രണ്ടു കഥകൾ

1. അപ്പുക്കുട്ടൻ

അപ്പുക്കുട്ടനെ കണ്ടിട്ടു മനസ്സിലായില്ല. ആളാകെ മെലിഞ്ഞിരുന്നു. മുൻനിരയിലെ ഒന്നുരണ്ടു പല്ലും പോയിരുന്നു.

“എന്തുപറ്റി?” ഞാൻ ചോദിച്ചു.

“വലിയ കലാകാരനും ബുദ്ധിജീവിയുമാണെന്നു നടിച്ച്‌ മൂന്നു മാസത്തോളം എന്തുചോദിച്ചാലും മിണ്ടാതെ വീടിന്റെ ഉമ്മറത്തു തലയാട്ടിക്കൊണ്ടിരുന്നാൽ ആരായാലും കൊണ്ടുപോയി ഷോക്കടിപ്പിച്ചു പോകും.”, പതിവുപോലെ അട്ടഹസിച്ചു ചിരിച്ചുകൊണ്ട്‌ അപ്പുക്കുട്ടൻ പറഞ്ഞു.

“അപ്പൊ ഷോക്കിന്റെ ഷോക്കാ…”

“ഏയ്‌ അതൊന്നും കാര്യമായിട്ടെടുക്കേണ്ടതില്ല. പാമ്പിനെക്കൊണ്ടു കൊത്തിച്ചു തിന്ന ആപ്പിളിന്റെ ഷോക്കു തീർന്നു. അതുകൊണ്ടു തലക്കൊന്നും പറ്റിയില്ല. പല്ലു പൊഴിഞ്ഞതു മാത്രം മിച്ചം.” അപ്പുക്കുട്ടൻ അലറിച്ചിരിച്ചു.

“ഇനിയിപ്പോ”

“അടുത്ത അവതാര രഹസ്യവും തേടി ഹിമാലയ സാനുക്കളിലേയ്‌ക്ക്‌…”

2. അവധൂതൻ

പ്രസംഗവേദിയിലിരുന്ന സ്വാമിയുടെ കണ്ണുകൾ സൂര്യനെപ്പോലെ പ്രഭ വിതറി. എവിടേയോ കണ്ടുമറന്ന മുഖം. ഓർമ്മ തെളിഞ്ഞില്ല.

സമ്മേളനം കഴിഞ്ഞപ്പോൾ സ്വാമി ആളെ വിട്ട്‌ എന്നെ അണിയറയിലേക്കു വിളിപ്പിച്ചു. ഒന്നു അന്തിച്ചുപോയെങ്കിലും വഴികാട്ടിയുടെ കൂടെ ഞാൻ അണിയറയിലേയ്‌ക്കു പോയി.

അനവധി ഭക്തൻമാരുടെ നടുവിൽ തേജസ്സോടെ ഇരുന്ന സ്വാമി കണ്ണുകൾ കൊണ്ട്‌ ആംഗ്യം കാട്ടി. കൂടിനിന്നവർ താൽക്കാലികമായി പിൻവാങ്ങി. ഞാനും സ്വാമിയും തനിച്ചായി.

ഓർമ്മയിൽ മറഞ്ഞ മുഖം പരതിയെടുക്കുവാൻ ഞാൻ കിണഞ്ഞു ശ്രമിക്കുന്നതു കണ്ട്‌ സ്വാമി പുഞ്ചിരി പൊഴിച്ചു. രണ്ടു സ്വർണ്ണപ്പല്ലുകൾ വെട്ടിത്തിളങ്ങി.

അപ്പുക്കുട്ടന്റെ മുഖം ഇടിവാൾ പോലെ സ്‌മൃതിയിൽ മിന്നിമറഞ്ഞു. എനിക്കു സ്വയം വിശ്വസിക്കാനായില്ല!

“അവസാനം കണ്ടു പിരിഞ്ഞിട്ട്‌ ഏഴു വർഷങ്ങൾ കഴിഞ്ഞില്ലേ?” സംസാരത്തിൽ ഇരുത്തം വന്നിട്ടുണ്ടെങ്കിലും ആർത്തുലഞ്ഞ പഴയ ചിരി വിടാതെ അപ്പുക്കുട്ടൻ ആരാഞ്ഞു.

“ഈ അവതാര രഹസ്യം?” ഞാൻ സംശയം തൊടുത്തു.

“സംശയിക്കേണ്ട, സംഭവിച്ചതാണ്‌! ഹിമാലയ സാനുക്കളിൽ കണ്ടമാനം അലഞ്ഞു, അതും കൊടുംതണുപ്പിൽ. ഒടുവിൽ ഒരു മഹാപുരുഷനു അടിപ്പെട്ടു. സൗരോർജ്ജം കൊണ്ടു മാത്രം ജീവിക്കാമെന്ന്‌ അദ്ദേഹം പഠിപ്പിച്ചു. പ്രകാശസംശ്ലേഷണം നടക്കട്ടെ എന്നുകരുതി എന്റെ വക പച്ചിലകൾ കൂട്ടിച്ചേർത്തു.” ഒന്നു ആർത്തു ചിരിച്ചുകൊണ്ട്‌ അപ്പുക്കുട്ടൻ തുടർന്നു. “വെറും പച്ചിലകൾ മാത്രം തിന്നു ജീവിക്കുന്ന താടിയും മുടിയുമുളള വിചിത്ര ജീവിയെക്കണ്ടു ജനം പിന്നാലെ കൂടി, പാവങ്ങൾ… പിന്നെ അവരുടെ സ്‌നേഹത്തിനു വഴങ്ങി. അവരിൽ രോഗികളായ ചിലർക്കൊക്കെ എന്റെ സ്‌പർശനം കൊണ്ടു സുഖം പ്രാപിച്ചെന്നാണു കേൾവി… അല്ല, അവരുടെ അവകാശവാദം,” ഒരു മന്ദഹാസം വിടർത്തി അപ്പുക്കുട്ടൻ സ്വയം തിരുത്തി.

“സൗരോർജ്ജവും ഹരിതകവും മാത്രമാണോ ഇപ്പോഴും…?”

“ഉയർന്ന തരം ഈതൈൽ മീതൈൽ കൂട്ടുകളും ചിക്കൻ കാലുകളും പിന്നണിയിൽ സുലഭമായി ലഭിക്കുമ്പോൾ തൽക്കാലം അതൊക്കെ വിടേണ്ടിവന്നു. എങ്കിലും അതിപ്പോൾ ഒരു ബഹുജന പരിപാടിയായി മുന്നേറുന്നുണ്ട്‌.” അപ്പുക്കുട്ടൻ ചിരി നിയന്ത്രിക്കാതെ ഇടക്കുകയറി.

“അപ്പോൾ സന്യാസം?”

രണ്ടു പേർ വന്ന്‌ അപ്പുക്കുട്ടനെ വണങ്ങി, പോകാൻ വേണ്ടി തയ്യാറായി നിൽപ്പുണ്ടെന്നറിയിച്ചു.

ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ്‌ മായാത്ത ചിരിയോടെ അപ്പുക്കുട്ടൻ അറിയിച്ചു.

“തുടരുമോയെന്നുറപ്പില്ല. ആശ്രമജീവിതം ആടിത്തിമർക്കുകയാണ്‌. ബാക്കി എല്ലാം ജനത്തിന്റെ കയ്യിലിരിപ്പുപോലെ…”

Generated from archived content: story1_dec1_08.html Author: baburaj_tv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here