കേള്‍ക്കാം ചില ശബ്ദങ്ങള്‍
ഭൂമിയുടെ ഹൃദയത്തോട്
ചെവി ചേര്‍ത്തുവെക്കുമ്പോള്‍ കേള്‍ക്കാം
ചിലശബ്ദങ്ങള്‍
സാക്ഷാത്കരിക്കപ്പെടാത്ത പ്രണയവുമായി
ഭൂമിയില്‍ നിന്നും അപ്രത്യക്ഷരായ
ആത്മാവുകള്‍
ഇണചേരുന്നതിന്റെ കിതപ്പുകള്‍
ലാവയായ് പൊട്ടിയൊഴുകാന്‍ കൊതിക്കുന്ന
അഗ്നിയുടെ ഉഷ്ണഭരിതമായ
ഉത്കണഠ്കള്‍
രക്തസാക്ഷികളുടെ ആത്മാവുകളില്‍
ദൈവം കയ്യൊപ്പു ചാര്‍ത്തുന്നതിന്റെ
സംഗീതാത്മകമായ അനുരണനങ്ങള്‍
ഭൂമിയുടെ ഹൃദയത്തോട്
ചെവി ഒന്നുകൂടി ചേര്‍ത്തുവെച്ചാല്‍
പിന്നേയും
കേള്‍ക്കാം ചില ശബ്ദങ്ങള്‍
പൂവിന്റെ മണമായ് പുലരാന്‍ കൊതിക്കുന്ന
വിത്തുകള്‍ കണ്മിഴിക്കുന്ന
അതിലോലമായ സ്വരം.
ജലബിന്ദുക്കളുടെ ആലിംഗനങ്ങളില്‍
പുളകമണിയുന്ന മണ്‍തരികളുടെ
ഹര്‍ഷങ്ങള്‍
വേരുകളില്‍ പൊടിവേരുകള്‍ മുളപൊട്ടുന്നതിന്റെ
സൗമ്യസ്വരങ്ങള്‍
അങ്ങിനെയങ്ങിനെ, ഒരുപാടൊച്ചകള്‍…
അന്നമല്ലോബ്രഹ്മം
പ്രിയസഖീ,
നട്ടുച്ചവെയിലില്‍ നീ വാടിനില്‍ക്കുന്നുവോ
ഈ കുടക്കീഴെവരൂ ഒരുമിച്ചു യാത്രയാവാം
ഈപകല്‍വെളിച്ചത്തില്‍ വേണ്ട നക്ഷത്രങ്ങള്‍
വഴികാട്ടുവാന്‍, വഴിപിരിഞ്ഞവരെങ്കിലും നാം
വളവും തിരിവുമേറെയുള്ളൊരീവഴികളില്‍
പരസ്പരമൂന്നുവടികളായ് നടന്നീടാം.
നടന്നുനടന്നു നമുക്കെത്തണം, പണ്ട്
നമ്മള്‍ കിനാക്കണ്ടവള്ളിക്കുടിലിന്റെ മുമ്പില്‍
ശര്‍ക്കരപന്തലുകെട്ടണം സൗമ്യ-
സ്നേഹത്തിന്‍കുരുത്തോലപ്പൊളികളാല്‍
വെച്ചുവിളമ്പണം വിരുന്നൂട്ടണം നമ്മെ
പിന്തുടര്‍ന്നു തളര്‍ന്നവര്‍ക്കൊക്കെയും നിത്യം
അന്നമല്ലോ ബ്രഹ്മം-അതിനല്ലോ നമ്മള്‍
പടനയിച്ചതും പരസ്പരം പിരിഞ്ഞതും
വിശപ്പിന്നഗ്നിയൊന്നെന്നതേ സത്യം
അതില്‍വെന്തുപൊള്ളിയോരല്ലോനമ്മള്‍
നിന്റെ വഴി ശരിയെന്നു നീ ശഠിച്ചു
എന്റെവഴി ശരിയെന്നു ഞാനും പറഞ്ഞു
നമ്മള്‍തന്‍ കൊടികളിലെ ചിഹ്നങ്ങള്‍ മാറി
നമ്മള്‍തന്‍ ചൊടികളിലെ പുഞ്ചിരികള്‍ മാഞ്ഞു.
എല്ലാര്‍ക്കുമേറ്റുപാടാന്‍ പണ്ടുനാം പാടിയ പാട്ടിന്‍
ശീലുകള്‍, വൈരത്തിന്‍ മഞ്ഞിലുറഞ്ഞുപോയ്
ചുരം കയറുമോട്ടോറിക്ഷതന്‍ കിതപ്പുപോല്‍
വെറുതേകിതപ്പുകള്‍ തുപ്പിത്തീര്‍ത്ത രാത്രികള്‍
പരസ്പരം തോല്പിക്കുവാന്‍ പ്രതിജ്ഞ ചെയ്തവര്‍ നമ്മള്‍
ജയിച്ചതാരാണ് സഖീ നീയോ ഞാനോ?
ഇല്ലാരും ജയിച്ചില്ല, നമ്മളിരുവരും തോറ്റുപോയ്
അല്ലെങ്കിലീജയാപയജയങ്ങള്‍ക്കര്‍ത്ഥമെന്തു സഖീ?
നമ്മെ തോല്പിച്ചതാര്‍; നമുക്ക് കൊടിതന്നവര്‍ തന്നെ
നമ്മള്‍തന്‍ശോണസ്വപ്നങ്ങളുടച്ചതുമവര്‍തന്നെ
ഒടുവില്‍ നമ്മള്‍തന്‍ കൊടികള്‍ നിറംമങ്ങിവിളര്‍ക്കവേ
വന്നൊരാള്‍, തുറുകണ്ണന്‍ തൊപ്പിവച്ചവന്‍
പാതാളക്കുഴികളില്‍ നിന്നും
നമുക്കുകൊടിതന്നവന്‍ പറഞ്ഞു തുറുകണ്ണനതുനല്‍കുവാന്‍
എങ്കിലും സഖീ കൊടുത്തില്ല ഞാനും കൊടുത്തില്ല നീയും
ചേരികള്‍ വ്യത്യസ്തമെങ്കിലും നമ്മള്‍തന്‍
ചോരയ്ക്ക് നിറം കടുംചുവപ്പല്ലയോ
നെഞ്ചോടുചേര്‍ത്തുവച്ചുനാം കൊടികള്‍
ചങ്കുപൊട്ടുമാറുച്ചത്തില്പ്പറഞ്ഞു
ഇതുഞങ്ങള്‍തന്‍ ചങ്കിലെ ചെഞ്ചോരയാല്‍
ചുവപ്പിച്ചപൊന്‍കൊടിയോര്‍ക്കണം നീ
ഇക്കൊടിയില്‍ പൊതിഞ്ഞുകൊണ്ടുപോകണം ഞങ്ങളെ
തരില്ലല്ലാതൊരിക്കലുമിക്കൊടി
സംഗരത്തിനൊടുവില്‍ തളര്‍ന്നു വീണു നാം
സങ്കടങ്ങള്‍ക്കിടയിലും ചുരുണ്ടിരുന്നുമുഷ്ടികള്‍
നമ്മള്‍ പാടിയതത്രയും നോവുന്നോര്‍ക്കുവേണ്ടി
എങ്കിലും കൊടികൊണ്ടുപോയി തുറുകണ്ണന്‍രാക്ഷസന്‍
വടികള്‍മാത്രംശേഷിച്ചു നമ്മള്‍തന്‍ കയ്യില്‍
നമുക്കിന്നീ വടികളിലൂന്നിനടന്നിടാം തീക്ഷ്ണമായ്
വാഗ്ദത്തഭൂമികള്‍ അകലെയാണെങ്കിലും
പരസ്പരം താങ്ങുംതണലുമായ് യാത്രതുടര്‍ന്നിടാം
അതിനിടയിലീവടികള്‍ മുനകൂര്‍പ്പിക്കണം
ചൂഴ്ന്നെടുക്കണമവന്റെ തുറുക്കണ്ണുകള്‍
ചവിട്ടിത്താഴ്ത്തണമവനെ പാതാള ബോധങ്ങളില്‍
വിജയനടനമാടണം: ഭൂമിക്കുമേല്‍
തീയില്‍കുരുത്തവള്‍ നീ, വാടില്ല നട്ടുച്ചയിലെന്നറിയാം
എങ്കിലും ചേര്‍ന്നുനില്‍ക്കുക മന്ദഹാസത്തിന്‍ അമ്പിളിക്കുളിരുമായ്
ആഞ്ഞുനടന്നിടാം ഇനിയെന്റെ പ്രിയസഖീ
നമ്മള്‍കിനാക്കണ്ടസൗവര്‍ണ്ണപുഷ്പം ഇറുക്കുവാന്‍.
Generated from archived content: poem2_aug8_11.html Author: bakkar_methala
Click this button or press Ctrl+G to toggle between Malayalam and English