കോൺഗ്രസുകാർ ഇവരെ കല്ലെറിയുമോ

ഭരണത്തിലിരിക്കുന്ന രണ്ടു സംസ്ഥാനങ്ങളും മുംബൈയുൾപ്പെടെയുള്ള മഹാരാഷ്‌ട്രയിലെ പ്രധാന കോർപ്പറേഷനുകളും ഒടുവിൽ ഡൽഹി മുൻസിപ്പൽ കോർപ്പറേഷനും നഷ്ടമായിട്ടും ഹിന്ദിബൽട്ടിൽ ഗിമ്മിക്കുകൾ കാണിച്ച്‌ പിടിച്ചു നിൽക്കാമെന്നാണ്‌ കോൺഗ്രസ്‌ ഇപ്പോഴും കരുതുന്നത്‌.

പത്താം നമ്പർ ജനപഥിലെ ഉപദേശക പ്രമാണിമാരുടെ ഇടയിൽപ്പെട്ട്‌ ഹൈലറ്റും കമാന്റിങ്ങ്‌ പവറും ഇല്ലാത്ത ഹൈക്കമാന്റ്‌ വീർപ്പുമുട്ടുകയാണ്‌. രാഹുൽ ഗാന്ധിയെന്ന ഇളമുറക്കാരൻ ഇപ്പോൾ എല്ലാം ഇളക്കിമറിക്കുമെന്ന്‌ പ്രചരിപ്പിച്ച്‌ തുമ്പിയെ കൊണ്ട്‌ കല്ലെടുപ്പിക്കുകയാണ്‌ ഈ സുഖിയൻമാർ. യഥാർഥത്തിൽ ഇവരാണ്‌, ഇവർ മാത്രമാണ്‌ കോൺഗ്രസിന്റെ തോൽവിയ്‌ക്ക്‌ ഉത്തരവാദികളെന്നു കാണാം.

അലുമിനിയം പട്ടേലെന്ന്‌ കിങ്ങിണിക്കുട്ടൻമാർ കളിയാക്കുന്ന സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ്‌ പട്ടേലാണ്‌ അടുക്കള കോക്കസിലെ പ്രധാനി. ഗുജറാത്തുകാരനാണെന്ന്‌ ജനന സർട്ടിഫിക്കറ്റിൽ മാത്രമാണ്‌ രേഖപ്പെടുത്തിയത്‌. ഒരു പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ പോലും മത്സരിച്ച പാരമ്പര്യമില്ലാത്ത മാന്യദേഹമാണ്‌. എം.എൽ. ഫോട്ടേദാറാണ്‌ മറ്റൊരാൾ. കേന്ദ്ര തിരഞ്ഞെടുപ്പ്‌ സമിതി അംഗമായ അദ്ദേഹം കാശ്മീരികളുടെ പ്രതിനിധിയായാണത്രേ പാർട്ടി നേതൃത്വത്തിലേക്ക്‌ ഉയർന്നത്‌.

അടിയന്തരാവസ്ഥയിൽ സഞ്ജയ്‌ഗാന്ധിയുടെ വിശ്വസ്തയായി നിന്ന്‌ ജനതാ ഭരണം വന്നപ്പോൾ ഇന്ദിരാഗാന്ധിയെ തള്ളിപ്പറഞ്ഞ അംബികാ സോണിയും ഒമ്പതുവർഷം മുമ്പ്‌ മീററ്റ്‌ ലോകസഭാ സീറ്റിൽ അഞ്ചാം സ്ഥാനത്തേക്ക്‌ ദയനീയമായി തള്ളപ്പെട്ട മൊഹസ്വീനാ കിദ്വായിയുമാണ്‌ കോക്കസിലെ പ്രധാന പെൺസാന്നിധ്യം. വിൻസെന്റ്‌ ജോർജ്‌, ആർ.കെ. ധവാൻ, മോത്തിലാൽ വോറ, പ്രൺബ്‌ മുഖർജി, ജയറാം രമേശ്‌, സതീശ്‌ ശർമ, സൽമാൻ ഖുർഷിദ്‌, പുലാക്‌ ചാറ്റർജി, ആനന്ദ്‌ ശർമ, പി. ജെ. കുര്യൻ എന്നിവരാണ്‌ സോണിയയ്‌ക്ക്‌ ചുറ്റും മാസ്മരിക വലയം തീർക്കുന്നവരിൽ പ്രധാനികൾ. ഇവരുടെ ഉപദേശത്തിന്റെ ഫലമായി ജനകീയരായ നേതാക്കളെ മൂലയ്‌ക്കിരുത്താനും അല്ലാത്തവരെ വാഴിക്കാനും ഹൈക്കമാന്റ്‌ സദാ സന്നദ്ധരാണ്‌. ഈ കോക്കസിൽ ഷീലാദീക്ഷിതും, എ. കെ. ആന്റണിയും, ഗുലാം നബി ആസാദും, അർജുൻസിംഗും ഉൾപ്പെടുമെങ്കിലും ഇവർക്കെല്ലാം മോശമില്ലാത്ത ജനകീയ അടിത്തറയുണ്ടെന്ന്‌ സമ്മതിക്കാം.

ഡൽഹിയിൽ മുഖ്യമന്ത്രിയും പി. സി. സി അധ്യക്ഷൻ രാംബാബു ശർമയും തമ്മിലുള്ള പോരിനിടയിലാണ്‌, കടകൾ സീലുവെക്കൽ വിവാദം ഉണ്ടായത്‌. തുടർച്ചയായി രണ്ടുവട്ടം അധികാരത്തിലെത്തിയതിന്റെ അഹന്തയിൽ സ്വന്തം ദൗർബല്യം പോലും ഷീലാദീക്ഷിത്‌ കണ്ടില്ലെന്നതാണ്‌ സത്യം. പഞ്ചാബിൽ അധികാരം പോയ അമരീന്ദർസിംഗിനെതിരെ മുൻ യൂത്ത്‌ കോൺഗ്രസ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ മനിന്ദർസിംഗ്‌ ബിട്ടയും രജീന്ദ്ര കൗർ ഭട്ടലും വാളെടുത്തു കഴിഞ്ഞു. മൻമോഹൻസിംഗ്‌, ആർ. എൽ. ഭാട്ട്യ, അംബികാസോണി തുടങ്ങിയ പഞ്ചാബികൾ അവരെ ഏൽപ്പിച്ച പണിയിൽ മാത്രം മുഴുകിയപ്പോൾ പാർട്ടി ക്ഷീണിച്ച കാര്യം അറിയാൻ വൈകി. ഹരിയാനയിൽ ഭജൻലാലിനെ പ്രതാപ്‌സിംഗ്‌ ഹൂഢ മൂലയ്‌ക്കിരുത്തിയതിന്റെ രോഷം ആളിക്കത്തുകയാണ്‌. കർണാടകയിൽ വീരപ്പമൊയ്‌ലിക്കും എസ്‌. എം. കൃഷ്ണയെയും നാടുകടത്തിയത്‌ സംസ്ഥാന ഘടകത്തിൽ എന്തെങ്കിലും പ്രയോജനം ചെയ്യുമെന്ന്‌ ആരും കരുതുന്നില്ല. മാർഗരറ്റ്‌ ആൽവയും ഓസ്‌ക്കാർ ഫെർണാണ്ടസും കേന്ദ്ര നിരീക്ഷകരുടെ വേഷം കെട്ടിയാടുന്നുണ്ട്‌. പ്രാദേശിക നേതൃത്വത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ സി. എം. ഇബ്രാഹിമിനെ പോലുള്ള ഭിക്ഷാംദേഹികൾക്ക്‌ വരവേൽപ്പ്‌ നൽകാനാണ്‌ പാർട്ടി തീരുമാനിച്ചത്‌. കാവേരി നദീജല തർക്കത്തിലെ വിധി സംസ്ഥാനത്തിന്‌ എതിരായിട്ടും ക്രിയാത്മകമായി പ്രതികരിക്കാൻ അംബരീഷ്‌ ഒഴികെ ആരും ഉണ്ടായില്ല.

ആന്ധ്രയിൽ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടി ഭരണം നടത്താനാണ്‌ വൈ. എസ്‌. രാജശേഖര റെഡ്‌ഡി ശ്രമിക്കുന്നത്‌. തെലുങ്കാനാ പ്രശ്നം വീണ്ടും സജീവമായിട്ടും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ കാണുന്നില്ല. മഹാരാഷ്‌ട്രയിൽ മൂപ്പിളമ തർക്കം ഇനിയും തീരാത്തതിന്റെ ഫലമാണ്‌ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കണ്ടത്‌. നാരായണ റാണയെ പോലുള്ളവരെ സ്വീകരിച്ചിട്ടും താക്കറെയുടെ വോട്ടുബാങ്കിൽ കാര്യമായ വിള്ളലുണ്ടാക്കാൻ കോൺഗ്രസിനായില്ല. വിലാസ്‌ റാവു ദേശ്‌ മുഖ്‌, പ്രഭാറാവു, ഗുരുദാസ്‌ കമ്മത്ത്‌ തുടങ്ങിയവർ ഇപ്പോഴും പവാറിന്‌ എതിരാണ്‌. പിന്നാക്ക വിഭാഗവുമായി ബന്ധമുണ്ടായിരുന്ന സുശീൽകുമാർ ഷിൻഡെയെ നാടുകടത്തി. ശരത്‌ പവാറിനെയും നജ്‌മാ ഹെപ്‌ത്തുള്ളയെയും സുരേഷ്‌ കൽമാഡിയെയും വസന്ത്‌ സാഠേയെയും പടിക്കുപുറത്തു നിർത്തിയ അതേ ലോബി ഇപ്പോഴും ശക്തമാണ്‌. നരസിംഹ റാവുവിന്റെ കാലത്ത്‌ എസ്‌. ബി. ചവാനും വി. എൻ. ഗാഡ്‌ഗിലും ചെയ്ത ജോലി എ. ആർ. ആന്തുലെയും ശിവരാജ്‌ പാട്ടീലും ചെയ്യുന്നെന്ന വ്യത്യാസമേ ഇപ്പോഴുള്ളൂ. പത്തിൽ താഴെ സീറ്റിന്റെ പേരിൽ ഇടയാനും എൻ. സി. പിയ്‌ക്കെതിരെ മത്സരിച്ച്‌ ബി. ജെ. പി – സേനാ മുന്നണിക്ക്‌ വിജയം നേടിക്കൊടുക്കാനും ഹൈക്കമാന്റിന്‌ ബുദ്ധി ഉപദേശിച്ചത്‌ ഈ ലോബിയാണ്‌.

മേഘാലയയിൽ ചേരിപ്പോര്‌ എട്ടുമാസം നീണ്ടതിനു ശേഷമാണ്‌ ജെ. ഡി. റിംബായിയെ മാറ്റി ലപാങ്ങിന്‌ കസേര തിരികെ നൽകാൻ നേതൃത്വത്തിനു കഴിഞ്ഞത്‌. ഒരിക്കൽ ബി. ജെ. പിയിൽ പോയിട്ടുപോലും ഗെഗോങ്ങ്‌ അപാങ്ങിനെ ഇറക്കിവിടാൻ അരുണാചലിൽ പാർട്ടിയിലെ സമ്പന്ന ലോബി ഒരുക്കമായിരുന്നില്ല. ബംഗാളിൽ സി. പി. എമ്മിനു നേരെ നിന്ന്‌ സംസാരിക്കാൻ മുട്ടുവിറയ്‌ക്കുന്ന നേതാക്കളാണുള്ളത്‌. പഴയ പടക്കുതിരകളായ പ്രണബ്‌ മുഖർജിക്കും പി. ആർ. ദാസ്‌ മുൻസിക്കും ബംഗാളിൽ ഒന്നും ചെയ്യാനില്ലെന്നറിയാമായിട്ടും മമതാ ബാനർജിയെ തിരികെ വിളിക്കാനോ സംയുക്തമായി നീങ്ങാനോ സോണിയാ ഗാന്ധി പച്ചക്കൊടി കാട്ടുന്നില്ല. തമിഴ്‌നാട്ടിലെ സ്ഥിതി പറയാതിരിക്കുകയാണു ഭേദം. അറിയപ്പെടുന്ന നേതാക്കൾക്കെല്ലാം മന്ത്രിപ്പണിയുണ്ട്‌. അടുത്ത തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ദ്രാവിഡകക്ഷിയുടെ വാലിൽതൂങ്ങി രക്ഷപ്പെടാമെന്ന മോഹം മാത്രമേ ചിദംബരം മുതൽ ജി. കെ. വാസവൻ വരെയുള്ളവർക്കുള്ളൂ.

ഗുജറാത്തിൽ കേശുഭായ്‌ പട്ടേൽ, ദിലീപ്‌ പരീഖ്‌ തുടങ്ങിയ മുൻ പരിവാറുകാരിലാണ്‌ പാർട്ടി ഘടകത്തിന്റെ താക്കോൽ. നട്‌വർ സിംഗിനെ ഇറക്കിവിട്ടതുകൊണ്ട്‌ രാജസ്ഥാനിൽ പാർട്ടിക്ക്‌ ഗുണം മാത്രമേ ഉണ്ടാകുകയുള്ളൂ. എന്നാൽ അശോക്‌ ഗെഹ്‌ലോട്ടിനെ കേന്ദ്രത്തിലേക്ക്‌ വിളിപ്പിച്ച്‌ സംസ്ഥാനത്ത്‌ നേതൃരാഹിത്യം സൃഷ്ടിച്ചിരിക്കയാണ്‌ കോൺഗ്രസ്‌. മധ്യപ്രദേശിലാണ്‌ ചേരിപ്പോര്‌ വളരെയേറെ കഷ്ടത്തിലാക്കിയത്‌. അർജുൻസിംഗ്‌, കമൽനാഥ്‌, ദ്വിഗ്‌വിജയ്‌ സിംഗ്‌ എന്നിവരുടെ പഴയ കൂറുകാർ മൂന്നു വിഭാഗമായി മല്ലിടുന്നതിന്റെ ഇടയിലാണ്‌ പാട്യാല രാജവംശത്തിന്റെ വീര്യവുമായി ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തിറങ്ങിയത്‌. പ്രശ്നക്കാരെല്ലാം സോണിയയുടെ സ്വന്തക്കാരാണെന്നതാണ്‌ കൗതുകം. ഏകദേശം കേരളത്തിലെ അതേ അവസ്ഥ. ഇവിടെയും പ്രശ്നക്കാർക്കെല്ലാം ഹൈക്കമാൻഡിൽ മോശമല്ലാത്ത പിടിപാടായിരുന്നല്ലോ.

ഉത്തർപ്രദേശുകൂടി ചേർത്തുവെച്ചാലെ ഈ വായന പൂർത്തിയാകൂ. സൽമാൻ ഖുർഷിദാണ്‌ പി. സി. സി അദ്ധ്യക്ഷൻ. അജിത്‌ സിംഗിന്റെ രാഷ്‌ട്രീയ ലോക്‌ദള്ളുമായും വി. പി. സിംഗിന്റെ ജനമോർച്ചയുമായും ഉണ്ടാക്കാമായിരുന്ന ബാന്ധവം ഖുർഷിദിനെ പോലുള്ള ബുദ്ധികേന്ദ്രങ്ങളുടെ ഉപദേശം മൂലം ഇല്ലാതായിരിക്കയാണ്‌. 96ൽ മായാവതിയുമായി കൈകോർത്ത അതേ വിഡ്‌ഢിത്തം തിരഞ്ഞെടുപ്പിനു ശേഷം ആവർത്തിക്കാനാണ്‌ അദ്ദേഹത്തിന്റെ തന്ത്രം. അമേത്തിയ്‌ക്കും റായ്‌ബറേലിക്കും അപ്പുറം വിശാലമായ യു. പി ഉണ്ടെന്ന്‌ റോഡ്‌ ഷോയിലൂടെ രാഹുൽഗാന്ധിക്ക്‌ ബോധ്യപ്പെട്ടേക്കുമെങ്കിലും നഷ്ടമായ ജനകീയ അടിത്തറ തിരിച്ചെടുക്കുക എളുപ്പമല്ല. ബാബറി മസ്‌ജിദിന്റെ പേരിൽ കുമ്പസാരം നടത്തിയതിലൂടെ രാഹുലെന്ന യുവനേതാവിന്റെ ആശയദാരിദ്ര്യമാണ്‌ വിളിച്ചോതിയത്‌.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്‌ പകരം പറഞ്ഞുതേഞ്ഞ വിഷയങ്ങൾ മുദ്രാവാക്യമാക്കുന്ന അപക്വമായ രാഷ്‌ട്രീയ സമീപനം; ഇതിന്‌ കാരണം പാർട്ടിയിലെ ഈ മാനേജ്‌മെന്റ്‌ സംവിധാനമാണ്‌. ഇന്ദിരയെ വഴി തെറ്റിച്ച അതേ കേന്ദ്രങ്ങൾ മരുമകളെയും പേരമകനെയും എവിടെ കൊണ്ടെത്തിക്കുമെന്ന്‌ കണ്ടറിയണം. സോണിയയോട്‌ കുംഭമേളയിൽ പാതി മുങ്ങി നിവരാൻ ഉപദേശിച്ചവർ തന്നെയാണ്‌ രാഹുലിനോട്‌ ബാബരിയിൽ പിടിച്ച്‌ ആടാൻ പറഞ്ഞതും. രാജീവ്‌ ഗാന്ധിക്കു പിന്നിൽ പാറപോലെ നിന്ന അരുൺനെഹ്‌റുവും അരുൺസിംഗും പിന്നീട്‌ വി. പി. സിംഗ്‌ ഉദിച്ചുയർന്നപ്പോൾ കൂടെ പോയത്‌ മറന്നുകൂട. കയ്‌പ്പേറിയ അനുഭവം നിരവധി മുമ്പിലുണ്ടായിട്ടും സോണിയ അവരെ തിരിച്ചറിയാത്തതാണ്‌ ഏറെ അപകടം. അഥവാ സോണിയയ്‌ക്കും ഈ സുഖിപ്പീരാണ്‌ ഇഷ്ടമെങ്കിൽ കോൺഗ്രസുകാരേ, നിങ്ങൾ വേണം ഇവരെ കല്ലെറിയാൻ. 77ലും 89ലും 96ലും എറിഞ്ഞതിലും ഭംഗിയായി; ശക്തിയോടെ.

Generated from archived content: politi_apr16_07.html Author: badhusha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here