ബാല്യങ്ങളുടെ നാടോര്‍ക്കുമ്പോള്‍

നാട്ടുവഴിപ്പച്ചയിലെ
തൊട്ടാവാടി മയക്കം.
മുക്കൂറ്റി മഞ്ഞ.
തോട്ടുവക്കത്തെ
ചെളിമണം.
ഇളകിയടുന്ന
മരപ്പാലത്തില്‍
പരല്‍മീനുകളെ
കാത്തിരിക്കുന്നത്‌…
മുറ്റം നിറക്കുന്ന
കര്‍ക്കിടക മഴയില്‍
കൂട്ടുകാരൊത്ത്
കടലാസു കപ്പലുണ്ടാക്കി
കളിക്കുന്നത്…

ഓത്തുപള്ളിയിലെ
കശുമാവിന്‍ തോട്ടത്തില്‍ നിന്നും
അന്‍വര്‍ കൊണ്ടുതരാറുള്ള
പറങ്കിമാങ്ങ മധുരം.

അമ്പലപ്പറമ്പിലെ
ആല്‍മരം പോലെ
തണല്‍ത്തലോടലായ്
അച്ചനുമമ്മയും.
തുമ്പപ്പൂ വെണ്മ പോല്‍
വാല്‍സല്യമെന്‍ പെങ്ങള്‍.

കമ്പ്യൂട്ടറിനു ജീവിതം
പകുത്തു കൊടുക്കുമ്പോള്‍
നാടിപ്പോള്‍ ഓര്‍മകളുടെ-
യൊരു കുമ്പസാരം…

Generated from archived content: poem1_sep8_12.html Author: baiju-joseph

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here