കവിസംഗമം അഥവാ ഏഴുകവികൾ ഇന്ത്യൻ കോഫീഹൗസിൽ ഒത്തുകൂടിയ ദിവസം

വടക്കേച്ചിറ സ്‌റ്റാന്റ്‌

ഇന്ത്യൻ കോഫീഹൗസിലെ

ക്ലോറിൻചുവയുള്ള ചായ.

ഒരു മണിക്കൂറിലേറെ പരദൂഷണം.

അക്കാദമി അംഗത്വം,

കവിയരങ്ങുകൾക്കും ജാഥകൾക്കും

പഴയപോലെ ആളെ കിട്ടുന്നില്ലെന്ന

പല്ലവികൾ,

കിട്ടാതെപോയ അവാർഡിന്റെ ജാള്യങ്ങൾ,

വറ്റിക്കൊണ്ടിരിക്കുന്ന പ്രതിഭയെക്കുറിച്ചുള്ള

വേവലാതികൾ,

നളിനി ജമീലയുടെ ആത്മകഥയിലെ ഊഷ്മളതകൾ,

നഗരത്തിൽ ഒരനീതി നടക്കുമ്പോൾ

അവിടെ നടക്കാതെ പോകുന്ന

വിപ്ലവത്തെക്കുറിച്ചുള്ള പരിദേവനങ്ങൾ.

പെട്ടെന്നാണ്‌

കോഫീഹൗസിനു മുമ്പിൽ നിന്നിരുന്ന

ചുരിദാറണിഞ്ഞ സ്‌ത്രീയെ

ഒരു സംഘം ആളുകൾ വന്ന്‌

വിവസ്‌ത്രയാക്കാൻ തുടങ്ങിയത്‌.

അക്രമികളെ ചെറുത്ത

അവളുടെ പുരുഷനെ വെട്ടിവീഴ്‌ത്തിയത്‌

ബലം പ്രയോഗിച്ച്‌ അക്രമികൾ

അവളെ വണ്ടിയിൽ കയറ്റികൊണ്ടുപോകുമ്പോൾ

രക്ഷിക്കണേ രക്ഷിക്കണേ എന്നുള്ള

ആർത്തനാദം

അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു.

അക്രമികൾ അവിടെ നിന്നും മറഞ്ഞതിനേക്കാൾ

വേഗത്തിൽത്തന്നെ

കവികളും മറഞ്ഞു.

കവികൾ ഇപ്പോൾ

അക്കാദമിഹാളിൽ നടക്കുന്ന കവിയരങ്ങിൽ

പൂർവ്വാധികം ഭംഗിയായി കവിത വായിക്കുകയാണ്‌.

കവിയരങ്ങിനുശേഷം

അവരിൽ ഒരാൾ സിറ്റിസെന്റിൽ പോയി

ഗോൾഡ്‌ പാർക്കിൽ നിന്നും

ഭാര്യക്ക്‌ ഒരു കൈവള വാങ്ങിച്ചു

അയാൾക്ക്‌ ‘ചുരണ്ട്‌ ലോട്ടറി’യിൽ നിന്നും

അയ്യായിരം രൂപ കിട്ടി.

മൂന്ന്‌പേർ തട്ടുകടയിൽ നിന്നും

ബീഫ്‌റോസ്‌റ്റും ചപ്പാത്തിയും തിന്നു

ഏമ്പക്കം വിട്ടു.

മറ്റു രണ്ടുപേർ ഓട്ടോയിൽ കയറി

പ്രശസ്തമായ ബാർ അറ്റാച്ച്‌ഡ്‌

ഹോട്ടലിന്റെ പേരുപറഞ്ഞു.

ശേഷിച്ച ഒരു കവി

കവിയരങ്ങിനുശേഷം കിട്ടിയ കവർ തുറന്നു

എത്രരൂപയുണ്ടെന്ന്‌

എണ്ണി തിട്ടപ്പെടുത്തി

എങ്ങോട്ടേക്കാണ്‌

പോകേണ്ടതെന്നറിയാതെ

സന്ദേഹം കൊണ്ടു.

Generated from archived content: poem3_mar9_07.html Author: bakkar_methala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here