കവിതമരം

ഒടുവിൽ എല്ലാവരാലും നിരാകരിക്കപ്പെട്ട

എന്റെ കവിത ഞാൻ മണ്ണിൽ കുഴിച്ചിട്ടു

പിറ്റെ ദിവസം അവിടെ വളരെ വലിയ

ഒരു മരം മുളച്ചുപൊന്തി

അതിൽ ചുവന്നപൂക്കളും നക്ഷത്രങ്ങളും

ഇടകലർന്ന്‌ പൂത്തുനിന്നു

അതിന്റെ ഹരിതപത്രങ്ങളിലെല്ലാം

കവിതകളിലെ വരികൾ ആലേഖനം ചെയ്യപ്പെട്ടിരുന്നു.

ധാരാളം കിളികൾ മരത്തിൽ വരികയും

കവിതകൾപാടുകയും ചെയ്‌തു

സൂര്യരശ്‌മികളും ചിത്രശലഭങ്ങളും ചേർന്ന്‌

മരത്തിന്റെ ചില്ലകളെ അലങ്കരിച്ചു

മരത്തിനു കീഴെ പ്രണയികൾ ധാരാളമെത്തുകയും

ഇണകളുമായി ലീലകളിലേർപ്പെടുകയും ചെയ്‌തു.

പോരാളികൾ മരത്തണലിലിരുന്ന്‌

കവിതകൾ കുടിച്ച്‌ ക്ഷീണം തീർത്ത്‌

വീണ്ടും പടക്കളത്തിലിറങ്ങി.

ഇനിയും ഇതുപോലെയുള്ള കവിതകളെഴുതിയാൽ

ജയിലലടക്കുമെന്ന്‌പറഞ്ഞ്‌

എന്നെ ഭീഷണിപ്പെടുത്തിയ പോലീസുകാരൻ

ഭ്രാന്തനായി മാറി.

അയാൾ കവിതമരത്തിന്റെ തണലിലിരുന്ന്‌

കരയുകയും വൃത്തികെട്ട ചേഷ്‌ടകൾ കാണിക്കുകയും

ഭിക്ഷയാചിക്കുകയും ചെയ്‌തു.

പാർട്ടിക്കാരനല്ലാത്തതുകൊണ്ട്‌

എന്റെ വരികളിൽ കവിതയില്ലെന്ന്‌

കണ്ണു തുറപ്പിച്ച സാഹിത്യഅക്കാദമിസെക്രട്ടറി

ഒരു ദിവസം

കവിതമരത്തിന്റെ കൊമ്പിൽ തൂങ്ങിച്ചത്തു

അപ്പോഴൊക്കെ കവിതമരം

വളർന്നു കൊണ്ടേയിരുന്നു.

Generated from archived content: poem1_mar18_11.html Author: bakkar_methala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here