഴീക്കോടിന്റെ പ്രസംഗം കേള്‍ക്കാന്‍ വേണ്ടി എനിക്കു ബോംബയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ടി വന്നു. മൂത്രാശയക്കല്ലുകൊണ്ടുള്ള ബുദ്ധിമുട്ടുമൂലം അസഹനീയമായ വേദനയനുഭവിക്കുന്ന ആ കാലഘട്ടത്തെ ഞാന്‍ വെറുക്കുന്നു. വേദന മറക്കാനുള്ള ഏക മാര്‍ഗം തുള്ളികളായെങ്കിലും മൂത്രം പോകുക എന്നതാണ്.
ബോംബയിലെ മലയാളി സുഹൃത്തുക്കളുമായി സൊറ പറഞ്ഞും ഇഷ്ടക്കാരുടെ ഓട്ടോഗ്രാഫ് ഒപ്പിട്ടും നടക്കുന്നതിനിടയില്‍ സ്റ്റേജില്‍ കയറുന്നതിനു മുന്‍പ് മൂത്രമൊഴിക്കാന്‍ ഞാന്‍ മറന്നു പോയി.
നിറഞ്ഞ സദസ്സിനു മുമ്പില്‍ അഴീക്കോട് മാഷ് കയ്യല്‍പ്പം ചുരുട്ടിക്കേറ്റിയും തല വെട്ടിച്ചും പ്രഭാഷണം തുടങ്ങി. സദസ്സ് ചിരിച്ചു കയ്യടിച്ചും ആസ്വദിക്കുന്നുണ്ട്. പക്ഷെ എന്റെ അവസ്ഥ പരിതാപകരമാണ്. ഞാന്‍ വേദനയില്‍ പുളയുമ്പോള്‍ ജനം മാഷിന്റെ ഫലിതങ്ങള്‍ കേട്ട് കയ്യടിക്കുകയാണ്. ഏത് നിമിഷമാണ് മൂത്രം വഹിക്കുന്ന എന്നുള്ളിലെ കുംഭം പൊട്ടിത്തെറിക്കുന്നത് എന്നോര്‍ത്തിരുന്ന എന്റെ ഉദ്വേഗകരമായ ചിന്ത അഴീക്കോട് എപ്പോള്‍ പ്രസംഗം നിര്‍ത്തൂമെന്നാണ്. അദ്ദേഹം നിര്‍ത്താന്‍ തുടങ്ങുമ്പോള്‍ വീണ്ടും സദസ്സിന്റെ കയ്യടി. അപ്പോള്‍ പ്രസംഗം ഒന്നു കൂടി നീളും.
അദ്ദേഹത്തിന്റെ ആരാധകര്‍ കയ്യടിച്ച് ആസ്വദിച്ച പ്രസംഗം എന്നെ സംബന്ധിച്ച് ‘ ഓക്കാനിക്കുന്നവന്റെ മുന്നില്‍ വിളമ്പിയ പായസം ‘ ആയിപ്പോയി ! അതിനെപറ്റി ഞാന്‍ ‘ നിന്നെ എന്തിനു കൊള്ളാം’ എന്ന പുസ്തകത്തിലെ ‘ അഴീക്കോടിനെ പ്രാകിയ നിമിഷം’ എന്നൊരു ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആ ലേഖനം വായിച്ച് ആസ്വദിച്ചതായി അഴീക്കോട് മാഷ് ജയപ്രകാശിനോടു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സഹൃദയത്തോട് എനിക്കു ബഹുമാനം തോന്നി.
ഒന്നു ഞാന്‍ മനസിലാക്കി അഴീക്കോട് മാഷ് കാലഘട്ടത്തിന്റെ ശബ്ദമായിരുന്നു. കരുണാകരനും അച്യുതാനന്ദനും തിലകനും മോഹന്‍ലാലിനുമൊക്കെ അദ്ദേഹം ഒന്നുകില്‍ വഴികാട്ടിയോ അല്ലെങ്കില്‍ വിലങ്ങു തടിയോ ആയിരുന്നു. സാംസ്ക്കാരിക കേരളം മാഷിന്റെ ഒച്ചക്കായി കാതോര്‍ത്തു
അദ്ദേഹം പറഞ്ഞത്ശരിയോ തെറ്റോ നിങ്ങള്‍ക്ക് ഇഷ്ടം പോലെ തീരുമാനിക്കാം. എന്നാല്‍ എന്താണ് അഴീക്കോടിന്റെ അഭിപ്രായമെന്നു ചോദിക്കാനുള്ള സാധ്യത സാംസ്ക്കാരിക കേരളത്തില്‍ അദ്ദേഹം ഉണ്ടാക്കിയെടുത്തു. ആ വിശ്വാസ്യതയെ തള്ളിപ്പറയാനാവില്ല.
പരുക്കെനെന്നു ഞാന്‍ കരുതിയ അഴീക്കോട് മാഷിന്റെ ഉള്ളില്‍ ഒളി ചിതറിയ കുഞ്ചന്‍ നമ്പ്യാരെ എനിക്കു പരിചയപ്പെടുത്തിയ ജയപ്രകാശിനു നന്ദി. കുഞ്ചന്‍ നമ്പ്യാരുടെ ‘’ അല്ല പയ്യെ .. നിനക്കും പക്കത്താണോ ഊണ് ‘’ എന്ന ശൈലിയിലാണ് സുകുമാര്‍ അഴീക്കോടും പ്രതികരിച്ചത്. എല്ലാം വര്‍ണ്ണാഭമായ പൊതികളില്‍ നിറച്ച നിര്‍ദ്ദോഷ നര്‍മ്മങ്ങളാണ്. ആവശ്യമുള്ളയിടത്ത് അതിനു സുഗന്ധമുണ്ട് എരിവുണ്ട് മുള്‍മുനകളുണ്ട് ജയപ്രകാശ് തയ്യാറാക്കിയിരിക്കുന്ന ഈ ഫലിത ശേഖരം വായിച്ചു കഴിഞ്ഞപ്പോള്‍ മാഷിനെയൊന്നു അടുത്തു കാണണമെന്നും കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞിരിക്കണമെന്നും തോന്നിപ്പോയി ! അല്ലെങ്കിലും ഇക്കാര്യത്തില്‍ ഞാനൊരു നിര്‍ഭാഗ്യവാനാണ്. ഇതിനു മുമ്പ് ഇങ്ങനെ ആഗ്രഹിച്ച സംഗമം നടക്കാതെ പോയപ്പോഴാണ് ബേപ്പൂര്‍ സുല്‍ത്താന്റെ പേരില്‍ ‘ കാണാത്ത സുല്‍ത്താന് സ്നേഹപൂര്‍വ്വം’ എന്ന പുസ്തകം ഞാന്‍ എഴുതിയത്. ‘ അറിയാത്തത് ; അറിയേണ്ടത്’ എന്ന എന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അഴീക്കോടു മാഷിനെ പങ്കെടുപ്പിക്കാന്‍ ഞാനും ജയപ്രകാശും ആഗ്രഹിച്ചതാണ്. പക്ഷെ എന്തുകൊണ്ടോ അങ്ങനെയൊരു സംഗമം സംഭവിക്കാതെ പോയതിന്റെ ഖേദം ഇപ്പോഴും ഞങ്ങളില്‍ ബാക്കിയുണ്ട്.
ഒരുകാര്യത്തില്‍ ഈയുള്ളവനു പരാതിയുണ്ട്. ജീവിച്ച കാലമത്രെയും സാംസ്ക്കാരിക കേരളത്തിന്റെ ജിഹ്വയായിരുന്ന മാഷിനു മരിക്കാന്‍ നേരത്ത് അതിനുള്ള സാവകാശവും സമാധാനവും കൊടുത്തില്ല എന്ന പരാതി ഞാന്‍ രേഖപ്പെടുത്തുന്നു.
എന്തു തന്നെ ന്യായീകരണം പറഞ്ഞാലും ശരി ദൃശ്യ മാധ്യമങ്ങള്‍ പ്രയോജകരായി മാറി പ്രണയമോഹഭംഗം അരങ്ങേറിയ ഒരു പ്രദര്‍ശനശാലയായി അദ്ദേഹത്തിന്റെ മരണമുറി മാറുന്നത് ദൂരെ നിന്ന് നിസ്സഹായനായി ഞാന്‍ കണ്ടു.
ആ നിമിഷങ്ങളില്‍ അഴീക്കോട് മാഷ് എന്താവും കാംക്ഷിച്ചതെന്ന് കുറച്ചു ദിവസങ്ങളെങ്കിലും അടുത്ത കാലത്ത് ‘ചാകാന്‍ കിടന്ന’ എനിക്കു മറ്റാരേക്കാളും ആത്മാര്‍ത്ഥമായി മനസിലാക്കാന്‍ പറ്റും.
എനിക്കേറ്റവും ഇഷ്ടപ്പെട്ട മാഷിന്റെ ഒരു ഫലിതം കൂടി ഒന്നു കുറിച്ചുകൊള്ളട്ടെ.
‘’ ജനപ്രതിനിധികള്‍ വെറും പ്രതിനിധികള്‍ ആകുകയും ജനങ്ങളുടെ നിധികള്‍ അപഹരിച്ച് ‘ പ്രതികള്‍’ ആകുകയും ചെയ്യുന്ന അവസ്ഥയാണിന്നുള്ളത്’‘ സമകാലീന രാഷ്ട്രീയത്തെ ഇതിലപ്പുറം ആര്‍ക്കു വ്യാഖ്യാനിക്കാനാകും.
സാഗരഗര്‍ജ്ജനം നിലച്ചതില്‍ ഇപ്പോള്‍ വല്ലാത്ത ശൂന്യത തോന്നുന്നു. ആ സാഗരഗര്‍ജ്ജ്ജ്ജനത്തിനുള്ളീല്‍ ഒളി ചിതറുന്ന സംഗീതത്തെ ഞങ്ങള്‍ക്കു പരിചപ്പെടുത്തിയ പെരിങ്ങോട്ടു കുറിശ്ശി എന്ന സ്ഥലനാമം എന്റെ ഓര്‍മ്മച്ചെപ്പില്‍ തിരുകിയ ജയപ്രകാശിനു ആശംസകള്‍.
Azheekkodinte Falithangal
Samaharanam – Jayaprakash Peringottukurisi
D C Books
Rs – 120/-
Generated from archived content: book1_mar3_14.html Author: balachandramenon