കളഞ്ഞുപോയ കഥ

 

 

 

ദേശാടനകിളികൾ ചേക്കേറുന്ന കൃഷ്‌ണൻ തുരുത്തിലേക്കാണ്‌ ആ യാത്രാ ബോട്ട്‌ പോയത്‌. വേമ്പനാട്ടു കായലിലെ ഒറ്റപ്പെട്ട ദ്വീപുകളിൽ ഒന്നാണ്‌ ആൾ താമസം കുറവായ കൃഷ്‌ണൻ തുരുത്ത്‌. അമ്പതുകൊല്ലങ്ങൾക്ക്‌ മുമ്പ്‌ പ്രശസ്‌ത പക്ഷിനിരീക്ഷകനായ ഡോ. സലിം അലി കണ്ണാടിപോലെ തെളിഞ്ഞ ജലത്താൽ നിറഞ്ഞ കായൽ എന്നു പറഞ്ഞ വേമ്പനാട്ട്‌ കായൽ. ഇന്ന്‌ മലിനീകരണത്താൽ മരണത്തിന്‌ വഴിപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇനി അമ്പത്‌ കൊല്ലം കഴിയുമ്പോൾ കായൽ നികന്നു പോകുമെന്ന്‌ സലിം അലി തന്നെ പിന്നീട്‌ പറയുകയുണ്ടായി. രാവിലെയും വൈകിട്ടും മാത്രമേ കൃഷ്‌ണൻ തുരുത്ത്‌ ചുറ്റി യാത്രാബോട്ടുകൾ പോകുന്നത്‌. ഒരു കൊയ്‌ത്തുകാലത്തെ ഉച്ചമയക്കമുള്ള നേരം.

ആദ്യമായിട്ടാണ്‌ അയാൾ ബോട്ടിൽ സഞ്ചരിക്കുന്നത്‌. നഗരത്തിൽ ജനിച്ചുവളർന്ന അയാൾക്ക്‌ ബോട്ടുകൾ ഒരു പുതിയ അനുഭവമായിരുന്നു. ഇടതുപക്ഷ സാഹിത്യസംഘടന നടത്തിയ ക്യാമ്പിൽ വെച്ചായിരുന്നു ആ സ്‌ത്രീയെ കണ്ടതും പരിചയപ്പെട്ടതും. അവൾ മനോഹരമായി കവിതയെഴുതുമായിരുന്നു. കേന്ദ്രസർക്കാർ സ്‌ഥാപനത്തിലെ ഉദ്യോഗസ്‌ഥയായിരുന്നു അവൾ. ആ ചെറിയ പരിചയം വളർന്നു വലുതായി. വല്ലപ്പോഴും ഫോണിൽ വിളിക്കും. അവൾ അവിവാഹിതയായിരുന്നു. അയാളും വിവാഹം കഴിച്ചിട്ടില്ലായിരുന്നു. നഗരത്തിലെ പ്രധാനപ്പെട്ട തെരുവിൽ അച്ഛൻ നടത്തിയിരുന്ന അച്ചടി ശാലയിൽ ജോലി ചെയ്‌തു പോന്നിരുന്ന കാലം. കാറ്റും, മഴയും, വെയിലും, മഞ്ഞും, വിതയ്‌ക്കുമ്പോഴും കൊയ്യുമ്പോഴും അച്ഛനും അമ്മയും നടന്നു മറയുമ്പോഴും അയാൾ ഏകാന്തതയുടെ തടവറയിൽ സ്വയം ശിക്ഷയൊരുക്കി ജീവിച്ചു.

അവൾ അയാളോട്‌ പുതിയ കഥയെക്കുറിച്ച്‌ ചോദിച്ചു. “അയാൾ ഓർമ്മകളുടെ തുരുത്തിൽ ചങ്ങാടം നഷ്‌ടപ്പെട്ട കുട്ടിയെ പോലെ വിഷമിച്ചിരിക്കുകയായിരുന്നു.” അന്നേരം അയാളെ പത്രപ്രവർത്തകനും കഥാകൃത്തുമായ അയാൾ കൈകൊട്ടിവിളിച്ചു. അയാൾ ചെറിയൊരു നാണത്തോടെ മിഴിച്ചുനോക്കി. അവൾ പൊട്ടിച്ചിരിച്ചു. ബോട്ടിൽ യാത്രക്കാർ കുറവായിരുന്നു. കായലിൽ ഹൗസ്‌ ബോട്ടുകൾ തലങ്ങും വിലങ്ങും നൃത്തം വെച്ചു. അയാൾ ഒരു സിഗററ്റിന്‌ തീ കൊളുത്തി പുകയൂതി. പിന്നെ പരിസരബോധത്താൽ കത്തിച്ച സിഗററ്റ്‌ കായലിലേക്ക്‌ എറിഞ്ഞു.

അടുത്ത ജെട്ടിയിൽ നമ്മൾ ഇറങ്ങും. ദാ കാണുന്നതാണ്‌ കൃഷ്‌ണൻ തുരുത്ത്‌. അവൾ കൈചൂണ്ടി –

“എന്റെ വീട്ടിൽ ഇപ്പോൾ നിറയെ ആൾക്കാർ കാണും -” അയാൾ ചോദിച്ചു.

“എന്തിനാ – ആൾക്കാർ വരുന്നത്‌”?

‘മാഷിനെ കാണാനും, മാഷിന്റെ കഥ കേൾക്കാനും’ അയാൾ ചിരിച്ചു.

അതിന്‌ ഞാൻ ബഷീറോ, എം.ടി.യോ അല്ലല്ലോ….? എങ്കിലും ഞങ്ങൾ ഇഷ്‌ടപ്പെടുന്ന എഴുത്തുകാരനാ – ഒരുനാൾ അവരേക്കാൾ മുകളിലെത്തും…..“

അവൾ നിറഞ്ഞ അഭിമാനത്തോടെ അയാളെ നോക്കി, പത്രക്കാരൻ കഥാകൃത്ത്‌ പറഞ്ഞു.

ഇയാള്‌ ബഷീറിനേക്കാൾ വല്യ എഴുത്തുകാരൻ തന്ന്യാ – ചെറിയ പ്രായത്തിലേ എത്ര അവാർഡാ വാങ്ങിയത്‌. എഴുതിയ കഥകൾക്ക്‌ എല്ലാം അവാർഡ്‌.

അയാൾ – പത്രക്കാരൻ കഥാകൃത്തിനെ രൂക്ഷമായി നോക്കി. ഒന്നു മിണ്ടാതിരിയേടോ – അസൂയക്കാരാ – ഇതൊന്നും കഥയല്ല – ഇനി എഴുതാൻ പോകുന്നതാണ്‌ കഥ‘.

ബോട്ട്‌ ജെട്ടിയിൽ എത്തി. അവൾ ആദ്യമിറങ്ങി. കൈകൊടുത്തു ബോട്ടിൽ നിന്നും അയാളെ ഇറക്കി. പുറകേ വിപ്ലവകാരിയായ കവിയും പത്രക്കാരൻ കഥാകൃത്തും നാടകക്കാരനും പ്രായംകുറഞ്ഞ ’ഡൊക്യുമെന്ററി ഡയറക്‌ടറും‘ ഡോക്‌ടറായ നോവലിസ്‌റ്റും ഇറങ്ങി.

നാലുവശവും ജലസമൃദ്ധം. ഏതോ ആഫ്രിക്കൻ രാജ്യത്ത്‌ എത്തിചേർന്ന പ്രതീതി. വയൽവരമ്പിലൂടെ നടന്ന്‌ ഇരുനില വീടിന്റെ മുന്നിലെത്തി. വീടിന്റെ വരാന്തയിൽ, തുരുത്തിലെ കഥകേൾക്കാൻ താല്‌പര്യമുള്ള ജനകൂട്ടം. അവൾ എല്ലാവർക്കും എഴത്തുകാരനെ പരിചയപ്പെടുത്തി.

അയാൾ സംസാരിച്ചു.

അവൾ കേട്ടിരുന്നു.

മൗനം – മാന്ത്രികതയുടെ താഴ്‌വാരം അവർക്ക്‌ മുന്നിൽ തുറക്കപ്പെട്ടു. അയാൾ കഥവായിച്ചു കഴിഞ്ഞപ്പോൾ നിർത്താതെയുള്ള കൈയടിമുഴങ്ങി. അയാളുടെ ഏറ്റവും പുതിയ കഥയാണ്‌ വായിച്ചത്‌. വായനയുടെ ലഹരിയിൽ കഥയുടെ കൈയെഴുത്തുപ്രതി എവിടെയോ വെച്ചു…..

”നിറഞ്ഞ സന്ധ്യ ഇത്രയും സുന്ദരിയാണോ -’ മടക്കയാത്രയിൽ ബോട്ടുജെട്ടിയിലേക്ക്‌ നടക്കുമ്പോൾ അയാൾ ചോദിച്ചു. അവൾ നാണിച്ചു. ഒരുവേള കണ്ണിൽ വജ്രം പോലെ തിളങ്ങിനിന്നു പ്രണയം. അകലെനിന്നു അയാൾ കണ്ടു- കൃഷ്‌ണൻ തുരുത്തിനെ ലക്ഷ്യമാക്കി വരുന്ന ബോട്ട്‌. അയാൾ ജുബ്ബയുടെ കീശയിൽ തപ്പിനോക്കി. പുതിയ കഥ കാണുന്നില്ല. അയാൾ ഒന്നുഞ്ഞെട്ടി. “എന്റെ കഥ എവിടെയോ നഷ്‌ടപ്പെട്ടു.”

അവൾ ചോദിച്ചു….

“എങ്ങനെ……?”

അറിയില്ല……“

പത്രക്കാരൻ കഥാകൃത്ത്‌ ചിരിച്ചു.

”അതിന്‌ താനെന്തിനാ വിഷമിക്കുന്നത്‌ കഥ ഇനിയും എഴുതാമല്ലോ……?“

മൂന്നുമാസങ്ങൾക്ക്‌ശേഷം. പത്രവായനയിൽ അയാൾ കണ്ടു മലയാള ചെറുകഥയ്‌ക്ക്‌ നൽകുന്ന ഏറ്റവും വലിയ അവാർഡ്‌ പത്രക്കാരൻ കഥാകൃത്തിന്‌ എം.ടി. സമ്മാനിക്കുന്നതിന്റെ ചിത്രവും വാർത്തയും. കഥയുടെ സാരംശം വായിക്കുമ്പോൾ സത്യം ഒരുമിന്നലായി തലച്ചോറിൽ തെളിഞ്ഞു. ”കളഞ്ഞുപോയ കഥ“. വായന തുടരവേ ഇവർ വിവാഹിതരായി എന്ന ഫോട്ടോയിൽ എത്തിനില്‌ക്കുമ്പോൾ ഇടിവെട്ടിയതുപോലെയായി – പത്രക്കാരൻ കഥാകൃത്തും കവിതയെഴുതുന്ന ആ സ്‌ത്രീയും.

-പാവം, അയാൾ കരച്ചിലിന്റെയും ചിരിയുടെയും നടുവിൽ ഒരു ബുദ്ധപ്രതിമപോലെ ഇരുന്നു….

Generated from archived content: story1_jun17_11.html Author: baiju_vargees

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English