വേനല്‍ മഴ

വേനലിലമരുന്ന
മലര്‍കാലത്തിലെന്റെ
ആശകളൊന്നൊന്നായി
വാടിവീണലിയവേ,
ഒരു തുള്ളി നീരിന്നായി
കേഴുന്ന വേഴാമ്പലായ്
ഇനിയുമണയാത്ത
കുളിരു കാക്കുന്നു ഞാന്‍.

ഗാര്‍ഗ്ഗി തന്‍ ചോദ്യങ്ങളെ
മാറാല മൂടുന്നതും…
ഏകലവ്യന്റെ വിരല്‍
ചിതലു തിന്നുന്നതും…
“അരുതേ കാട്ടാളാ…”
എന്നോതുന്ന വാത്മീകിയെ
അരങ്ങില്‍ നിഷാദനങ്ങമ്പെയ്തു
വീഴ്ത്തുന്നതും…
അങ്ങനെയൊടുങ്ങാത്ത
പേക്കിനാവുകളെന്റെ
ഉറക്കം മുറിക്കുന്നൊ-
രഗ്നിയായ് പടരുന്നു…

നിള തന്നുറവകള്‍ വറ്റുന്നു…
കുളിരോലുമിളം കാറ്റൊടുങ്ങുന്നു…
രാത്രിയാകുന്നൂ സഖീ…
നീയെന്‍ കൈ പിടിക്കുക…
നീണ്ടുനീണ്ടനന്തമാം
യാത്രകളെത്രയോ
ബാക്കിയാവുന്നൂ നമുക്കിനി…

കനല്‍ക്കാറ്റുകളാഞ്ഞു
വീശുമീ മണല്‍ക്കാട്ടില്‍
ഒറ്റപ്പെട്ടു നാം
ദിശ തെറ്റിയങ്ങലയവേ…
നെഞ്ചകം കുളിര്‍പ്പിക്കാന്‍
മഴ വന്നണഞ്ഞെങ്കില്‍.

Generated from archived content: poem1_dec24_12.html Author: baiju-joseph

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here