എന്റെ പേഴ്‌സും അതിലുണ്ടായിരുന്ന രൂപയും മോഷണം പോയി. ഇന്നലെ വൈകുന്നേരം ഷർട്ട് ഊരിയിടുമ്പോൾ അതിന്റെ പോക്കറ്റിൽത്തന്നെ പേഴ്‌സ് ഉണ്ടായിരുന്നെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. കുറേ ടെലിഫോൺ കാർഡുകളും ടെലിഫോൺ കാർഡ് വിറ്റ കാശും ഉൾപ്പെടെ മൊത്തത്തിൽ നോക്കിയാൽ വലിയൊരു തുകയാണ് മോഷണം പോയത്.
ഈ വിവരം പോലീസിൽ അറിയിച്ചതും ഞാൻ തന്നെയാണ്. പോലീസുകാർ ഞങ്ങളുടെ ഫ്‌ളാറ്റിലേക്ക് വരുന്നതു കണ്ട് അടുത്ത ഫ്‌ളാറ്റുകളിൽ നിന്നൊക്കെ ആൾക്കാർ കാര്യം അറിയാനായി വന്നു കൂടി.
രണ്ട് അറബിപ്പോലീസുകാരും പാകിസ്ഥാനി ഡ്രൈവറും പിന്നെ ഒരു മലയാളിപ്പോലീസുകാരനും. മലയാളിപ്പോലീസുകാരൻ കൂടെയുള്ളതു നന്നായി. ഞാൻ നടന്ന സംഭവം മലയാളിപ്പോലീസുകാരനോടു പറഞ്ഞു. അദ്ദേഹമത് അറബിയിലാക്കി മറ്റു പോലീസുകാർക്ക് പറഞ്ഞു കൊടുത്തു. അറബിയിൽ തന്നെയാണ് എല്ലാം എഴുതിയെടുത്തതും.
എന്റെ പേഴ്‌സ് മോഷ്‌ടിച്ചത് എന്നെ അറിയാവുന്നവർ ആരോ ആണെന്നുള്ള കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. പുറത്തു നിന്നും മറ്റൊരാൾ റൂമിലെത്തി മോഷണം നടത്തിയതിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല.
നിങ്ങൾ നാലുപേരല്ലിയോ ഈ റൂമിൽ താമസിക്കുന്നത്, അതിൽ ആരെയെങ്കിലും നിനക്ക് സംശയം ഉണ്ടോ ? മലയാളിപ്പോലീസുകാരൻ ചോദിച്ചു.
ഇല്ല എനിക്കാരെയും സംശയം ഇല്ല. മറുപടിക്കായി എനിക്കൊട്ടും ആലോചിക്കേണ്ടി വന്നില്ല.
ഞാൻ ആരെ സംശയിക്കാനാണ് ?
സപ്ലേ കമ്പനിയിൽ ഒരു സാദാ പെയിന്ററായ എനിക്ക് കിട്ടുന്ന ശമ്പളം എത്രയെന്ന് എല്ലാവർക്കും അറിയാം. നാട്ടിൽ പ്രായമായ അച്‌ഛനും അമ്മയും, പ്രായപൂർത്തിയായ അനുജന്മാർ ഇപ്പോഴും പഠിക്കുകയാണ്. വീടിനോടുചേർന്ന് ഒരു മുറി കൂടി ഇറക്കിയിട്ട് കല്ല്യാണം കഴിക്കാമെന്നു വിചാരിച്ച് കാത്തിരുന്ന് വയസ്സ് മുപ്പത്തി നാലായി. അടുത്ത ലീവിനു മുമ്പെങ്കിലും ഒരു മുറികൂടി പണിയുക ഒരു സ്വപ്‌നമാണ്.
ഒരൽപം അധിക വരുമാനം ഉണ്ടാക്കാൻ വേണ്ടിയാണ് ടെലിഫോൺ കാർഡിന്റെ വില്‌പന ആരംഭിച്ചത്. ഒരു നാട്ടുകാരൻ സുഹൃത്തിന്റെ സഹായത്താൽ ടെലിഫോൺ കാർഡുകൾ കടയിൽ നിന്നും കടമായി കിട്ടും, അതു വിറ്റുകഴിഞ്ഞ് പണം കൊടുത്താൽ മതി. എനിക്ക് സൈറ്റിൽ ഒത്തിരി പരിചയക്കാർ ഉള്ളതിനാൽ ടെലിഫോൺ കാർഡിന്റെ പാർട്ട് ടൈം ബിസ്സിനസ്സ് ഒരുവിധം കുഴപ്പമില്ലാതെ നടക്കുന്നുണ്ട്.
നാൽപ്പതു ദിനാർ ശമ്പളം കിട്ടുന്ന എന്റെ സുഹൃത്തുക്കൾ പലരും ശമ്പളത്തിന്റെ പകുതിയും ടെലിഫോൺ ചെയ്യാനാണ് ചെലവാക്കുന്നത്. മൂന്നു നേരവും കുപ്പൂസും തൈരും മാത്രം കഴിച്ചിട്ടായാലും നാട്ടിലുള്ള ഭാര്യയുടേയും മക്കളുടേയും ശബ്‌ദം കേൾക്കാൻ എല്ലാവർക്കും കൊതിയാണ്.
ഇക്കാലത്ത് ആരാ ഈ ഗൾഫിൽ പാർട്ട് ടൈം ജോലി ചെയ്യാത്തത്? രണ്ടു ഷിഫ്‌റ്റ് ജോലിചെയ്യാനവസരം കിട്ടിയാലും സന്തോഷത്തോടെ ചെയ്യും. പതിനാറ് മണിക്കൂർ ജോലി ചെയ്‌താലെന്താ രണ്ടാളുടെ ശമ്പളം കിട്ടുമല്ലോ ?
എന്റെ റൂമിൽ താമസിക്കുന്ന സുനിൽ ജോലി കഴിഞ്ഞാൽ കാറു കഴുകാൻ പോയിരുന്നു. വഴിയോരങ്ങളിൽ കിടന്നിരുന്ന കാറുകൾ കഴുകുമ്പോൾ നാട്ടുകാർ കാണുമെന്നോ, അവർ കണ്ടാൽ തന്നെ കുറച്ചു കാണുമോ എന്നുള്ള വിചാരങ്ങളൊന്നും സുനിലിനു ബാധകമല്ല. ആരുടേയും പിടിച്ചു പറിക്കാതെയും മോഷ്‌ടിക്കാതെയും അദ്ധ്വാനിച്ച് ജീവിക്കുന്നതിൽ അവൻ അഭിമാനം കൊണ്ടിരുന്നു. മോശം പറയരുതല്ലോ , അവനു ജോലിയിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഇരട്ടി ഓരോദിവസവും അവൻ കാറു കഴുകി ഉണ്ടാക്കുമായിരുന്നു. ആറുമാസം മുൻപ് അവന്റെ വിവാഹം കഴിഞ്ഞതോടുകൂടി ദുരഭിമാനം അവനെ പിടികൂടി. നാട്ടിലുള്ള ഭാര്യയെങ്ങാനും താനിവിടെ കാറു കഴുകിയാണ് ജീവിക്കുന്നതെന്ന് അറിഞ്ഞാൽ മോശമാണല്ലോ എന്ന വിചാരത്തിൽ ഇപ്പോൾ കാറുകൾ കഴുകാൻ പോകാറില്ല. കാറുകഴുകുന്ന ജോലി ഇപ്പോൾ കൂടുതലും ബംഗാളികൾ ഏറ്റെടുത്തു. സുനിൽ ഒരല്‌പം കൂടി സ്‌റ്റാറ്റസുള്ള പാർട്ട് ടൈം ജോലി അന്വേക്ഷിക്കുന്നുണ്ട്.
എനിക്ക് സുനിലിനെ സംശയമൊന്നുമില്ല. അവൻ എന്റെ പേഴ്‌സ് മോഷ്‌ടിക്കുമോ ?
പിന്നെ റൂമിലുള്ളത് തോമസ്സാണ്. എട്ടുമണിക്കൂർ ജോലികഴിഞ്ഞാൽ നേരെ ബാറിലേക്കു പോകുന്ന തോമസ്സ്. തോമസ്സ് ബാറിൽ പോകുന്നത് കുടിക്കാനല്ല, അവിടെയും എട്ടു മണിക്കൂർ പാർട്ട് ടൈം. തോമസ്സ് കുടിക്കില്ലെന്നതാണ് ബാറിലെ കാഷ്യറായി പാർട്ട് ടൈം ജോലി കൊടുക്കാൻ അവർ കണ്ട പ്രധാന യോഗ്യത. തോമസ്സ് അറുപിശുക്കനായതു കൊണ്ടാണ് കുടിക്കുകയും വലിക്കുകയും ചെയ്യാത്തതെന്നാണ് എനിക്ക് തോന്നീട്ടുള്ളത്. ഒരു പൈസാപോലും അനാവശ്യമായി ചെലവാക്കാതെ കിട്ടുന്നതു മുഴുവൻ ഡ്രാഫ്‌റ്റാക്കി നാട്ടിലേക്ക് അയയ്‌ക്കുന്ന ദിവസം തോമസ്സിന്റെ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയാണ്.
പോലീസ് സുനിലിനേയും തോമസ്സിനേയും ചോദ്യം ചെയ്‌തു. അവരുടെ കബോർഡും പെട്ടിയും മറ്റും പരിശോധിച്ചു. ഞാൻ മുറിയാകെ ഒന്നുകൂടി പരിശോധിച്ചു. മോഷണമുതൽ കണ്ടെത്താനായില്ല.
പിന്നെ റൂമിൽ ഞങ്ങളോടൊപ്പം താമസിക്കുന്നത് അഷ്‌റഫാണ്. അഷ്‌റഫിനു പാർട്ട് ടൈം ജോലിയൊന്നുമില്ലെങ്കിലും അവൻ എല്ലാരെക്കാളും ബിസ്സിയാണ്. സാമൂഹ്യ സേവനമാണ് അവന്റെ പ്രധാന പരിപാടി. ഈ ഗൾഫിൽ ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കാൻ കഷ്‌ടപ്പെടുന്നവർക്ക് ആശ്വാസമരുളുവാൻ ഓടിനടക്കുകയാണ്. തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് അവൻ മിക്കപ്പോഴും. ആര് എന്തു സഹായം ചോദിച്ചാലും ചെയ്തുകൊടുക്കും. പ്രയാസത്തിലിരിക്കുന്നവരെ സാന്ത്വനിപ്പിക്കുവാൻ അഷ്‌റഫിനു പ്രത്യേക കഴിവുണ്ട്. കഴിഞ്ഞ ഇരുപത്തി രണ്ടു വർഷമായി നാട്ടിൽ പോകാതിരുന്ന മല്ലപ്പള്ളിക്കാരന് നാട്ടിൽ പോകാൻ വഴിയൊരുക്കിയവരുടെ കൂട്ടത്തിൽ അഷ്‌റഫാണ് മുന്നിലുണ്ടായിരുന്നത്.
ദൈവമേ ഇനിം അഷ്‌റഫെങ്ങാനും എന്റെ പേഴ്‌സ് മോഷ്‌ടിച്ചിരിക്കുമോ ? ഏയ്… അഷറഫ് അങ്ങനെ ചെയ്യുമോ..? ഇല്ല അവനങ്ങനെ ചെയ്യില്ല.
അവരുപോലും അറിയാതെ മറ്റുള്ളവരുടെ പേനയും പെൻസിലും തുടങ്ങിയ ചെറിയ സാധനങ്ങൾ കൈക്കലാക്കുന്ന ഒരു അസുഖത്തെപ്പറ്റി കഴിഞ്ഞദിവസം റേഡിയോയിൽ കേട്ടു… ആ അസുഖമെങ്ങാനും അഷ്‌റഫിനുണ്ടാകുമോ ? എന്തായാലും അഷറഫ് പിടിക്കപ്പെടുവാൻ ഞാൻ ആഗ്രഹിച്ചില്ല. ഞാനെന്നല്ല അവിടെക്കൂടിനിന്നവർ ആരും അഷ്‌റഫാണ് മോഷ്‌ടാവെന്ന് കേൾക്കാൻ ആഗ്രഹിച്ചില്ല.
അത്രയ്‌ക്ക് നല്ലവനാണ് അഷറഫ്. എനിക്ക് റൂമിൽ താമസിക്കുന്നവരിൽ കൂടുതൽ അടുപ്പവും അഷ്‌റഫിനോടാണ്.
ഞാൻ പോലീസിനോടു പറഞ്ഞു.
എനിക്ക് പരാതിയൊന്നുമില്ല പോയത് പോകട്ടെ.
പോലീസുകാർ സമ്മതിച്ചില്ല.
ഞങ്ങൾ ഏറ്റെടുത്ത കേസ് തെളിയിക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ്.
പോലീസുകാർ അവിടെ കൂടി നിന്നവരിൽ സംശയമുള്ളവരെയൊക്കെ ചോദ്യം ചെയ്‌തു.
പോലീസുകാർക്ക്, കള്ളലക്ഷണമുള്ള മുഖം കണ്ടാലറിയാമത്രേ !
മലയാളി പോലീസുകാരൻ വീണ്ടും എന്നോടായി ചോദ്യങ്ങൾ.
ഇന്നലെ നീ ജോലി കഴിഞ്ഞ് എവിടൊക്കെ പോയി.
ഇല്ല, ഞാനെങ്ങും പോയില്ല. ഞാൻ കള്ളം പറയാൻ ശ്രമിച്ചു.
അല്ല നിന്റെ മുഖം പറയുന്നല്ലോ നീ എവിടെയോ പോയെന്ന്.
ഞാൻ ഹോസ്‌പിറ്റൽവരെപ്പോയി.
അവിടെ ആരാ ? ….
അവിടെ കാന്റീനിൽ പോയി ഒരു ജൂസു കുടിച്ചു.
ഒറ്റയ്‌ക്കാണോ പോയത്.
അതേ….. അല്ല….. അവിടെ ജോലിചെയ്യുന്ന എന്റെ നാട്ടുകാരി ഒരു പെണ്ണും ഉണ്ടായിരുന്നു.
നിങ്ങൾ ജൂസുകുടിച്ചതേയുള്ളോ?
അല്ല കുറേ നേരം നാട്ടുകാര്യങ്ങളും പറഞ്ഞിരുന്നു.
പോലീസ്സുകാരായ ഞങ്ങളിൽ നിന്ന് ഒന്നും ഒളിക്കരുത്, എന്താ നിങ്ങൾ തമ്മിൽ പ്രേമമാണോ?
അല്ല സാർ പ്രേമമൊന്നുമല്ല, അവളുടെ മനസ്സിൽ അങ്ങനെ വല്ലതും ഉണ്ടോന്നറിയാൻ പോയതാ.
ഇന്നലെ പിന്നീട് എവിടെ പ്പോയി.
ഇല്ല സാർ വേറെങ്ങും പോയില്ല, റൂമിലേക്ക് തിരിച്ചു പോന്നു.
എന്റെ മനസ്സിൽ മാത്രം ഉണ്ടായിരുന്ന പ്രേമം പ്രണയിനി പോലും അറിയുന്നതിനു മുൻപേ പോലീസുകാരുടെ മുൻപിൽ വെളിപ്പെടുത്തേണ്ടി വന്നു. കേട്ടു നിന്ന നാട്ടുകാർക്കൊക്കെ മനസ്സിലായി ഹോസ്‌പിറ്റലിൽ ജോലി ചെയ്യുന്ന എന്റെ നാട്ടുകാരിപെണ്ണ് ആരാണെന്ന്.
പെയിന്ററായ ഞാൻ പുളിങ്കൊമ്പിലാണ് പിടിക്കാൻ നോക്കുന്നതെന്ന് അവർ മനസ്സിൽ പറഞ്ഞു കാണും.
അഷറഫ് വരരുതേയെന്നും പോലീസുകാർ എത്രയും വേഗം പോകണേയെന്നും ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു.
വിവരങ്ങളൊന്നും അറിയാതെ അഷ്‌റഫ് റൂമിലേക്ക് വരുന്നതു കണ്ടപ്പോൾ എന്റെ മനസ്സു പിടഞ്ഞു.
ദൈവമേ….. എന്റെ സ്‌നേഹിതൻ പിടിക്കപ്പെടരുതേ.
മലയാളിപ്പോലീസുകാരൻ അഷ്‌റഫിനോടായി ചോദ്യങ്ങൾ.
ഇങ്ങോട്ടു നീങ്ങി നിൽക്കെടാ… നീയിവന്റെ പേഴ്‌സ് എടുത്തോ?
ഞാൻ അഞ്ചുനേരം നിസ്‌ക്കരിക്കുന്ന മുസ്‌ളീമാണ്, കളവു പറയുന്നതും മോഷണം നടത്തുന്നതും ഞങ്ങൾക്ക് ഹറാമാണ്. നിസ്‌ക്കാരത്തഴമ്പുള്ള ഞാനത് ചെയ്യില്ല.
പോലീസ് അഷ്‌റഫിനെ പരിശോധിച്ചു. ആരും പ്രതീക്ഷിക്കാത്തത് സംഭവിച്ചു. അവന്റെ പോക്കറ്റിൽ നിന്ന് എന്റെ പേഴ്‌സും ടെലിഫോൺ കാർഡുകളും (തൊണ്ടി മുതൽ) കണ്ടെടുത്തു.
അഷ്‌റഫിനെ പോലീസ് ജീപ്പിൽ കയറ്റുമ്പോൾ അവൻ മോഷ്‌ടിച്ചിട്ടില്ല ആരോ അവനെ ചതിച്ചതാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.
കൂടി നിന്നവർ മൂക്കത്ത് വിരൽ വെച്ച് ഓരോന്നു പറഞ്ഞു.
കള്ളൻ സാമൂഹ്യ പ്രവർത്തനവുമായി നടക്കുന്നു.
സാമൂഹ്യ പ്രവർത്തനത്തിന്റെ മറവിൽ മോഷണമാണിവന്റെ പരിപാടി.
എവിടുന്നൊക്കെ എന്തോക്കെ കട്ടിട്ടുണ്ടെന്ന് ആർക്കറിയാം.
പിറ്റേന്ന് വക്കീലിന്റെ കൂടെ ഞാനും പോലീസ് സ്‌റ്റേഷനിൽ പോയി. എനിക്കു പരാതിയൊന്നുമില്ലെന്ന് എഴുതിക്കൊടുത്തിട്ടും വളരെ പ്രയാസപ്പെട്ടാണ് പോലീസുകാർ അഷറഫിനെ വിട്ടത്.
ഞങ്ങൾ റൂമിൽ വന്നു.
ആർക്കും ആരുടേയും മുഖത്തു നോക്കാനായില്ല.
ഞങ്ങൾ നാലു പേർക്കും ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല.
പക്ഷേ നാട്ടുകാർക്ക് സംസാരിക്കാൻ ഒത്തിരിയുണ്ടായിരുന്നു.
അവർ അഷ്‌റഫിനെ സ്‌നേഹിച്ചതിന്റെ പതിന്മടങ്ങ് വെറുക്കാൻ തൂടങ്ങി.
കള്ളൻ അഷ്‌റഫിന്റെ സേവനം ഇനിയും ആർക്കു വേണം?
അഷ്‌റഫ് അന്നു തന്നെ കമ്പനി അക്കോമഡേഷനിലേക്ക് താമസം മാറി.
രാത്രിയിൽ കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല. കാരണം അവൻ കള്ളനല്ലെന്ന് എനിക്കുമാത്രമേ അറിയൂ. അഷ്‌റഫ് പിടിക്കപ്പെട്ടപ്പോൾ ഞാനത് ഓർത്തിരുന്നെങ്കിലും പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല.
ഞാൻ ഇന്നലെ എന്റെ നാട്ടുകാരിപെണ്ണിനെക്കാണാൻ പോയത് അഷ്‌റഫിന്റെ പാന്റും ഉടുപ്പും ഇട്ടാണ്. എന്റെ ഉടുപ്പുകളെല്ലാം പഴയതും പെയിന്റിന്റെ മണമുള്ളതുമായതിനാൽ അഷറഫിനോടു പോലും ചോദിക്കാതെയാണ് അവന്റെ പുതിയ പാന്റും ഉടുപ്പും ഞാൻ ഇട്ടോണ്ടു പോയത്. വന്നപ്പോൾ പേഴ്‌സും മറ്റും അതിൽ നിന്ന് എടുത്തുമാറ്റാൻ മറന്നു പോയത് ഇത്രയും പുലിവാലാകുമെന്ന് വിചാരിച്ചില്ല.
ഞാൻ രാവിലേ തന്നെ എഴുന്നേറ്റ് കമ്പനി അക്കോമഡേഷനിലേക്ക് പോയി. അഷ്‌റഫിനെക്കാണണം എല്ലാം അവനോടു തുറന്നു പറഞ്ഞ് മാപ്പിരക്കണം.
അഷ്‌റഫിന്റെ റൂമിന്റെ മുൻപിൽ വലിയ ആൾക്കൂട്ടം.
അഷ്‌റഫ് കഴിഞ്ഞ രാത്രിയിലെപ്പോഴോ ആത്മഹത്യ ചെയ്തു.
കള്ളൻ സാമൂഹ്യ പ്രവർത്തകൻ ജീവിച്ചിരിക്കുന്നതിലും നല്ലത് മരിക്കുന്നതാ.
ആരോ പറഞ്ഞു.
ഞാനാണ് അവനെ കള്ളനാക്കിയത്.
ഇപ്പോൾ ഞാനൊരു കൊലപാതകിയും?
എനിക്ക് ഒന്നും ആരോടും പറയാനുള്ള ധൈര്യം ഇല്ലായിരുന്നു.
നെഞ്ചിൽ നീറുന്ന നെരിപ്പോടുമായി ഞാൻ തിരിഞ്ഞു നടന്നു.
Generated from archived content: story8_sept26_08.html Author: baji_odamveli