ബെഞ്ച്
കാലൊടിഞ്ഞത്
ചെരിഞ്ഞത്
അപ്പു
കുഞ്ഞാമിന
രാധടീച്ചർ + മാധവൻ മാഷ്
പച്ചില പഴുത്തില
എന്നിങ്ങനെ പലഭാഷകൾ
വരഞ്ഞിട്ടത്,
ബ്ലേഡുകൊണ്ടും
കോമ്പസ് കൊണ്ടും.
ബെഞ്ചിൻകാലിൽ
ചോക്കിന്റെ വെളുപ്പാൽ
പൂക്കളും കിളികളും
ഭംഗിയില്ലെങ്കിലും കരുത്തുള്ളത്
പഴയതെങ്കിലും ഐശ്വര്യമുള്ളത്
സർക്കാർ സ്‌കൂൾ പൂട്ടിയപ്പോൾ
ലേലത്തിനു വെച്ചത്.
മിക്കവാറും ഒരേജാതിക്കാർ പഠിക്കുന്ന
ഒരേ ജാതിക്കാർ പഠിപ്പിക്കുന്ന
അൺഎയ്‌ഡഡ്‌സ്‌കൂളിലെ
കുഷ്യനിട്ട കസേരകൾക്കിടയിൽ നിന്നും
ആരോവലിച്ചെറിഞ്ഞത്.
മതേതരത്വത്തിന്റെ ഈ ഒടിഞ്ഞബെഞ്ച്.
Generated from archived content: poem3_apr29_10.html Author: bakkar_methala