കൂ കൂ കൂ കൂ തീവണ്ടി…..

ദേണ്ടെ….ദേ, ഇപ്പംഃ

തണുപ്പ്‌…..തണുപ്പ്‌…തണുപ്പ്‌….തണുപ്പ്‌

ഊ… എന്നാ മുടിഞ്ഞ തണുപ്പാണോ….

പാളങ്ങൾക്ക്‌ ഭയങ്കര തണുപ്പാണേ…..

ഛക്ക്‌….ഛക്ക്‌…..ഛക്ക്‌…ഛക്ക്‌…

ഓ…. എന്നാ മുടിഞ്ഞ താളമാണോ…

തീവണ്ടിക്ക്‌ ഭയങ്കര താളമാണേ….

അയ്യടാ…എന്നാ മുടിഞ്ഞ സുഖമാണോ…

അമ്മച്ചീടെ പസ്‌ പസ്‌ മടിയിൽ

തലവെച്ച്‌ കിടക്കുന്ന പോലത്തെ സുഖം

അല്ലേലും ഈ വൃശ്ചികമാസത്തിൽ ഭയങ്കര സുഖമാ….

മുടിഞ്ഞ തണുപ്പും…. മുടിഞ്ഞ താളവും.

പണ്ടാരാണ്ട്‌ പറഞ്ഞപോലെ,

താളമില്ലെങ്കിൽ പിന്നെന്തോന്ന്‌ ജീവിതം

തണുപ്പില്ലെങ്കിൽ പിന്നെന്തോന്ന്‌ മരണം.

ദേണ്ടെ…വരുന്നൊണ്ട്‌…വണ്ടി വരുന്നൊണ്ട്‌…

ദേ… വരുന്നൂ…വണ്ടി… തീവണ്ടി…

എന്റെ വാവാകുഞ്ഞിന്റെ

കൂ….കൂ….കൂ…കൂ…തീവണ്ടി.

ഒത്തിരി ഒത്തിരി പണ്ട്‌ഃ

ഞാനും എന്റെ വാവാകുഞ്ഞും കുഞ്ഞുങ്ങളായിരുന്നപ്പോ… ഈ പറഞ്ഞപോലെ വളളിനിക്കറൊക്കെയിട്ട്‌ ഞാനും, എപ്പൊ നോക്കിയാലും തളളവിരല്‌ വായിലിട്ടോണ്ട്‌ എന്റെ വാവാകുഞ്ഞും ഒന്നുമറിയാ പൈതങ്ങളായിരുന്നപ്പോ… ഞങ്ങക്ക്‌ ഒരപ്പച്ചനുണ്ടായിരുന്നു. പറയുമ്പോഴോർക്കും പറയുവാന്ന്‌….ഒണ്ടാക്കിയിട്ടവനെ പറ്റിയാ പറയുന്നതെന്നോർക്കണം. പറയാൻ മേലാത്തതാണേലും പറയാതിരിക്കാനും മേല…..പണ്ടെങ്ങോ നടന്ന കാര്യമല്ലേ….ഇപ്പൊ എന്നാത്തിനാ എഴുന്നെളളിക്കുന്നേ എന്നൊക്കെ വേണേ ചോദിക്കാം. ചത്ത്‌ കഴിഞ്ഞ്‌ കുഴീവെച്ച്‌ കഴിഞ്ഞാപ്പിന്നെ ഇതൊന്നും പറയാൻ ഒക്കത്തില്ലല്ലോ.

ദുഷ്‌ടനാ… മഹാദുഷ്‌ടനാ ഞങ്ങടെ അപ്പച്ചൻ കഴുവേറി…. കറുകറാ കറുത്ത കൊമ്പൻ മീശയും… ചുക ചുകാ ചുവന്ന ഉണ്ടക്കണ്ണുകളും…പിന്നെ നാറ്റം……മുടിഞ്ഞ നാറ്റം….അളിഞ്ഞ വാനാറ്റം….പുളിച്ച ചാരായനാറ്റം….രണ്ടോടെ ചേർന്ന്‌….ഓ…. ഓർക്കുമ്പോ ഓക്കാനും വരും… നാറിയാ….പരനാറിയാ ഞങ്ങടെ അപ്പച്ചൻ തയോളി….

പണ്ട്‌ പണ്ട്‌… ഒത്തിരി ഒത്തിരി പണ്ട്‌…. ഞാൻ കണ്ടതാ… ഞങ്ങടെ അമ്മച്ചിപ്പാവത്തിന്റെ ചുരുണ്ട… നീണ്ട… കറുകറാ കറുത്ത മുടി ചുറ്റിപ്പിടിച്ച്‌ ഇടിച്ച്‌… വ്യാകുലമാതാവിന്റെ പോലത്തെ മുഖം, കറുകറാ കറുത്ത അടുക്കള മതിലേ വെച്ച്‌ ചതച്ചപ്പൊ….ഞാനീ രണ്ടു കണ്ണുകൊണ്ട്‌ കണ്ടതാ…ഞങ്ങടെ പൊന്നമ്മച്ചീടെ പല്ല്‌ രണ്ടെണ്ണം…വെളുവെളാ വെളുത്ത തുമ്പപ്പൂപല്ല്‌ രണ്ടെണ്ണം തെറിച്ച്‌ തറയിൽ വീണത്‌ ഞാനാ കണ്ടത്‌. വാവാകുഞ്ഞ്‌ കുഞ്ഞല്ലേ….തറയിലൂടെ ഇഴഞ്ഞു നടക്കുന്ന പ്രായം….അവളൊന്നും കണ്ടില്ല…. ഒരു പല്ല്‌ പച്ചവിറക്‌ കൂട്ടിയിട്ടടുത്ത്‌ ചെന്നൊളിച്ചിരുന്നു….മറ്റേ പല്ല്‌ കറിച്ചട്ടീടെ മൂട്ടിചെന്നിരുന്ന്‌ ചിരിയെടാ..ചിരി….അമ്മച്ചി ചങ്കുപൊട്ടി കരഞ്ഞു. ചതഞ്ഞ കിറിയിൽ നിന്നും ചുകചുകാ ചുവന്ന ചോരയൊലിച്ചതും… പാവത്താൻ കണ്ണിൽ നിന്നും കുടുകുടാന്ന്‌ ഒത്തിരി ഒത്തിരി കണ്ണീരൊലിച്ചതും ഞാനാ കണ്ടത്‌. മുഷിഞ്ഞ്‌ കീറിയ സാരിത്തുമ്പുകൊണ്ട്‌ മുഖം തുടച്ചപ്പോൾ ചോരയും കണ്ണീരും കലർന്ന്‌ ഒരുമാതിരി നമ്മുടെ നാലുമണിപൂവില്ലേ… അതിന്റെ നിറം… ഞാനാ കണ്ടത്‌.

അന്നേരപ്പം എന്റെ ഒക്കത്തിരുന്ന്‌ വാവാകുഞ്ഞ്‌ മുടിഞ്ഞ ചിരിയാ…. കുഞ്ഞികൈയെല്ലാം കൊട്ടി…പല്ലില്ലാ മോണ കാട്ടി….ഒരു സൈസ്‌ മറ്റേ ചിരി….അന്നാ… ഞങ്ങടെ പൊന്നമ്മച്ചി… വ്യാകുലമാതാവിന്റെ മുഖമുളള അമ്മച്ചിപ്പാവം… ആദ്യമായ്‌ തെറി പറഞ്ഞത്‌. “കാണിച്ചു തരാമെടാ പൊലയാടി മോനേ…” അലർച്ചയും ഓട്ടവും ഒരുമിച്ചായിരുന്നു. ചുരുണ്ട്‌ ചുരുണ്ട്‌ കറുകറാ കറുത്ത തലമുടിയെല്ലാം പറ പറാ പറത്തി… കരഞ്ഞ്‌ കരഞ്ഞ്‌…പ്രാകി വിളിച്ചോണ്ട്‌ അമ്മച്ചി ഓടി….കല്ലും, മുളളും, കുപ്പിച്ചില്ലും…ങേഹെ… ഒന്നും കൂസാതെ അമ്മച്ചി ഓടി…. പിറകേ ഞാനും ഓടി…. ഒക്കത്ത്‌ വാവാകുഞ്ഞിനേയും വെച്ച്‌… പിറകേ… തൊട്ട്‌ പിറകേ ഞാനും ഓടി…

മൂക്കൊലിക്കുന്ന വാവാകുഞ്ഞ്‌…

കേലയിറ്റുന്ന വാവാകുഞ്ഞ്‌…

മറ്റേ ചിരി ചിരിക്കുന്ന വാവാകുഞ്ഞ്‌…

എന്റെ ഒക്കത്ത്‌…

കൂ കൂ കൂ കൂ തീവണ്ടി അമ്മച്ചിയെ നാല്‌ കഷ്‌ണമാക്കി. റെയിലിന്റെ അപ്പറോം… ഇപ്പറോം ഉളള നമ്മുടെ ആ തുമ്പപ്പൂവില്ലേ… അതെല്ലാം ചുകചുകാ ചുവന്നു. അമ്മച്ചിപ്പാവം ദേണ്ടെ കിടക്കുന്നു…. ഇടംകാല്‌ ദേ ഇവിടെ… വലംകാല്‌ ദേണ്ടെ അവിടെ…. ഉടല്‌ ഈപ്പറഞ്ഞപോലെ റെയിലിന്റെ നടുക്ക്‌… പിടലിക്കപ്പുറത്തോട്ട്‌ ഒരു സാധനമില്ല… കഴുത്തീന്ന്‌ ചോരയെല്ലാം ചീറ്റി… ഒരു സൈസ്‌ വെളുത്ത എല്ലെല്ലാം പൊടിഞ്ഞ്‌ കുഞ്ഞിങ്ങാരി കഷ്‌ടങ്ങളായ്‌…തല തുമ്പപ്പൂങ്കാട്ടിൽ കിടപ്പുണ്ടാകുമെന്ന്‌ എനിക്ക്‌ കണിശമായിട്ടും അറിയാമായിരുന്നു.

എന്തോരം ജനങ്ങളാ വന്നതെന്നോ…നമ്മടെ പളളിപ്പെരുന്നാള്‌ തോറ്റുപോകും…. പിന്നാരാണ്ടോ പോയി പോലീസിൽ പറഞ്ഞു…. ശകലം കഴിഞ്ഞ്‌ നീല ജീപ്പ്‌ വന്നു…. അമ്മച്ചീടെ ഉടലില്ലാത്തലയും തൂക്കി വന്ന പോലീസുകാരന്റെ ആ ഒരു കോലം…. അയ്യേ….എന്നാ പൈക്കമാ…. അതേന്നെ….ഈ പിളളാരെപോലെ… കൊച്ചുനിക്കറെല്ലാമിട്ട്‌…. പൂടക്കാലും കാണിച്ച്‌…. ശരിയാ… ഉണ്ടക്കണ്ണും കൊമ്പൻമീശയുമുണ്ട്‌….എന്നാലും ഏതാണ്ട്‌ പോലെ….

അമ്മച്ചിപ്പാവത്തിന്റെ തല തഴപ്പായിൽവെച്ച്‌ കോമാളിപോലീസ്‌ ബീഡി കത്തിക്കുവാൻ മുട്ടേക്കുത്തിയിരുന്നപ്പൊ…ഞാൻ കണ്ടേ…. ആദ്യമായ്‌ കണ്ടേ… വല്ല്യവരുടെ മാങ്കുടി… എന്തും മാത്രം പൂടയാണോ അതിനുചുറ്റും…. അയ്യേ… കൂയ്‌ കൂയ്‌… കൂയ്‌…..കൂയ്‌….

കാഴ്‌ച കാണാനെത്തിയവരുടെ ഒരുമാതിരി ചൊറിഞ്ഞ പൊറുപൊറുപ്പ്‌ സഹിക്കത്തില്ല കേട്ടോ….

-ഈ പെണ്ണിനിതെന്നാത്തിന്റെ കേടായിരുന്ന്‌?

-ആ രണ്ട്‌ കൊച്ചുങ്ങളേ പറ്റി അവള്‌ ഓർത്തില്ലല്ലോ കർത്താവേ…

-കെട്ടിയോന്റെ കൊണവതിയാരം നേര്‌ തന്നെ… എന്നാലും അവക്ക്‌ സഹിക്കാമായിരുന്നു.

-അവക്കടെ ദേഹത്ത്‌ പിശാച്‌ കൂടിയതാന്നേ…

ഒരു കാര്യം എല്ലാവരും സമ്മതിച്ചേ…. അമ്മച്ചീടെ ഉടലില്ലാ മുഖത്തിന്‌ ഭയങ്കര ഭംഗിയാണേ….ജൂബിലിപെരുന്നാളിന്‌ വാങ്ങിച്ച കൊച്ചുത്രേസ്യാ പുണ്യാളത്തീടെ പടത്തിന്‌ പോലുമില്ല ഇത്ര ശേല്‌.

നീലവണ്ടീലോട്ട്‌ അമ്മച്ചീടെ കഷ്‌ണങ്ങൾ കയറ്റിയപ്പോൾ നിക്കറിട്ട പൂടപ്പോലീസ്‌കാരൻ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ ഉടൽപീസിൽ നിന്നും റൗക്ക പയ്യെ അഴിച്ചുമാറ്റി….അന്നേരം എന്റെ ഒക്കത്തിരുന്ന്‌ വാവാക്കുഞ്ഞ്‌ പയ്യെ കരയാൻ തുടങ്ങി…

ഇങ്ക്‌… ഇങ്ക്‌… ഇങ്ക്‌… ഇങ്ക്‌….

ദേ ഈ കഴിഞ്ഞാഴ്‌ചഃ

കവലയിലെ ഒരു പന്ന ലോഡ്‌ജ്‌ മുറീന്ന്‌ എന്റെ വാവാകുഞ്ഞിനെ പിടിച്ചോണ്ടുപോയ പോലീസിന്‌ കൊമ്പൻമീശ ഇല്ലായിരുന്നു…. ഉണ്ട കണ്ണുമില്ല…. കട്ടിമസിലുമില്ല….ഏതാണ്ട്‌ ഒരുമാതിരി ലാലേട്ടനെ പോലെ…. നല്ല സിംപ്ലക്കുട്ടൻമാര്‌…കൂട്ടിന്‌ പെൺപോലീസുമുണ്ടായിരുന്നു…. അതങ്ങിനെയാ നിയമത്തിന്റെ ഒരു വശം….പെൺപിളേളരെ പിടിച്ചോണ്ടു പോണെങ്കിൽ പെൺപോലീസ്‌ വന്നേ പറ്റൂ… അതേതൊക്കെയായാലും ഒരു നല്ല കാര്യമാ.

ഇന്ന്‌, ദേണ്ടേ, കാലത്ത്‌ഃ

ഞാൻ എന്റെ പുന്നാരവാവാക്കുഞ്ഞിനെ കാണാൻ ജയില്‌ വരെ ഒന്ന്‌ പോയിരുന്നു. കാര്യം എന്നാ ഒക്കെ ആണേലും ഞാൻ അവക്കടെ ആങ്ങളയല്ലേ…ഒരേയൊരാങ്ങള.. എന്നെ കണ്ടതും അവക്കടെ ഒരു മുടിഞ്ഞ സന്തോഷം… അതേന്നേ…. ആ പണ്ടത്തെപോലെ…. ആ ചിരിയൊണ്ടല്ലോ… അതിന്‌ കാശ്‌ വേറെ കൊടുക്കണം…. പിന്നെ ഓടിയൊളള ആ വരവ്‌…. തണുത്ത കമ്പിയഴിയിൽ ചുറ്റിപ്പിടിച്ചു നിന്ന എന്റെ ഉണ്ടവിരലേൽ അവൾ ഒത്തിരി ഉമ്മവെച്ചു….അവൾക്ക്‌, ചത്തുപോയ ഞങ്ങടെ പൊന്നമ്മച്ചീടെ തനിച്ഛായ…. കറുകറാ കറുത്ത ചുരുണ്ട നീണ്ട തലമുടിയെല്ലാം പാറിപ്പറത്തി…. മണസോപ്പിട്ട്‌ കുളിക്കാഞ്ഞിട്ടും… പൗഡറൊന്നും പൂശാഞ്ഞിട്ടും… എന്നാ ശേലാ… പെണ്ണ്‌ പറയുവാ…

-ചേട്ടായീ…. ചേട്ടായീ… എന്റെ ശിക്ഷ കഴിയാൻ പത്തേ പത്ത്‌ ദിവസമേ ബാക്കിയൊളളൂ ചേട്ടായി എന്നെ കൂട്ടാൻ വരുമ്പൊ…. ദേ.. ഇങ്ങോട്ട്‌ നോക്കിക്കേ… ഒരു പട്ടുപാവാടയും, മാച്ച്‌ ബ്ലൗസും വാങ്ങിച്ചോണ്ട്‌ വരണേ…. എന്റെ പൊന്നുചേട്ടായിയല്ലേ… വാവാകുഞ്ഞിന്റെ ആഗ്രഹമല്ലേ….ആവശ്യമല്ലേ… ഈ മുടിഞ്ഞ ചുരിദാറും മറ്റും ചടങ്ങാ… ദിവസോം പത്തും പതിനഞ്ചും പ്രാവശ്യം ചരടഴിക്കാനും കെട്ടാനും മറ്റും… എന്തോരം സമയമാ ചുമ്മാ പോകുന്നേ…. പാവാടയാണേൽ എന്നാ മുടിഞ്ഞ സുഖമാ… ചക്കര ചേട്ടായിയല്ലേ…. വാവാകുഞ്ഞിനൊരു ചുവന്ന പട്ടുപാവാടയും.. മാച്ച്‌ ബ്ലൗസും വാങ്ങിച്ചു തരണേ…

ആണ്ടെ പിന്നെയും… ദേണ്ടെ ദേ… ഇപ്പൊ….

ദേണ്ടെ….വരുന്നൊണ്ട്‌… വണ്ടി വരുന്നൊണ്ട്‌….

ദേ വരുന്നു…. വണ്ടി… തീവണ്ടി….

എന്റെ വാവാകുഞ്ഞിന്റെ

കൂ….കൂ….കൂ….കൂ…തീവണ്ടി….

ഇങ്ങെത്തി കഴിഞ്ഞു….

ഒരു സങ്കടം മാത്രമുണ്ട്‌

ഒരു കുഞ്ഞി കുഞ്ഞി സങ്കടം….

ഉടലില്ലാത്ത എന്റെ മുഖം, സങ്കടം കൊണ്ട്‌

സങ്കടപ്പെട്ടിരിക്കുന്നത്‌ കാണാൻ എന്റെ വാവാകുഞ്ഞിന്‌ ഒക്കത്തില്ലല്ലോ…

നിനക്ക്‌ ചൊക ചൊകാ ചുവന്ന പട്ടുപാവാടയും മാച്ച്‌ബ്ലൗസും വാങ്ങിച്ചു തരാൻ തലയില്ലാത്ത ചേട്ടായിക്ക്‌ ഒക്കത്തില്ലല്ലോ…

വാവാകുഞ്ഞേ….

നീ…..

എന്റെ….

ഒക്കത്തില്ലല്ലോ….

Generated from archived content: story3_july12_05.html Author: baiju_raj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English